Saturday 29 June 2019 04:47 PM IST

‘എനിക്ക് പകലത്തെ വാപ്പയെ ആണ് ഇഷ്ടം; രാത്രി വരുന്നത് കണ്ടാ പേടിയാകും’; പണ്ടത്തെ ‘കുടിയൻ സാർ’ ഇന്ന്!

Tency Jacob

Sub Editor

nalla-padam886 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരു മദ്യപൻ മനുഷ്യനാകുമ്പോൾ വരുന്ന മാറ്റം മനസ്സിലാക്കാൻ റസൽ സബർമതി എന്ന അധ്യാപകനോളം നല്ല ഉദാഹരണമില്ല...

കാക്കേ കാക്കേ കൂടെവിടെ...

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ

കുഞ്ഞിനു തീറ്റി കൊടുക്കാഞ്ഞാൽ

കുഞ്ഞു കിടന്നു കരയൂല്ലേ....

കുട്ടികൾ പാടി തിമിർക്കുന്ന ബഹളത്തിനുള്ളിലാണ് അയാൾ. പണ്ട് ‘കുടിയൻ സാർ’ എന്നു പറഞ്ഞാൽ മാത്രം തിരിച്ചറിഞ്ഞിരുന്ന റസൽ സബർമതി എന്ന അധ്യാപകൻ.

‘‘തികഞ്ഞ മദ്യപാനിയായിരുന്ന എന്നെ നല്ല വ്യക്തിയാക്കിയെടുത്തത് ഈ സ്കൂളും ഇവിടത്തെ കുട്ടികളും കൂടെ ജോലി ചെയ്യുന്ന അധ്യാപകരുമാണ്. ഉള്ളൂർ ഗവൺമെന്റ് യുപി സ്കൂളില്ലാതെ റസൽ സബർമതി എന്ന അധ്യാപകനില്ല. ’’ പറയാനിരിക്കുമ്പോൾ കുട്ടിക്കൂട്ടങ്ങൾ റസലിനു ചുറ്റും കൂടി നിന്ന് കളിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഓടി വന്ന് സന്തോഷം പറ‌ഞ്ഞും പരാതി പറഞ്ഞും അവർ മാഷിനെ പലവട്ടം തടസ്സപ്പെടുത്തിയിട്ടും മുഖമൊന്നും കനത്തതേയില്ല.

മുഹമ്മദ് റസൽ എന്നായിരുന്നു പേര്. മദ്യപാനം നിർത്തിയ ശേഷമാണ് പേരു മാറ്റം. ഗാന്ധിജിയുടെ ആശ്രമത്തിന്റെ പേരായ സബർമതി കൂടി ചേർത്ത് റസൽ സബർമതി എന്നാക്കി.

കോളജ് കാലത്ത് കൂടെക്കൂടിയതാണ് മദ്യപാനശീലം. അ ക്കാലത്ത് ചെറിയ രീതിയിലേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെല്ലാവരും ഉയർന്ന ജോലിയിലാണ്. എനിക്ക് ചെറുപ്പം മുതലേ അധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. ഒപ്പം തന്നെ അഭിനയ മോഹവും ഉണ്ടായിരുന്നു. സീരിയലിലും സിനിമയിലും അഭിനയിക്കാൻ ചാൻസു നോക്കി നടന്നിട്ടുണ്ട്.

ഇതിനിടയിൽ ഒരാഗ്രഹം തോന്നി. ഒരു സീരിയൽ പിടിച്ചാലോ? നാലു ലക്ഷം രൂപ ഇറക്കി സീരിയൽ തുടങ്ങി. അതിൽ ഞാൻ നടനുമായി. അഞ്ച് എപ്പിസോഡ് കഴിഞ്ഞപ്പോൾ സംവിധായകനുമായി ഉടക്കായി. അത് മുടങ്ങി. ഭാര്യയുടെ സ്വർണം പണയം വച്ച്  ഇറക്കിയ കാശായിരുന്നു. ഒടുവിൽ സഹോദരങ്ങളുടെ സഹായത്താലാണ് ബാക്കി കടം തീർത്തത്.

മദ്യത്തിൽ മുങ്ങിയ ജീവിതം

നാട്ടിലും സ്കൂളിലും എല്ലാവരുടേയും കളിയാക്കൽ കേട്ട് മടുത്തു. അതൊന്നും കേൾക്കാതിരിക്കാനായി കൂടുതൽ കുടിച്ചു. സുബോധമുള്ളപ്പോൾ കേട്ട വാക്കുകളുടെ മൂർച്ചയിൽ മരിക്കാമെന്നു ചിന്തിച്ച കാലമുണ്ടായിരുന്നു. എല്ലാവരും തിരസ്ക്കരിക്കുന്നവനായി എന്തിനു ജീവിക്കണം എന്നൊരു തോന്നൽ ഉള്ളിൽ പൊടിച്ചു വന്നു. ഭാര്യയ്ക്കന്ന് സ്ഥിരം ജോലിയല്ല. ഞാൻ മരിച്ചാൽ ജോലി അവൾക്കു കിട്ടും, അവളുടെയും മക്കളുടെയും ജീവിതം സുരക്ഷിതമാകും എന്നൊക്കെയായി രുന്നു ചിന്തകൾ. ഭാര്യ ഷഫീന ഇപ്പോൾ എസ്.എസ്.വി നഗരൂർ ശങ്കരവിദ്യാപീഠം സയൻസ് ആൻഡ് ടെക്നോളജി കോളജിൽ അധ്യാപികയാണ്.

മദ്യത്തിൽ മുങ്ങിയ അക്കാലത്ത് വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു എനിക്ക് ജോലി. ക്ലാസ് സമയത്ത് മദ്യപിക്കാറില്ലെങ്കിലും വീട്ടിലെത്തുമ്പോൾ ബോധം മറയുന്ന അവസ്ഥയിലാകും. സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിട്ടുണ്ടായിരുന്നു. പക്ഷേ, അമിത മദ്യപാനം കൊണ്ടു ചെയ്ത നല്ല കാര്യങ്ങളെല്ലാം ‘കുടിയന്റെ കാട്ടിക്കൂട്ടലുകൾ’ എന്ന വിശേഷണത്തിൽ മുങ്ങിപ്പോയി. ‘കുടിയൻ സാർ’ എന്ന വിളിയിൽ പലരും എന്നെ ഒതുക്കിയിട്ടു. തീരെ പറ്റാതെ വന്നപ്പോഴാണ് സ്കൂൾ മാറിയാലോ എന്ന ചിന്ത വന്നത്. അങ്ങനെ തിരുവനന്തപുരത്തു തന്നെയുള്ള ഉള്ളൂർ ഗവൺമെന്റ് യുപി സ്കൂളിൽ എത്തി.

മെഡിക്കൽ കോളജിനോടു തൊട്ടാണ് ഈ സ്കൂൾ. എട്ടു അധ്യാപരും 12 കുട്ടികളുമുള്ള വിദ്യാലയം. അവരിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുമുണ്ട്. ഒറ്റമുറി കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിങ്ങൊക്കെ അടർന്നു വീഴാറായ നിലയിലായിരുന്നു. എങ്കിലും കുട്ടികൾ സന്തോഷത്തോടെ അവി ടെ പാറി നടന്ന് കളിക്കുന്നു. ശൂന്യതയിൽ മുങ്ങി നിന്ന എ ന്റെ മനസ്സിൽ അന്നൊരു ലക്ഷ്യമുണ്ടായി. ‘എങ്ങനെയും ഈ സ്കൂൾ നല്ല നിലയിൽ തിരിച്ചു കൊണ്ടുവരണം.’ 1952 ൽ സ്വകാര്യ സ്കൂളായാണ് തുടക്കം. സർക്കാർ ഏറ്റെടുത്ത ശേഷം യുപി സ്കൂളായി ഉയർത്തി. അഞ്ഞൂറിലധികം വിദ്യാർഥികളുണ്ടായിരുന്നു. ഐഎഎസ് ഓഫിസർമാർ വരെയുണ്ട് സ്കൂളിലെ പൂർവവിദ്യാർഥികളുടെ പട്ടികയിൽ.

വിദ്യാർഥികളുടെ എണ്ണം കൂടിയാലേ അടച്ചു പൂട്ടൽ ഭീഷണിയിൽ നിന്ന് രക്ഷപെടാൻ കഴിയൂ. വീടുകളിൽ ചെന്നപ്പോൾ ബസ് ഉണ്ടെങ്കിൽ വിടാം എന്നായി രക്ഷിതാക്കൾ. സർക്കാർ സഹായം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അധ്യാപകർ തന്നെ പി രിവിട്ട് പണമുണ്ടാക്കി. പല ടീച്ചേഴ്സും  മാലയും  വളയുമൊക്ക പണയം വച്ചാണ് പൈസ തന്നത്. ഡ്രൈവറെ വയ്ക്കാൻ മാർഗമില്ലാതിരുന്നത് കൊണ്ട് ഞാൻ തന്നെ ആ ജോലി ഏറ്റെടുത്തു. വിദ്യാർഥികളുടെ എണ്ണം 12ൽ നിന്നു 48ൽ എത്തി. സ്കൂളിന്റേതായ കലപില സംഗീതം പുറത്തേക്കു കേൾക്കാൻ തുടങ്ങി. എല്ലാ അധ്യാപകർക്കും ഉണർവായി. ഈ വർഷം കുട്ടികളുടെ എണ്ണം നൂറിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.

nalla-padam6643

വിതച്ചതും കൊയ്തതും

പഠനം മാത്രം പോര വിദ്യാലയം ഊർജസ്വലമാകാൻ എന്നു തോന്നിയപ്പോഴാണ് ജൈവകൃഷിയിലേക്ക് തിരിഞ്ഞത്. പറ്റാവുന്നത്ര പച്ചക്കറികൾ ഗ്രോ ബാഗുകളിൽ വളർത്താൻ തുടങ്ങി. കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പച്ചക്കറി പുറത്ത് നിന്നു വാങ്ങേണ്ട എന്ന നിലയിലേക്ക് കൃഷി വളർന്നു. കുട്ടികൾക്ക് ജൈവ പച്ചക്കറി കൊണ്ടുള്ള ഭക്ഷണം നൽകുന്നത് നല്ല പരിപാടിയാണെന്ന് എല്ലാവരും  പറഞ്ഞു. സർക്കാരിനും അങ്ങനെ തോന്നിയിരിക്കണം. അതുകൊണ്ടാണല്ലോ ആ വർഷത്തെ സംസ്ഥാനതല പുരസ്കാരം ഞങ്ങളുടെ സ്കൂളിനെ തേടിയെത്തിയത്. ഞാൻ വരുന്നതിനു മുൻപും സ്കൂളിൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.

മലയാള മനോരമയുടെ ‘നല്ല പാഠം’ പദ്ധതിയുമായി പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ സജീവമായിരുന്നു. എ ല്ലാവരും കൂടി ഒരുമിച്ചപ്പോൾ നല്ല ഫലം ഉണ്ടായി. ആ വർഷം ‘നല്ല പാഠ’ത്തിന്റെ എ പ്ലസ് പുരസ്കാരം ഞങ്ങൾക്കാണ് ല ഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന മോഹൻകുമാർ ഐഎഎസ് ആയിരുന്നു അവാർഡ് സമ്മാനിച്ചത്. സ്കൂളിന്റെ കഥ കേട്ടറിഞ്ഞ അദ്ദേഹം പുതിയ കെട്ടിടം പണിയാനായി ഫണ്ട് അനുവദിച്ചു. കെട്ടിടം പണി ഇപ്പോൾ പൂർത്തിയായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് സ്കൂൾ ബസ് വാങ്ങാൻ 11 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. പുതിയ ബസിന്റെയും ഡ്രൈവർ ഞാൻ തന്നെ. ‍ഞങ്ങൾക്കിത് പ്രതീക്ഷയുടെ പുതിയ സ്കൂൾ വർഷമാണ്.

മകളുടെ ചിരിക്കൊപ്പം

കുട്ടികളുടെ സന്തോഷവും കൃഷിയുടെ ഉന്മേഷവും ജീവിതത്തിൽ നിറഞ്ഞപ്പോൾ എനിക്ക്  മദ്യത്തിന്റെ ലഹരി വേണ്ടെന്ന് തോന്നി. രണ്ടു മക്കളാണ് എനിക്ക്. അൽഫിന ഈ വർഷം എട്ടാംക്ലാസിലേക്കാണ്.  മകൻ അലൻ അഞ്ചാം ക്ലാസിലേ ക്കും. ഒരു ദിവസം പകൽ മകളുടെ കളിക്കൊപ്പം കൂടിയിരുന്ന് വർത്തമാനം പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

‘എനിക്ക് പകലത്തെ വാപ്പയെ ആണ്  ഇഷ്ടം. രാത്രി വാപ്പ വരുന്നത് കണ്ടാ പേടിയാകും. കണ്ണൊക്കെ ചുവന്ന്... ഹയ്യോ’

രാത്രി മദ്യപിച്ച് കറങ്ങി വരുന്ന അച്ഛൻ മകളുടെ മനസ്സിൽ എത്ര മാത്രം വേദന ഉണ്ടാക്കുന്ന ചിത്രമാണ് എന്നെനിക്കു മനസ്സിലായി. എന്നിട്ടും വാപ്പയെ ഇഷ്ടമല്ല എന്ന് അവൾ പറഞ്ഞില്ല. പകലത്തെ വാപ്പയെ ആണ് ഇഷ്ടം എന്നാണ് പ റഞ്ഞത്. ആലോചിച്ചപ്പോൾ മനസ്സ് കുറ്റബോധത്താൽ നീറി.

പൊതുപരിപാടിയിലാണ് മദ്യപാനം ഉപേക്ഷിക്കുന്ന കാര്യം ഞാൻ പറയുന്നത്. പിന്നീടിതേ വരെ കുടിച്ചിട്ടില്ല. കുടിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്. ‘മദ്യപിക്കാതെ നിങ്ങൾ ചെയ്യുന്ന 99 നല്ല കാര്യങ്ങളും മദ്യപിച്ച് ചെയ്യുന്ന ഒരു ചീത്തക്കാര്യം കൊണ്ട് വിസ്മരിക്കപ്പെടും.’

സ്കൂളിലെ പ്രവർത്തനങ്ങൾക്കൊപ്പം മദ്യവർജന പ്രസ്ഥാനത്തിലും സജീവമാണ്. മദ്യവർജന സമിതിയുടെ സംസ്ഥാ   ന സെക്രട്ടറിയാണ്. മദ്യത്തിനെതിരേയുള്ള ബോധവൽക്കരണ പ്രഭാഷണം തുടങ്ങുമ്പോൾ മനസ്സിൽ ഒരു ലക്ഷ്യമുണ്ടാ   യിരുന്നു. ലഹരി വിരുദ്ധ ദിനമായ ജൂൺ 20 ന് മുൻപായി 101 വേദികളിൽ ഈ സന്ദേശമെത്തിക്കണം. കഴിഞ്ഞ ജൂണിൽ തുടങ്ങി. ഇപ്പോൾ 50 വേദികളിൽ പ്രഭാഷണം നടത്തി. 2019 ജൂൺ 20 നു മുൻപായി ബാക്കി കൂടി പൂർത്തിയാക്കണം.’

ഒരിക്കൽ ഉള്ളുർ സ്കൂൾ വാർഷികത്തിന് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു.

‘‘ഒരു സ്കൂൾ നന്നാകാൻ കുറേ അധ്യാപകരൊന്നും വേണ്ട, ഒറ്റയൊരാൾ മതി. ഉള്ളൂർ സ്കൂളിലെ റസൽ സബർമതി അങ്ങനെയൊരു അധ്യാപകനാണ്.’’

 മഴ പൊടിയാൻ കാത്തു നിൽക്കുന്ന ആകാശം കണ്ട് കുട്ടികൾ വീണ്ടും പാടിത്തുടങ്ങി.

മഴ മഴ മഴ ചെറുമഴ

മാനത്തു നിന്നൊഴുകും വലിയ മഴ

nallapadamiugfw