Wednesday 11 April 2018 02:17 PM IST : By സ്വന്തം ലേഖകൻ

കരളാണു നീ മകളെ; ഈ അമ്മ മകള്‍ക്കു പകുത്തു നല്‍കിയതു സ്വന്തം ജീവന്‍

daughter-namitha

മകളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വത്തു വില്‍ക്കാന്‍ പോലും തയാറാകാതിരുന്ന ഒരു അച്ഛന്റെ ക്രൂരത വാര്‍ത്തയാകുമ്പോള്‍ മകള്‍ക്കു കരളിന്റെ പാതി പകുത്തു നല്‍കിയ അമ്മയുടെ കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സായ്ശ്രീ എന്ന പതിമൂന്നുകാരിയുടെ മരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രതികരിച്ചിരുന്നു. അക്കൂട്ടത്തിൽ സ്വന്തം ജീവിതകഥ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച നമിത നൈയ്യാർ എന്ന യുവതിയുടെ വികാരനിഭരമായ പോസ്റ്റും ഏറെ ശ്രദ്ധ നേടി. നമിതയുടെ കഥ ഇതാണ്;

namitha-2

’’മകൾക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഞാനും ഭർത്താവും തമ്മിൽ വേർപിരിയുന്നത്. തുടർന്ന് ഞാൻ റേഡിയോ സ്റ്റേഷനിൽ ഒരു ജോലി കണ്ടെത്തി. ഒറ്റ ഒരാളായി നിന്നുകൊണ്ടാണ് കുടുംബത്തിന്റെ ചിലവുകൾ നോക്കി നടത്തിയത്. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. എന്റെ മകൾ വളരെ ഊർജ്‌ജസ്വലതയുള്ള കുട്ടിയായിരുന്നു. എപ്പോഴും കളിയും ചിരിയുമായി ശരിക്കുമൊരു മിടുക്കിക്കുട്ടി. സന്തോഷങ്ങൾ അവസാനിക്കാൻ അധികനേരമൊന്നും വേണ്ടല്ലോ, അവളുടെ എട്ടാമത്തെ പിറന്നാളിനാണ് നടുക്കുന്ന ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്. തളർച്ചയും പണിയുമായി മോളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോഴാണ് അവൾക്ക് മഞ്ഞപ്പിത്തമാണെന്ന് അറിയുന്നത്. ഹീമോഗ്ലോബിന്റെ അളവ് അവളുടെ ശരീരത്തിൽ വളരെ കുറവായിരുന്നു. നടക്കാൻ പോലും കഴിയാതെ അവൾ ബുദ്ധിമുട്ടി. ഡോക്ടർമാർ പറഞ്ഞു ’വിത്സൺസ് ഡിസീസ്’ എന്നറിയപ്പെടുന്ന അപൂർവ രോഗമാണ് മകൾക്കെന്ന്. കരൾ മാറ്റിവയ്‌ക്കൽ മാത്രമായിരുന്നു ഏക പോംവഴി. ഇതിനുമുൻപ് ഇത്തരമൊരു അവസ്ഥയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ടായിരുന്നില്ല.

അടുത്ത ലക്ഷ്യം മക്കൾക്കുവേണ്ടി ഒരു ഡോണറെ കണ്ടെത്തുകയായിരുന്നു. അച്ഛനായിരുന്നു അതിനു ഏറ്റവും അനുയോജ്യം. അങ്ങനെയാണ് ഞാൻ ഈ ആവശ്യവുമായി എന്റെ മുൻ ഭർത്താവിനെ സമീപിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഫാറ്റി ലിവർ ആയതുകൊണ്ട് ആ വഴി അടഞ്ഞു. അടുത്ത ചോയ്‌സ് ഞാനായിരുന്നു. അതുവരെ ശരീരത്തിൽ ഒരു സൂചി കുത്തുന്നത് പോലും പേടിയായിരുന്നു എനിക്ക്. എന്നാൽ എന്റെ മകളുടെ വേദനയ്‌ക്ക് മുന്നിൽ അതൊക്കെ എത്രയോ നിസ്സാരമാണെന്ന് തിരിച്ചറിഞ്ഞു. എന്റെ മനസ്സുനിറയെ ദേഷ്യവും വിഷമവുമായിരുന്നു. ഇത്രയും വേദന മകൾക്ക് കൊടുക്കാൻ എന്തു തെറ്റാണു ഞങ്ങൾ ചെയ്തതെന്നും, എന്തുകൊണ്ടാണ് ഇതൊക്കെ അനുഭവിക്കുന്നതെന്നും ചിന്തിച്ച് സ്വയം പഴിച്ചു. എല്ലാ ടെസ്റ്റുകളും പൂർത്തിയായപ്പോഴേക്കും ഞാൻ ശാരീരികമായും മാനസികമായും കരുത്തുനേടിയിരുന്നു.

അവളുടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയായി. ഭക്ഷണത്തിൽ നിയന്ത്രണങ്ങളും മറ്റുമായി അവൾ പൂർണ്ണ ആരോഗ്യവതിയായി. ഏറെ വൈകാതെ ഞങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ സംഭവിച്ചു. എനിക്ക് ദുബൈയിൽ ഒരു പുതിയ ജോലി ലഭിച്ചു. അതിനുമുൻപ്‌ എനിക്കൊരു പാസ്‌പോർട്ട് പോലും ഉണ്ടായിരുന്നില്ല. അവിടെയെത്തി ആറു മാസം കഴിഞ്ഞതും ഞാൻ മകളെ കൂടെ കൊണ്ടുവന്നു. തുടർന്നുള്ള വർഷങ്ങൾ സന്തോഷത്തിന്റേതായിരുന്നു. മക്കൾക്കുവേണ്ടി ഞാൻ കഠിനമായി അധ്വാനിച്ചു തുടങ്ങി. അവൾക്ക് ഏറ്റവും മികച്ചത് നൽകുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. എനിക്ക് അവളെ സ്വതന്ത്രയും നല്ലൊരു വ്യക്തിയായും വളർത്തണം. ഇപ്പോൾ മകൾക്ക് 14 വയസ്സായി. അവളുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം, അവൾക്ക് 17 വയസ്സ് തികയുമ്പോൾ എന്നെ രണ്ടാമതൊരു വിവാഹം കഴിപ്പിക്കുക എന്നതാണ്.’’ നമിത നൈയ്യാർ പറയുന്നു.