Monday 26 July 2021 10:45 AM IST : By സ്വന്തം ലേഖകൻ

'വൃദ്ധനായ ആ മനുഷ്യൻ കൊച്ചുമകളെ ചേർത്തുപിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രമാണ് അയാളെ ക്ഷോഭിപ്പിച്ചത്'; ദാമ്പത്യമെന്ന തടവിൽ കഴിയുന്നവർ, കുറിപ്പ്

nnggdd434444

"സ്ത്രീധനം മാത്രമല്ല, ദാമ്പത്യത്തിൽ ആത്മഹത്യയ്ക്ക് കാരണമാവുന്നത്. കെട്ടുകഥയല്ല. ഇങ്ങനെ ഒരുപാട് ജീവിതങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. പുറംകാഴ്ചകളിൽ പിടികൊടുക്കാതെ. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ജോലി ഉള്ളവർ സമ്പന്നർ... വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ടംഡ് സെല്ലിൽ അടയ്ക്കപ്പെട്ട തടവുകാരിയെ പോലെ തടിയും തൂക്കവും ആരോഗ്യവും കുറയാതെ സദാസമയം നിരീക്ഷണത്തിൽ പോറ്റപ്പെടുന്നുണ്ട് ഒരുപാട് സ്ത്രീകൾ. മക്കളെ ഓർത്തോ, കുടുംബത്തിന്റെ അന്തസ്സ് വിചാരിച്ചോ, സമൂഹത്തെ ഭയന്നോ, മതവിശ്വാസം കൊണ്ടോ ആത്മഹത്യ ചെയ്യാതെ...."- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിൽ എന്തെങ്കിലും ചടങ്ങുകളിൽ ആ ദമ്പതികൾ വന്നിറങ്ങുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. നിറഞ്ഞ ചിരിയോടെ, സ്നേഹത്തോടെ... പരസ്പരം പിരിഞ്ഞു നിൽക്കാൻ കഴിയാത്ത പോലെ രണ്ടുപേരും ഒന്നിച്ചാണ് എവിടെയും. 

സംതൃപ്തമായ ദാമ്പത്യത്തിന്റെ മനോഹാരിത അവരുടെ ഓരോ ഇടപെടലിലും. വിവാഹം കഴിഞ്ഞു ഇരുപത് വർഷം കഴിഞ്ഞിട്ടും ഇത്രക്ക്  ചേർത്തു പിടിക്കുന്ന അയാൾ. ആ കരുതലിൽ ചേർന്ന് നിന്ന് ആ സ്ത്രീ. എത്ര സുന്ദരമായ ദാമ്പത്യം. 

ഇതൊരു പുറംകാഴ്ച്ച മാത്രമാണെന്ന് ആരറിയുന്നു. വിവാഹം കഴിഞ്ഞു ഏഴാം ദിവസം അയാളിൽ നിന്ന് കിട്ടിയ അടിയുടെ ചൂട് അവൾ മറന്നിട്ടില്ല. അന്നായിരുന്നു അവരുടെ വിവാഹ ആൽബം വീട്ടിലെത്തിയത്. തന്റെ കുടുംബാംഗങ്ങളോടൊപ്പം ഉള്ള വിവാഹദിനത്തിലെ സന്തോഷചിത്രങ്ങൾ തങ്ങളുടെ മുറിയിൽ അവൾ അയാൾക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. പെട്ടെന്നാണ് അയാളുടെ ഭാവം മാറിയതും ക്ഷോഭിച്ചു കൊണ്ട് മുഖമടച്ച് അടിച്ചതും. അവളുടെ പിതാവിന്റെ പിതാവ്, വൃദ്ധനായ ആ മനുഷ്യൻ അവൾ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ ചേർത്തുപിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രമാണ് അയാളെ ക്ഷോഭിപ്പിച്ചത്!. 

വേദനെയെക്കാൾ അമ്പരപ്പും അവിശ്വസനീയതായുമാണ് അവൾക്ക് തോന്നിയത്. കുഞ്ഞുന്നാൾ മുതൽ തന്നെ താലോലിച്ചു വളർത്തിയ, വിരൽ പിടിച്ചു നടത്തിയ ഒരാളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന ഭർത്താവ്!. 

അതൊരു തുടക്കമായിരുന്നു. അവൾ സ്വന്തം വീട്ടിലുള്ള മറ്റ് പുരുഷന്മാരോട് മിണ്ടുന്നത് പോലും അയാൾക്ക് ഇഷ്ടമല്ലായിരുന്നു. അയാളുടെ കൂടെയല്ലാതെ എവിടെയും പോകരുത്, ആരെയും കാണരുത്.... 

വിവാഹത്തോടെ ഗൾഫിൽ പോക്ക് അവസാനിപ്പിച്ചു അയാൾ നാട്ടിൽ ബിസിനസ്സ് തുടങ്ങിയതും അത് പെട്ടെന്ന് പച്ചപിടിക്കുന്നതും കണ്ട ബന്ധുക്കൾ പറഞ്ഞു.

' ഓള് ഭാഗ്യം ഉള്ളോളാ.... കണ്ടില്ലേ'

സ്ത്രീധനമായി അവളുടെ പിതാവ് നൽകിയ 100 പവൻ സ്വർണ്ണവും 5 ലക്ഷം രൂപയും ഒരേക്കർ സ്ഥലവുമാണ് ആ ബിസിനസിന്റെ മൂലധനം എന്നാരും അറിഞ്ഞില്ല. 

അവളുടെ ബന്ധുക്കളോടും പുറമേയും അയാൾ ഏറ്റവും അടുപ്പത്തോടെ സ്നേഹത്തോടെ പെരുമാറി. അവളോട് മാത്രം....

അവളുടെ ഓരോ ചലനങ്ങളിലും അയാൾ സംശയം നിറച്ചു. ഇല്ലാക്കഥകൾ ഊഹിച്ചുണ്ടാക്കി ചോദ്യം ചെയ്തു. 

മടിച്ചു മടിച്ചു അവൾ സ്വന്തം വീട്ടുകാരോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോഴും. സൽസ്വഭാവിയും നല്ല പെരുമാറ്റവും ഉള്ള മരുമകനെ കുറിച്ച് അവർ  വിശ്വസിച്ചില്ല. ' ഓന് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാകും' എന്ന ന്യായത്തിന് മുമ്പിൽ അവൾ നിശ്ശബ്ദയായി. 

ആദ്യമൊക്കെ അവളും അങ്ങനെ തന്നെ വിശ്വസിക്കുകയും ഉള്ളുകൊണ്ട് സന്തോഷിക്കുകയും ചെയ്തിരുന്നു. തന്നോടുള്ള അമിത സ്നേഹം കൊണ്ടാണ്, സ്വാർത്ഥത കൊണ്ടാണെന്ന്.....

പക്ഷെ തന്റെ വ്യക്തിത്വത്തെയാണ് ഇങ്ങനെ നിരന്തരമായി ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്നത് എന്നത് ഉള്ളു പൊള്ളിക്കാൻ തുടങ്ങിയപ്പോൾ അവൾ തളർന്നു. ബന്ധുക്കളും അയൽവാസികളും വഴിയേ പോകുന്നവരും വരെ അവളുടെ രഹസ്യക്കാരനാണെന്ന് സ്ഥാപിക്കാൻ അയാൾ ഉത്സാഹിച്ചു. അയാളുണ്ടാക്കിയ കഥകൾക്ക് വിശദീകരണം നൽകാനാവാതെ അവൾ കരയുമ്പോൾ ചെയ്യാത്ത കുറ്റങ്ങൾക്ക് മാപ്പ് പറയുമ്പോൾ അയാൾ ആനന്ദിച്ചു. കരുണയുള്ള സ്നേഹമുള്ള വിട്ടുവീഴ്‌ച ചെയ്യുന്ന ഭർത്താവായി ഭാവിച്ചു കൊണ്ട് പിന്നെയും പിന്നെയും.... 

രണ്ടു മക്കൾ പിറന്നിട്ടും സ്വന്തമായി വീടുവെച്ചിട്ടും ഇതിനൊന്നും മാറ്റമുണ്ടായില്ല എന്ന് മാത്രമല്ല. സ്വന്തം വീടായതോടെ സംശയങ്ങൾ പിന്നെയും കൂടി. വീടിന് ചുറ്റും ഉയർന്ന മതിൽ കെട്ടി. അയാൾ പുറത്തേക്ക് പോവുമ്പോൾ ആരും കാണാതെ ഗേറ്റിനിടയിൽ കരിയില തിരുകി വെക്കുകയും, കാറ്റിനോ മറ്റോ അത് താഴെ വീണാൽ ആരെയോ വീട്ടിലേക്ക് വിളിച്ചു വരുത്തിയതാണ് എന്ന് പറഞ്ഞു മർദ്ദിക്കുകയും വഴക്കു പറയുകയും ചെയ്യുന്ന... 

മക്കളുടെ മുന്നിൽ പോലും ഇത്തരം ആരോപണങ്ങൾ ഉണ്ടാക്കി വഴക്കിടാനും തല്ലാനും അയാൾക്ക് മടിയുണ്ടായില്ല. നിനക്ക് വേണ്ടി 'ഇത്രയും കഷ്ടപ്പെട്ടിട്ടും എന്നെ ചതിക്കുന്ന.....' എന്നതിൽ തുടങ്ങി ശാപവാക്കുകളും നൊടിച്ചിലും ഒഴിയാതെ നരകം പോലൊരു വീട്... 

ക്രമേണ അവളുടെ വീട്ടുകാർക്കും കാര്യങ്ങൾ മനസ്സിലായെങ്കിലും അവരും നിസ്സഹായരായിരുന്നു. സ്വഭാവ വൈകൃതമായാലും സംശയ രോഗമായാലും ഡോക്ടറെ കാണിക്കണമെന്ന് അയാളോട് എങ്ങനെ പറയുമെന്ന്.... 

ഒടുവിൽ അവൾക്ക് എന്തോ പ്രശ്നം ആണെന്ന മട്ടിൽ കൗൺസിലിംഗിന് കൊണ്ടുപോവാൻ  അവളുടെ മൂത്ത ആങ്ങള മുൻകൈ എടുത്തു. അത് അയാൾക്ക് സന്തോഷമായിരുന്നു. മൂന്നുപേരും സൈക്കോളജിസ്റ്റിനെ കാണാൻ ചെന്നു.

അവളെ കുറിച്ച് അറിയാനെന്ന വ്യാജേന  കൗൺസിലിംഗ് ചെയുന്ന ആൾ അയാളോട് സംസാരിച്ചു.  വയോധികനായ സൈക്കോളജിസ്റ്റ് പോകും മുമ്പ് അവളുടെ ആങ്ങളയോട് സ്വകാര്യമായി പറഞ്ഞത് ഒന്നു മാത്രമാണ്.

" എത്ര മാരകമായ ശാരീരിക രോഗമോ, അതല്ല ചലനശേഷി പോലും ഇല്ലാത്ത ആളോ  ആണ് ഭർത്താവ് എങ്കിലും ഒരു പെണ്ണിന് അയാളോടൊപ്പം ജീവിക്കാനാവും. പക്ഷെ ഇതുപോലെ ഒരു സംശയരോഗിയോടൊപ്പം ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ അവസ്‌ഥ.....നിങ്ങൾ എത്രയും പെട്ടെന്ന് ഈ കുട്ടിക്ക് വിവാഹമോചനത്തിനുള്ള വഴി നോക്കൂ. അല്ലെങ്കിൽ അവൾ ചിലപ്പോൾ ബാക്കി ഉണ്ടാവില്ല" 

വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞ, മുതിർന്ന മക്കളുള്ള ഒരു സാധാരണക്കാരി പെണ്ണിന് നമ്മുടെ സമൂഹത്തിൽ ഇതൊന്നും എളുപ്പമല്ലല്ലോ. 

അവളിപ്പോഴും ജീവിക്കുന്നു. വീടിന് ചുറ്റും CCTV ക്യാമറകൾ. ഒന്ന് പുറത്തിറങ്ങാൻ കഴിയാതെ, ബന്ധുക്കളെ പോലും ഒന്ന് വിളിക്കാൻ കഴിയാതെ... എപ്പോഴും തന്റെ പിറകിൽ രണ്ട് കണ്ണുകൾ ഉണ്ടെന്ന ഭീതിയോടെ ... സ്വകാര്യത പോലും ഇല്ല എന്ന അരക്ഷിത ബോധത്തോടെ....

സ്ത്രീധനം മാത്രമല്ല, ദാമ്പത്യത്തിൽ ആത്മഹത്യയ്ക്ക് കാരണമാവുന്നത്. കെട്ടുകഥയല്ല. ഇങ്ങനെ ഒരുപാട് ജീവിതങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. പുറംകാഴ്ചകളിൽ പിടികൊടുക്കാതെ. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ജോലി ഉള്ളവർ സമ്പന്നർ... വധശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ടംഡ് സെല്ലിൽ അടയ്ക്കപ്പെട്ട തടവുകാരിയെ പോലെ തടിയും തൂക്കവും ആരോഗ്യവും കുറയാതെ സദാസമയം നിരീക്ഷണത്തിൽ പോറ്റപ്പെടുന്നുണ്ട് ഒരുപാട് സ്ത്രീകൾ. മക്കളെ ഓർത്തോ, കുടുംബത്തിന്റെ അന്തസ്സ് വിചാരിച്ചോ, സമൂഹത്തെ ഭയന്നോ, മതവിശ്വാസം കൊണ്ടോ ആത്മഹത്യ ചെയ്യാതെ.... അല്ലെങ്കിലും ഉള്ളിൽ എപ്പോഴോ മരിച്ചു കഴിഞ്ഞവരാണല്ലോ അവർ..... 

___________________

ഭർത്താക്കന്മാർ മാത്രമല്ല സമാനസ്വഭാവമുള്ള ഭാര്യമാരും ഉണ്ട്. ജീവിതപങ്കാളിയിൽ ഒരാൾ സംശയരോഗി ആണെങ്കിൽ ദാമ്പത്യവും ജീവിതവും എന്നെന്നേക്കും നരകമാവും. ആരോപിക്കുന്ന ആളും ഒട്ടും സ്വസ്ഥമായല്ല ജീവിക്കുന്നത് എന്നതാണ് സത്യം. ആകെ ചെറിയൊരു ജീവിതം എങ്ങനെ മനോഹരമായി ജീവിക്കാം എന്നത് പലരും ഓർക്കാറില്ല.

Tags:
  • Spotlight
  • Social Media Viral