Monday 17 December 2018 07:01 PM IST : By സ്വന്തം ലേഖകൻ

ചിക്കന്‍ പോപ്പ്കോണ്‍ മുതൽ സ്വീഡന്‍ റൈസ് വരെ; മസ്ത്താനമ്മയ്ക്കു പിന്നാലെ യൂ ട്യൂബിൽ താരമായി നാരായണ മുത്തശ്ശനും: വിഡിയോ

narayana-new

യൂ ട്യൂബിൽ താരമായിരുന്ന പാചകറാണി മസ്ത്താനമ്മയുടെ വിടവാങ്ങൽ ഭക്ഷണ പ്രേമികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. അവർ തയാറാക്കിയ രുചിയൂറും വിഭവങ്ങളുടെ രസക്കൂട്ടുകൾക്ക് എപ്പോഴും ആരാധകരേറെ. ഇപ്പോഴിതാ മസ്ത്താനമ്മയ്ക്ക് പുറമെ, മറ്റൊരു പാചക വിദഗ്ധൻ കൂടി സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. പേര്: നാരായണ റെഡ്ഡി.

അനാഥരായ കുട്ടികള്‍ക്കായാണ് തെലങ്കാന സ്വദേശിയായ നാരായണ മുത്തശ്ശൻ ഭക്ഷണം ഉണ്ടാക്കുന്നത്. ഒരു വര്‍ഷത്തിനകം മൂന്ന് മില്യണ്‍ വരിക്കാരെ നാരായണ മുത്തശ്ശന്റെ ‘ഗ്രാന്‍പാ കിച്ചണ്‍’ എന്ന യൂട്യൂബ് ചാനല്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇതിനോടകം 145 വിഡിയോകളാണ് മുത്തശ്ശന്റെ ചാനലിലുള്ളത്. നാരായണയുടെ മകന്‍ ശ്രീകാന്ത് റെഡ്ഡിയാണ് യൂട്യൂബ് ചാനലിന് പിന്നിൽ.

ചിക്കന്‍ പോപ്പ്കോണ്‍, ഓറിയോ മില്‍ക്ക് ഷെയ്ക്ക്, വ്യത്യസ്തയിനം ക്രിസ്മസ് കേക്കുകള്‍, സ്വീഡന്‍ റൈസ്, മട്ടന്‍ ഗ്രേവി കറി, ചിക്കന്‍ ബിരിയാണി തുടങ്ങി നിരവധി വിഭവങ്ങള്‍ മുത്തശ്ശന്റെ മാസ്റ്റര്‍ പീസുകളാണ്.