Thursday 04 July 2019 12:13 PM IST

മൂന്നാം വയസ്സിൽ അമ്മയുടെ മരണം, പതി‍നഞ്ചു വയസ്സ് വരെ വീട്ടിനുള്ളിൽ ലൈംഗിക പീഡനം; അതിജീവനത്തിന്റെ കഥയുമായി നതാഷ നോയൽ!

Shyama

Sub Editor

nathasha002

‘‘അൽപം മധുരം, അൽപം മസാല, കുറേയേറെ നിശ്ചയദാർഢ്യം, മുട്ടുമടക്കില്ലെന്ന വാശി കുറച്ചധികം... ഇത്രയും ചേർത്തുണ്ടാക്കിയതാണ് എന്നെ.’’ നതാഷ നോയൽ ഇതു പറയുമ്പോൾ ഇത്രയും നാൾ കണ്ടതും കേട്ടതുമായ വിശേഷണങ്ങളൊന്നും  ഈ പെൺകുട്ടിക്ക് ഇണങ്ങുന്നില്ലെന്നു തോന്നും. മൂന്നാംവയസ്സിൽ അമ്മയുടെ മരണം, ഏഴാം വയസ്സിൽ വീട്ടിലെ ജോലിക്കാരനാൽ ലൈംഗിക പീഡനം, പിന്നീട് പതിനഞ്ചാം വയസ്സു വരെ അ മ്മാവനിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങൾ... ജീവിതം  മടുത്തു പോകാനും  അ ത് പാതി വച്ച് അവസാനിപ്പിക്കാനും ഇതിലേറെ എന്ത് കാര ണങ്ങളാണ് വേണ്ടത്?

പക്ഷേ, ജീവിതം മുട്ടുമടക്കാൻ പറഞ്ഞപ്പോഴൊക്കെ കോട്ടയം കിടങ്ങൂർ സ്വദേശിയായ ഈ പെൺകുട്ടി സർവശക്തിയുമെടുത്ത് ഒറ്റയാൾ പോരാട്ടം നടത്തി മുന്നേറുകയായിരുന്നു. യോഗ ട്രെയ്നർ, മോട്ടിവേഷനൽ സ്പീക്കർ, സോഷ്യൽ മീഡിയ സ്റ്റാർ... ജീവിതം ക്രൂരത കാട്ടിയിട്ടും നതാഷ പാകിയ അടയാളങ്ങൾക്ക് കനൽച്ചൂടല്ല, കനിവിന്റെ ഇളം തണുപ്പാണ്.

‘‘ആർക്കെതിരെയും അന്നു പരാതി കൊടുത്തില്ല. നിയമപരമായി ജയിക്കുക എന്നതിനപ്പുറം സ്വന്തം ജീവിതം ജീവിച്ച് ജയിക്കുക എന്നതായിരുന്നു വെല്ലുവിളി. മൂന്ന് വയസ്സുള്ളപ്പോ ൾ അമ്മ കൺമുന്നിൽ നിന്നു കത്തുന്നത് കണ്ടതാണ്. ഏഴാംവയസ്സിലായിരുന്നു ആദ്യ പീഡനം.’’

ഇന്ന് മുംബൈയിൽ ഒരു പുതിയ മുഖവുമായി, തലയുയർത്തിപ്പിടിച്ച് ജീവിതം ആഘോഷമാക്കാൻ നതാഷയെ  സഹായിച്ചത് രണ്ടു പേരാണ്. അച്ഛന്റെ സഹോദരിയും ഭർത്താവും. അവരാണ് ഇപ്പോൾ നതാഷയുടെ ഗോഡ്–പേരന്റ്സ്. അ വരെയാണ് അമ്മ, അച്ഛൻ എന്നു വിളിക്കുന്നതും.

ചിറകു നൽകിയവർ

‘‘അമ്മയാണ് എന്റെ ശക്തി. 69 വയസ്സായെങ്കിലും ഇപ്പോഴും രാവിലെ ആറിന് എഴുന്നേൽക്കും. മൂന്നു നാല് ബാച്ച് കുട്ടികൾക്ക് ട്യൂഷൻ എടുക്കും. നിശ്ചയദാർഢ്യം എന്നൊരു കാര്യം എന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് പഠിച്ചത് എന്റെ അമ്മയിൽ നിന്നാണ്.

പണ്ട് സ്വിമ്മിങ് പഠിക്കാൻ അമ്മയ്ക്കൊപ്പം  പോകാൻ  എനിക്കു മടിയായിരുന്നു. കൃത്യ സമയമാകുമ്പോഴേക്കും ഹോംവർക്ക് ചെയ്യാനുണ്ടല്ലോ എന്നു പറഞ്ഞ് അമ്മ  അവിടുന്ന്  നേരേ വീട്ടിലേക്ക് കൊണ്ടുവരും. അതേ സമയം അച്ഛനാണ് കൂടെ വരുന്നതെങ്കിൽ ‘ക്ഷീണം മാറ്റാൻ നമുക്ക് ചായയും ലെയ്സും കഴിച്ചാലോ’ എന്നാകും ചോദ്യം.

അമ്മയുടെ ഇച്ഛാശക്തിയും അച്ഛന്റെ കനിവും എ ന്നും കൂടെ വേണമെന്നാണ് എന്റെ ആഗ്രഹം. ഒന്നിനു മുന്നിലും തളരാത്തപ്പോഴും എന്നോടു തന്നെയും മറ്റുള്ളവരോടും സ്നേഹവും സഹനവും ഉണ്ടാകണം മനസ്സിൽ.

ഞാൻ ആഗ്രഹിച്ചത് ഡാൻസാണ്.  ഡാൻസറാകണം  എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹവും. അതിലൂടെയാണ് സ്വാഭാവിക ജീവിതത്തിലേക്ക് വന്നു തുടങ്ങിയതും. പക്ഷേ, കോളജിൽ രണ്ടാം വർഷം പഠിക്കുമ്പോൾ വീഴ്ചയിൽ മുട്ടിന് സാരമായ ക്ഷതം പറ്റി. ഡോക്ടർമാരുടെ നിർദേശപ്രകാരം നൃത്തം  ഉപേക്ഷിക്കേണ്ടി വന്നു. ഒന്നര വർഷത്തോളം  വിശ്രമം. വിഷാദം മൂടിയ അവസ്ഥയിലായിരുന്നു ഞാൻ. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞാൻ നർത്തകരുടെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി, അങ്ങനെയെങ്കിലും ഡാൻസുമായി ചേർന്നു നിൽക്കാമല്ലോ എന്നായിരുന്നു ചിന്ത.

nathasha001

ഉണർവു നൽകിയ യോഗിനിമാർ

അവിചാരിതമായിട്ടാണ് ഇൻസ്റ്റഗ്രാമിലും മറ്റും ചില യോഗിനിമാരെ കാണുന്നത്. അവരുടെ ചിത്രങ്ങളും വിഡിയോകളും വല്ലാത്തൊരു ഉണർവ് തന്നു. കുറേ നാൾ വെറുതേയിരുന്ന് ഞാൻ നന്നായി വണ്ണം വച്ചിരുന്നു. അലസത മാറ്റാൻ വേണ്ടിയാണ് യോഗ ചെയ്തു തുടങ്ങിയത്. ആദ്യമാദ്യം അവർ ചെയ്യുന്നത് നോക്കി അനുകരിച്ചു പഠിച്ചു. പിന്നീട് ട്രെയ്നിങ് എടുത്തു. ശരീരത്തിനു വേണ്ടിയാണ് ചെയ്തു തുടങ്ങിയതെങ്കിലും യോഗ മനസ്സിനെ ശാന്തമാക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

മനസ്സിൽ ഇടയ്ക്കിടെ കൂട്ടമായി ഉയരുന്ന നിലവിളികളെ കുറയ്ക്കുക എന്നതാണ് യോഗയും മെഡിറ്റേഷനും എനിക്കു ചെയ്തു തന്ന ഏറ്റവും നല്ല കാര്യം. വിഷാദരോഗവും ഉത്കണ്ഠയും മൂലം പിടികിട്ടാത്ത വേഗത്തിലാണ് മുൻപ് ചിന്തകൾ പാഞ്ഞിരുന്നത്. ഒരു മിനിറ്റ് പോലും കണ്ണടച്ചിരിക്കാൻ പറ്റാത്ത എനിക്ക് ഇപ്പോൾ മണിക്കൂറുകളോളം തുടര്‍ച്ചയായു ധ്യാനിക്കാന്‍ പറ്റുന്നുണ്ട്.

ചില കാര്യങ്ങൾ എന്നെ സങ്കടപ്പെടുത്തും,  ഇന്നതിനെയോ ർത്താണ് ഞാൻ കൂടുതൽ നേരം ചെലവഴിക്കുന്നത്, ഇതിനോട് എനിക്ക് വളരെയധികം ഇമോഷനൽ അറ്റാച്ച്മെന്റുണ്ട്... എന്നൊക്കെ മനസ്സിലാകുന്നുണ്ട്. എല്ലാറ്റിനും മുകളിലേക്കുയരുക എന്നതാണ് യോഗ നമ്മളെ പഠിപ്പിക്കുന്നത്. ഒരേ സമയം എല്ലാറ്റിനോടും അടുപ്പവും സഹാനുഭൂതിയും ഉണ്ടാകുകയും അതോടൊപ്പം ഒരു നിശ്ചിത അകലം സൂക്ഷിക്കുകയും സാധ്യമാണ്. അതിനു വേണ്ടിയാണ് തളരാതെയുള്ള പരിശ്രമങ്ങൾ.

സ്വയം പരിവർത്തനം

യോഗ, ധ്യാനം എന്നിവയ്ക്കൊപ്പം വന്ന നല്ല മാറ്റമാണ് ജങ്ക് ഫൂഡ് ഉപേക്ഷിച്ചത്. ഇപ്പോൾ കഴിവതും കൃത്യമായ അളവിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അളവ് പ്രധാനമാണ്. വീട്ടിലുണ്ടാക്കിയ ചപ്പാത്തിയല്ലേ എന്നു കരുതി ഒരുപാട് എണ്ണം കഴിച്ചാൽ അതും ദോഷമാണ്.

സാധാരണ രണ്ടു മൂന്നു ചപ്പാത്തി കഴിക്കുന്ന ഞാൻ അത്രയധികം വിശന്നാൽ അഞ്ച് എണ്ണം കഴിക്കും. അതിൽ കൂടില്ല. പണ്ട് ഡയറ്റ് എടുക്കുമ്പോള്‍ ‘ചീറ്റ് മീൽ’ എന്നൊരു പരിപാടിയും  ചെയ്തിരുന്നു. ആഴ്ചയിൽ ആറു ദിവസം ഡയറ്റ് നന്നായി നോക്കിയിട്ട് ഏഴാം ദിവസം ജങ്ക് ഫൂഡ് വാരി വലിച്ചു കഴിക്കും. ഇങ്ങനെ ചെയ്യുമ്പോൾ  ചീറ്റ് ചെയ്യുന്നത് സ്വന്തം ശരീരത്തെ തന്നെയാണെന്നു മനസ്സിലാക്കിയതോടെ അതു നിർത്തി. ഇന്നിപ്പോള്‍ ഉച്ചയ്ക്ക് കപ്പയും മീറ്റുമാണ് കഴിക്കാൻ പോകുന്നത്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ കിട്ടുന്നതാകണം ഡയറ്റ്.  

നമ്മുടെ ഓരോരുത്തരുടേയും ആഹാരശീലങ്ങൾ അവരവർ ജനിച്ചു വളരുന്ന പ്രദേശത്തെയനുസരിച്ചു കൂടിയാണ് രൂപപ്പെടുന്നത്. കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് ചോറും മീനും ഇറച്ചിയും പച്ചക്കറിയും ഒക്കെ കഴിക്കാം. ഒഴിവാക്കുന്നതിനു പകരം ബാലൻസ് കണ്ടെത്തുക എന്നതാണ് എന്റെ ടെക്നിക്.

ചെറുപ്പം മുതൽ ഡിസ്‌ലെക്സിയ എന്ന പഠന വൈകല്യംഉണ്ട്. പക്ഷേ, എനിക്കിങ്ങനെയൊരു കുഴപ്പമുണ്ട് എന്നു പറഞ്ഞ് ഒരു കാര്യത്തിൽ നിന്നും ഒഴിവുകഴിവുകൾ പറയുന്നത് ഇഷ്ടമല്ല. ഇരുപത്തിയാറ് വയസ്സിനുള്ളിൽ ബി.എ. ഇംഗ്ലിഷ് കഴിഞ്ഞു. പല തരം യോഗ കോഴ്സുകൾ ചെയ്തു. 900 മണിക്കൂർ യോഗ ട്രെയ്നിങ് കോഴ്സും 200 മണിക്കൂർ അഷ്ടാംഗയോഗ ട്രെയ്നിങ് കോഴ്സും പൂർത്തിയാക്കി. 250 ദിവസത്തെ മെഡിറ്റേഷൻ കോഴ്സ് കഴിഞ്ഞു. ഇനി മൈസൂരുവിൽ അഷ്ടാംഗ യോഗയുടെ ലെവൽ 1 ലെവൽ 2 കോഴ്സുകളാണ് ചെയ്യാൻ പോകുന്നത്.

ഒരു ദിവസത്തിൽ 4–5 യോഗ സെഷൻ എടുക്കും.  വർക്കൗട്ട്, മെഡിറ്റേഷൻ ഇവ ദിവസവും ചെയ്യും. ചില ദിവസങ്ങളിൽ സോ ഷ്യൽ മീഡിയയിലേക്കും യൂട്യൂബിലേക്കും വർക് ഒൗട്ടിന്റെയും മെഡിറ്റേഷന്റേയും  വിഡിയോയും ചിത്രങ്ങളും എടുക്കും. എ ന്റെ മിക്ക ഫോട്ടോസും ഞാൻ തന്നെ എടുക്കുന്നതാണ്.

nathasha004

 ഫൊട്ടോഗ്രഫിയോട് പണ്ടുമുതലേ അടുപ്പമുണ്ട്. എന്റെ തന്നെ ചിത്രങ്ങളെടുക്കുന്നതാണ് എനിക്കേറ്റവുമിഷ്ടം. ചെറുപ്പത്തിലൊരു ബേസിക്ക് മോഡൽ ഡിഎസ്എൽആർ ക്യാമറയിലായിരുന്നു തുടക്കം. കുറേ നാളായുള്ള പരിശീലനം കൊണ്ട്  ഇപ്പോൾ  ഒരു ചലനം കൃത്യമായി ക്യാപ്ചർ ചെയ്യാൻ പറ്റും. ചാടുന്ന പടമെടുക്കണമെങ്കിൽ എപ്പോൾ ക്ലിക് ചെയതാൽ ആണ് നന്നാകുക എന്ന സമയബോധം വന്നിട്ടുണ്ട്.

 ദിവസവും ബ്ലോഗിലേക്കും സോഷ്യൽ മീഡിയയിലേക്കും വേണ്ടത് എഴുതും. ഡിസ്‌ലെക്സിയയുള്ളതുകൊണ്ട് അതിനെ മറികടക്കാനുള്ള വായനയും എഴുത്തുമുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കുന്ന കാര്യത്തിൽ ഞാൻ മാതൃകയാക്കുന്നത് എന്റെ സഹോദരിയെയാണ്. അവൾക്ക് പറയേണ്ടതൊക്കെ അവൾ തുറന്നു പറയാറുണ്ട്, അതിന് ആവശ്യമുള്ള അറിവും സമ്പാദിക്കാറുണ്ട്. ശരീരത്തിന് വേണ്ട വിശ്രമം കൊടുക്കുന്നതിൽ ഒട്ടും  പിശുക്കാറില്ല. മനസ്സിനെ കൈപ്പിടിയിലാക്കാൻ ശ രീരത്തിന്റെ ആരോഗ്യം കൂടിയേ തീരു.

പറയേണ്ടത് പറയുക തന്നെ

ബോഡി ഷേമിങ്, സെക്‌ഷ്വാലിറ്റി, ലൈംഗിക അതിക്രമങ്ങൾ തുടങ്ങി പല കാര്യങ്ങളെക്കുറിച്ചുമുള്ള വിഡിയോകള്‍ ഞാ ൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിനൊക്കെ രണ്ട് തരത്തിലുള്ള സ്വീകാര്യതയാണ് കിട്ടുന്നത്. ചിലർ കയ്യടിക്കും. ചിലർ നിശിതമായി വിമർശിക്കും. നമ്മുടെ ആളുകൾ ഇതൊന്നും കണ്ടും കേട്ടും ശീലിച്ചിട്ടില്ല. പക്ഷേ, ഞാൻ അനുഭവിച്ചതും  കണ്ടതും കേട്ടതും പഠിച്ചതുമായി കാര്യങ്ങളെ കുറിച്ച് പറയാതിരിക്കാൻ എനിക്കാകുകയുമില്ല.

കുട്ടികളോട് ലൈംഗികതയെപ്പറ്റി ഇത്ര മുൻപേ പറയേണ്ട ആവശ്യമില്ലെന്നു ചിലർ പറയാറുണ്ട്. അവരുടെ കുട്ടിത്തം പോ കും എന്നൊക്കെ. ലൈംഗികതയെ കുറിച്ചു പറയുന്നത് കുട്ടിത്തം കളയുകയല്ല മറിച്ച് അവർക്കു സുരക്ഷിതമായ ബാല്യം നൽകുകയാണ് ചെയ്യുന്നത്.

കുട്ടിയായിരിക്കുമ്പോൾ ഏൽക്കുന്ന മുറിവുകൾ ഉണങ്ങാ ൻ പാടാണ്. അത് അനുഭവിച്ച ആളെന്ന നിലയ്ക്കാണ് ഞാനി തു പറയുന്നത്. ഉറക്കമില്ലാത്ത രാത്രികളും നിർത്താൻ പറ്റാത്ത  കണ്ണീരും തന്നിൽ തന്നെയുള്ള വിശ്വാസമില്ലാതാകലും ലോക ത്തോട് മുഴുവനുള്ള പേടിയും.... മരിക്കും വരെയും അവർക്ക് ഇതിലൂടെയെല്ലാം പോകേണ്ടി വരും.

ചില സമയം  ഞാൻ സ്തനങ്ങളെ കുറിച്ച് പറയുന്നത് സ്ത്രീകളടക്കമുള്ളവർക്ക് ഇഷ്ടപ്പെടില്ല. അതേയാളുകൾ തന്നെ ഞാൻ െെലംഗികാവയവങ്ങളുെട ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ അത് ശ്രദ്ധിച്ചു കേൾക്കുകയും, ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. കാലം മാറുന്നതിനനുസരിച്ച് ആളുകൾ കൂടുതൽ തുറന്ന മനസ്സോടെ കാര്യങ്ങൾ കേൾക്കുന്നുണ്ട്. എനിക്കു തന്നെ മാറ്റം വന്നിട്ടുണ്ട്. പണ്ട് പ്രശ്നമുണ്ടാക്കേണ്ട എന്നോര്‍ത്ത് പറയാതെ വച്ചിരുന്ന പലതും തുറന്നു പറയാനുള്ള മാനസിക തലത്തിലേക്ക് ഞാനും വളർന്നു.

ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളോർത്ത് ഖേദിക്കുന്ന, സങ്കടപ്പെടുന്ന ആളല്ല ഞാനിന്ന്.  മറിച്ച് അതൊക്കെ എന്നെ വളരാൻ സഹായിച്ച പാഠങ്ങളായിരുന്നു. മറ്റുള്ളവരേക്കാൾ ആദ്യം നമ്മൾ നമ്മളോട് തന്നെയാണ് കരുണ കാണിക്കേണ്ടത് എന്നാലേ മുറിവുകളുണങ്ങി സുഖപ്പെടാനാകൂ.

കുറച്ചു നാൾ മുൻപ് പുണെയിൽ ഒരു വർക് ഷോപ് എടുത്ത് കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്ന് നാലു മണിക്കൂറോളം സംസാരിച്ചു. ‘നിങ്ങളില്ലായിരുന്നെങ്കിൽ ഞാൻ എപ്പോഴേ ആത്മഹത്യ ചെയ്തു പോയേനേ... ’ എന്നു പറഞ്ഞ് എന്നോട് അവൻ നന്ദിയും പറഞ്ഞു. ഇതു കേട്ടപ്പോൾ വലിയൊരു ഊർജം വന്നു നിറയുന്നതു പോലെ തോന്നി. ഇതുപോലെ പലരും മെസേജുകളിലൂടെയും നേരിട്ടും അവരുടെ കഥകൾ എന്നോട് പറഞ്ഞ് പൊട്ടിക്കരയുന്നു... അവർക്കിതു പറയാൻ ഞാനുണ്ട് എന്നതാണ് എനിക്ക് സന്തോഷം തരുന്നത്.

ഇപ്പോഴും എനിക്ക് നെഗറ്റീവ് ചിന്തകൾ വരാറുണ്ട്. പക്ഷേ, പണ്ടത്തെ അത്ര ഗാഢമായി അതിന്റെ പ്രഹരം ഏൽക്കാറില്ലെന്നു മാത്രം. എനിക്കു വേണ്ടിയാണ് ഞാനിതൊക്കെ ചെയ്തത്. അത് മറ്റുള്ളവർക്കു കൂടി ഉപകാരപ്പെട്ടു എന്നറിയുന്നതിൽ പരം സന്തോഷം മറ്റെന്തുണ്ട്...?

ആ താക്കോൽ സ്വന്തം കൈയ്യില്‍

nathasha003

ആളുകൾ  ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് നിസ്സാരകാര്യങ്ങൾക്കു വേണ്ടിയാണ് എന്ന് പലരും പറയാറുണ്ട്. പക്ഷേ, ഈ ‘ആളുകളെ’ ശരിയായി അറിയാത്തിടത്തോളം  ‘നിസ്സാരകാര്യം’ എന്ന് ഒന്നിനെക്കുറിച്ചും നാം പറയരുത്.

ചിലർക്ക് വളർത്തു മൃഗങ്ങൾ വീട്ടുകാരെപ്പോലെയാണ്. അവയ്ക്കെന്തെങ്കിലും പറ്റിയാൽ വലിയ ദുഖം വരും. അങ്ങനെയല്ലാത്തവർക്ക് അത് വെറും പട്ടിയോ പൂച്ചയോ മാത്രമാകും.

ഒന്നോർക്കുക, സ്വന്തം മനസ്സിന്റെ താക്കോൽ സ്വന്തം കൈയിൽ തന്നെവേണം . രാവിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കി എന്നും ‘ഐ ലവ് യു’ എന്നു പറയാൻ സാധിച്ചെന്നുവരില്ല പക്ഷേ, മോശം ദിവസങ്ങളിൽ പോലും ‘യൂ ആർ ഓകെ... ജീവിതം കൈവിട്ടു കളയില്ല’ എന്ന് പറയാൻ സാധിക്കണം.

അതിന് കരയാം, എഴുതാം, മെഡിറ്റേറ്റ് ചെയ്യാം, യാത്ര ചെയ്യാം, വേറൊരാളോട് തുറന്ന് സംസാരിക്കാം, മിണ്ടാതിരിക്കാം... സ്വന്തം കാര്യം ചിന്തിക്കുന്നതും സ്വന്തം മാനസ്സികനില ആരോഗ്യകരമായി വയ്ക്കുന്നതും ഒന്നും ‘സെൽഫിഷ്നെസ്’ അല്ല ‘സെൽഫ് ലവ്’ ആണ്.

സ്ട്രെസ് െഞാടിയിടയില്‍ കുറയ്ക്കാം, ഈസിയായി

ജോലിയിലെ പ്രശ്നങ്ങൾ, ആരോടെങ്കിലും ദേഷ്യം തോന്നുക, സങ്കടം വരിക, സ്വയം വിലയില്ല എന്നു തോന്നൽ, ആത്മവിശ്വാസക്കുറവ്... എന്നിങ്ങനെ നെഗറ്റിവ് ഇമോഷൻസ് എന്തുമാകട്ടെ, അതിൽ നിന്ന് അൽപം മാറി നിൽക്കാൻ ഒരു വഴിയുണ്ട്.  ശ്വസനം.

 ആഴത്തിലുള്ള മൂന്ന് ശ്വാസമെടുക്കൽ, ശ്വാസം വിടൽ. ഇത്ര മാത്രം. പക്ഷേ, ഞാൻ ശ്വസിക്കുകയാണ് എന്നറിഞ്ഞുകൊണ്ട് ശ്വസിക്കണം. ശ്വാസത്തിലേക്കു മാത്രം ശ്രദ്ധ കൊടുക്കാം. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ ശ്വസനം മാത്രം ചെയ്യുക. മൂന്ന് തവണ ശ്വാസം എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്തു കഴിയുമ്പോഴേക്കും  തന്നെ നല്ല ശാന്തത അനുഭവപ്പെടും.

സമയവും സാഹചര്യവുമനുസരിച്ച് പതിയെ ശ്വസനത്തിന്റെ സമയം കൂട്ടാം. ഇത് ഏത് പ്രായക്കാർക്കും ഏത് ശാരീക സ്ഥിതിയുള്ളവർക്കും ചെയ്യാം. നടക്കുമ്പോഴും സഞ്ചരിക്കുമ്പോഴും, എന്തു ജോലി ചെയ്യുമ്പോഴും ചെയ്യാം.

Tags:
  • Spotlight
  • Vanitha Exclusive