Monday 13 September 2021 03:18 PM IST : By സ്വന്തം ലേഖകൻ

'എന്നെക്കൂടെ പരിഗണിക്കൂ' എന്ന് ഉള്ളിൽ നിലവിളിക്കുന്നവർ; ചുറ്റും പ്രിയപ്പെട്ടവർ ഉണ്ടായിട്ടും സ്നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യരല്ലേ ശരിക്കും അനാഥർ, കുറിപ്പ്

najjj44342fgg

"മാതാപിതാക്കളിൽ നിന്ന്, കൂടപിറപ്പുകളിൽ നിന്ന്, ജീവിതപങ്കാളിയിൽ നിന്ന്, മക്കളിൽ നിന്ന്  കേട്ട നല്ല വാക്കുകൾ , അഭിനന്ദനങ്ങൾ ഇതൊക്കെ അമൂല്യമായ സമ്മാനമായി കൊണ്ടുനടക്കും ഓരോ മനുഷ്യനും. ദൗർഭാഗ്യവശാൽ മനസ്സിന്റെ ചെപ്പിൽ നിന്ന് ഇടക്കിടെ എടുത്തോമനിക്കാൻ അങ്ങനെ ഏറെയൊന്നും ഇല്ലാത്ത ദരിദ്രരാണ് ഏറെപ്പേരും. ലഭിക്കാൻ അർഹത ഉണ്ടായിട്ടും വാരിക്കോരി കൊടുക്കാൻ ഉറ്റവർ ഏറെ ഉണ്ടായിട്ടും കിട്ടാതെ പോയ സ്നേഹം, പരിഗണന, നല്ല വാക്കുകൾ.... അതിനോളം നഷ്ടമെന്താണ്."- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

സ്വത്തു മുഴുവൻ വളർത്തുപട്ടിക്ക് എഴുതിവച്ച ഒരു സ്ത്രീയെ കുറിച്ച് പണ്ട് വായിച്ചപ്പോൾ അമ്പരന്നിട്ടുണ്ട്. എന്തൊരു വിഡ്ഢിത്തമെന്നായിരുന്നു ആദ്യമൊക്കെ ചിന്തിച്ചതെങ്കിൽ എന്തുകൊണ്ടാവും അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടാവുക എന്നാലോചിച്ചാൽ... ചിലപ്പോൾ ഈ വളർത്തുപട്ടിയിൽ നിന്ന് മാത്രമായിരിക്കാം ജീവിതത്തിൽ അവർക്ക് സ്നേഹവും പരിഗണനയും ലഭിച്ചത്, അവരുടെ സാന്നിധ്യത്തിൽ സന്തോഷിച്ചത്, അവർക്കായി കാത്തിരുന്നത്, അവരുടെ സ്നേഹവും ലാളനയും ഇഷ്ടപ്പെട്ടത്... 

പിറന്നു വീഴുന്നത് മുതൽ ഓരോ മനുഷ്യനും പ്രിയപ്പെട്ടവരിൽ നിന്നുള്ള ശ്രദ്ധയും പരിഗണനയും  തേടുന്നുണ്ട്. ചോരപ്പൈതൽ മാതാവ് അടുത്തില്ലാത്തപ്പോൾ വാവിട്ടു നിലവിളിക്കുന്നതും അടുത്തു വരുമ്പോൾ തന്നെ കരച്ചിൽ നിർത്തുന്നതും തലോലിക്കുന്നവരുടെ സാന്നിധ്യത്തിൽ കളിചിരികൾ ഉണ്ടാവുന്നതും പരിഗണിക്കുന്നു എന്നറിയുന്നത് കൊണ്ടാണ്. 

ഒരു കൂടപ്പിറപ്പ് കൂടെയായാൽ പല കുഞ്ഞുങ്ങളും അത്രകാലവും ഇല്ലാത്ത ശീലമായി കിടക്കയിലോ മുറിക്കകത്തോ ഒക്കെ മലവിസർജ്ജനം നടത്തുന്നതും പരിഗണനയും ശ്രദ്ധയും കുറഞ്ഞു പോവുന്നോ എന്ന തോന്നലിൽ നിന്നാണ്. വളർന്നാലും പ്രിയപ്പെട്ടവരുടെ സ്നേഹവും പരിഗണനയും ശ്രദ്ധയും കൊതിക്കുന്ന ഒരു കുട്ടി ഓരോ മനുഷ്യരിലും ഉണ്ടാവും. എത്ര കിട്ടിയാലും മതിയാവാതെ,  തന്നെക്കാളും മറ്റുള്ളവരെ പരിഗണിക്കുന്നോ എന്നതിൽ അസ്വസ്ഥമായി...

മുതിർന്നവരായി ഗൗരവക്കാരായി ജീവിക്കുമ്പോഴും ഓരോ മനുഷ്യരും പ്രിയപ്പെട്ടവരിൽ നിന്നുള്ള പരിഗണനയും അംഗീകാരവും തേടിക്കൊണ്ടിരിക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ വാക്ക് കൊണ്ടുപോലും ഉറ്റവരാൽ അംഗീകരിക്കപ്പെടാൻ ഭാഗ്യമില്ലാത്തവരാണ് ഏറെയും. മറ്റുള്ളവരെ പുകഴ്ത്താൻ മടിക്കാണിക്കാത്തവരും ഉറ്റ ഒരാളെ കുറിച്ചു നല്ലത് പറയണമെന്ന് ചിന്തിക്കുക പോലുമില്ല. 

മാതാപിതാക്കളിൽ നിന്ന്, കൂടപിറപ്പുകളിൽ നിന്ന്, ജീവിതപങ്കാളിയിൽ നിന്ന്, മക്കളിൽ നിന്ന്  കേട്ട നല്ല വാക്കുകൾ , അഭിനന്ദനങ്ങൾ ഇതൊക്കെ അമൂല്യമായ സമ്മാനമായി കൊണ്ടുനടക്കും ഓരോ മനുഷ്യനും. ദൗർഭാഗ്യവശാൽ മനസ്സിന്റെ ചെപ്പിൽ നിന്ന് ഇടക്കിടെ എടുത്തോമനിക്കാൻ അങ്ങനെ ഏറെയൊന്നും ഇല്ലാത്ത ദരിദ്രരാണ് ഏറെപ്പേരും. ലഭിക്കാൻ അർഹത ഉണ്ടായിട്ടും വാരിക്കോരി കൊടുക്കാൻ ഉറ്റവർ ഏറെ ഉണ്ടായിട്ടും കിട്ടാതെ പോയ സ്നേഹം, പരിഗണന, നല്ല വാക്കുകൾ.... അതിനോളം നഷ്ടമെന്താണ്. 

ബന്ധങ്ങളിലെ കടമയും ഉത്തരവാദിത്തവുമായി മാത്രം കണ്ട് സ്നിഗ്ദ്ധത നഷ്ടപ്പെട്ട് ഉറച്ചും മരവിച്ചും പോയ ഒന്നാണ് നമുക്ക് സ്നേഹം. വാങ്ങുന്നവരിലും കൊടുക്കുന്നവരിലും അതൊരു ചടങ്ങു മാത്രമായി.... 

പണത്തിന്റെ കാര്യത്തിൽ മാത്രമല്ല സ്നേഹവും വാത്സല്യവും അഭിനന്ദന വാക്കുകളും കയ്യിൽ എമ്പാടും ഉണ്ടായിട്ടും ഉറ്റവർക്ക് ദാനം ചെയ്യാതെ മറ്റുള്ളവർക്ക് വാരിക്കോരി കൊടുത്തു പൊങ്ങച്ചം കാട്ടുന്ന മനുഷ്യരുടെ ലോകമാണ്. ഇങ്ങോട്ട് കൂടെ ഒന്ന് നോക്കൂ.  എന്നെക്കൂടെ പരിഗണിക്കൂ എന്ന് ഏറെ പ്രിയപ്പെട്ട ഒരാൾ ഉള്ളിൽ നിലവിളിച്ചു കൊണ്ട് തൊട്ടടുത്തുണ്ടെങ്കിലും കാണാതെ....

ചുറ്റും പ്രിയപ്പെട്ടവർ ഉണ്ടായിട്ടും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പരിഗണിക്കാനും പരിഗണിക്കപ്പെടാനും കഴിയാതെ പോകുന്ന മനുഷ്യരല്ലേ ശരിക്കും അനാഥർ. 

Tags:
  • Spotlight
  • Social Media Viral