Thursday 31 May 2018 12:56 PM IST

ബ്രെയിൻ ട്യൂമർ ബാധിച്ചു ചലനശേഷി പരിമിതമായി, വിധിയെ തോൽപ്പിച്ച് മടങ്ങിയെത്തിയ നമിതയുടെ കരുത്തായി മാറിയത് ക്ലാസിലെ കൂട്ടുകാരി! വീഴ്ചയിൽ കരുത്തായ ദൈവത്തിന്റെ ‘കൈ’

Binsha Muhammed

cover

ദുബായിലെ ഒരു സ്കൂളിന്റെ നീണ്ടു നിവർക്കുന്ന വരാന്തയിലേക്ക് കാതോർത്താൽ ഇഴപിരിക്കാനാകാത്ത രണ്ട് സൗഹൃദങ്ങളുടെ കാൽപ്പെരുമാറ്റം കേൾക്കാം. കൂട്ടുകാരിയുടെ കരംപിടിച്ച്, അവളുടെ സഹായത്തോടെ ക്ലാസ്മുറിയുടെ കുഞ്ഞുപടികളിലേക്ക് നടന്നു കയറുന്ന ഒരു പെൺകരുത്തിനെയും കാണാം. വേദനയുടെ ലോകത്തേക്ക് അവളെ തള്ളിയിട്ട വിധി ഇതെല്ലാം കണ്ട് അസൂയപ്പെട്ട് ദൂരെയെവിടെയോ മാറി നിൽപ്പുണ്ടാകും. കാരണം വിധി നൽകിയ വേദനകളെ സൗഹൃദത്തിന്റെ കരസ്പർശം കൊണ്ട് തോൽപ്പിച്ച അവളുടെ നിശ്ചയ ദാർഢ്യം, അതിന് സമാനതകളില്ല എന്ന് അതിശയോക്തിയില്ലാതെ തന്നെ പറയാം.

നമിതയും, ഹരിതയും... സൗഹൃദത്തിന്റെ നൂലിഴകൾ കൊണ്ട് ദൈവം ചേർത്ത് വച്ച രണ്ടു പേർ. പാടിപ്പുകഴ്ത്തുന്ന സൗഹൃദക്കഥകൾ ആയിരക്കണക്കിനുള്ള ഈ ലോകത്ത് നമിതയും ഹരിതയും എന്ത് കൊണ്ട് വ്യത്യസ്തരാകുന്നു എന്ന ചോദ്യം സ്വാഭാവികം. സയാമീസ് ഇരട്ടകളെ പോലെ ഇവരെ ചേർത്തു നിർത്തുന്ന സംഗതിയെന്തെന്നും സംശയിക്കാം. അതിനുള്ള ഉത്തരം നമിത അതിജീവിച്ച വിധിയും, ആ വിധിയെ പാട്ടിനു വിട്ട് നമിതയെ ചേർത്തു നിർത്തിയ ഹരിതയുടെ കാരുണ്യവുമാണ്.

ഹരിതയും നമിതയും ഇന്ന് ഒരു രാജ്യത്തിന്റെ തന്നെ അഭിമാന പ്രതീകങ്ങളാണ്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് നൽകുന്ന നിസ്വാർത്ഥമായി മാനുഷിക മൂല്യങ്ങൾ പ്രകടിപ്പിച്ചതിനുള്ള അവാർഡ് ഹരിതയ്ക്ക് ലഭിച്ചപ്പോൾ അസാമാന്യമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരം നമിതയ്ക്കും നൽകി. ഹരിതയുടെ പ്രവർത്തിയിൽ അഭിമാനിക്കുകയാണ് മാതാപിതാക്കളായ ഹരിലാലും പ്രീതയും.

ബ്രെയിൻ ട്യൂമർ സമ്മാനിച്ച വിധിയും പേറി വീടിന്റെ നാലുമുറികളിൽ ഒതുങ്ങേണ്ടിയിരുന്ന നമിതയുടെയും അവളെ ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ കഥയറിയണമെങ്കിൽ മൂന്ന് വർഷം പുറകോട്ടു പോകണം. നാളുകൾക്കിപ്പുറം നമിതയുടെ നിശ്ചയ ദാർഢ്യത്തെയും ഹരിതയുടെ കരുതലിനെയും ദുബായ് എന്ന മഹാരാജ്യം അംഗീകരിക്കുമ്പോൾ ഏവരും ൈകകൂപ്പുകയാണ് ആ സൗഹൃദത്തിനു മുന്നിൽ. പഠനത്തിലും പാഠ്യേതര വിഷയത്തിലും മിടുക്കിയായിരുന്ന, എവിടെയും ഒന്നാമതായിരുന്ന നമിതയെന്ന ചിത്രശലഭത്തെ തന്റെ ചിറകിനടിയിലേക്ക് കൊണ്ടെത്തിച്ച വിധി എന്തെന്ന് ഹരിത വനിത ഓൺലൈനോട് പറയുന്നു.

cover_5

ചിത്രശലഭത്തെപ്പോൽ പാറി നടന്ന പെൺകൊടി

വാടിയ പൂവു കണക്കെ ‍ചാഞ്ഞിരുന്ന പെൺകൊടിയായിരുന്നില്ല നമിത. മനോഹരമായ സംസാരം കൊണ്ട് ആരെയും കൈയിലെടുക്കുന്ന കുറുമ്പി. പാട്ടിലും ഡാൻസിലും കഴിവു തെളിയിച്ച പതിനാലുകാരി. സ്കൂളിലെ അധ്യാപകർക്കും നമിതയെന്ന വിദ്യാർത്ഥിയെക്കുറിച്ച് പറയാൻ നൂറു നാവ്. ആലപ്പുഴ കാർത്തികപള്ളി സ്വദേശി എബ്രഹാം തോമസിനും ഭാര്യ ജിജിക്കും ജീവിതം നൽകിയ സന്തോഷത്തിന്റെയും സ്വപ്നങ്ങളുടെയും ആകെത്തുകയായിരുന്നു അവൾ. സ്വരുക്കൂട്ടുന്ന പ്രതീക്ഷകൾക്കൊപ്പമുള്ള നമിതയുടെ മിടുക്ക് അവരെ സ്വപ്നം കാണാൻ പഠിപ്പിച്ചു. അനുജൻ നിർമലിനും ചേച്ചിതന്നെയായിരുന്നു മാതൃക. ദുബായിലെ പ്രവാസി ജീവിതം സമ്മാനിച്ച സന്തോഷത്തിന്റെ നാളുകൾ അങ്ങനെ കടന്നു പോയി.

cover_2

ആ ഇരുണ്ട നാളുകൾ ഓർക്കുമ്പോൾ...

2015ജൂലൈയിലെ സ്കൂൾ അവധിക്കാലത്ത് പുതിയ വീട്ടിൽ താമസം തുടങ്ങാൻ നാട്ടിലേക്ക് പോയതായിരുന്നു എല്ലാവരും. തിരിക ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് അത് സംഭവിച്ചത്. പള്ളിയിൽ പോയി തിരികെ വരുന്ന വഴി, എബ്രഹാം തോമസാണ് ആദ്യം അത് ശ്രദ്ധിച്ചത്. സാധാരണ രീതിയിൽ ആരോഗ്യത്തോടെ നടന്നു കൊണ്ടിരുന്ന നമിതയുടെ നടത്തത്തിൽ എന്തോ ഒരു വ്യത്യാസം. നഴ്സായ ഭാര്യ ജിജിയോടു കാര്യം പറഞ്ഞപ്പോൾ എന്തോ പന്തി കേട് തോന്നിയിരിക്കണം.

ആശുപത്രിയിലെത്തിക്കുന്നതു വരെയും അരുതാത്തതൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാരുന്നു ആ കുടുംബം. ടെസ്റ്റുകളും പരിശോധനകൾക്കുമൊടുവിൽ ഡോക്ടറുടെ മുഖം വിവർണമായത് ജിജി ഉടനെ വായിച്ചെടുത്തു. ‘മോൾക്ക് ബ്രെയിൻ ട്യൂമറാണ്’–പിന്നാലെ ഡോക്ടറുടെ വാക്കുകൾ. കൈയ്യിലുള്ളതെല്ലാം വിറ്റു പെറുക്കിയാലും വേണ്ടില്ല മകളാണ് വലുതെന്ന ഉറച്ച തീരുമാനം അവരെ ദുബായിലെ തന്നെ ലോകോത്തര ന്യൂറോ സർജന്റെ അടുത്തെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്ടറുടെ നിർദ്ദേശം.

cover_4

ജീവിതം തിരികെ വച്ചു നീട്ടിയതും അതേ വിധി

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം നമിതയെ തിരികെ കിട്ടുമ്പോൾ രോഗം അവളിൽ നിന്നും കഴ്ചയും ചലനവും സംസാര ശേഷിയും കവർന്നിരുന്നു. താൻ ഓടിനടന്ന സ്കൂൾ വരാന്തയിലും പഠിച്ച ക്ലാസ് മുറിയിലേക്കും മടങ്ങണമെന്ന നിശ്ചയദാർഢ്യം അവൾക്കുള്ളിലുണ്ടായിരുന്നു. അതിനു മുന്നിൽ ആ രോഗം തലകുനിച്ചു.  പഠനത്തിൽ പഴയ ചുറു ചുറുക്കോടെ നമിത തിരികെ വരുമോ എന്നതായിരുന്നു ഉറ്റവരുടെയും ഉടയവരുടെയും സംശയം. പത്താം ക്ലാസിന്റെ പടിവാതിൽക്കൽ നിൽക്കുന്ന നമിത ഒരു പക്ഷേ തോറ്റുപോകുമോ എന്നു പോലും ചിന്തിച്ചവരുണ്ട്.  മകളെ സ്പെഷ്യൽ സ്കൂളിൽ ചേർക്കാൻ ഉപദേശിച്ചവർ വരെയുണ്ടായിരുന്നു.

ഇതെല്ലാം കേട്ടും കണ്ടും എബ്രഹാം തോമസ് ഉള്ളിൽ കരയുമ്പോഴും നമിത ചിരിക്കുകയായിരുന്നു. വിധിയെ തോൽപ്പിക്കാനുള്ള കരുത്ത് ആ ചിരിയിലുണ്ടായിരുന്നു. മനസു കൊണ്ട് പഴയ നമിതയായി അതേ സ്കൂൾ വരാന്തയിലേക്ക് തിരികെ പോകുമെന്ന് അവൾ തീരുമാനിച്ചു. നമിതയുടെ അതിജീവനത്തിന്റെ കഥ അവിടെ തുടങ്ങുന്നു.

cover_3

ക്ലാസ്മുറിയിലെ ദൈന്യതയൊളിപ്പിച്ച നോട്ടങ്ങൾ

നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ പഴയ ക്ലാസ് മുറിയിലേക്ക് ഏന്തിവലിഞ്ഞ് നമിത എത്തിയപ്പോൾ ഒന്നും പരിചിതമായിരുന്നില്ല. സൗഹൃദക്കാഴ്ചകൾ സമ്മാനിച്ച ആ പഴയ നാളുകൾ എങ്ങോ പോയ് മറഞ്ഞിരുന്നു. ചിരിച്ച് കൊണ്ട് സ്വീകരിക്കേണ്ട അവളുടെ കൂട്ടുകാരുടെ കണ്ണുകളിൽ ദൈന്യത ഭാവം. രോഗം പകരുമെന്ന് പേടിച്ചിട്ടാകണം പലരും അവളുടെ അടുത്തേക്ക് പോലും വന്നില്ല. നമിതയുടെ രൂപമായിരുന്നു മറ്റു പലർക്കും പ്രശ്നം.

എന്നാൽ ഒറ്റപ്പെടലിന്റെ ഇടനാഴിയിൽ നിന്ന് സൗഹൃദത്തിന്റെ തീരത്തേക്ക് നമിതയെ കൈപിടിച്ചു നടത്താൻ മറ്റൊരാളുണ്ടായി. അതേ ക്ലാസിലെ ഹരിതയെന്ന മിടുക്കി. ഞാൻ ഹരിതയ്ക്കൊപ്പം ഇരുന്നോട്ടെ..എന്ന ആദ്യ ചോദ്യം അനിർവചനീയമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു പഠനവും കളിചിരികളും നിറഞ്ഞ പഴയ ജീവിതത്തിലേക്ക് തിരികെ നടക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു പിന്നെ അവൾക്ക് ഉറ്റ കൂട്ടുകാരിക്ക് മുന്നിൽ വയ്ക്കാനുണ്ടായിരുന്നത്. ആ വലിയ ആഗ്രഹത്തെ തന്റെ സൗഹൃദച്ചിറകിനൊപ്പം ചേർത്തു നിർത്തി ഹരിത. പിന്നീടങ്ങോട്ട് ഹരിത നമിതയുടെ വലംകൈയും ബലവുമായി ചേർന്നു. തങ്ങളെ ചേർത്തു നിർത്തിയ സംഗതി എന്തെന്ന് ചോദിച്ചാൽ നിറഞ്ഞ ചിരി മാത്രമാണ് ഹരിതയുടെ മറുപടി. എന്നാൽ ദൈവം പണ്ടേക്കു പണ്ടേ എഴുതി ചേർത്ത സൗഹൃദത്തിലെ ഇഴപിരിക്കാനാത്ത കണ്ണികളാണ് അവർ ഇരുവരും എന്ന് പിന്നീട് കാലം തെളിയിച്ചു.

ഹരിതയെന്ന നല്ല പാതി

ഇന്ന് നമിത ഉറങ്ങുന്നതും ഉണരുന്നതും ഹരിതയുടെ മുഖം കണ്ടു കൊണ്ടാണ്. എഴുതാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള ഹരിതയുടെ കൈയ്യും നാവും എല്ലാം ഇന്ന് ഈ സഹപാഠിയാണ്. ടാബിൽ നോട്ടുകൾ തയ്യാറാക്കിയ കോപ്പിയെടുത്ത നോട്ടുകൾ കൈമാറിയും ഹരിത നമിതയുടെ ജീവ ശ്വാസമെന്നോണം കൂടെയുണ്ട്. എന്തിനേറെ നമിതയുടെ മാതാപിതാക്കൾ പോലും അസൂയപ്പെട്ടു പോകുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും മറ്റൊരു പേരാണ് ഹരിത. ഹരിതയെക്കുറിച്ച് ചോദിക്കുമ്പോൾ രോഗം വിവർണമാക്കിയ നമിതയുടെ മുഖം വിടരും, പിന്നെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞൊപ്പിക്കും ‘അവളെന്റെ കൂടപ്പിറപ്പാണ്.’

മാറ്റിനിർത്താൻ പറ‍ഞ്ഞവർ ചേർത്തു നിർത്തിയപ്പോൾ

നമിതയെ നിത്യ രോഗിയെന്ന് മുദ്രകുത്തിയ വിധിക്ക് അവളുടെ നിശ്ചയദാർഢ്യത്തെ കണ്ടില്ലെന്നു നടിക്കാനാകുമായിരുന്നില്ല. നമിതയുടെ പഠനത്തെയും റിസൾട്ടിനെയും കുറിച്ച് ആകുലപ്പെട്ടവർക്കുള്ള മറുപടിയായിരുന്നു അക്കൊല്ലത്തെ നമിതയുടൈ ഒമ്പതാം ക്ലാസ് പരീക്ഷാഫലം. മറ്റൊരു തരത്തില്‍ ഹരിതയുടെ സ്നേഹ–സൗഹൃദച്ചിറകിലേറി നേടിയ വിജയം. ഉന്നത മാർക്ക് നേടി വിജയ തീരമണഞ്ഞവരുടെ പുഞ്ചിരികൾക്കിടയിൽ ഇന്ന് ഹരിതയും നമിതയുമുണ്ട്. അവരുടെ ചിരിക്ക് മറ്റൊരുകാരണം കൂടിയുണ്ട്. ഈ ചിരി പ്രതിസന്ധിയെ പാട്ടിനു വിട്ട് നേടിയ നിശ്ചയദാര്‌ഢ്യത്തിന്റെ ചിരി കൂടിയാണ്. ആ ചിരി ഇന്നും അവർ ഇരുവരുടെയും ഹൃദയത്തിലുണ്ട്, എസ്എസ്എൽസി പൊതു പരീക്ഷയിലും ജയിച്ച് നിറഞ്ഞ ചിരിയോടെ ജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് അവരുടെ സ്നേഹസൗഹൃദം.

പ്രതീക്ഷയുടെ കിരണങ്ങൾ അകലെയല്ല

പഴയതു പോലെയല്ല കാര്യങ്ങൾ. പ്രകടമായ നല്ല മാറ്റങ്ങൾ പലതും നമിതയിൽ കണ്ടു തുടങ്ങിയിരിക്കുന്നു. മറ്റുള്ളവർക്കു മനസിലാകും വിധം സംസാരിക്കാൻ അവൾക്കാകുന്നുണ്ട്. സ്വന്തമായി ഭക്ഷണം കഴിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. പണ്ടത്തെ പോലെ പൂമ്പാറ്റയെപ്പോലെ ഒരു നാൾ പറക്കാനാകുമെന്ന ഉറച്ച വിശ്വാസം ഇന്ന് അവൾക്ക് കൂട്ടായുണ്ട്. എസ്എസ്എൽസി പരീക്ഷയെ പൂർ‌വ്വാധികം ആത്മവിശ്വാസത്തോടെ നേരിടണം. പിന്നെ ഡോക്ടറാകാൻ കൊതിച്ചിരുന്ന നമിത ഇന്ന് പഴയ സ്വപ്നങ്ങൾ വീണ്ടും പൊടി തട്ടിയെടുത്തിയിരിക്കുന്നു. ഹരിതയും മറ്റ് അധ്യാപകരും നൽകുന്ന പിന്തുണ തന്നെയാണ് വീണ്ടും അവളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത്.

പ്രതിസന്ധിയെ അതിജീവിച്ച് നേടിയ നേട്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ചോദിക്കുമ്പോൾ പകുതി ദൈവത്തിന്റെ കൈയ്യിലെന്ന് നമിത പറയും. ബാക്കിയുള്ള പാതിയോ എന്ന ചോദ്യത്തിന് ഹരിതയിലേക്ക് മെല്ലെ അവൾ കൺനോട്ടമെറിഞ്ഞു. നിറഞ്ഞ ചിരിയായിരുന്നു ഹരിതയുടെ മറുപടി. മറ്റൊരു തരത്തിൽ നമിതയും ഹരിതയും ഓരോർമ്മപ്പെടുത്തലാണ്. സൗഹൃദത്തിന്റെ നല്ല മുഖങ്ങൾ അന്യമാകുന്ന കാലത്ത് ഇങ്ങനെയും ചിലർ ഇവിടെയുണ്ടെന്ന ഓർമ്മപ്പെടുത്തൽ.

cover_1