Monday 21 January 2019 11:21 AM IST : By സ്വന്തം ലേഖകൻ

മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗവിമുക്തനായി; ക്യാൻസറിനെ തോൽപ്പിച്ചവർക്കായി നന്ദുവിന്റെ ചലഞ്ച്!

nandhu-mahadeva234678

ക്യാൻസറിന്റെ പിടിയിൽ നിന്ന് മുക്തനായിരിക്കുകയാണ് നന്ദു എന്ന ചെറുപ്പക്കാരൻ. ഈ സന്തോഷവാർത്ത നന്ദു തന്നെയാണ് ഫെയ്സ്ബുക് കുറിപ്പിലൂടെ കൂട്ടുകാർക്കായി പങ്കുവച്ചിരിക്കുന്നത്. "അദ്‌ഭുതം സംഭവിച്ചിരിക്കുന്നു... മഹാദേവൻ കനിഞ്ഞിരിക്കുന്നു... പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചുപറയുന്നു... മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗവിമുക്തനായി തുടങ്ങിയിരിക്കുന്നു. എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്!!"- നന്ദു ഫെയ്‌സ്ബുക്കിൽ കുറിച്ചതിങ്ങനെ. 

നന്ദു എഴുതിയ കുറിപ്പ് വായിക്കാം; 

അത്ഭുതം സംഭവിച്ചിരിക്കുന്നു... മഹാദേവൻ കനിഞ്ഞിരിക്കുന്നു...

പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു... മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ് !! ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..!! പ്രിയമുള്ളവരുടെ പ്രാർത്ഥനയിൽ ഞാൻ വീണ്ടും ഉണർന്നെഴുന്നേറ്റിരിക്കുന്നു..

വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മിൽ ചേരുമ്പോൾ ചില സമയത്ത് അത്ഭുതങ്ങൾ സംഭവിക്കും... എന്റെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു... പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തിൽ വീഴുന്നവർക്ക് ആത്മവിശ്വാസവും സഹായവും ആകാൻ മാറ്റിവയ്ക്കുകയാണ് ഈ ജന്മം.. അതാണ് സർവ്വേശ്വരന്റെ തീരുമാനം... ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകൾക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു... അനുഗ്രഹിക്കുക !!

NB 1 : ഇതുവരെയുള്ള യുദ്ധത്തിൽ ഞാൻ ജയിച്ചിരിക്കുന്നു.. യുദ്ധം തുടരും..!!

NB 2 : ഞാൻ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..!!

NB 3 : ക്യാൻസറിനെ തോല്പിച്ചവർ ഈ ചലഞ്ച് ഏറ്റെടുത്താൽ അതൊരു സാമൂഹ്യ വിപ്ലവം ആകും.. തളർന്നുപോകുന്നവരിൽ ആത്മവിശ്വാസം നിറയ്ക്കാൻ നിങ്ങൾക്കാകും !! ആ ട്രീറ്റ്മെന്റ് സമയത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും വച്ച് ഈ ചലഞ്ച് ഏറ്റെടുക്കൂ ചങ്കുകളേ...

nandhu-mahadeva247908764