Thursday 18 April 2019 04:53 PM IST : By തയാറാക്കിയത്: പ്രിയദർശിനി പ്രിയ

132 കിലോയിൽ നിന്ന് 85 ലേക്ക്; അൻഷാദ് ശരീരഭാരം കുറച്ചത് നോൺവെജ് ഡയറ്റിലൂടെ! ആ അഡാർ കഥയിങ്ങനെ

anshad1

132 കിലോയിൽ നിന്ന് 85 കിലോയിലേക്ക്, അതും ഒമ്പതു മാസം കൊണ്ട് നോൺവെജ് ഡയറ്റിലൂടെ. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ! അത്തരമൊരു അഡാർ തടി കുറയ്ക്കലിന്റെ കഥയാണ് അബുദാബിയിൽ സീനിയർ അക്കൗണ്ടന്റായ അൻഷാദ് അലിയ്ക്ക് പറയാനുള്ളത്. ഗുരുവായൂർ പുന്നയൂർക്കുളം സ്വദേശിയായ അൻഷാദിന്റെ വണ്ണം കൂടിയത് ഗൾഫിൽ എത്തിയ ശേഷമാണ്. ജോലി തിരക്കും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ കഴിയാത്തതും ശരീരഭാരം 132 കിലോയിൽ എത്തിച്ചു. നാട്ടിൽ വരുമ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കളിയാക്കലുകൾ കൂടിയപ്പോൾ രണ്ടും കൽപ്പിച്ച് വണ്ണം കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

തന്റെ പ്രത്യേകതരം ഡയറ്റിനെപ്പറ്റി അൻഷാദ് അലി പറയുന്നതിങ്ങനെ;  

കാലം കുറേയായി കേൾക്കുന്നു പല രീതിയിലുള്ള കുത്തുവാക്കുകൾ. പരിശ്രമിച്ചാൽ നേടാൻ കഴിയാത്ത എന്താ ഉള്ളത് അല്ലേ? ഏകദേശം ഒമ്പതു മാസം എടുത്തു 47 കിലോ കുറച്ചു കൊണ്ടുള്ള ഈ മാറ്റത്തിന്. ഞാൻ ചെയ്തത് KETO/LCHF ഡയറ്റാണ്. അമിതവണ്ണം കുറയ്ക്കാനായി ഞാൻ പിന്തുടർന്ന ഡയറ്റ് ഇതാ...

1.  കാലത്തു എണീറ്റ ഉടനെ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ പകുതി ചെറുനാരങ്ങാ നീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അതിന്റെ കൂടെ ആപ്പിൾ സിഡാർ വിനിഗർ ചേർക്കുന്നതും നല്ലതാണ്. യൂറിക് ആസിഡ് ഉള്ളവർക്ക് ഒരു പരിധി വരെ അത് തടയാൻ സാധിക്കും. ഞാൻ ആപ്പിൾ സിഡാർ വിനിഗർ ചേർത്താണ് കുടിയ്ക്കാറുള്ളത്. ഒരു മാസം എന്റെ യൂറിക് ആസിഡ് കൂടുതലായതും പിന്നീട് അത് തീരെ ഇല്ലാതാക്കാനും ഈ പാനീയം കൊണ്ട് സാധിച്ചു.

2. ബട്ടർ കോഫി (ബ്ലാക്ക് കോഫിയിൽ ബട്ടർ ചേർത്തിട്ടുള്ളത്) കാലത്തു കഴിക്കുന്ന ഭക്ഷണത്തോടൊപ്പമോ അല്ലാതെയോ കുടിക്കുക. ഇതുകൊണ്ട് എനർജി കൂടുതൽ ലഭിക്കും അത് മാത്രമല്ല ശരീരത്തിലേക്ക് ഫാറ്റ് ലഭിക്കുകയും ചെയ്യും. (നിങ്ങൾക്ക് ലഭ്യമായ ഏതുതരം ബട്ടറും വാങ്ങിക്കാം (അൺസാൾട്ട് ആയിരിക്കണം.)

anshad2

3. കോഴിമുട്ട കൊണ്ട് ഓംപ്ലേറ്റ് വെളിച്ചെണ്ണയോ ബട്ടറോ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. ഇതിൽ ഞാൻ ചേർക്കുന്നത് കാപ്സിക്കം, കാബേജ്, മുരിങ്ങയില, പച്ചമുളക്, സവാള പകുതി, ചീസ് എന്നിവയാണ്. ഇതാണെന്റെ ബ്രേക്ക് ഫാസ്റ്റ്. ഇടയ്ക്കിടെ ഞാൻ നാരങ്ങാവെള്ളം ഉപ്പിട്ടത് കുടിക്കും. ഇത് തുടക്കത്തിലുള്ള തളർച്ച കുറയ്ക്കാൻ സഹായിക്കും. കൂടാതെ പകുതി തേങ്ങാ എടുത്തു തേങ്ങാ കൊത്തുകളായി ഇടയ്ക്കു കഴിക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപ് ഭക്ഷണം കഴിക്കും.

4. ഉച്ചയ്ക്ക് രണ്ടു കുക്കുമ്പർ, കാപ്സിക്കം പലതരത്തിലുള്ളത്, ഒലീവ് ഓയിൽ, ഒലീവ് കായ എന്നിവ കൊണ്ട് ഗ്രീൻ സാലഡ് ഉണ്ടാക്കി കഴിക്കും. ഇതിനൊപ്പം ബീഫ് നല്ല മസാല ചേർത്ത് നാടൻ ശൈലിയിൽ വെളിച്ചെണ്ണ ഉപയോഗിച്ചു ഫ്രൈ ചെയ്യും. ഇതായിരുന്നു ഒരാഴ്ച വരെയുള്ള ഉച്ച ഭക്ഷണം. അടുത്ത ആഴ്ച ഞാൻ ബീഫ് ഒഴിവാക്കി മീനോ, ചിക്കനോ ആണ് ഞാൻ സലാഡിനൊപ്പം കഴിക്കാറ്. തൈര് ചേർത്തും സലാഡ് ഉണ്ടാക്കാവുന്നതാണ്. ഓരോ ആഴ്ചകളിലും നിങ്ങൾക്ക് ഒരോ പുതിയ രീതികൾ പരീക്ഷിക്കാം.

5. വൈകീട്ട് ബട്ടർ ഇടാതെ ബ്ലാക്ക് കോഫി കുടിയ്ക്കാറുണ്ട്. ഒപ്പം സ്നാക്ക്സ് ആയി 10 ബദാം ,10 വാൽനട്ട്, 5 അണ്ടിപ്പരിപ്പ് , 5 പിസ്താ എന്നിങ്ങനെ ഒരു ദിവസത്തേക്ക് കഴിക്കും. രാത്രിയിൽ പലപ്പോഴും പച്ചക്കറികൾ മഞ്ഞൾ ചേർത്ത് വേവിച്ചു കഴിക്കും. അല്ലേൽ ഉപ്പേരി കഴിക്കും, കൂടെ മീൻ പൊരിച്ചതും. പ്രധാനമായും ചിക്കൻ, മട്ടൻ, ബീഫ്, മൽസ്യം, കൂൺ, ക്വാളിഫ്ലവർ കൊണ്ട് ഫ്രൈ എന്നിങ്ങനെ പലതരം ഭക്ഷണങ്ങളും കീറ്റോ മെനുവിൽ നിന്ന് തിരഞ്ഞെടുക്കാം.

ആദ്യത്തെ രണ്ടു മാസം ഞാൻ വ്യായാമം ചെയ്തിട്ടില്ല. പക്ഷെ, ശരീരഭാരം കുറഞ്ഞു തുടങ്ങിയതോടെ ചിന്തിച്ചു വ്യായാമം ചെയ്താൽ ഒന്നൂടെ നന്നായിരിക്കും എന്ന്. പിന്നെ ചെറിയ രീതിയിലുള്ള വ്യായാമം ചെയ്തു തുടങ്ങി. എന്നിട്ടും ഈ ഒമ്പതു മാസത്തിനിടയ്ക്ക് 15 തവണ ഞാൻ ഡയറ്റിങ് ബ്രേക്ക് ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ കുറച്ചു കൂടി കഠിനമായി മുടങ്ങാതെ വ്യായാമം ചെയ്തു. ഇപ്പോഴും ഡയറ്റ് കൺട്രോളിലാണ്.  

anshad3