Thursday 19 December 2019 12:35 PM IST

‘ബോധം വരുമ്പോൾ പ്രാണൻ പോകുന്ന വേദന; 60 കിലോ ഉണ്ടായിരുന്ന ഞാൻ ചികിത്സയ്ക്ക് ശേഷം 28 കിലോയായി!’

Nithin Joseph

Sub Editor

091A8719 ഫോട്ടോ: അജിത് കൃഷ്ണൻ പ്രയാഗ്

ഒരു വർഷം മുൻപ് വിഡ്ഢിദിനത്തിൽ നന്ദു ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, ‘എനിക്ക് കാൻ‍സറാണ്. സുഖം പ്രാപിച്ച് തിരിച്ചുവരാൻ എല്ലാവരും പ്രാർഥിക്കണം.’

‘വേല കയ്യിലിരിക്കട്ടെ നന്ദൂ. ഞങ്ങളെ ഏപ്രിൽ ഫൂൾ ആക്കാൻ നോക്കണ്ട. തമാശയ്ക്ക് ഒക്കെ ഒരു പരിധിയുണ്ട്.’ പോസ്റ്റിന് താഴെ വന്ന കമന്റുകളെല്ലാം  ഇത്തരത്തിലായിരുന്നു. കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചവരും കുറവല്ലെന്ന് നന്ദു ഓർക്കുന്നു.

‘ഇടതുകാല്‍മുട്ടിൽ ചെറിയൊരു വേദന തോന്നിയതാണ് എല്ലാത്തിന്റെയും തുടക്കം. ഡോക്ടറെ കാണിച്ചപ്പോൾ നീർക്കെട്ടു മൂലമാണെന്ന് പറഞ്ഞു. അത് മാറാൻവേണ്ടി അമ്മ ദിവസവും കാലിൽ തൈലമിട്ടു തന്നു. തൈലമിടുമ്പോഴാണ് മുട്ടിൽ ഒരു മുഴ ഉള്ളതായി കാണുന്നത്. നീർക്കെട്ട് മൂലമുണ്ടായതാണെന്ന് വിചാരിച്ച് അത് തിരുമ്മി ഉടയ്ക്കാൻ കുറെ ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല, വേദന കൂടുകയും ചെയ്തു. ഓരോ ദിവസം കഴിയുന്തോറും മുഴയുടെ വലുപ്പം കൂടിവന്നു. കാലിൽ ഭയങ്കര ചൂട് അനുഭവപ്പെടാൻ തുടങ്ങി.

പിന്നീട് പരിചയമുള്ള വേറെ ഒരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹമാണ് പറ‍ഞ്ഞത്, അവസ്ഥ വഷളാണെന്ന്. മെഡിക്കൽ കോളജിൽ പ്രഫസറായ ഡോക്ടർ ശ്രീരാജിന് റഫർ ചെയ്തു. ബ്ലഡ് ടെസ്റ്റ്, എംആർഐ എല്ലാം എടുത്തപ്പോൾ ‘ഒസ്റ്റിയോ സർകോമ’ എന്ന അപൂർവ ഇനം കാൻസറാണെന്ന് കണ്ടെത്തി.

2018 മാർച്ച് 28നാണ് കാൻസറാണെന്ന് അറിയുന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഏപ്രിൽ ഫൂളാണെന്ന കാര്യം ഓർക്കാതെയാണ് ഞാൻ രോഗവിവരം പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നത്. അതുകൊണ്ട് ആരും വിശ്വസിച്ചില്ല. പറ്റിക്കുന്നതാണെന്ന്  വിചാരിച്ചു കുറേപ്പേർ കളിയാക്കി. കൂട്ടുകാർ ചീത്ത വിളിച്ചു. അവരെ വിശ്വസിപ്പിക്കാൻ കുറെ കഷ്ടപ്പെടേണ്ടി വന്നു.

കാലിലെ ട്യൂമറിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഏറ്റവും വേദന നിറഞ്ഞ കാൻസറുകളിലൊന്നാണ് എനിക്ക് വന്നത്. കീമോതെറപിയും വളരെ കഠിനമാണ്. നാലു മാസം കട്ടിലിൽതന്നെ. ഒരേ കിടപ്പായതുകൊണ്ട് പുറത്തെ തൊലിയെല്ലാം പൊളിഞ്ഞു. പരസഹായമില്ലാതെ എഴുന്നേൽക്കാൻ കൂടി പറ്റില്ല. ബാത്റൂമിലേക്ക് അച്ഛൻ എടുത്തുകൊണ്ടാണ് പോയിരുന്നത്. ബാത്റൂമിൽ പോകാൻ പ്രയാസമായതുകൊണ്ട് ഭക്ഷണം കഴിക്കാതിരുന്ന സമയങ്ങളുണ്ട്. വളരെപ്പെട്ടെന്ന് ട്യൂമർ വലുതായി. കാലിൽ പാന്റു കയറ്റാൻ പോലും പറ്റാത്ത അവസ്ഥ.

കാലിലെ ട്യൂമർ മാത്രം നീക്കി തുടയെല്ലിൽ ടൈറ്റാനിയം റോഡ് ഇട്ടാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറ‍ഞ്ഞത്. ആദ്യത്തെ കീമോ കഴിഞ്ഞപ്പോഴേക്കും ട്യൂമർ കുറേക്കൂടി വ്യാപിച്ച്, തുടയെല്ല് നെടുകെ പൊട്ടിപ്പോയി. കാൻസർ ശ്വാസകോശത്തിലേക്കു കൂടി പടരാൻ തുടങ്ങി. ഇത്തരം കാൻസർ വന്നാൽ രക്ഷപ്പെടാനുള്ള സാധ്യത 70 ശതമാനമാണ്. ശ്വാസകോശത്തിലേക്ക് രോഗം പടർന്നാൽ ആ സാധ്യത 30 ശതമാനം മാത്രമാകും. കാൽ മുറിച്ചുകളയൽ മാത്രമായിരുന്നു പിന്നീടുള്ള പ്രതിവിധി.’

വേദനയിൽ മുങ്ങിയ ദിനങ്ങൾ

‘ഉയർന്ന ഡോസിലുള്ള മോർഫിൻ എട്ടും ഒൻപതും തവണ കുത്തിവച്ചാലും  വേദന കുറയില്ല. വേറെ വ ഴിയില്ലാതെ വരുമ്പോൾ ബോധം കെടാനുള്ള മരുന്ന് തരും. ബോധം വരുമ്പോൾ വീണ്ടും പ്രാണൻ പോകുന്ന വേദന. ചികിൽസയ്ക്കു മുൻപ്  60 കിലോ ഉണ്ടായിരുന്ന ഞാൻ 28 കിലോയായി. കയ്യും കാലും തമ്മിൽ വ്യത്യാസം കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ. കാൽ ബൂമറാങ്ങിന്റെ ആകൃതിയിലായി. ചെറുതായിട്ടൊന്ന് അനക്കാൻ ശ്രമിച്ചാൽ ഞരമ്പുകളും രക്തക്കുഴലുകളും ഇറുകി വേദനയാകും.

ഒരു രാത്രിയിൽ തനിയെ ബാത്റൂമിൽ പോകാനൊരു ശ്രമം നടത്തി. കാൽ നിലത്തു കുത്തിയപ്പോൾ കാലിന്റെ അടിഭാഗം മടങ്ങി പൊട്ടലുണ്ടായി. അതിനു മുൻപോ ശേഷമോ ഞാൻ അത്ര ഭീകരമായ വേദന അനുഭവിച്ചിട്ടില്ല. ട്യൂമറുള്ളതുകൊണ്ട് പൊട്ടലുണ്ടായ ഭാഗത്ത് പ്ലാസ്റ്റർ ഇടാനും കഴിയില്ല. അങ്ങനെ രണ്ടുമാസം പൊട്ടിയ എല്ലുമായി കഴിഞ്ഞു.

അന്നത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുമായിരുന്നു, ‘അൽപസമയത്തേക്ക് വേദനയറിയാതെ ശാന്തമായിട്ട് ഉറങ്ങണം.’ ഉറങ്ങാനുള്ള വഴികൾ അന്വേഷിച്ച് ഇന്റർനെറ്റിൽ പരതിക്കൊണ്ടേയിരുന്നു. എന്തെങ്കിലും ലഹരിമരുന്ന് ഉപയോഗിച്ചാൽ ഉറങ്ങാൻ കഴിയുമെന്ന ചിന്തയിൽ അതിനു വേണ്ടി അന്വേഷിച്ച സമയങ്ങളുണ്ട്.

എന്റെയടുത്ത് കത്തിയൊന്നും വയ്ക്കാതിരിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കും. കത്തി കയ്യിൽ കിട്ടിയാൽ ചിലപ്പോൾ ഞാനെന്റെ കാൽ സ്വയം മുറിച്ചുകളയാനും മടിക്കില്ലെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു. ഈ നരകയാതന അസഹനീയമായപ്പോൾ എന്നെ ചികിൽസിക്കുന്ന ആർസിസിയിലെ ഡോക്ടർമാർക്ക് ഞാൻ മെസേജ് അയച്ചു. ‘ഒന്നുകിൽ എന്തെങ്കിലും മരുന്ന് കുത്തിവച്ച് എന്നെ കൊല്ലണം. അല്ലെങ്കിൽ എന്റെ കാൽ മുറിച്ചുമാറ്റണം. ഇനിയുമിത് സഹിക്കാൻ വയ്യ.’

കാൽ മുറിച്ചുകളയുന്ന കാര്യം അമ്മയോടും അച്ഛനോടും പറഞ്ഞ് മനസ്സിലാക്കാൻ രണ്ടാഴ്ചയിലധികം സമയം വേണ്ടി വന്നു. 2018 മേയ് ഒന്നാം തീയതി കാൽ മുറിച്ചുമാറ്റി. ഒരു കാൽ നഷ്ടപ്പെടുന്നതോർത്ത് നിരാശപ്പെട്ടാൽ നഷ്ടപ്പെടുന്നത് ജീവിതമാണെന്ന ചിന്തയാണ് ഊർജം തന്നത്. ആദ്യം കണ്ട ഡോക്ടർക്ക് കൃത്യമായി രോഗം കണ്ടെത്തി ചികിൽസ ആരംഭിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കാൽ നഷ്ടമാകില്ലായിരുന്നു.’

ചെറുപ്പം മുതൽക്കേ നന്ദുവിന് പ്രതിസന്ധികൾക്ക് കുറവില്ലായിരുന്നു. ഭരതന്നൂർ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ ഒ ന്നാമനായി പത്താം ക്ലാസ് പാസ്സായി. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ഒരു അപകടം പറ്റിയതുകൊണ്ട് കുറേക്കാലം സ്കൂളിൽ പോകാൻ സാധിച്ചില്ല. എന്നിട്ടും  80 ശതമാനം മാർക്കോടെ പ്ലസ് ടൂ പാസ്സായി. വീട്ടിലെ സാമ്പത്തികസ്ഥിതി മൂലം തുടർപഠനം പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്നു. എൻജിനീയറിങ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് ബിബിഎയ്ക്കു പഠിക്കുമ്പോഴാണ് രോഗം വില്ലനായത്.

091A8889

ഇന്നെന്റെ കല്യാണം

ഒരു വർഷത്തിനു ശേഷം ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളെ ഞെട്ടിച്ചുകൊണ്ട് നന്ദു ഇങ്ങനെ എഴുതി, ‘ഈ വരുന്ന ബുധനാഴ്ച രാവിലെ പത്തു മണിക്കുള്ള ശുഭമുഹൂർത്തത്തിൽ എന്റെ കല്യാണമാണ്.  ജർമൻകാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3R80 ആണ് വധു.’ മുറിച്ചുകളഞ്ഞ ഇടതുകാലിന്റെ സ്ഥാനത്ത് പുതിയ കൃത്രിമക്കാൽ വച്ചുപിടിപ്പിക്കുന്നതിന്റെ സന്തോഷമായിരുന്നു നന്ദുവിന്റെ വാക്കുകളിൽ.

കാൽ മുറിച്ചുമാറ്റി, ആറു മാസത്തിനുള്ളിൽ കൃത്രിമക്കാൽ വച്ചുപിടിപ്പിക്കേണ്ടതാണ്. അതു കഴിഞ്ഞാൽ നടക്കാനുള്ള കഴിവ്  തലച്ചോറിൽനിന്ന് നഷ്ടമായി തുടങ്ങും. കൃത്രിമക്കാൽ വയ്ക്കാൻ ഏകദേശം എട്ടു ലക്ഷത്തോളം രൂപ ചെലവാകും. സാമ്പത്തികപ്രശ്നങ്ങളാൽ ഞെരുങ്ങുന്ന നന്ദുവിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത്രയും വലിയ തുക കണ്ടെ ത്തുക പ്രയാസമായിരുന്നു.

പരമശിവനാണ് നന്ദുവിന്റെ ഇഷ്ടദൈവം. ആ ഭക്തികൊണ്ടാണ് നന്ദു കൃഷ്ണൻ എന്ന പേര് നന്ദു മഹാദേവ എന്ന് മാറ്റിയത്.  ജീവിതം ക്രച്ചസിലാകുമെന്ന അവസ്ഥയിലാണ് പരമശിവന്റെ അനുഗ്രഹം ലൈഫ് ആൻഡ് ലിംബ് എന്ന സംഘടനയുടെയും  ജോൺസൺ സാമുവൽ എന്ന പ്രവാസിയുടെയും രൂപത്തിൽ എത്തുന്നത്.

‘എന്നെപ്പോലെ രോഗംമൂലം കാൽ നഷ്ടപ്പെട്ട നിരവധിപ്പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ജോൺസൺ സാറിനു സാധിച്ചിട്ടുണ്ട്.  ആറു കിലോയോളം ഭാരമുണ്ട് കൃത്രിമക്കാലിന്. നടന്നു തുടങ്ങുമ്പോൾ നല്ല വേദനയുണ്ടായിരുന്നു. കാൽ ഘടിപ്പിക്കുന്ന ഭാഗത്തെ തൊലിയൊക്കെ തുടക്കത്തിൽ അടർന്നുപോകും. പുതിയ കാലുമായി ഞാൻ പിച്ചവച്ചു തുടങ്ങിയിട്ടേയൂള്ളൂ. ഇതെന്റെ രണ്ടാം ജൻമമാണ്.’

വേദനകളുടെ പെരുവെള്ളം കടന്ന് ആശ്വാസത്തിന്റെ തീരത്തടിഞ്ഞ നന്ദുവിനെ വിധി വീണ്ടും പരീക്ഷിച്ചു. രോഗം ശ്വാസകോശത്തിലേക്ക് പടർന്നതായി ഈയിടെ നടത്തിയ സ്കാനിങ്ങിൽ തെളിഞ്ഞു. ശ്വാസകോശത്തിൽ കാൻസർ ബാധിച്ച ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വീണ്ടും കീമോതെറപി വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുമ്പോഴും പുഞ്ചിരിയോടെ നന്ദു പറയുന്നു, ‘ഇതും ഞാൻ അതിജീവിക്കും.’’

ജീവിതം പഠിപ്പിച്ച പാഠം

കാൻസറിനോടുള്ള സമീപനം മാറേണ്ടതുണ്ടെന്ന് നന്ദു പറയുന്നത് സ്വന്തം അനുഭവത്തിൽനിന്നാണ്. ‘കാൻസർ എന്നാൽ ജീവിതത്തിന്റെ അന്ത്യമെന്നാണ് നമ്മുടെയൊക്കെ വിചാരം. രോഗം വന്നാലുടനെ മുറിയടച്ചിരിക്കാതെ പുറംലോകത്തേക്ക് ഇറങ്ങി ഓരോ നിമിഷവും ആസ്വദിക്കണം. യാത്രകൾ ചെയ്യണം. ഞാനൊരിക്കലും രോഗത്തെ പേടിച്ചിട്ടില്ല.

നാലാമത്തെ കീമോ കഴിഞ്ഞയുടൻ ഡോക്ടറുടെ അനുവാദത്തോടെ അമ്മയ്ക്കൊപ്പം പുട്ടപർത്തിയിലെ സായിഗ്രാമത്തിൽ പോയി പ്രാർഥിച്ചു. രോഗം ഭേദമായാൽ പഴനിമല കയറാമെന്ന് നേർച്ച നേർന്നിരുന്നു. കാവടിയെടുത്ത്, ഒറ്റക്കാലിൽ പഴനിമല നടന്നുകയറി. കൂട്ടുകാർക്കൊപ്പം നിരവധി യാത്രകൾ പോയി.

കശ്മീർ യാത്രയാണ് അടുത്ത ലക്ഷ്യം. ഇതിനെല്ലാം നന്ദി പറയേണ്ടത് പൂർണ പിന്തുണയോടെ കൂടെനിന്ന വീട്ടുകാരോടും സുഹൃത്തുക്കളോടുമാണ്. അച്ഛൻ ഹരി, അമ്മ ലേഖ, അനിയൻ അനന്തു, അനിയത്തി സായ്കൃഷ്ണ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം.’

രണ്ടാംജൻമത്തിൽ നന്ദുവിന് പൂർത്തിയാക്കാന്‍ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. കാൻസറിനെ അതിജീവിച്ച സുഹൃത്തുക്കളുമായി ചേർന്ന് ‘അതിജീവനം– വീ ക്യാൻ’ എന്ന പേരിൽ ആരംഭിച്ച സംഘടനയിൽ ഇന്ന് 120ഓളം അംഗങ്ങളുണ്ട്. കാൻസറിനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കി ആത്മവിശ്വാസം നൽകുക, ചികിൽസാ സഹായം നൽകുക, എന്നിങ്ങനെ വലിയ ദൗത്യങ്ങളാണ് മുന്നിലുള്ളത്. ഒപ്പം പാതിവഴിയിൽ മുടങ്ങിപ്പോയ പഠനം തുടരണം.

വലിയ പ്രതിസന്ധികൾക്കിടയിലും പുഞ്ചിരിയോടെ ഇരിക്കാൻ സാധിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ നന്ദുവിന്റെ മറുപടി ഇങ്ങനെ, ‘നമ്മൾ റേഡിയോയിൽ അടിപൊളി പാട്ടുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു ശോകഗാനം വന്നാൽ എന്തു ചെയ്യും? രണ്ട് ഓപ്ഷനാണ് നമുക്കു മുന്നിൽ. ഒന്നുകിൽ കഷ്ടപ്പെട്ട് ആ പാട്ട് കേൾക്കാം. അല്ലെങ്കിൽ സിംപിളായി ചാനൽ മാറ്റാം. ജീവിതവും ഇങ്ങനെ തന്നെ.’

Tags:
  • Spotlight
  • Inspirational Story