കൊച്ചിയിൽ കലൂർ – കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
മേശപ്പുറത്തു പുസ്തകങ്ങൾ അടങ്ങിയൊതുങ്ങി ഇരിപ്പാണ്. തൊട്ടടുത്തുണ്ടായിട്ടും തൊട്ടുരുമ്മാതെ അതിരുകൾ സൂക്ഷിച്ചു പെൻസിലും പേനകളും നീണ്ടുനിവർന്നു കിടക്കുന്നു. മുറിയിലേക്കു പ ഠിക്കാനെത്തുന്ന 83കാരന് അച്ചടക്കം പ്രധാനം. ഓരോ കുഞ്ഞുസാധനങ്ങൾക്കും അക്കാര്യമറിയാം.
കൊച്ചിയിൽ കലൂർ – കടവന്ത്ര റോഡിലെ വീട്ടിലിരുന്ന് നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്. ബിഎസ് ഡാറ്റാ സയൻസ് കോഴ്സിന്റെ അഞ്ചു സെമസ്റ്ററുകൾ കഴിഞ്ഞു.
നാലര വർഷത്തെ കോഴ്സ് കഴിയുമ്പോൾ ഇദ്ദേഹത്തിനു പ്രായം എൺപത്തിയഞ്ച്. കാൻസറും തുടർന്നു വന്ന കോവിഡ് കാലവും അതിജീവിച്ച് പുതുതലമുറയ്ക്കൊപ്പം നന്ദകുമാർ മേനോൻ നേടിയ എൻട്രൻസ് വിജയത്തിനു സ്വർണത്തിളക്കമുണ്ട്.
മകനിലൂടെ വന്ന അവസരം
മകനായ അഡ്വ.സേതുവും സുഹൃത്തും ചേർന്നാണ് ഐ ഐടിയുടെ ഡാറ്റാ സയൻസ് ഓൺലൈൻ കോഴ്സിന് അ പേക്ഷിക്കാൻ തീരുമാനിച്ചത്.
ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിൽ പഠിക്കാ ൻ സമയം കിട്ടാതെ വന്നാലോ? പഠിച്ചതു മനസ്സിലാകാതെ വന്നാലോ? അച്ഛൻ എൻജിനീയറായിരുന്നല്ലോ. അ ച്ഛനും കൂടെക്കൂടിയാൽ ഒരു സമാധാനമുണ്ടാകും. പഠിക്കാനുള്ള അവസരത്തിന്റെ വാതിൽ നന്ദകുമാർ മേനോനു മുന്നിൽ തുറന്നു.
എൻട്രൻസ് റിസൽറ്റ് വന്നപ്പോൾ മകനും സുഹൃത്തുമൊക്കെ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായി. ഏറ്റവും നല്ല റിസൽറ്റ് അച്ഛന്റേത്. സേതുവും സുഹൃ ത്തും പഠിച്ചില്ലെങ്കിലും നന്ദകുമാർ മേനോൻ ഐഐടി യിൽ പഠനമാരംഭിച്ചു.
അനിയാ, ഞാൻ പേരന്റല്ല
‘‘എൻട്രൻസ് പരീക്ഷയെഴുതാൻ പോയപ്പോൾ സെക്യൂരിറ്റി തടഞ്ഞു നിർത്തി. മാതാപിതാക്കൾക്ക് ഉള്ളിലേക്കു പോകാൻ അനുവാദമില്ലത്രേ. ‘എന്റെ പൊന്നനിയാ, ഞാൻ പരീക്ഷ എഴുതാൻ വന്നതാണ്’ എന്ന മറുപടി കേട്ട് ഹാൾ ടിക്കറ്റിലേക്കും മുഖത്തേക്കും അയാൾ മാറി മാറി നോക്കി. ഒടുവിൽ മാപ്പു പറഞ്ഞ് ഉള്ളിലേക്കു കടത്തിവിട്ടു.
എൻട്രൻസ് എഴുതിയതു ജനിച്ചു വളർന്ന കൊച്ചിയിൽ തന്നെയാണ്. അച്ഛൻ നാരായണമേനോൻ എറണാകുളത്തു ടാറ്റ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു. അമ്മ തങ്കമ്മയും ഇവിടത്തുകാരി തന്നെ.
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തു നാലര ക്ലാസ് എന്നൊരു പുതിയ ക്ലാസ് നിലവിൽ വന്നു. നാലിനും അഞ്ചിനുമിടയിൽ ഒരു വർഷം. സ്കൂൾ പഠനം അതുകൊണ്ടു 11 വർഷം കിട്ടി. ശ്രീരാമ വർമ സ്കൂളിലായിരുന്നു. സ്കൂൾ കഴിഞ്ഞ് കോളജിൽ ചേർന്നു. പ ഠിക്കാൻ അന്നേ വലിയ ഇഷ്ടമായിരുന്നു. മെനക്കെട്ടിരുന്നു പ ഠിച്ചും മനസ്സിലാക്കിയും മുന്നോട്ടു പോയി. എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിനു ചേർന്നു.
എംഎസ്‌സി പരീക്ഷ എഴുതുന്നതിനു മുൻപു തന്നെ എൻജിനീയറിങ്ങിനു ചേർന്നിരുന്നു. എൻജിനീയറിങ് ഫൈനൽ പരീക്ഷയ്ക്കു ഭക്ഷ്യവിഷബാധ മൂലം അവസാനത്തെ ഒരെണ്ണം എഴുതാനായില്ല. രണ്ടാമത്തെ അവസരത്തിൽ അതെഴുതി. പരീക്ഷാഫലം സന്തോഷത്തിന്റെ മിഠായിപ്പൊതിയുമായാണു വന്നത്. ആ വർഷം കേരള സർവകലാശാലയിൽ ഫസ്റ്റ് ക്ലാസ് നേടിയ ഏക വ്യക്തി ഞാനായിരുന്നു. അന്നത്തെക്കാലത്തു ഫസ്റ്റ് ക്ലാസൊക്കെ കിട്ടുന്നതു വളരെ ബുദ്ധിമുട്ടാണ്. ആദ്യ ചാൻസിൽ പാസായിരുന്നെങ്കിൽ അധ്യാപകനായി ജോലി ആരംഭിച്ചേനെ.
അമേരിക്കയിലെ പഠനം
അന്ന് അടുത്ത ബന്ധുവിന്റെ ഉപദേശം കേട്ട് അമേരിക്കയിൽ പോയി പഠിക്കാൻ അപേക്ഷിച്ചു. പ്രവേശന പരീക്ഷയ്ക്കു കണക്കിൽ അര മണിക്കൂറിൽ തീർക്കേണ്ട 60 ചോദ്യങ്ങൾ. അറുപതും ശരിയായി എഴുതി. സ്കോളർഷിപ്പോടെ അമേരിക്കയിൽ പഠിക്കാൻ അവസരം കിട്ടി.
അവിടെ എത്തിക്കഴിഞ്ഞാണു ക്രയോജനിക്സ് എൻജിനീയറിങ്ങിനെക്കുറിച്ച് കേൾക്കുന്നതു പോലും. തീരെ താഴ്ന്ന താപനിലയിൽ വാതകങ്ങൾ ദ്രാവകങ്ങളാകും. അ ത്രയും താഴ്ന്ന താപനിലയും അതിന്റെ അനുബന്ധകാര്യങ്ങളും പഠിക്കുന്ന ശാഖയാണത്.
അതു പഠിക്കാൻ ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ആദ്യത്തെ കണക്കു പരീക്ഷ. എനിക്കു നൂറിൽ ഏഴാണു കിട്ടിയത്. കണക്കിൽ പൊതുവേ മിടുക്കനായിരുന്നു നാട്ടിൽ. അവിടത്തെ പ്രഫസർ പേപ്പറിലെഴുതി. ‘‘യുവർ സ്റ്റാൻഡേഡ് ഈസ് വെരി പുവർ. കം ആൻഡ് മീറ്റ് മീ.’’ ഞാൻ പോയില്ല. വീട്ടിൽ നിന്നു മാറിയതിന്റെ വിഷമവും പുതിയ ഭാഷ മനസ്സിലാകാതെയും ബുദ്ധിമുട്ടിയ നാളുകൾ.
പ്രഫസർ എന്നെ പറഞ്ഞു വിട്ടാൽ നാട്ടിലേക്കു രക്ഷപ്പെടാം എന്നായിരുന്നു ചിന്ത. അടുത്ത പരീക്ഷയിലും മാർക്കു തീരെ കുറവായിരുന്നു. പ്രഫസർ വീണ്ടുമെഴുതി. ‘‘യു മസ്റ്റ് കം ആൻഡ് മീറ്റ് മി.’’ എന്നിട്ടും പോയില്ല. മൂന്നാമത്തെ പരീക്ഷയിൽ ക്ലാസ് ഫസ്റ്റ് ഞാനായി. അപ്പോഴാണ് അവരുടെ ഇംഗ്ലിഷ് എനിക്കു മനസ്സിലാകാൻ തുടങ്ങിയത്.
അമേരിക്കയിലെ കോഴ്സ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന സമയത്താണ് ഐസ്ആർഒ പ്രവർത്തനം തുടങ്ങുന്നത്. സ്പേസ് റിസർച്ചിൽ ഏറ്റവും ആവശ്യമുള്ള വിഷയമാണ് ക്രയോജനിക്സ്. ആ വിഭാഗത്തിലേക്കു ജോലിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. അന്നു ഇന്ത്യയിൽ ഈ വിഷയത്തിൽ പ്രാവീണ്യമുള്ളവരില്ല.
അമേരിക്കയിലെ എന്റെ പ്രഫസർ ലോകത്തിലെ തന്നെ മികച്ച ക്രയോജനിക്സ് വിദഗ്ധരിൽ ഒരാളായിരുന്നു. ട്രോംബെ അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റിൽ നിന്നു പോലും സംശയങ്ങൾ ചോദിച്ച് അദ്ദേഹത്തിനു കത്തു വരുന്നത് കണ്ടിട്ടുണ്ട്. എന്നിട്ടും എനിക്കു നല്ല അവസരം കിട്ടിയില്ല. ഇന്ദിരാഗാന്ധിക്ക് ഇക്കാര്യം പറഞ്ഞു ഞാനൊരു കത്തയച്ചു. അവരുടെ കൈപ്പടയിലെഴുതിയ മറുപടിക്കത്തും കിട്ടി. ‘‘യൂ വിൽ ഹിയർ ഫ്രം ദ റെസ്പോൺസിബിൾ പേഴ്സൺ ഹൂ ഹാസ് കണ്ടക്ടഡ് ദി ഇന്റർവ്യൂ’’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.
ഞാൻ പക്ഷേ, ക്രയോജനിക്സ് അവിടെ ഉപേക്ഷിച്ചു. സ്വകാര്യ കമ്പനികളിൽ എൻജിനീയറായി ജോലി നോക്കി. പിന്നെ, അധ്യാപനം, വീട്ടിലെ ഡെയറി ഫാം ഒക്കെയായി മുന്നോട്ടു പോയി. 60 പശുവോളമുണ്ടായിരുന്നു. ഭാര്യ നിർമലയും ഫാമിന്റെ കാര്യങ്ങൾ നോക്കി നടത്താൻ ഒപ്പം കൂടി. ഇപ്പോൾ അനിയനൊപ്പം ചേർന്ന് കൺസൽറ്റൻസി സ്ഥാപനം നടത്തുന്നുണ്ട്. രണ്ടു മക്കളിൽ സേതു ലീഗൽ പ്രാക്ടീസിലേക്കും സിന്ധു കലാരംഗത്തേക്കും തിരിഞ്ഞു. രണ്ടാളും കുടുംബത്തോടൊപ്പം യുഎഇയിൽ.
കാൻസർ തോൽപിക്കാൻ ശ്രമിച്ചപ്പോൾ
അടുത്ത പരീക്ഷ, അല്ല പരീക്ഷണം വന്നതു കോവിഡിനു മുൻപാണ്. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് എൻഡോസ്കോപ്പി ചെയ്തു. പല ടെസ്റ്റുകൾക്കൊടുവിൽ കുടലിൽ കാൻസറാണെന്നു സ്ഥിരീകരിച്ചു. ഡോ. വി.പി ഗംഗാധരന്റെ ചികിത്സയിലാണു ജീവൻ തിരിച്ചുകിട്ടിയത്.
കീമോതെറപി ചെയ്തു. ശസ്ത്രക്രിയയും ചെയ്തു. തുടർന്നു വന്ന കോവിഡ് കാലത്ത് ആരോഗ്യം നന്നായി ശ്രദ്ധിച്ചു. രണ്ടാം ബാല്യം ശരിക്കും അന്വർഥമാക്കാനാകുന്നുണ്ടെനിക്ക്. പഠനം തുടങ്ങിയതിൽപ്പിന്നെ രാവിലെ നാലരയ്ക്കുണരും. അസുഖം അതിജീവിച്ചതിൽപ്പിന്നെ ഭ ക്ഷണ സമയവും കൃത്യമാണ്. പലയിനം പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണക്രമമാണ്.
കോഴ്സിൽ ചേരാൻ നേരം ആറു ലക്ഷത്തോളം ഫീസ് വേണമെന്നു കേട്ടു രണ്ടാമതൊന്ന് ആലോചിച്ചു. മകളുടെ ഭർത്താവ് നല്ലൊരു കത്ത്, ഐഐടിയിലേക്ക് അയയ്ക്കാൻ തയാറാക്കിത്തന്നു. എന്റെ പ്രായം കണക്കിലെടുത്ത് അവർ കോഴ്സ് ഫീ ഒഴിവാക്കിത്തന്നു. പരീക്ഷയെഴുതാനും മറ്റുമുള്ള യാത്രകളിൽ കുടുംബം ഒപ്പമുണ്ടാകും. ഇ വരുടെയൊക്കെ പിന്തുണ തന്നെയാണു വിജയം.
വിശ്രമജീവിതം ഉഷാറാക്കാം
ജോലിയിൽ നിന്നു വിരമിച്ചശേഷം സമയം പോകാ ൻ പ്രയാസമാണോ ? മക്കളും കൊച്ചുമക്കളും തിരക്കുകളിലായതുകൊണ്ടു ബോറടിക്കുന്നുണ്ടോ ?
∙ അലസ മണിക്കൂറുകൾ നന്നായി പ്രയോജനപ്പെടുത്തുംവിധം ടൈംടേബിൾ തയാറാക്കുക. ജോലിത്തിരക്കിനിടയിൽ ചെയ്യാൻ കഴിയാതെ പോയ അഭിരുചികളും ഇഷ്ടങ്ങളും ഉൾപ്പെടുത്തണം. വീട്ടിലെ ചുമതലകൾ ഏറ്റെടുത്തു ചെയ്യാം.
∙ വ്യായാമത്തിനും മെഡിറ്റേഷനും സമയം കണ്ടെത്തണം. സായാഹ്ന നടത്തം ശീലമാക്കാം. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനുള്ള സമയം കൂടിയാക്കാമത്.
∙ ആശയവിനിമയ കണ്ണികൾ ദൃഢമാക്കാനുള്ള ശ്രമം വേണം. അതില്ലാതെ പോയാൽ വിരസതയും വിഷാദവും പിടികൂടാം. സ്മാർട് ഫോൺ ഉപയോഗിക്കാനൊക്കെ എളുപ്പത്തിൽ പഠിക്കാവുന്നതേയുള്ളൂ.
ഡെൽന സത്യരത്ന
ഫോട്ടോ: ശ്യാം ബാബു