Monday 15 February 2021 02:31 PM IST : By സ്വന്തം ലേഖകൻ

'രണ്ടുപേര്‍ക്കും സന്തോഷം കിട്ടുന്നുവെങ്കില്‍ മാത്രം പ്രണയിക്കണം; പ്രണയിച്ചയാള്‍ ഉപേക്ഷിച്ചാല്‍ ജീവിതം എരിച്ചു കളയുന്നതിനോട് യോജിപ്പില്ല'; ശ്രദ്ധേയമായി കുറിപ്പ്

nandu2233gggh666

"വേര്‍പെടാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തിയോടെ അവനിലേക്ക് അവളെ ചേര്‍ത്തുവയ്ക്കും.. ഒടുവില്‍ അവനിലെ സ്‌നേഹം അമൃതായൊഴുകുമ്പോള്‍ അതും നുകര്‍ന്ന് അതിന്റെ സുഖാലസ്യത്തില്‍ നിങ്ങളുറങ്ങിയാല്‍ നെഞ്ചോട് നെഞ്ചു ചേര്‍ത്തു കുഞ്ഞിനെപ്പോലെ പറ്റി കിടക്കുമവന്‍.. എന്നിട്ട് വീണ്ടും കിന്നാരം പറയും.. അവള്‍ക്ക് മതിയായാലും അവളിലെ അവളെ അവന് മതിയാകില്ല... അവളുടെ ലോകം അവനാണെന്ന് അവന് ഉറപ്പായാല്‍ നിങ്ങളിലെ നിങ്ങളും അവനിലെ അവനും ചേര്‍ന്നിരിക്കാന്‍ വേണ്ടി അവന്‍ അവന്റെ ജീവന്‍ വരെ കൊടുത്തേക്കും... അത്രമേല്‍ ആഴത്തില്‍ സ്‌നേഹിക്കുന്ന അവളോ അവനോ ഒക്കെ ആകാന്‍ കഴിയുക എന്നത് സുകൃതമാണ്."- പ്രണയ ദിനത്തില്‍ നന്ദു മഹാദേവ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

നന്ദു എഴുതിയ കുറിപ്പ് വായിക്കാം;  

ജീവിതത്തിനും മരണത്തിനും മുന്നില്‍ കിടന്നു തത്തിക്കളിക്കുന്നവന് പ്രണയത്തെപ്പറ്റി പറയാന്‍ കഴിയുമോ ? എങ്കില്‍ ആ കാഴ്ചപ്പാടും ഞാന്‍ തച്ചുടയ്ക്കുകയാണ്... പ്രണയം എന്റെ മനസ്സിലും പൂത്തു നില്‍ക്കുന്നു.. ആരോടാണെന്നോ എന്തിനോടാണെന്നോ ചോദിക്കരുത്.. സകലതിനോടും പ്രണയമാണ്.. അത് ഇന്നലെകളിലും എന്നിലുണ്ടായിരുന്നു.. ഇപ്പോഴും ഉണ്ട്...നാളെയും പ്രണയിക്കും.. ജീവന്റെ ആധാരമായ ആ തീവ്രമായ വികാരം ഞാന്‍ ഉള്ളിടത്തോളം കാലം എന്നിലുണ്ടാകും എന്നു പറയുന്നതാണ് ശരി.. പ്രണയങ്ങളെല്ലാം വിവാഹത്തില്‍ കലാശിക്കണം എന്ന ചിന്ത ബാലിശമാണ്.. ഒരാളിനെ പ്രണയിച്ച് അയാള്‍ ഉപേക്ഷിച്ചാല്‍ ആ വിഷമത്തില്‍ ജീവിതം എരിച്ചു കളയുന്നതിനോടും യോജിപ്പില്ല.. എന്തു ചെയ്താലും അതിന്റെ അന്തിമഫലം നമ്മുടെ സന്തോഷം മാത്രമാകണം എന്നതാണ് ശരിയായ രീതി.. അഥവാ നമുക്ക് സന്തോഷം തരുന്ന കാര്യങ്ങളിലേക്ക് മനസ്സ് തിരിച്ചു വിടണം..

പ്രണയങ്ങളും അങ്ങനെയാകണം.. രണ്ടുപേര്‍ക്കും സന്തോഷം കിട്ടുന്നുവെങ്കില്‍ മാത്രം പ്രണയിക്കണം.. സകല വികാരങ്ങളുടെയും അമ്മയാണ് പ്രണയം.. എല്ലാ ബന്ധങ്ങളും പ്രണയത്തിന്റെ വക ഭേദങ്ങളാണ്... ഉള്ളിലെ പ്രണയം ഉണരുമ്പോഴാണ് ഒരു മനുഷ്യന്‍ പൂര്‍ണനാകുന്നത്.. എല്ലാവരും പ്രണയിക്കണം.. സുന്ദരമായ ആ അനുഭൂതി അനുഭവിച്ചറിയണം.. ഒരെഴുത്തുകാരന്റെ സകല സ്വാതന്ത്ര്യവും എടുത്തുകൊണ്ട് ഞാന്‍ പ്രണയത്തെപ്പറ്റി കുത്തിക്കുറിക്കുകയാണ്.. അവന്റെ പ്രണയം ഉള്ളിലാണ്.. ആഴങ്ങളില്‍ ആരും 'ഇതുവരെ കാണാത്ത' 'സ്പര്‍ശിക്കാത്ത ഇടങ്ങളിലാണ്' അവന്‍ തന്റെ പ്രണയത്തെ ഒളിപ്പിച്ചു വയ്ക്കുന്നത്..

ഓരോ നിമിഷവും അവളെ തീവ്രമായ പ്രേമത്തിന്റെ വശ്യമായ ചുഴിയിലേക്ക് വലിച്ചടുപ്പിക്കാന്‍ അവന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.. ഉടല്‍ ചേര്‍ന്നു കിടക്കുമ്പോഴും കിന്നാരം പറയുമ്പോഴും പരിഭവത്താല്‍ പിണങ്ങുമ്പോഴുമെല്ലാം അവനാഗ്രഹിക്കുന്നത് ഇനിയുമിനിയും അധികം തീവ്രതയോടെ അവളോട് ചേര്‍ന്നിരിക്കാനാണ്.. ഉള്‍നാമ്പുകളില്‍ ഇനിയുമിനിയും ഒട്ടിച്ചേരാനാണ്... അവനാകുന്ന സമുദ്രത്തില്‍ നിന്നും മുത്തും പവിഴവും മതിവരുവോളം എടുക്കുവാന്‍ അവന്‍ പറയാതെ പറഞ്ഞു കൊണ്ടിരിക്കും.. അവന്റെ ഉള്ളിലേക്ക് പോകുമ്പോള്‍ നിങ്ങളാഗ്രഹിച്ചാലും ഇനിയൊരിക്കലും പുറത്തു പോകരുത് എന്ന ആഗ്രഹത്തോടെ അവന്‍ നിങ്ങളെ വരിഞ്ഞു മുറുകും... വേര്‍പെടാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തിയോടെ അവനിലേക്ക് അവളെ ചേര്‍ത്തു വയ്ക്കും.. ഒടുവില്‍ അവനിലെ സ്‌നേഹം അമൃതായൊഴുകുമ്പോള്‍ അതും നുകര്‍ന്ന് അതിന്റെ സുഖാലസ്യത്തില്‍ നിങ്ങളുറങ്ങിയാല്‍ നെഞ്ചോട് നെഞ്ചു ചേര്‍ത്തു കുഞ്ഞിനെപ്പോലെ പറ്റി കിടക്കുമവന്‍.. എന്നിട്ട് വീണ്ടും കിന്നാരം പറയും.. അവള്‍ക്ക് മതിയായാലും അവളിലെ അവളെ അവന് മതിയാകില്ല...അവളുടെ ലോകം അവനാണെന്ന് അവന് ഉറപ്പായാല്‍ നിങ്ങളിലെ നിങ്ങളും അവനിലെ അവനും ചേര്‍ന്നിരിക്കാന്‍ വേണ്ടി അവന്‍ അവന്റെ ജീവന്‍ വരെ കൊടുത്തേക്കും... അത്രമേല്‍ ആഴത്തില്‍ സ്‌നേഹിക്കുന്ന അവളോ അവനോ ഒക്കെ ആകാന്‍ കഴിയുക എന്നത് സുകൃതമാണ്...

പ്രണയം ഇത്രയ്ക്ക് അവാച്യമായത് വെറുതെയാണോ... ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്നത് പ്രണയമാണ്.. ഇരിക്കുന്നിടം സ്വര്‍ഗ്ഗമാവുന്നതും കിടക്കുന്നിടം പട്ടുമെത്തയാവുന്നതും കേള്‍ക്കുന്നതൊക്കെ അതിമനോഹരമായ സംഗീതമാവുന്നതും എല്ലാം നാം പ്രണയത്തിലാവുമ്പോഴാണ്... ആത്മാര്‍ത്ഥമായ പ്രണയം സമ്മാനിക്കുന്ന സുഖം ലോകത്തില്‍ മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല.. പലരിലും ജനിക്കുകയും എന്നാല്‍ ചിലരില്‍ മാത്രം ജീവിക്കുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് പ്രണയം..!

ആങ്ങനെ 'ജീവിക്കുന്ന പ്രണയത്തിന്റെ' പരമമായ സുഖം നുകര്‍ന്നു കൊണ്ട് നിന്റെയുള്ളിലെ മോഹക്കടലില്‍ സ്‌നേഹ കൊടുങ്കാറ്റായി ഞാന്‍ ആഞ്ഞടിക്കും.. അവയൊരു ചാറ്റല്‍ മഴയായി എന്നിലേക്കു തന്നെ പെയ്തിറങ്ങും.. ആ മഴയില്‍ മുളച്ചു പൊന്തുന്ന പുതുനാമ്പുകളിലൂടെ നമ്മുടെ പ്രണയം അനശ്വരമായി പൂത്തു തളിര്‍ക്കും.. എന്നിട്ടൊടുവില്‍ അവസാനത്തെ മഞ്ഞു കണമായ് നിന്നിലേക്കടര്‍ന്നു വീണ് 'നീയാകുന്ന ഭൂമിയില്‍' ഞാന്‍ വറ്റിത്തീരും.. എല്ലാ പ്രിയമുള്ളവര്‍ക്കും ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍..

Tags:
  • Spotlight
  • Social Media Viral