Friday 18 October 2019 11:32 AM IST : By സ്വന്തം ലേഖകൻ

‘പുകഴ്ത്തിയ നാവുകൾക്ക് തന്നെ ഇകഴ്ത്താനും ഇവിടെ എളുപ്പം; ഊതിവീർപ്പിച്ച കൃത്രിമ ലോകമാണ് ഫെയ്സ്ബുക്’

najeebbfy7y8ii

സോഷ്യൽ മീഡിയ വഴി ഒരു വ്യക്തി ആഗ്രഹിക്കുന്ന പ്രതിച്ഛായ സമൂഹത്തിൽ നേടിയെടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ അടുത്തറിയുമ്പോൾ പലതും പെരുപ്പിച്ച് കാണിച്ച നുണകളാണെന്ന് വ്യക്തമാകും. വ്യക്തിയെ ഒറ്റ നിമിഷം കൊണ്ട് ഉയർത്തിവിടാനും അതേ വേഗത്തിൽ താഴെയിടാനും സോഷ്യൽ മീഡിയയ്ക്ക് കഴിയും. ഊതിവീർപ്പിച്ച ഈ കൃത്രിമ ലോകമാണ് സോഷ്യൽ മീഡിയയെന്ന് പറയുകയാണ് നജീബ് മൂടാടി.  

നജീബ് മൂടാടി എഴുതിയ കുറിപ്പ് വായിക്കാം; 

എത്ര വലിയ എഴുത്തുകാരനോ കലാകാരനോ ചിന്തകനോ സെലിബ്രിറ്റിയോ ഒക്കെ ആണെങ്കിൽ പോലും, തന്റെ വീട്ടിലും നാട്ടിലും പരിചയക്കാരിലും അയാൾ പ്രത്യേകമായി ബഹുമാനിതനോ പലപ്പോഴും പരിഗണനാർഹനോ പോലും ആയി കണക്കാക്കപ്പെടാറില്ല.

എന്നാൽ ഫേസ്‌ബുക്ക് ഉലകത്തിൽ കുറഞ്ഞ നാളത്തെ എഴുത്തുകളും ഇടപെടലുകളും കൊണ്ടു തന്നെ സ്വന്തമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കുവാനും പരിഗണനയും ബഹുമാനവും നേടാനും ഒരാൾക്ക് എളുപ്പം കഴിയുന്നുണ്ട്.

ബോധപൂർവ്വം അല്ലെങ്കിലും ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഒരു ഇമേജിലൂടെയാണ് അയാളെ മറ്റുള്ളവർ കാണുന്നത്. പുരോഗമനവാദി, കടുത്ത മതവിശ്വാസി, ജീവകാരുണ്യ പ്രവർത്തകൻ, അരാജകവാദി, പുസ്തകപ്രേമി, പ്രണയി, വർഗ്ഗീയവാദി, ഫെമിനിസ്റ്റ്, രാഷ്ട്രീയക്കാരൻ, ആർട്ടിസ്റ്റ്, കവി, സിനിമാക്കാരൻ, സഞ്ചാരി, യുക്തിവാദി, ശാസ്ത്രകുതുകി, ചരിത്രകാരൻ, ബുദ്ധിജീവി..... അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാനും അതിൽ താല്പര്യമുള്ള അനുവാചകരെയും സുഹൃത്തുക്കളെയും എളുപ്പം സൃഷ്ടിക്കാനും ഇവിടെ സാധിക്കുന്നു. (ബോധപൂർവ്വം ഇങ്ങനെ ഒരു ഇമേജ് ഉണ്ടാക്കി അതിലൂടെ സൗഹൃദങ്ങളെ ചൂഷണം ചെയ്തു തട്ടിപ്പ് നടത്തുന്നവരും മുഖപുസ്തകത്തിൽ ധാരാളം).

നേരിൽ പൊതുസമൂഹവുമായി ഇടപെടുന്ന ഒരാൾക്ക് ഇങ്ങനെ ഒരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാൻ കാലങ്ങൾ വേണ്ടി വരുമെങ്കിൽ ഏതാനും പോസ്റ്റുകളും കമന്റുകളും കൊണ്ട് ഫേസ്ബുക്കിലൂടെ ഇത് എളുപ്പത്തിൽ സാധിക്കാൻ കഴിയും. ഇനി രാഷ്ട്രീയക്കാരോ സാമൂഹ്യപ്രവർത്തകരോ ഒക്കെയായ ആളുകൾക്കും ഉള്ള പ്രതിച്ഛായ വർധിപ്പിക്കാൻ മുഖപുസ്തകത്തിലെ ഇടപെടലുകൾ സഹായിക്കുന്നുണ്ട്. 

മറ്റു മാധ്യമങ്ങളിലൂടെ സംവദിക്കുന്നതിലേറെ എളുപ്പത്തിൽ അനുവാചകരുമായി അടുപ്പം സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കുന്നു എന്നത് കൊണ്ടാണിത്. അവനവന്റെ യഥാർത്ഥ ലോകത്ത് നിസ്സാരനായ ഒരു വ്യക്തിപോലും തനിക്ക് അപരിചിതരായ വലിയൊരു ആൾക്കൂട്ടത്തിന്റെ ആദരവും അംഗീകാരവും നേടുന്നു എന്നത് കൗതുകകരമല്ലേ!. പുകഴ്ത്തിയ നാവുകൾക്ക് തന്നെ ഇകഴ്ത്താനും ഇവിടെ എളുപ്പമാണ് എന്നതും ചിന്തിക്കുമ്പോൾ ഊതിവീർപ്പിച്ച ഈ കൃത്രിമ ലോകം വളരെ ആശ്ചര്യമാണ്. 

Tags:
  • Spotlight
  • Social Media Viral