അര്ജുന്റെ അമ്മയെ എല്ലാം അറിയിച്ചിരുന്നെന്ന് ഫൈന്‍ഡ് അര്‍ജുന്‍ ആക്ഷൻ കമ്മിറ്റി കൺവീനർ നൗഷാദ് തെക്കയില്‍ മനോരമ ന്യൂസിനോട്. ‘‘എല്ലാ പ്രവര്‍ത്തനങ്ങളും അര്‍ജുന്റെ അമ്മയെ അറിയിച്ചിരുന്നു. ജിതിനെയല്ല അമ്മയെയാണ് കാര്യങ്ങൾ അറിയിച്ചത്. ഷിരൂര്‍ രക്ഷാദൗത്യത്തിന് തടസമാകുന്ന ഒന്നും ആക്ഷന്‍ കമ്മിറ്റി ചെയ്തിട്ടില്ല. കേരള, കര്‍ണാടക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ തടസമുണ്ടാക്കിയിട്ടില്ല. മനാഫിനെതിരെ പറഞ്ഞ ആരോപണങ്ങളില്‍ പരിശോധന നടക്കട്ടെ.’’- നൗഷാദ് പറയുന്നു.
ലോറിയുടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുന്നുവെന്നും അര്‍ജുന്‍റെ പേരില്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നുമാണ് ആരോപണം. ചൂഷണം തുടര്‍ന്നാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. മനാഫിന്‍റെ ഇടപ്പെടലുകള്‍ വൈകാരികമായി വേദനിപ്പിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു
അര്‍ജുന്‍റെ സംസ്കാരം കഴിഞ്ഞ് നാലാം ദിനമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തുന്നത്. വൈകാരികമായി ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്‍മാറണം. കുടുംബത്തെ അറിയിക്കാതെ ആണ് അര്‍ജുന്‍റെ പേരിലുള്ള പണം മനാഫ് കൈപ്പറ്റുന്നത്. ലോറിയുടെ ആര്‍സി ഓണര്‍ ആയ മനാഫിന്‍റെ സഹോദരന്‍ മുബീന്‍ ആണ് ആത്മാര്‍ഥതയോടെ ഒപ്പം നിന്നതെന്നും കുടുംബം പറയുന്നു.
ഈശ്വര്‍മാല്‍പയ്ക്കൊപ്പം വിഡിയോ ഇടാനും ലൈക്ക് കൂട്ടാനുമാണ് മനാഫ് ശ്രമിച്ചത്. ഇരുവരും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു. അര്‍ജുന്‍റെ പേരോ ഫോട്ടോയോ വച്ചുകൊണ്ടുള്ള യാതൊരു വൈകാരിക മുതലെടുപ്പും അനുവദിക്കില്ലെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, അര്‍ജുന്റെ പേരില്‍ അഞ്ചു പൈസ വാങ്ങിയില്ലെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അര്‍ജുന്റെ കുടുംബം അത് തെളിയിക്കട്ടെ. തന്നെ തള്ളിപ്പറഞ്ഞാലും അര്‍ജുന്റെ അമ്മ തന്റെ അമ്മ തന്നെയാണെന്നും കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാന്‍ ഇല്ലെന്നും മനാഫ് പറഞ്ഞു. ലോറിക്ക് അര്‍ജുന്‍ എന്നുതന്നെ പേരിടും. അര്‍ജുന്റെ വിഷയം പറയാനാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. ആരോ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മനാഫ് പറഞ്ഞു.