Monday 10 December 2018 12:21 PM IST : By സ്വന്തം ലേഖകൻ

ഇതാണ് പുതിയ ഞാൻ, ദൈവകൃപയാൽ ആയുസ്സ് നീട്ടിക്കിട്ടിയ ഞാൻ! നന്ദുവിന്റെ ജീവിതം വീണ്ടും തളിർക്കുകയാണ്...

nandhu-cccvfses

ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് നന്ദു എന്ന ചെറുപ്പക്കാരൻ. ക്യാൻസർ രോഗം തിരിച്ചറിഞ്ഞത് മുതൽ ചികിത്സയുടെ ഓരോ ഘട്ടവും നന്ദു ഫെയ്‌സ്ബുക്കിലൂടെ കൂട്ടുകാരുമായി പങ്കുവയ്ക്കാറുണ്ട്. ക്യാൻസർ എന്ന മഹാവ്യാധി ഒരു കാൽ കൊണ്ടുപോയപ്പോഴും, രോഗപീഡയ്ക്കിടെ പ്രളയകേരളത്തിനു കൈതാങ്ങാവാൻ മുന്നോട്ടുവന്നപ്പോഴുമെല്ലാം നന്ദുവിന്റെ ആത്മധൈര്യം നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ നന്ദുവിന്റെ ജീവിതം വീണ്ടും തളിർക്കുകയാണ്. കീമോ ചെയ്തപ്പോൾ കൊഴിഞ്ഞ മുടി വീണ്ടും വന്നുതുടങ്ങിയിരിക്കുന്നു. മുഖത്ത് പതിവിലും കൂടുതൽ തിളക്കമുണ്ട്. സ്വന്തം അനുഭവങ്ങൾ കോർത്തിണക്കി ഒരു പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ നന്ദു.

നന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം; 

ഇതാണ് പുതിയ ഞാൻ

പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയുടെ ഫലത്താൽ മരണത്തിൽ നിന്ന് തിരികെ വന്ന ഞാൻ. സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കിൽ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാൻ. വെല്ലുവിളിയായ ജീവിതത്തെ സർവ്വേശ്വരന്റെ അനുഗ്രഹത്താൽ തിരികെ വെല്ലുവിളിച്ചു ജീവിക്കുന്ന ഞാൻ. ദൈവകൃപയാൽ ആയുസ്സ് നീട്ടിക്കിട്ടിയ ഞാൻ....

ഞാനൊരു പുസ്തകം എഴുതുകയാണ്. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം. സാധാരണക്കാരനിൽ സാധാരണക്കാരനായ എന്റെ ജീവിത അനുഭവങ്ങളും എന്റെ കാഴ്ചപ്പാടുകളും ഒക്കെയാണ് ഞാൻ എഴുതുന്നത്.. അതോടൊപ്പം തന്നെ ശ്വാസകോശത്തിലേക്ക് ചെറിയ ഒന്ന് രണ്ട് സ്പോട്ടുകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ. ജനുവരി 15 ന് എനിക്ക് സ്കാനിംഗ് ഉണ്ട്..അ പ്പോൾ അത് അവിടെ ഉണ്ടാകാൻ പാടില്ല. അതിന് ചികിത്സയോടൊപ്പം തന്നെ മനസ്സിന്റെ ശക്തികൊണ്ട് പ്രാർത്ഥന കൊണ്ട് ഇല്ലാതാക്കാൻ ഒരു പ്രത്യേക മാർഗ്ഗത്തിലൂടെ ഒരു ശ്രമവും ഞാൻ നടത്തുന്നുണ്ട്..

ആ ശ്രമം വിജയിക്കുകയാണെങ്കിൽ ആയിരക്കണക്കിന് അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. അതിന് നിങ്ങളുടെ പ്രാർത്ഥനയും വേണം. അതുകൊണ്ടാണ് ഞാൻ കുറച്ചു ദിവസമായി മുഖപുസ്തകത്തിൽ ആക്റ്റീവ് അല്ലാത്തത്. പ്രിയപ്പെട്ടവർക്ക് Messenger ഇൽ മെസ്സേജിന് മറുപടി തരാൻ പറ്റാത്തതും അതുകൊണ്ടാണ്...

സ്നേഹം സ്നേഹം സ്നേഹം 

nandhu-ccctew