Monday 20 July 2020 11:13 AM IST : By സ്വന്തം ലേഖകൻ

‘നാളെ എന്റെ കോവിഡ് റിസൽട്ട് വരും... പോസിറ്റീവ് ആകാതിരിക്കാൻ പ്രാർത്ഥിക്കണേ’; ആരോരുമില്ലാത്തവരുടെ ജീവിതം പറഞ്ഞ് നജീബ് മൂടാടി

najeeb6544ffyfyffg

സംസ്ഥാനത്ത് രൂക്ഷമായ സമ്പര്‍ക്കവ്യാപനം വ്യക്തമാക്കി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗം നമ്മുടെ തൊട്ടടുത്തെത്തിയിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആർക്കും എവിടെനിന്നും രോഗം പിടിപെടാം എന്ന അവസ്ഥയാണ് ഇപ്പോൾ. അതേസമയം പണവും ബന്ധുബലവും ഇല്ലാത്ത നിസ്സാര ജീവിതങ്ങൾക്ക് മേൽ ഇതുപോലുള്ള രോഗങ്ങൾ പെട്ടെന്ന് വന്നു വീഴുമ്പോൾ ചലനം നിലച്ചുപോകുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. അത്തരമൊരു അനുഭവം കുറിക്കുകയാണ് എഴുത്തുകാരനായ നജീബ് മൂടാടി.

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

'ചന്ദനം പോലെയരഞ്ഞ് അകില്‍ പോല്‍ പുകഞ്ഞ് എന്നും അന്യര്‍ക്കായ് സുഖഗന്ധമാകുവോള്‍'

"നാളെ എന്റെ കോവിഡ് റിസൽട്ട് വരും... പോസിറ്റീവ് ആകാതിരിക്കാൻ പ്രാർത്ഥിക്കണേ രോഗം വരുന്നത് പേടിച്ചല്ല... ഞാൻ ആശുപത്രിയിൽ ആയിപ്പോയാൽ പിന്നെ വീട്ടിലെ മൂന്നാളെയും നോക്കാൻ ആരുമുണ്ടാകില്ല"- പറഞ്ഞവസാനിപ്പിക്കുമ്പോൾ ആ സ്ത്രീ കരയുകയായിരുന്നു.

ജന്മനാ അന്ധനായ ഭർത്താവ് ഇടയ്ക്ക് ലോട്ടറി കച്ചവടത്തിന് പോയപ്പോൾ വാഹനം തട്ടി കിടപ്പിലായി. മറ്റൊരു കട്ടിലിൽ പക്ഷാഘാതം വന്ന അച്ഛൻ. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മകൻ മാത്രമാണ് വീട്ടിൽ കൂട്ടിന് വേറെയുള്ളത്. ഒരു കടയിൽ ജോലിചെയ്തു കിട്ടുന്ന ചെറിയ ശമ്പളത്തിനാണ് ആ കുടുംബം കഴിഞ്ഞു പോയത്. അച്ഛനുള്ള മരുന്നിനും ഭർത്താവിന്റെ ചികിത്സാചെലവും കഴിഞ്ഞാൽ നീക്കിയിരിപ്പൊന്നും ഉണ്ടാവില്ലെങ്കിലും ഉള്ളത്കൊണ്ട് ജീവിതമിങ്ങനെ കഴിഞ്ഞു പോകുമ്പോഴാണ് കടയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് കോവിഡ് പോസിറ്റിവ് ആയത്. അതോടെ കട പൂട്ടി. വീട്ടിൽ തന്നെ ക്വാറന്റൈനിലുമായി.

"ഒറ്റയ്ക്ക് വേറെ മാറി നിൽക്കാൻ ഇടമില്ല... ഇവരെ ഇട്ടേച്ചു പോവാനും പറ്റില്ലല്ലോ.. ഇനിയെങ്ങാനും പോസിറ്റിവ് ആണെങ്കിൽ....ഞാനും ഇവിടെ ആയിരുന്നത് കൊണ്ട് വേറെ ആരും ഇവിടെ വന്ന് നിൽക്കുകയുമില്ല.. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത ഇവരുടെ സ്ഥിതി എന്താകും എന്നോർത്താണ് ആകെ ഒരു സമാധാനവും ഇല്ലാത്തത്..."

ചില ജീവിതങ്ങളിങ്ങനെ ഉറ്റ പലരിലേക്കും ബന്ധിപ്പിച്ചു നിർത്തിയിരിക്കുകയാണ്. ഉരുകി വെളിച്ചമായി കത്തി തീർന്നു പോകുന്ന ജീവിതങ്ങൾ. വീട്ടിലിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിവൃത്തികേട് കൊണ്ട് ജോലിക്ക് പോകേണ്ടി വരുന്നവർ... പണവും ബന്ധുബലവും ഇല്ലാത്ത ഈ നിസ്സാര ജീവിതങ്ങൾക്ക് മേൽ ഇതുപോലുള്ള രോഗങ്ങൾ പെട്ടെന്ന് വന്നു വീഴുമ്പോൾ ചലനം നിലച്ചു പോകുന്ന ഒരുപാട് ജീവിതങ്ങൾ കൂടെയുണ്ട്.

നിത്യവും വൈകുന്നേരം നാം കൊറോണ രോഗബാധിതരുടെ കണക്കുകൾ കേൾക്കുമ്പോൾ അറിയാതെ പോകുന്നത് പട്ടിണിയിലേക്ക് വീണുപോകുന്ന, നിശ്ചലമായി പോകുന്ന, ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഇങ്ങനെ ചില ജീവിതങ്ങളെ കുറിച്ച് കൂടിയാണല്ലോ. 

Tags:
  • Spotlight
  • Social Media Viral