Thursday 19 July 2018 05:18 PM IST : By സ്വന്തം ലേഖകൻ

സങ്കടങ്ങളിൽ വീണുപോകുന്നവനെ എങ്ങനെ ചേർത്തുപിടിക്കണം എന്ന് പ്രവാസിയെ ആരും പഠിപ്പിക്കേണ്ട! കുറിപ്പ് വൈറൽ

najeeb-fb-post-pravasam

"ദേശത്തിനും ഭാഷയ്ക്കും മതത്തിനും അതീതമായി നിൽക്കുന്ന മനുഷ്യൻ എന്ന നന്മയെ കുറിച്ചുള്ള അറിവ്. ആ തിരിച്ചറിവുള്ളത് കൊണ്ടാണ് പ്രവാസികൾക്ക് മതത്തിന്റെയോ ദേശത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ മനുഷ്യനെ ശത്രുവായി കാണാനും പകവച്ചു ജീവിക്കാനും കഴിയാത്തത്."- പ്രവാസത്തെക്കുറിച്ചുള്ള നജീബ് മൂടാടിയുടെ മനോഹരമായ കുറിപ്പിലെ വരികളാണിത്. ഹൃദയസ്പർശിയായ ഈ കുറിപ്പാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ ശ്രദ്ധേയമാകുന്നത്.

നജീബ് മൂടാടിയുടെ കുറിപ്പ് പൂർണമായും വായിക്കാം;


പ്രവാസം മനുഷ്യനെ മനുഷ്യനാക്കുന്നു... മിട്ടായിത്തെരുവില്‍ ഏറെ നേരമലഞ്ഞ് ആശിച്ചപോലെ സ്വര്‍ണ്ണനിറമുള്ള ചെരിപ്പ് കിട്ടിയപ്പോള്‍ മോളുടെ മുഖത്ത് പുറത്തെ കുംഭവെയിലിനേക്കാള്‍ തിളക്കമുണ്ടായിരുന്നു. പാകമാണോ എന്നറിയാന്‍ ചെരിപ്പിട്ട് കടയിലൂടെ നടന്നു നോക്കുമ്പോള്‍ അവളുടെ ഉമ്മയുടെ മുഖത്തും തിളങ്ങി നിന്നു അതുപോലൊരു ചിരിവെയില്‍.

പത്തുനാള്‍ മാത്രം നീണ്ട അവധിയുടെ ഓട്ടപ്പാച്ചിലിനിടയില്‍, നാട്ടില്‍ പോകുന്നതിനു മുമ്പേ മോള് പറഞ്ഞുവെച്ച കുഞ്ഞുമോഹം സാധിപ്പിച്ച ആഹ്ലാദം എന്‍റെയുള്ളിലും...... മിട്ടായിത്തെരുവില്‍ നിന്നും രണ്ടാം ഗെയ്റ്റിലേക്കുള്ള വഴിയില്‍ കോര്‍ട്ട്റോഡിലൊരു ചെറിയ കടയുണ്ട്. കട എന്ന് പറയാനില്ല ഒരു പീടികച്ചെയ്തിയില്‍ ഇത്തിരി മുന്നോട്ടായൊരു പെട്ടിക്കട. കടക്കാരന്‍ അവിടെ ഇരുന്ന് പല വര്‍ണ്ണത്തിലുള്ള കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നു. കൂടാതെ സിഗരറ്റും ബീഡിയും നാരങ്ങാ വെള്ളവും....

അവിടെ നിന്നൊരു ‘സോഡാസര്‍ബത്തി’ന്‍റെ തണുപ്പില്‍ വെയില് കൊണ്ട് വാടിയ ക്ഷീണം തീര്‍ക്കുമ്പോഴാണ് കുടകള്‍ ഓരോന്നായി ഭംഗി നോക്കുന്ന ആളെ ശ്രദ്ധിച്ചത്. ഏതോ അന്യസംസ്ഥാന തൊഴിലാളി. എന്‍റെ നോട്ടം കണ്ടാവണം കടക്കാരന്‍ പറഞ്ഞു. “ഞാറായ്ച്ചാവണം... അന്ന് ഇവിടെ ഇവരെ കളിയാ ....നാട്ടിലേക്ക് കൊണ്ടോവാനുള്ള സാധനം വാങ്ങിക്കാന് ......അന്നാ ശരിക്കും കച്ചോടം”

കുടകള്‍ ഓരോന്നും എടുത്തു നോക്കിയ അയാള്‍ക്ക് പിങ്ക് നിറമുള്ളൊരു കുട ഏറെ ഇഷ്ടമായെന്ന് തോന്നുന്നു. അത് നിവര്‍ത്തിയും മടക്കിയും ഭംഗി നോക്കുമ്പോള്‍ പീടികക്കാരന്‍ വില പറയുന്നതൊന്നും ആ ചെറുപ്പക്കാരന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഏതോ സ്വപ്നത്തിലെന്നപോലെ അയാളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു നിന്നു... അയാളുടെ കണ്ണുകളില്‍ ദൂരെ ദൂരെ ഏതോ ഒരു മഴയില്ലാ നാട്ടില്‍ പൂത്തു നില്‍ക്കുന്ന വെയില്‍ ചുവട്ടില്‍ പിങ്ക് നിറമുള്ള കുട ചൂടി അയാള്‍ക്ക് പ്രിയപ്പെട്ട ആരോ..... ആ കാഴ്ചയിലായിരിക്കും അയാളുടെ മുഖത്തിങ്ങനെ ചിരി വിടരുന്നത്...

അയാളുടെ ഉള്ളിലടിക്കുന്ന ആഹ്ലാദത്തിര എനിക്ക് കാണാനാവും. കണ്ണെത്താദൂരത്ത് ജീവിതം തേടിപ്പോയവന്‍റെ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷത്തിനിടയില്‍ പലവട്ടം ഞാനും ഇത് അനുഭവിച്ചതാണല്ലോ. കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്ന മാലിയയിലും , ഇറാനി സൂക്കിലും , ബുഡ്ഢി മാര്‍ക്കറ്റിലും, സൂഖുല്‍ വത്വനിയയിലും.......... ഈ തിളക്കമുള്ള കണ്ണുകള്‍ ഞാനേറെ കണ്ടിട്ടുണ്ട്.

ഏതു നാട്ടിലായാലും പ്രവാസി ദൂരെ ദൂരെ തന്‍റെ പ്രിയപ്പെട്ടവരെ അദൃശ്യമായൊരു സ്നേഹ നൂല് കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നു... കണ്മുന്നില്‍ എന്നപോലെ സ്നേഹിച്ചും ഓമനിച്ചും കൊഞ്ചിച്ചും... കൂട്ടിവച്ച ഒരുപാട് പകല്‍ക്കിനാവുകളാണവനെ ജീവിപ്പിക്കുന്നത്.. ആ സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് സ്നേഹസമ്മാനങ്ങളായി..... കടക്കാരന്‍ പറഞ്ഞ പണം കൊടുത്ത് ആ പിങ്ക് കുട വാങ്ങി അയാള്‍ നിരത്തിലേക്കിറങ്ങി. ഭൂമിയിലെ ഏറ്റവും ആഹ്ലാദവാനായ ആ മനുഷ്യന്‍ തിരക്കില്‍ മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.

മുമ്പ് ഞാൻ തന്നെ ഫേസ്‌ബുക്കിൽ യിൽ എഴുതിയ ഒരു കുറിപ്പാണ്. എന്തുകൊണ്ടോ പ്രവാസം എന്റെ മുന്നിൽ കാണിക്കുന്ന കാഴ്ചകൾ കണ്ണെത്താദൂരത്തായിട്ടും ഒട്ടും അകലാതെ ചേർത്തു പിടിക്കുന്ന ഹൃദയങ്ങളുടെ ഈ ഊഷ്മള ഭാവമാണ്. പ്രവാസത്തിന്റെ സാമൂഹ്യ സാമ്പത്തിക വശങ്ങളെ കുറിച്ചൊന്നുമല്ല ചിന്തിക്കാറ്. മനുഷ്യസ്നേഹത്തെ കുറിച്ചു മാത്രമാണ്. പ്രിയപ്പെട്ടവർക്കായി ഏറെ കഷ്ടവും ത്യാഗവും സഹിച്ചും തളർന്നുവീഴും വരെ പൊരുതിക്കൊണ്ടിരിക്കുന്ന മനുഷ്യർ.

പുതിയ കാലം കുറെ വ്യത്യസ്തമായിട്ടുണ്ടാകാം. ഒട്ടുമിക്ക പ്രവാസികളും കുടുംബത്തെ കൊണ്ടുവന്നു കൂടെ നിർത്തുന്നു. പക്ഷെ ഞാൻ ഇടപഴകുന്നത് ഏറെയും സാധാരണ നിർമ്മാണ തൊഴിലാളികൾ ആയ മസ്രിയും പാക്കിസ്ഥാനിയും ബംഗ്ളാദേശിയും രാജസ്ഥാനിയും ആന്ധ്രക്കാരനും ഒക്കെയുമായാണ്. പുലരും മുമ്പ് ജോലിക്ക് പോവുകയും മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ ഏറ്റുവാങ്ങുകയും ചെയ്യുന്ന. തൊഴിലാളിയുടെ അവകാശങ്ങൾക്കൊന്നും അർഹതയില്ലാത്ത ഫ്രീ വിസക്കാർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ.
മുമ്പ് ഈ സ്ഥാനത്തും മലയാളികൾ ആയിരുന്നു ഏറെയും.

ഏതൊക്കെയോ ദേശങ്ങളിലുള്ള ഉറ്റവരുടെ ഓർമ്മയും സ്നേഹവും വാത്സല്യവും ആണ് അവരെ ഏതു കഠിനാവസ്ഥകളെയും മറികടന്നു ജീവിപ്പിക്കുന്നത്. തൊട്ടരികിൽ ഇല്ലാഞ്ഞിട്ടും ആ സ്നേഹസാമീപ്യം അവർ അറിയുന്നുണ്ട്. മാതാപിതാക്കളുടെ മക്കളുടെ പ്രിയപ്പെട്ടവരുടെ...... ആ ഓർമ്മകൾ ആണ് അവരുടെ ഊർജ്ജം.

ഈ മനുഷ്യരാണ് നാട്ടിലെ ഏതൊരാവശ്യത്തിനും അലിവോടെ പണം വെച്ചു നീട്ടുന്നത്. സങ്കടങ്ങളിൽ വീണു പോകുന്നവനെ എങ്ങനെ ചേർത്തു പിടിക്കണം എന്ന് അവരെ ആരും പഠിപ്പിക്കണ്ട. കൂടെ ഉള്ള ഒരാൾ കുഴഞ്ഞു പോകുമ്പോഴും നാട്ടിൽ ഒരാളുടെ ആവശ്യത്തിനും സമ്പത്തുകൊണ്ടും ശരീരം കൊണ്ടും താങ്ങായി നിൽക്കുന്ന ഈ മനുഷ്യരുടെ നിഷ്കളങ്കത എവിടെയും അടയാളപ്പെടുത്തപ്പെടാറില്ല.

പ്രവാസം മനുഷ്യന്റെ ഉള്ളിലുള്ള അലിവിനെ ശരിക്കും ഉയർത്തുന്നുണ്ട്. കണ്ണെത്താ ദൂരത്താവുമ്പോൾ സ്വന്തമെന്നു പറയാൻ ആരും കൂടെയില്ലാതെയാവുകയും, ചുറ്റുമുള്ളവർ രക്തബന്ധം പോലെ അടുപ്പമുള്ളവർ ആയി തീരുകയും ചെയ്യുമ്പോൾ ഉള്ളിൽ നിറയുന്ന വലിയൊരറിവുണ്ട്. ദേശത്തിനും ഭാഷക്കും മതത്തിനും അതീതമായി നിൽക്കുന്ന മനുഷ്യൻ എന്ന നന്മയെ കുറിച്ചുള്ള അറിവ്. ആ തിരിച്ചറിവുള്ളത് കൊണ്ടാണ് പ്രവാസികൾക്ക് മതത്തിന്റെയോ ദേശത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ മനുഷ്യനെ ശത്രുവായി കാണാനും പകവെച്ചു ജീവിക്കാനും കഴിയാത്തത്.

വ്യത്യസ്ത രാഷ്ട്രീയ വീക്ഷണം ഉള്ളവർ ഒരേ മുറിയിൽ താമസിക്കുന്നതും തർക്കിക്കുന്നതും സാധാരണം. നാട്ടിൽ പോകുമ്പോൾ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള പൊതിയാണ് രാഷ്ട്രീയ ശത്രു ആദ്യം പെട്ടിയിൽ വെക്കുന്നത്. നാട്ടിൽ ജീവിക്കുന്ന പഠിപ്പും വിവരവും ഉള്ള രാഷ്ട്രീയക്കാർക്ക് പോലും ഈ മനസ്സിന്റെ രസതന്ത്രം തിരിച്ചറിയാൻ കഴിയില്ല. അതിന് പ്രവാസി ആവണം.

പ്രവാസം മനുഷ്യനെ ഒരുപാട് അറിവുള്ളവൻ ആക്കുന്നുണ്ട്. ക്ഷമയുള്ളവരും. ജീവിതത്തിന്റെ ഉയർച്ച താഴ്ചകളും നിസ്സഹായതകളുമൊക്കെ കണ്ടും അനുഭവിച്ചും തഴക്കം വന്നവർ. പ്രവാസം ഒഴിവാക്കി വന്ന ഒരു മനുഷ്യനെ നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ. അയാളീ മണ്ണിലൂടെ താഴോട്ട് നോക്കി മെല്ലെ നടന്നു പോകും. ചുറ്റുമുള്ള വൈകാരിക ബഹളങ്ങൾ നിസ്സംഗനായി ചെറിയൊരു ചിരിയോടെ നോക്കും. അയാൾ ജീവിതം കണ്ടവനാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള മനുഷ്യരുടെ ജീവിതം. അയാൾക്കറിയാം മനുഷ്യൻ എത്ര നിസ്സാരനാണെന്ന്. ഇങ്ങനെ എത്രയെത്ര മനുഷ്യർ കടന്നുപോയ മണ്ണിലൂടെയാണ് നമ്മളിങ്ങനെ....

ടേബിൾ വൃത്തിയാക്കുന്നതിനിടയ്‌ക്ക് സാരിയിൽ ഒരല്പം വെള്ളം വീണു; തമിഴ് ബാലനെ അധിക്ഷേപിച്ച് വീട്ടമ്മ! കുറിപ്പ് വൈറൽ

‘ഓർമ്മയുണ്ടോ പൃഥ്വി?’; സുപ്രിയയുടെ ചോദ്യത്തിനു പിന്നിൽ ഒളിഞ്ഞിരുന്ന രഹസ്യമിതാണ്

‘മരണമുഖത്തു നിന്നും രക്ഷപ്പെട്ട് അവളെത്തിയത് വേദനകളുടെ ലോകത്തേക്ക്...’

ഒടുവിൽ നഷ്ടങ്ങൾ മാത്രമേ ഞങ്ങളുടെ കണക്കുപുസ്തകത്തിൽ കാണൂ; പ്രവാസത്തിനു മുൻപേ വായിച്ചിരിക്കേണ്ട കുറിപ്പ്!