Friday 04 October 2019 02:43 PM IST : By സ്വന്തം ലേഖകൻ

‘ശരീരം നീറിപ്പുകയുന്നതിനെക്കാൾ വേദന ആ നിമിഷം ഹൃദയത്തിനായിരുന്നു’; ഭിന്നശേഷിക്കാരിയായ മകളെ നെഞ്ചിൽ ചേർത്ത് ഒരമ്മ പറയുന്നു

najeeb-moodadi99hjbugtrs4df

ഭിന്നശേഷിക്കാരായ മക്കളുള്ള മാതാപിതാക്കൾക്കറിയാം അവർ അനുഭവിക്കുന്ന കഷ്ടപ്പാട്. വലിയ ആൾക്കൂട്ടത്തിലും മറ്റും മക്കളുമായി പോകുമ്പോൾ, മാനസികസംഘർഷവും വേദനയും നൽകുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അത്തരമൊരു അനുഭവം കുറിക്കുകയാണ് ഒരമ്മ. ഫിനൂസ് എന്ന യുവതി എഴുതിയ കുറിപ്പ് നജീബ് മൂടാടിയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഇതൊരു ഭിന്നശേഷിക്കാരിയായ കുട്ടിയുടെ മാതാവ് എഴുതിയ വേദന നിറഞ്ഞ കുറിപ്പാണ്. സംഭവിച്ചതിനെ കുറിച്ചല്ല. ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ഇത് വായിക്കുന്ന ബാങ്ക്/ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ മനസ്സിലാക്കാൻ ഷെയർ ചെയ്യുന്നു.

#ഫിനൂസ് എഴുതുന്നു.

നമ്മുടെ ഗവ: ബാങ്ക് ജീവനക്കാർ നല്ല സഹകരണമാണ് കെട്ടോ ഇടപാടുകാരോട്. പ്രത്യേകിച്ചും എന്നെ പോലെ ഭിന്നശേഷിക്കാരായ കുട്ടികളുമായെത്തുന്ന രക്ഷിതാക്കളോട് ..

അത്യാവശ്യമായി ഒരു സുഹൃത്ത് ന്റെ അക്കൗണ്ടിലേക്ക് പണമയച്ച് കൊടുക്കേണ്ടതിനാൽ എനിക്ക് മോളെയും കൊണ്ട് ഗ്രാമീൺ ബാങ്കിൽ പോവേണ്ടി വന്നു.സാധാരണ ഇത്തരം സാഹചര്യങ്ങളുണ്ടാവാറില്ലാത്തതിനാൽ മൊബൈൽ ബാങ്കിങ്ങ് സംവിധാനം എന്റടുത്തുണ്ടായിരുന്നില്ല.

പന്ത്രണ്ടു വയസുകാരിയായ അവളെയെടുത്ത് കസേരയിലിരുത്തുന്നതും അവൾ കുറുമ്പു കാണിക്കുന്നതും അടുത്തിരിക്കുന്നവരെ പിടിച്ച് വലിക്കുന്നതുമെല്ലാം ബാങ്ക് ജീവനക്കാരൊഴികെ മറ്റുള്ളവരെല്ലാം കാണുകയും നേരം പോക്കിനായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.

ട്രാൻസ്ഫർ ചെയ്യാനുള്ള ഫോം ഫിൽ ചെയ്ത ശേഷം അല്പസമയം കാത്തിരുന്നപ്പോഴേക്കും അവൾ കൂടുതൽ അസ്വസ്ഥയാവാൻ തുടങ്ങി.

" എന്റെതൊന്ന് പെട്ടെന്ന് ശരിയാക്കിത്തരുമോ " എന്നു ചോദിച്ചെങ്കിലും വെയ്റ്റ് ചെയ്യാനായിരുന്നു മറുപടി.

അപ്പോഴേക്കും അവളുടെ ദേഷ്യം കൂടിയിരുന്നു. കൂടി നിൽക്കുന്നവരുടെ തുറിച്ചു നോട്ടം കൂടിയായപ്പോൾ ഇരിക്കുന്ന ചെയറിൽ നിന്നും അവൾ വാശി പിടിച്ച് താഴെക്കിറങ്ങി. ഞാനെടുക്കാൻ ശ്രമിച്ചെങ്കിലും എന്റെ മുടി പിടിച്ച് വലിക്കുകയയും അടിക്കുകയും കടിക്കുകയുമെല്ലാം ചെയ്തു കൊണ്ടിരുന്നു. (ഇതൊന്നും അവളുടെ തെറ്റല്ല. ആൾക്കൂട്ടവും ബഹളവുമൊന്നും അധിക സമയം ഇഷ്ടപ്പെടാൻ കഴിയാത്ത ഒരവസ്ഥയാണ് )

എന്റെ പാസ്ബുക്കിനു മുകളിലുള്ളവരെയെല്ലാം പിരിച്ചുവിട്ട ശേഷം എന്റെ പാസ്ബുക്കുമെടുത്ത് ട്രാൻസക്ഷൻ പൂർത്തീകരിച്ചു കൊണ്ട് അയാൾ ജോലിയിലുള്ള ആത്മാർത്ഥത തെളിയിച്ചു....

ഞാൻ തനിച്ചായതു കൊണ്ടും മോളപ്പോൾ എനിക്ക് പിടിച്ചു നിർത്താനാവാത്ത വിധം പ്രശ്നത്തിലായതും കാരണം മറുത്തൊന്നും പ്രതികരിക്കാനാവാതെ ഞാൻ നിസ്സഹായയായിരുന്നു.

എനിക്ക് നേരെ നീളുന്ന സഹതാപം നിറഞ്ഞ നോട്ടങ്ങളെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.

ശരീരം നീറിപ്പുകയുന്നതിനെക്കാൾ വേദന ആ നിമിഷം ഹൃദയത്തിനായിരുന്നു.

വീട്ടിൽ മക്കളെ നിർത്തി പുറത്തിറങ്ങാൻ സാഹചര്യമില്ലാത്ത പല രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നമാണിത്.ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന പെൻഷൻ ,സ്കോളർഷിപ്പ് തുടങ്ങിയവയെല്ലാം ബാങ്ക് വഴിയാണ് ലഭ്യമാകുന്നത്.

ഇവർക്ക് എല്ലാ മേഖലയിലും മുൻഗണന എന്ന് കേൾക്കാറുണ്ടെങ്കിലും പലപ്പോഴും അതു ലഭിക്കാതെ രക്ഷിതാക്കൾ വളരെയധികം പ്രയാസപ്പെടാറുണ്ട്.

"വിധി" യെന്ന രണ്ടക്ഷരത്തിനപ്പുറം നമ്മുടെ സമൂഹത്തിനിതിലൊരു പങ്കുമില്ലേ..

ഭിന്നശേഷിക്കാർ, പ്രായം ചെന്നവർ, ചെറിയ കുഞ്ഞുങ്ങൾ ,ഇവർക്കെല്ലാം ഇത്തരം സാഹചര്യങ്ങളിൽ ഒരല്പം പരിഗണന നൽകിയാൽ അതവർക്കു നൽകുന്ന ആശ്വാസം ചെറുതല്ല. നമുക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനുമില്ല.

ഇന്നിലേക്ക് കണ്ണടച്ചു പിടിച്ച് തിരിഞ്ഞു നടക്കാം. പക്ഷേ നാളെ നമുക്കായി കാത്തുവെച്ചതെന്തെന്ന് ആർക്കറിയാം...

Tags:
  • Spotlight
  • Social Media Viral