Saturday 30 May 2020 12:04 PM IST : By സ്വന്തം ലേഖകൻ

‘ഒരു നിമിഷത്തെ അങ്കലാപ്പിൽ ജീവിതം അവസാനിപ്പിക്കരുത്; എങ്ങനെ സന്തോഷമായിരിക്കാമെന്ന് ഞാൻ കാണിച്ചു തരാം’; കരുത്ത് പകർന്നു നൽകി നന്ദു!

nandh0vhvhvhbj990

കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ നന്ദു മഹാദേവ പലർക്കും പ്രചോദനമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നുകയറുന്ന കാൻസറിനെ ആത്മവിശ്വാസത്തോടെ വരുതിയിൽ നിർത്തുകയാണ് ഈ ചെറുപ്പക്കാരൻ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലാണ് നന്ദു. കാൻസറിനോട് മൂന്നാം വട്ടമാണ് നന്ദു പോരാടുന്നത്. ആദ്യം കാലിനും പിന്നീട് ശ്വാസകോശത്തിനും പിന്നീട് ഹൃദയത്തിലേക്കുള്ള രക്തക്കുഴലിലുമാണ് കാൻസർ പടർന്നു കയറിയത്. ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിതത്തെ നേരിടാനുള്ള കരുത്ത് പകർന്നുനൽകുകയാണ് നന്ദു തന്റെ പുതിയ ഫെയ്സ്ബുക് കുറിപ്പിലൂടെ. 

നന്ദു മഹാദേവ പങ്കുവച്ച കുറിപ്പ് വായിക്കാം; 

എന്റെ സംസാരശേഷി തിരികെ എടുത്തോളൂ..

കാഴ്ചയോ കേൾവിയോ തിരികെ എടുത്തോളൂ..!!

എന്നാലും സന്തോഷമായിരിക്കാമെന്ന് ഞാൻ ജീവിതത്തിലൂടെ കാണിച്ചു തരാം..!

Existence is more important than everything !!

എന്തുകൊണ്ട് ഇപ്പോൾ ഈ വിഷയം എന്നു പറയാം..!

ഒരു 19 വയസ്സുകാരനെ കൂടി കഴിഞ്ഞ ദിവസം ഞങ്ങളുടെ ഗ്രാമത്തിന് നഷ്ടമായി..

ഭരതന്നൂരിന്റെ നഷ്ടമാണ് എന്ന് പറയാനല്ല..

ഈ ലോകത്തിന്റെ നഷ്ടമെന്ന് പറയാനാണ് എനിക്കിഷ്ടം..!

എന്താ അനിയന്മാരെ നിങ്ങളൊക്കെ ഇങ്ങനെ..

ഒരു നിമിഷം കൊണ്ട് തകർത്തുകളയാനുള്ളതാണോ ജീവിതം ?

ഇതേ ഭരതന്നൂരിൽ തന്നെയാണ് നാടിന് അഭിമാനമായി ഒരു കുഞ്ഞനിയൻ മജിസ്ട്രേറ്റ് ആയി കഴിഞ്ഞ ദിവസം ചുമതലയേറ്റത്..!

അതുമാത്രമല്ല എത്രയോ വലിയ വ്യക്തിത്വങ്ങളുടെ ജന്മം കൊണ്ട് സ്വർഗ്ഗതുല്യമായ നാടാണ് ഞങ്ങളുടേത്..!!

ഇൻഡ്യയിൽ ആദ്യമായി 

വെള്ളക്കാരനോട് പ്രതികരിക്കാൻ ധീരത കാണിച്ച ധീര ദേശാഭിമാനികളുടെ മണ്ണാണ് ഭരതന്നൂർ...!!

നല്ല ചുറുചുറുക്കുള്ള നട്ടെല്ലുള്ള അണുങ്ങളുടെ നാട്..!!

അങ്ങനത്തെ ചുറുചുറുക്കുള്ളവർക്കൊപ്പം അവരെക്കാൾ നന്നായി ജോലി ചെയ്ത ശേഷം ബാക്കി വരുന്ന വിശ്രമ സമയം സ്വാതന്ത്ര്യ സമരം ചെയ്യാനും..!

വെള്ളക്കാരുടെ ക്രൂരമായ ആക്രമണങ്ങളിൽ ശാരീരികമായും മാനസികമായും തകർന്ന് പോകുന്ന ആണുങ്ങൾക്ക് ധൈര്യം പകർന്ന് സമൂഹത്തിനു വേണ്ടി കരുതലോടെ ജീവിച്ച നല്ല അഡാർ പെണ്ണുങ്ങളുടെ നാട് കൂടിയാണിത്..!!

ദ റിയൽ ഫെമിനിസ്റ്റുകളുടെ മണ്ണ്..!

ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ആറ്റിങ്ങൽ കലാപത്തിന് ഊർജ്ജം നൽകിയ കല്ലറ പാങ്ങോട് സമരത്തിന് കാരണക്കാരായ വിപ്ലവകാരികളുടെ മണ്ണാണ് ഞങ്ങടെ ഭരതന്നൂർ..!!

ആ നാടിന്റെ പേരിന് മഹത്വം കൊടുക്കേണ്ടത് നമ്മുടെ ഓരോ ചെറുപ്പക്കാരുടെയും കടമയാണ്..!

ആ നാട്ടിലുള്ളവർ നിസാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്തു എന്ന് കേൾക്കുമ്പോൾ വേദനയാണ്..

അത് ചെറുപ്പക്കാർ കൂടിയാണെങ്കിൽ പിന്നെ അതൊരു നീറ്റലാണ്..!

ആ മണ്ണിൽ ജനിച്ചതൊരു ഭാഗ്യമാണ്..!

ഞങ്ങളൊക്കെ ഇങ്ങനെ യുദ്ധം ചെയ്ത് ജീവിതത്തിനെ വെട്ടിപ്പിടിക്കുന്നതും ജീവിതത്തിന്റെ മനോഹാരിതയും മൂല്യവും അമൂല്യമാണെന്ന് എപ്പോഴും എപ്പോഴും കാട്ടി തരുന്നതും പിന്നെന്തിനാണ് മുത്തുമണിയേ ?

ദേ എന്റെ കാര്യം നോക്കുകയാണെങ്കിൽ ഇന്ന് അവസാനത്തെ കീമോ ആയിരുന്നു..!!

ശരീരം മുഴുവൻ കറുത്തു കരിവാളിച്ചു..

തലമുടി കൊഴിഞ്ഞു തല മാർബിൾ പോലെ മിനുമിനുത്തതായി.

കണ്ണുകൾ കുഴിയിലേക്ക് വീണു..

പല്ലുകൾ ദ്രവിച്ചു മഞ്ഞ നിറമായി..

നാവ് അടർന്നു തെറിച്ചു.

കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത രൂപമായി..

നിരന്തരമായ മരുന്നുകളോടുള്ള യുദ്ധം സമ്മാനിച്ച അടയാളങ്ങളാണ് ഇവയൊക്കെ..

പക്ഷെ ഇത്രയും സഹിച്ചിട്ടും ഇനിയും കീമോ ചെയ്യാൻ എനിക്കൊരു മടിയുമില്ല.

കാരണം ഒന്നേയുള്ളു.....

ഇതൊരു തീക്കളിയാണ് എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഈ ഒരു വഴിയേ മുന്നിൽ ഉള്ളൂ...!

ജീവിതം എന്നത് ഒരു വിസ്മയമാണ് സുഹൃത്തേ..!

അതിലേക്ക് കൂടുതൽ അടുക്കുന്നവൻ ആ മാസ്മരികതയിൽ ലയിഞ്ഞു ചേരും..!!

ലോകത്തിലെ ഒരു ലഹരിക്കും തരാൻ കഴിയാത്ത അത്രയും ലഹരിയും ആനന്ദവും അതിനുണ്ട്..!

അത് തന്നെ ലഹരിയാകുമ്പോൾ അതിലേക്ക് വീഴാൻ നമ്മളെന്തിന് മടിക്കണം..!!

Enjoy every moments...

ഒരു നിമിഷത്തെ അങ്കലാപ്പിൽ ജീവിതം അവസാനിപ്പിക്കരുത്..

നാളെ ലോകം നിങ്ങളുടെ കയ്യിലാണ് സുരക്ഷമാകേണ്ടത്..!!

അതുകൊണ്ട് വിജയത്തിന് വേണ്ടി പൊരുതുക..

ഇങ്ങനൊക്കെ പറയാൻ ഞാനാരാണെന്ന് ചോദിച്ചാൽ..

ഞാൻ വെറുമൊരു യാത്രക്കാരനാണ്..!

അങ്ങനെ പറയാനാണിഷ്ടവും..!

A mystic traveller

സ്നേഹം പ്രിയരേ ❤️

Tags:
  • Spotlight
  • Social Media Viral