Tuesday 06 August 2024 11:48 AM IST : By ഷിന്റോ ജോസഫ്

'അത്രമേൽ ഒറ്റയ്ക്കായതിന്റെ നോവ്, കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു'; തകർന്ന വീടിന്റെ മുന്നില്‍ ഹൃദയം തകര്‍ന്ന് നൗഫൽ

wayanad-landslide-noufal ചിത്രം: അഭിജിത്ത് രവി / മനോരമ

വീടിന്റെ തറയെന്നു തോന്നിക്കുന്ന കൽക്കെട്ടിനുമേൽ എവിടെനിന്നോ ഒഴുകിയെത്തിയ കോൺക്രീറ്റ് കഷ്ണം- ചങ്കു നുറുങ്ങുന്ന വേദനയോടെ നൗഫൽ അതിന്മേലിരുന്നു. പിന്നെ കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. അത്രമേൽ ഒറ്റയ്ക്കായതിന്റെ നോവ്.

ഭാര്യ സജ്ന, മൂന്നു കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ മൂന്നു കുട്ടികൾ... 11 പേരെയാണ് ഒറ്റരാത്രി കൊണ്ടു നഷ്ടമായത്.

ഒമാനിൽ ജോലി ചെയ്യുന്ന കളത്തിങ്കൽ നൗഫൽ ബന്ധുവിന്റെ ഫോൺവിളിയെത്തിയപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. മേപ്പാടി ദുരിതാശ്വാസ ക്യാംപിൽ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണു വീടിരുന്ന സ്ഥലത്തെത്തിയത്. കൂടുതൽ സുരക്ഷിതമെന്നു തോന്നിയതിനാലാണ് ആ ദുരന്തരാത്രിയിൽ മൻസൂറിന്റെ കുടുംബവും നൗഫലിന്റെ വീട്ടിലെത്തിയത്. 

മാതാപിതാക്കൾ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകൾ നഫ്‌ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷാമന എന്നിവരുടെയും മൃതദേഹങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. സജ്ന, മക്കളായ നിഹാൽ, ഇഷാ മഹ്റിൻ, മൻസൂർ, മൻസൂറിന്റെ മക്കളായ ഷഹ്‌ല, ഷഫ്ന എന്നിവരെ കണ്ടെത്താനായിട്ടില്ല.

Tags:
  • Spotlight