Friday 17 May 2019 12:44 PM IST : By സ്വന്തം ലേഖകൻ

പേരിലെ സാമ്യം പൊല്ലാപ്പായി; കോളേജ് അധ്യാപിക 3600 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി! വാർത്ത ഹിന്ദി പത്രത്തിൽ

news

പേരിലെ സാമ്യം സൃഷ്ടിച്ച മാനഹാനിയുടെ ദുഃഖത്തിലാണ് യുസി കോളജിലെ ഇംഗ്ലിഷ് അധ്യാപിക രേഖ നായർ. 3,600 കോടി രൂപയുടെ തട്ടിപ്പു കേസിലെ പ്രതിയായി പ്രശസ്ത ഹിന്ദി പത്രത്തിന്റെ ഒന്നാം പേജിൽ 2 തവണ ഈ അധ്യാപികയുടെ ചിത്രം അച്ചടിച്ചു വന്നു. തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ പത്രം തയാറായില്ലെന്നു മാത്രമല്ല, അധ്യാപിക അയച്ച വക്കീൽ നോട്ടിസ് കൈപ്പറ്റാതെ മടക്കുകയും ചെയ്തു. 

നിരപരാധിത്വം തെളിയിക്കാൻ നിയമ നടപടിക്ക് ഒരുങ്ങുന്നതിനിടെ ഒരു ചാനലിലും അധ്യാപികയുടെ ചിത്രം സഹിതം വാർത്ത വന്നതു കൂടുതൽ വേദനയ്ക്കിടയാക്കി.ഛത്തീസ്ഗഡ് മുൻ ഡിജിപി മുകേഷ് ഗുപ്തയുടെ സ്റ്റെനോഗ്രഫർ കൊല്ലം സ്വദേശി രേഖ നായർ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ വാർത്തയ്ക്കൊപ്പം മാർച്ച് 16നാണ് പത്രത്തിന്റെ ബിലാസ്പൂർ എഡിഷനിൽ അധ്യാപികയുടെ ചിത്രം ആദ്യം വന്നത്.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. കോളജ് വെബ് സൈറ്റിൽ രേഖ നായർ എന്ന പേരിലുള്ള ചിത്രമാണ് കൊല്ലം സ്വദേശിയുടേതായി പത്രം പ്രസിദ്ധീകരിച്ചത്. അവിടെ ഗവേഷണം നടത്തുന്ന യുസിയിലെ പൂർവ വിദ്യാർഥി ഇതു കാണാനിടയായി. തുടർന്നു പത്രത്തിന്റെ കട്ടിങ് അധ്യാപികയ്ക്കു മെയിൽ ചെയ്തു. 

ഹിന്ദി പത്രമല്ലേ, ഇവിടെ ആരു കാണാനാണ് എന്ന കരുതി അവഗണിച്ചു. 20നു തന്റെ ചിത്രം വീണ്ടും പ്രസിദ്ധീകരിച്ചുവെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും പ്രതികരിച്ചില്ല. പിന്നീടു ദേശീയ ഓൺലൈൻ വെബ്സൈറ്റുകൾ അതേ ചിത്രം കൊടുത്തതോടെ പൊല്ലാപ്പു തുടങ്ങി.ഛത്തീസ്ഗഡ് പൊലീസ് കൊല്ലത്തു നടത്തിയ തെളിവെടുപ്പിന്റെ ദൃശ്യങ്ങൾക്കൊപ്പമാണ് മലയാളം ചാനൽ അധ്യാപികയുടെ ചിത്രം കാട്ടിയത്. അതോടെ ആളുകളോടു മറുപടി പറയേണ്ട സ്ഥിതിയായി. ഏപ്രിൽ 18നു റൂറൽ എസ്പി ഓഫിസിൽ പരാതി നൽകിയെങ്കിലും കേസ് റജിസ്റ്റർ ചെയ്തില്ല. 

അഭിഭാഷക നോട്ടിസ് അയയ്ക്കുന്നതാവും നല്ലതെന്നായിരുന്നു പൊലീസിന്റെ ഉപദേശം. അതനുസരിച്ച് 24നു ഹൈക്കോടതിയിലെ വനിതാ അഭിഭാഷക മുഖേന അയച്ച നോട്ടിസാണ് പത്രാധിപർ കൈപ്പറ്റാതെ മടക്കിയത്. അധ്യാപിക എന്ന നിലയിൽ ഒന്നര പതിറ്റാണ്ടിനിടെ നേടിയ വിശ്വാസ്യത തകർക്കുന്ന തരത്തിലാണ്‌ വാർത്തകൾ പ്രചരിക്കുന്നതെന്ന് രേഖ നായർ പറഞ്ഞു. പരിഹാര മാർഗമായി നിയമ നടപടി മാത്രമേ മുന്നിലുള്ളൂ.