Wednesday 12 August 2020 02:26 PM IST : By സ്വന്തം ലേഖകൻ

‘വേണ്ട മിസ്സേ എന്റെ മനസ്സിലുണ്ടല്ലോ എന്നും ഈ മുഖം’; ക്ലാസിലെ ‘വില്ലനായ’ പതിനാറുകാരനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ, ഹൃദയസ്പർശിയായ കുറിപ്പ്

najeebgygugu88990

ജീവിതത്തിന്റെ നേർക്കാഴ്ചകളെ ഹൃദയസ്പർശിയായ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി. അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് വായനക്കാർക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്. 

നജീബ് മൂടാടി എഴുതിയ കുറിപ്പ് വായിക്കാം; 

അടുക്കളപ്പണികൾ വേഗമൊതുക്കി ഓൺലൈൻ ക്ലാസ്സിനൊരുങ്ങുമ്പോഴാണ് മൊബൈൽ ചിലച്ചത്. പരിചയമില്ലാത്ത നമ്പർ. ഏതോ രക്ഷിതാവായിരിക്കും. സംശയങ്ങളും പരാതികളുമായി രാവിലെ തന്നെ കുറേനേരം പോകുമല്ലോ എന്ന വേവലാതിയോടെയാണ് ഫോൺ എടുത്ത് ഹലോ പറഞ്ഞത്.

"ഹലോ മിസ്സേ ഞാൻ നിസാമാണ്"

പെട്ടെന്ന് ഓർത്തെടുക്കാനാവാത്ത ശബ്ദം. ആരുടേതെന്ന് ആലോചിക്കുമ്പോൾ കണ്ണുകൾ അറിയാതെ ചെന്നത് ഷോകെയ്സിന്റെ മൂലയിലെ ചിത്രത്തിലേക്കാണ് അതിനു ചോട്ടിലെ ചെരിഞ്ഞ അക്ഷരങ്ങൾ NIZAM.

'ഡാ നീയോ..'

ആഹ്ലാദം കൊണ്ട് ഇത്തിരി ഉച്ചത്തിലായിരുന്നു ചോദ്യം.

'ഭാഗ്യം മിസ്സിന് പെട്ടെന്ന് മനസ്സിലായല്ലോ ഞാൻ കരുതി എന്റെ മറ്റേ പേര് പറഞ്ഞു പരിചയപ്പെടുത്തേണ്ടി വരുംന്ന്... ടോയ്‌ലെറ്റ് നിസാം'

അപ്പുറത്തെ അവന്റെ ചിരി ഉള്ളിൽ ഒരു കത്തി കൊണ്ട് വരഞ്ഞ പോലെ.

'നീ ഇപ്പൊ എവിടെയാടാ... ഒരു വിവരവും ഇല്ലല്ലോ'

വർഷങ്ങൾക്ക് ശേഷം അവൻ വിളിച്ചതിന്റെ ആഹ്ലാദം മറച്ചു വെക്കാനായില്ല.

'ഇവിടൊക്കെയുണ്ട് മിസ്സേ.... എനിക്ക് മിസ്സിനെ നേരിട്ടൊന്നു കാണണം.. എപ്പഴാ ഒന്ന് ഒഴിവുണ്ടാവുക'

'നീ വാടാ.....ഇപ്പൊ എനിക്ക് ഓൺലൈൻ ക്ലാസ്സ് തുടങ്ങും... വൈകിട്ട് ഞാൻ ഫ്രീ ആയിരിക്കും'

'ആയിക്കോട്ടെ മിസ്സേ നാലുമണി കഴിഞ്ഞു ഞാൻ വരാം'

അവൻ ഫോൺ വെച്ചു. പിന്നെയും ഒരുപാട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു.. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ്. അവനെ കുറിച്ച് ആരും സ്റ്റാഫ് റൂമിൽ പോലും പറയുന്നത് കേട്ടിട്ടില്ലല്ലോ എന്നോർത്തു.

അല്ലെങ്കിലും പഠിച്ചു മിടുക്കന്മാരായ ശിഷ്യരെ കുറിച്ചുള്ള വാർത്തകൾ അല്ലാതെ സ്‌കൂളിൽ നിന്ന് പുറത്താക്കി പത്താംതരം പോലും എഴുതാതെ പോയവനെ ആരോർക്കാനാണ്.

ഓൺലൈൻ ക്ലാസ്സിനുള്ള നോട്ടുകൾ തയ്യാറാക്കുമ്പോഴും അവനായിരുന്നു മനസ്സിൽ. സ്‌കൂളിൽ സകല അധ്യാപകരുടെയും കണ്ണിലെ പുകഞ്ഞ കൊള്ളി.

പത്താം തരം ക്ലാസ്സ്‌ തുടങ്ങി മൂന്നു മാസം കഴിഞ്ഞിരുന്നു. ഒരു ദിവസം രാവിലെ ക്ലാസ്സ് തുടങ്ങും മുമ്പ് സ്റ്റാഫ് റൂമിൽ വെച്ച് സുധ മിസ്സാണ് പറഞ്ഞത്

'മിസ്സിന്റെ ക്ലാസ്സിൽ പുതിയൊരു കഥാപാത്രം എത്തിയിട്ടുണ്ട് ഇവിടുള്ള വില്ലന്മാരെ പോലെ അല്ല നല്ലോണം ശ്രദ്ധിച്ചോ കുറേക്കൂടെ സൽഗുണ സമ്പന്നനാണ്'

പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ പോയി ഒളിഞ്ഞു നോക്കിയതിന് നിലവിൽ ഉണ്ടായിരുന്ന സ്‌കൂളിൽ നിന്ന് പുറത്താക്കിയതാണ്. ആവശ്യത്തിന് എല്ലാ തല്ലുകൊള്ളിത്തരവും കയ്യിലുണ്ട്. ഹൈസ്‌കൂൾ തന്നെ ഇത് മൂന്നാമത്തേതാണ്. ബാപ്പ ബിസിനസ്സും

രാഷ്ട്രീയവും ഒക്കെയുള്ള ആൾ. അതിന്റെ ബലത്തിലാണ് ഇവിടെ അഡ്മിഷൻ കിട്ടിയതും. ഒട്ടും മയമില്ലാത്തൊരു ചെക്കൻ. കിട്ടിയ വിവരങ്ങളൊന്നും ഒട്ടും സുഖമുള്ളതായിരുന്നില്ല.

ആവശ്യത്തിന് ഉഴപ്പന്മാരുള്ള തന്റെ ക്ലാസ്സിൽ ഇനി പുതിയൊരു വില്ലനെ കൂടെ കൈകാര്യം ചെയ്യേണ്ടത് ആലോചിച്ചപ്പോൾ മടുപ്പ് തോന്നി. ക്ലാസ്സിൽ എത്തിയപ്പോൾ കണ്ടു ഒരു പതിനാറു വയസ്സുകാരന് ചേരാത്ത പുച്ഛഭാവം നിറഞ്ഞ മുഖത്തോടെ..... പരിചയപ്പെടൽ പോലും ഒരു ശല്യം തീർക്കുന്ന പോലെ ആയിരുന്നു.

പിറ്റേന്ന് മുതൽ സഹാധ്യാപകരുടെ പരാതികൾ വന്നു കൊണ്ടിരുന്നു. പുതിയ പയ്യൻ നിസാം. ഒട്ടും അനുസരണയില്ല. ധിക്കാരം തർക്കുത്തരം... ഒട്ടും വഴങ്ങാത്ത അവനെ ഒതുക്കാൻ അധ്യാപകർക്ക് ഒരു അവസാന ആയുധം ഉണ്ടായിരുന്നു

'നീ വല്ലാതെ നെഗളിക്കണ്ടടാ ചെക്കാ....എല്ലാർക്കും അറിയാം നിന്റെ കഥകൾ....ടോയ്‌ലെറ്റ് ന് പോലും സെക്യൂരിറ്റിയെ വെക്കേണ്ടി വരും നീയൊക്കെ ഉള്ളപ്പോൾ'

അവിടെ അവൻ അടങ്ങി.. നിശ്ശബ്ദനായി. അതുകൊണ്ട് തന്നെ അധ്യാപകർക്കിടയിൽ അവന് ടോയ്‌ലെറ്റ് എന്നൊരു വിളിപ്പേരും പ്രചരിച്ചു. അവനുമായി പലപ്പോഴും കോർക്കേണ്ടി വന്ന സോഷ്യൽ സ്റ്റഡീസിന്റെ അസീസ് മാഷാണ് ആ പേരിട്ടത്.

അറ്റൻഡൻസ് എടുക്കുന്ന മുതൽ അക്ഷോഭ്യനായി ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരിക്കുന്ന അവനെ സഹിക്കാൻ ചില്ലറ പാടായിരുന്നില്ല. ചോദ്യങ്ങൾക്കൊക്കെ ധിക്കാരത്തോടെ മാത്രം മറുപടി പറഞ്ഞു. അവസരം കിട്ടിയാൽ അധ്യാപകരെ കുട്ടികളുടെ മുന്നിൽ വെച്ചു പരിഹാസത്തോടെ നേരിട്ടു.

എങ്ങനെയൊക്കെ സ്നേഹത്തോടെ ഇടപെട്ടിട്ടും മെരുക്കാൻ ശ്രമിച്ചിട്ടും അവനൊരു മാറ്റവും ഉണ്ടായിരുന്നില്ല.

'അവനൊന്നും ശരിയാവൂല മിസ്സേ. അതൊക്കെ അങ്ങനൊരു ജന്മമാണ്. നമ്മള് പഠിച്ച ട്രെയിനിംഗ് ഒന്നും പോര... അഞ്ചാറു മാസം കൂടെ സഹിച്ചാൽ മതിയല്ലോ'. എല്ലാ അധ്യാപകരും അവനെ എഴുതി തള്ളിയിരുന്നു.

ഒരിക്കൽ നിയന്ത്രണം വിട്ട് അവന്റെ നേരെ കുറെ നേരം പൊട്ടിത്തെറിച്ചപ്പോൾ അവൻ അക്ഷോഭ്യനായി പറഞ്ഞു. 

"മിസ്സേ പ്രസംഗം കഴിഞ്ഞെങ്കിൽ എനിക്ക് ഇരിക്കായിരുന്നു"

ഇരുന്ന ശേഷം അവൻ നോട്ട് ബുക്കിൽ എന്തോ കുറിച്ചു കൊണ്ടിരുന്നു. കുട്ടികൾക്കിടയിലെ അമർത്തിച്ചിരി കേട്ടാണ് ശ്രദ്ധിച്ചത്. നോട്ട്ബുക്കിന്റെ താളിൽ ദിനോസറിന്റെ ഉടലിന് മുകളിൽ വരച്ചു വെച്ച തന്റെ മുഖമുള്ള ചിത്രം.

പിന്നീടുള്ള ദിവസങ്ങളിൽ അവനോട് ചോദ്യങ്ങൾ ചോദിക്കാനോ മിണ്ടാനോ തോന്നിയില്ല. അവജ്ഞയോടെ അവഗണിച്ചു. മൂന്നാമത്തെ ദിവസം ക്ലസ്സിലേക്ക് പോകാൻ കോണി കയറുമ്പോൾ നേരെ മുന്നിൽ അവൻ

'സോറി മിസ്സേ' 

അവൻ തന്നെയാണോ അത് പറഞ്ഞതെന്ന് അത്ഭുതം തോന്നി.

'സാരല്ലടാ' എന്ന് പറഞ്ഞപ്പോഴും അവന്റെ മുഖം കുനിഞ്ഞിരുന്നു.

അരക്കൊല്ല പരീക്ഷയുടെ പേപ്പർ നോക്കുമ്പോഴാണ് അത്ഭുതപ്പെട്ടത്. നിസാമിന് തരക്കേടില്ലാത്ത മർക്കുണ്ടായിരുന്നു എന്നതല്ല. അതി മനോഹരമായിരുന്നു അവന്റെ കൈയക്ഷരം. ക്ലാസ്സിൽ ആൻസർ പേപ്പർ കൊടുക്കുമ്പോൾ അവസാനമാണ് അവന്റെ പേര് വിളിച്ചത്. പതിവുപോലെ അക്ഷോഭ്യനായി അവൻ നിന്നു. ആൻസർ പേപ്പർ കുട്ടികൾക്ക് മുന്നിൽ കാണിച്ച് അവന്റെ ഹാൻഡ് റൈറ്റിങിന്റെ ഭംഗിയെ കുറിച്ച് എടുത്തു പറഞ്ഞപ്പോൾ കുട്ടികളാണ് പറഞ്ഞത്

'അവൻ നന്നായി വരക്കും മിസ്സേ' 

'ആണോടാ.... എന്നാൽ നീ എന്റെ ഒരു ചിത്രം വരച്ചു തരണം ട്ടോ....പഴയ പോലെ അല്ല'

തമാശ മട്ടിൽ പറഞ്ഞപ്പോൾ അവന്റെ കണ്ണിലും ആദ്യമായി ഒരു പുഞ്ചിരി കണ്ടു.

പിറ്റേദിവസം ക്ലാസ്സിലേക്ക് കയറും മുമ്പ് ചുരുട്ടിയ പേപ്പർ നീട്ടി അവൻ പറഞ്ഞു

'മിസ് മാത്രം കണ്ടാ മതി ട്ടോ...നന്നായില്ലെങ്കിൽ കീറിക്കളഞ്ഞേക്ക്'

നിവർത്തിയപ്പോൾ കണ്ടത് ജീവനുള്ള പോലെ വരച്ച തന്റെ ചിത്രം.

അമ്പരപ്പോടെ അവന്റെ മുഖത്തു നോക്കിയപ്പോൾ അതേ നിസ്സംഗഭാവം

'ഫോട്ടോ പോലും നോക്കാതെ എങ്ങനെ വരച്ചെടാ ഇത്ര നന്നായി'

അതിശയത്തോടെ ചോദിച്ചു പോയി

'എന്റെ മനസ്സിൽ ഉണ്ടല്ലോ എപ്പോഴും മിസ്സിന്റെ മുഖം'

മറുപടി പറഞ്ഞു മുഖം തരാതെ അവൻ ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സിൽ കുട്ടികൾക്ക് മുന്നിൽ ആ ചിത്രം കാണിച്ചപ്പോൾ ഉച്ചത്തിൽ കയ്യടി ഉയർന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണിൽ നേരിയ നനവ്.

അതോടെ പഴയ പരുക്കൻ നിസാം തന്റെ മുന്നിലെങ്ങും ഇല്ലാതെയായി. പറഞ്ഞാൽ കേൾക്കാത്ത രീതി മാറി. കുറേക്കൂടെ തുറന്നു സംസാരിക്കാൻ തുടങ്ങി.

'മിസ്സേ വല്ലാതെ അടുപ്പിക്കണ്ട ട്ടോ... അവന്റെ ചരിത്രമൊക്കെ അറിയാലോ...തന്തപ്പടി തന്നെ മഹാ പിശാകാ...അവനും ടീച്ചർന്നൊന്നും ഉണ്ടാവില്ല'

അവനുമായി അടുത്തിടപഴകുന്ന കണ്ട സഹാധ്യാപകർ ഉപദേശിക്കാൻ മറന്നില്ല.

അവരോടൊന്നും അവന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. തന്നോട് മാത്രം ഒരുപാട് സംസാരിച്ചു. കുറെ സ്വപ്നങ്ങളെ കുറിച്ച്. യാത്രകളെ കുറിച്ച്... വീട്ടിലെ കാര്യങ്ങൾ ചോദിക്കുമ്പോൾ മാത്രം അവൻ വല്ലാതെ മൗനിയായി

'അതൊരു നരകമാണ് മിസ്സേ...ഒരു സ്വൈര്യവും ഉണ്ടാവില്ല.. ഉപ്പയും ഉമ്മയും എപ്പോഴും വഴക്ക്.... ഉപ്പാന്റെ ബഹളം ഉമ്മാന്റെ കണ്ണീര്.. മടുപ്പാണ് എനിക്കവിടെ'

ഒരിക്കൽ പറഞ്ഞു.

'ഉമ്മക്ക് നീ ഒരു മോനല്ലേടാ ഉള്ളൂ....നിന്റെ സ്‌കൂളിലെ കഥകളും അവരെ സങ്കടപ്പെടുത്തില്ലേ'

'ഉമ്മാനോടും എനിക്ക് വെറുപ്പാണ് മിസ്സേ....എല്ലാം സഹിച്ചോണ്ടിരിക്കും...കരച്ചിലും...എന്തിനാ ഇങ്ങനെ പ്രതികരിക്കാഞ്ഞിട്ടാണ്....പ്രതികരിച്ചില്ലെങ്കിൽ ആണ് മിസ്സേ ആരും തലയിൽ കയറൂ... ഉമ്മ മിണ്ടില്ല..അതോണ്ടാ ഇങ്ങനെ...'

ഒരു ദിവസം സ്‌കൂളിൽ എത്തുമ്പോൾ ഹെഡ് മാഷിന്റെ റൂമിന് മുന്നിൽ സ്‌കൂളിലെ കുട്ടികൾ മുഴുവൻ കൂടിയിരുന്നു. അസീസ് മാഷും നിസാമും. നിസാമിന്റെ കയ്യിൽ നിന്ന് അസീസ് മാഷ് മൊബൈൽ പിടിച്ചുവത്രെ. പെൺകുട്ടികളുടെ ബാത് റൂമിന് പിറകിൽ മൊബൈലുമായി അവനും കൂട്ടുകാരും. 

'സാർ ഞങ്ങൾ അവിടെ നിന്ന് മൊബൈലിൽ സിനിമ കാണുക മാത്രേ ചെയ്തിട്ടുള്ളൂ... ആരെങ്കിലും കാണുന്നതിന് ആ മറവിൽ നിന്നു എന്നെ ഉള്ളൂ'

നിസാം കുനിഞ്ഞ തലയോടെ പറയുന്നത് കേട്ടു.

'അതൊന്നും അല്ല സാറേ ഇവന്റെ ചരിത്രം സാറിന് അറിയാലോ... ഞാൻ കണ്ടതാണ് ഇവൻ ഷൂട്ട് ചെയ്യുന്നത്'

'സാറേ ഇല്ലാത്തത് പറയരുത്... സാറ് ഇവരോടൊക്കെ ചോദിച്ചു നോക്ക്.. അല്ലെങ്കിൽ മൊബൈൽ ചെക്ക് ചെയ്തോ'

'അതൊക്കെ മായ്ക്കാൻ നിനക്ക് മിനിറ്റ് പോരെടാ... ഞങ്ങളെയാണോ പൊട്ടനാക്കുന്നത്... നീയൊന്നും ഒരിക്കലും ഈ സ്വഭാവം മാറ്റില്ലെടാ....

ഇമ്മാതിരി കേസ് കൊണ്ട് മറ്റുള്ളവർ ഒഴിവാക്കിയതിനെ ഇവിടെ ചേർക്കും മുമ്പ് ഓർക്കണമായിരുന്നു'

'സാറേ തോന്ന്യാസം പറയരുത്'

നിസാമിന്റെ ഭാവം മാറുന്നത് കണ്ട് ഭയം തോന്നി. കുട്ടികളെ മാറ്റി ധൃതിയിൽ അങ്ങോട്ട് നടന്നു.

'പറഞ്ഞാൽ നീ എന്തു ചെയ്യുമെടാ... നീ ചെയ്യാത്ത തോന്ന്യാസം ഇല്ല... നിനക്ക് കുട്ടികളെന്നോ ടീച്ചറെന്നോ ഇല്ലാന്ന് എനിക്കറിയാം'

'നിർത്തെടാ കുറേക്കാലമായി നിന്റെ ചൊറിച്ചില്..'

അപ്രതീക്ഷിതമായാണ് ആ പറച്ചിലും അസീസ് മാഷിന്റെ മുഖത്ത് നിസാമിന്റെ അടി വീണതും.

എല്ലാവരും സ്തംഭിച്ചു നിന്നു.

'നിസാമേ'

അലർച്ച പോലെയാണ് വിളിച്ചതെങ്കിലും ഒരു നിലവിളി പോലെയാണ് അതൊടുങ്ങിയത്.

കുറ്റബോധത്തോടെ തല താഴ്ത്തി നിന്ന അവന്റെ അടുത്തെത്തിയപ്പോൾ പിറുപിറുക്കും പോലെ അവൻ ചോദിച്ചു

"മിസ്സിന് ഇത്തിരി നേരത്തെ വന്നൂടായിരുന്നോ..നിയന്ത്രിക്കാൻ പറ്റിയില്ല.

ഞാനൊന്നും ചെയ്തിട്ടില്ല മിസ്സേ... മൊബൈൽ പോലും എന്റെ അല്ല... ഞാനാ കൂട്ടത്തിൽ ഉണ്ടായിരുന്നു ന്നെ ഉള്ളൂ.

ഞങ്ങൾ സിനിമയാണ് കണ്ടത്"

അധ്യാപകനെ തല്ലിയ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കാൻ ഒരുപാട് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. സർട്ടിഫിക്കേറ്റ് വാങ്ങാൻ പോലും അവൻ പിന്നീട് സ്‌കൂളിൽ വന്നതുമില്ല.

ആ ബാച്ച് പലവഴിക്ക് പോയതോടെ അവനെ കുറിച്ചുള്ള വിവരങ്ങളും അറിയതെയായി.

ഷോ കെയ്സിൽ ഉള്ള അവൻ വരച്ച ചിത്രം ഒരുപാട് നാളുകൾക്ക് ശേഷം എടുത്തു നോക്കി. പൊടി പിടിച്ചിരിക്കുന്നു. തുടച്ചു മുന്നിലേക്ക് നീക്കി വെച്ചു. അവൻ കാണാൻ വരുന്നു എന്നത് ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി. ഇത്ര കാലവും അവനെ ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലല്ലോ എന്ന കുറ്റബോധവും..

പറഞ്ഞ പോലെ നാലു മണിക്ക് ശേഷം അവൻ വന്നു. താടിയും മീശയും. ഇത്തിരി കൂടെ ഉയരം വെച്ചിരിക്കുന്നു. കണ്ണുകളിലെ സ്ഥിരം പുച്ഛഭാവത്തിന് പകരം ഒരു പുഞ്ചിരി നിറഞ്ഞു നിൽക്കുന്ന പോലെ. സിറ്റൗട്ടിൽ ഇരിക്കാൻ തുനിഞ്ഞ അവനെ അകത്തേക്ക് ക്ഷണിച്ചു. 

'ഇത് ഇപ്പോഴും മിസ്സ്‌ സൂക്ഷിച്ചു വെച്ചിട്ടുണ്ടോ'

ഷോ കെയ്സിലെ ചിത്രം അടുത്തുപോയി നോക്കി അവൻ അത്ഭുതത്തോടെ ചോദിച്ചു.

'എന്റെ കുട്ടികളിൽ നീ മാത്രമേ ഇങ്ങനൊരു സമ്മാനം തന്നിട്ടുള്ളൂ. അപ്പൊ സൂക്ഷിച്ചു വെക്കണ്ടേ'

അവന്റെ കണ്ണുകൾ വികസിച്ചു.

'മിസ്സിന് ഒരു മാറ്റവും ഇല്ല'

'നീ താടിയും മീശയും ഒക്കെ വന്നു വല്യ ആളായില്ലേ'

അവൻ ചിരിച്ചു.

ചായ കുടിക്കുന്നതിനിടയിൽ വിശേഷങ്ങൾ തിരക്കി

'പഠനം അതോടെ നിർത്തി മിസ്സേ... പത്താം തരം പോലും പിന്നെ എഴുതി എടുത്തില്ല'

'ഇപ്പൊ എന്താ നീ ചെയ്യുന്നത്'

' ഗ്രാഫിക് ഡിസൈനർ ആണ് മിസ്സേ... വര പണ്ടേ കയ്യിൽ ഉണ്ടല്ലോ... സർട്ടിഫിക്കറ്റ് ഒന്നും ഇല്ലാതെ പഠിച്ചു."

"വീട്ടിൽ ഉമ്മയ്ക്കൊക്കെ സുഖല്ലേ"

"...ഉമ്മ മരിച്ചു മിസ്സേ കഴിഞ്ഞ വർഷം...ക്യാൻസർ ആയിരുന്നു...ഉമ്മ ഇല്ലാതെ എന്ത് വീടാണ്.

വീട്ടിൽ പോവാറില്ല. ബാംഗ്ലൂരിൽ ആണ് എന്റെ സ്ഥാപനം. ഒരു സുഹൃത്തിന്റെ കൂടെ. അവിടെ ആണ് സ്ഥിരം. ഈയിടെ ഇവിടെ ടൗണിലും പുതുതായി ഒന്ന് തുടങ്ങി. അപ്പോഴാണ് കൊറോണയും ലോക്ഡൗണും.. നാട്ടിൽ കുടുങ്ങി"

'അതോണ്ട് നിന്നെയൊന്ന് കാണാനായല്ലോ'

ഉള്ളിൽ ആ പഴയ മുരടൻ കുട്ടിയുടെ ചിരി ഓർത്തു.

'പറ എന്തേ ഇപ്പൊ മിസ്സിനെ കാണാൻ തോന്നി'

'കാണാൻ തോന്നാതെ അല്ല മിസ്സേ... പലപ്പോഴും വന്നു കാണാൻ തോന്നിയിട്ടുണ്ട്..അലച്ചിലായിരുന്നു... സിനിമയിലൊക്കെ കാണുന്ന പോലെ ഒരു നിലയിൽ ഒക്കെ എത്തിയിട്ട് കാണാൻ വരാം ന്നൊക്കെ കരുതും'

അവൻ പൊട്ടിച്ചിരിച്ചു.

'ഇപ്പൊ ആയല്ലോ...'

'പണത്തിന്റെ അല്ല മിസ്സേ...ഇഷ്ടള്ള ജോലിയാണ്...സ്വന്തം ആയതോണ്ട് അരുടേം മുന്നിൽ തല കുനിച്ചു നിക്കണ്ട"

'പഴയ കൂട്ടുകാരെ കാണാറുണ്ടോ'

'ഒന്നു രണ്ടുപേരുമായെ ബന്ധമുള്ളൂ...ഞാനിപ്പോ എത്തിയതും അങ്ങനാണ്"

'മിസ്സ്‌ ഈ അടുത്ത ദിവസം ഞങ്ങടെ ബാച്ചിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഏതോ ഒരു കുട്ടിക്ക് ഓൺലൈൻ ആയി പഠിക്കാൻ ഒരു മൊബൈൽ സംഘടിപ്പിച്ചു കൊടുക്കുമോ എന്നു ചോദിച്ചിരുന്നില്ലേ"

"നീ ആ ഗ്രൂപ്പിൽ ഉണ്ടോ..." 

"ഇല്ല ആ മെസേജ് ഞാൻ കേട്ടു..."

"കുറച്ചു ദിവസം മുമ്പ് ഇട്ടതാണ്. അവരൊക്കെ ഇപ്പഴും പഠിക്കുക അല്ലെ...അവർ എവിടെ നിന്ന് വാങ്ങി തരാനാണ്. പഴയതെങ്കിലും സംഘടിപ്പിക്കാം ന്ന് പറഞ്ഞിട്ടുണ്ട്...ഇത്തിരി കഷ്ടപ്പാടുള്ള വീട്ടിലെ കുട്ടിയാ നന്നായി പഠിക്കുന്ന മോളാണ്....ഇന്നലെയും അവള് വിളിച്ചിരുന്നു..എനിക്കാണെങ്കിൽ സാലറി വരാതെ ഒന്നും ചെയ്യാനും പറ്റില്ല"

'മിസ്സേ ഇത് ആ കുട്ടിക്ക് കൊടുക്കണം...ഒരു പുതിയ മൊബൈൽ ആണ്...എന്റെ വകയായി"

അവൻ ഒരു പൊതി എടുത്തു നീട്ടി.

അത് വാങ്ങുമ്പോൾ കണ്ണ് നിറഞ്ഞു ഒന്നും കാണുന്നുണ്ടായിരുന്നില്ല.

'എടാ ഇത് ഞാൻ പ്രതീക്ഷിച്ചതല്ല...നീ വരുമെന്നും നിന്നെ കാണുമെന്നും...ഇങ്ങനെ ആ കുട്ടിക്ക് മൊബൈൽ കിട്ടുമെന്നും....'

'മിസ്സേ ഒരു മൊബൈല് കാരണം പഠിത്തം ഇല്ലാതായിപ്പോയവനാ ഞാൻ...എന്നെ കൊണ്ട് ഒരു കുട്ടിക്ക് പഠനം മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ഭാഗ്യല്ലേ.....'

'ഞാനെന്താടാ പറയുക...ശരിക്കും എനിക്ക് കരച്ചിൽ വരുന്നു' 

'ഇറങ്ങട്ടെ മിസ്സേ... ഇത് കൊണ്ട് എനിക്കൊന്ന് മിസ്സിനെ കാണാനും പറ്റിയല്ലോ... അതാണ് സന്തോഷം...പോട്ടെ'

വണ്ടിയിൽ കയറി അവൻ പുറപ്പെടാൻ നേരമാണ് ഓർത്തത് അവനോടൊപ്പം ഒരു ഫോട്ടോ പോലും എടുത്തില്ല.

'നിക്കെടാ നിന്റെ കൂടെ ഒരു ഫോട്ടോ എടുക്കണ്ടേ...എത്ര കാലം കഴിഞ്ഞു കാണുന്നതാ'

വണ്ടി പുറത്തേക്ക് എടുത്തുകൊണ്ട് അവൻ പറഞ്ഞു

'വേണ്ട മിസ്സേ എന്റെ മനസ്സിലുണ്ടല്ലോ എന്നും ഈ മുഖം'

Tags:
  • Spotlight
  • Social Media Viral