Tuesday 06 August 2019 06:52 PM IST

‘‘വീൽ ചെയറിൽ കഴിയുന്ന എനിക്കൊപ്പം തീർക്കേണ്ടതല്ല നിന്റെ ജീവിതം...’’! പക്ഷേ, സാലിയ അതുറപ്പിച്ചിരുന്നു: മനസ്സ് നിറയ്ക്കും ഈ പ്രണയം

V.G. Nakul

Sub- Editor

n1

‘‘നിനക്ക് എന്നെക്കാൾ നല്ല ചെക്കനെ കിട്ടുമല്ലോ, പിന്നെന്തിനാ... വേണ്ട, എന്നെപ്പോലെ വീൽ ചെയറിൽ കഴിയുന്ന ഒരാൾക്കൊപ്പം തീർക്കേണ്ടതല്ല നിന്റെ ജീവിതം....’’

സാലിയ തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, സ്വന്തം പരിമിതിയിൽ നഷ്ടബോധമില്ലെങ്കിലും തന്നെ ഹൃദയം നിറയെ സ്നേഹിക്കുന്നവളെ ഓർത്ത്, ഉള്ളിലെ ഇഷ്ടവും സങ്കടവും കടിച്ചമർത്തി നൗഫൽ പറഞ്ഞതിങ്ങനെ.

പക്ഷേ, സാലിയയുടെ മറുപടി ഉറച്ചതായിരുന്നു.

‘‘എനിക്കു നിങ്ങൾ മതിയെന്നു തോന്നി. നിങ്ങളിൽ ഞാനൊരു കുറവും കാണുന്നില്ല. ജീവിക്കുന്നെങ്കിൽ അത് നിങ്ങൾക്കൊപ്പം മാത്രം....’’ ആ ശബ്ദം സഹതാപത്തിന്റെ നൈനിമിഷികമായ ആവേശത്തിന്റെതായിരുന്നില്ല, കരുത്തുള്ള തീരുമാനത്തിന്റെതായിരുന്നു.

n3

സുഹൃത്തുക്കളും പറഞ്ഞു,‘‘നൗഫലേ, അവൾ നിന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. നിന്റെ ജീവിതത്തിന്റെ ഭാഗ്യമാണെടാ അവൾ. നിനക്ക് ദൈവം തന്ന സമ്മാനം...’’ അതോടെ നൗഫലും അതുറപ്പിച്ചു, ജീവിക്കുന്നെങ്കിൽ അത് സാലിയയ്ക്കൊപ്പം. തനിക്ക് പടച്ചവൻ തന്ന സമ്മാനം താനായി തട്ടിത്തെറിപ്പിക്കാൻ പാടില്ല...

അങ്ങനെ രണ്ടു വർഷം നീണ്ട പരിചയവും സൗഹൃദവും പ്രണയത്തിനു വഴിമാറി. ആറു മാസത്തെ പ്രണയത്തിനൊടുവിൽ, ഇരു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ കഴിഞ്ഞ ജൂലൈ 20 ന് നൗഫൽ സാലിയയെ ജീവിത പങ്കാളിയുമാക്കി. ഇനി നൗഫലിന്റെ ചുവടുകളായി, ആ വീൽ ചെയറിനു പിന്നിൽ സാലിയയുടെ സ്നേഹ സ്പർശമുണ്ടാകും, എക്കാലവും....

നൗഫൽ തന്റെ ജീവിതം ‘വനിത ഓൺലൈനോ’ടു പങ്കുവച്ചു തുടങ്ങി...

തിരൂർ പുതിയങ്ങാടി സ്വദേശിയായ നൗഫലിന്റെ ജീവിതം മാറിമറിഞ്ഞത് പതിനഞ്ചാം വയസ്സിലാണ്. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു നടുവേദന വന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിനു കീഴേ തളർന്നു പോയിരുന്നു. അതോടെ വീൽ ചെയറിലായി നൗഫലിന്റെ ജീവിതം. ഡ്രൈവിങ് ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഉമ്മർ കോയയ്ക്കും ഭാര്യ സുബൈദയ്ക്കും മകന്റെ ദുര്യോഗം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു. പക്ഷേ, ആദ്യത്തെ രണ്ടു മൂന്നു വർഷത്തെ പ്രയാസകരമായ ദിവസങ്ങൾക്കൊടുവിൽ തന്റെ പരിമിതികളെ പൊരുതിത്തോൽപ്പിക്കണമെന്നു തന്നെ നൗഫൽ ഉറപ്പിച്ചു. അതിജീവനത്തിന്റെ നാളുകളായിരുന്നു പിന്നെ.

വാശിയോടെ പഠിച്ചു ഡിഗ്രി നേടി. ഒരു ഓൺലൈൻ പോർട്ടലിൽ ജോലിയും. അഞ്ച് വർഷം വീട്ടിലിരുന്ന് രാപ്പകലില്ലാതെ പണിയെടുത്തു. നല്ല വരുമാനം വന്നു തുടങ്ങി. വീട് വച്ചു, കാറ് വാങ്ങി, കുടുംബം നോക്കി. അതിനു ശേഷമാണ് ആശുപത്രിയിൽ ജോലിക്കു കയറിയത്. കഴിഞ്ഞ രണ്ടു വർഷമായി മിംസ് ആശുപത്രിയിൽ ബില്ലിങ് റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് നൗഫൽ. അതിനിടെയാണ് സാലിയ ആ ജീവിതത്തിലേക്കു കടന്നു വന്നത്.

n2

‘‘എന്റെ പരിമിതിയിൽ ഞാൻ ആവലാതിപ്പെടുന്നില്ല. ഇത് നന്നായി എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ കാണുന്ന ജീവിതത്തിലേക്കു വരാൻ എന്നെ പാകപ്പെടുത്തിയത് എന്റെ വൈകല്യമാണ്. സാലിയ വരെ എന്റെ ജീവിതത്തിലെ ഓരോ സന്തോഷങ്ങളും അങ്ങനെ വന്നതാണ്....’’ നൗഫൽ മനസ്സ് തുറന്നു.

‘‘ഞങ്ങൾ തമ്മിൽ രണ്ടു വർഷമായി അറിയാം. ഒരു ജീവകാരുണ്യ സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെട്ടത്. പ്രണയത്തിലായിട്ട് 6 മാസമേ ആയിട്ടുള്ളൂ. അവൾ എന്നെ വിവാഹം കഴിക്കണമെന്ന് അവളുടെ വീട്ടില്‍ പറഞ്ഞപ്പോൾ ആരും എതിര്‍ത്തില്ല. അവളുടെ ഉമ്മയും ബാപ്പയും പൂർണ പിന്തുണ നൽകി. അവളുടെ ജീവിതം അവളാണ് തിരഞ്ഞെടുക്കുന്നതെന്ന നിലപാടിലായിരുന്നു അവർ. ബന്ധുക്കളൊക്കെ ചെറിയ എതിർപ്പുയര്‍ത്തിയെങ്കിലും വീട്ടുകാരും അവളും കാര്യമാക്കിയില്ല. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ ഒരു വൈകല്യം ബാധിച്ച ആൾ മാത്രമാണല്ലോ. വിവാഹക്കാര്യം ഞങ്ങളുടെ പൊതു സുഹൃത്തുക്കളിൽ വലിയ സന്തോഷമുണ്ടാക്കി. നാസർ എന്ന സുഹൃത്താണ് എന്റെയും അവളുടെയും വീട്ടിൽ വിവാഹക്കാര്യം വിശദമായി സംസാരിച്ചത്. എന്റെ വീട്ടിൽ പൂർണ സമ്മതമായിരുന്നു’’.

സ്വയം കാറോടിച്ചാണ് നൗഫൽ ജോലിക്കു പോയി വരുന്നത്. സംസാരിച്ചു തീർന്നതും നൗഫൽ വീട്ടിലേക്കു പോകാൻ തിടുക്കപ്പെട്ടു. അവിടെ അവന്റെ പെണ്ണ് കാത്തിരിക്കുന്നു....