Tuesday 18 June 2019 12:27 PM IST : By സ്വന്തം ലേഖകൻ

ചെറുപിണക്കത്തിന്റെ മഞ്ഞുരുകി; എല്ലാം കോംപ്രമൈസാക്കി നവാസ് തിരികെ ഡ്യൂട്ടിയിൽ!

ernakulam-navas

ചെറുപിണക്കത്തിന്റെ മഞ്ഞുരുക്കി സിറ്റി പൊലീസ് കമ്മിഷണർക്ക് മുന്നിൽ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷും ഇൻസ്പെക്ടർ വി.എസ്. നവാസും. ഇന്നലെ ഉച്ചയ്ക്കു കമ്മിഷണർ ഓഫിസിലെത്തിയ ഇരുവരും സൗഹൃദം പങ്കിട്ടാണു പിരിഞ്ഞത്. രണ്ടു പേരോടും തന്റെ മുന്നിൽ ഒരുമിച്ചു ഹാജരാകാൻ കമ്മിഷണർ വിജയ് സാഖറെ നിർദേശം നൽകിയിരുന്നു. 

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഇവരുടെ കണ്ടുമുട്ടൽ. കമ്മിഷണറെ കണ്ട ശേഷം ഇരുവരും തോളിൽ കയ്യിട്ടാണ് ഓഫിസിനു പുറത്തേക്കു വന്നത്. സുരേഷ് തിരികെപ്പോകാനായി കാറിൽ കയറവേ നവാസ് സല്യൂട്ടും നൽകി. പരസ്പരം പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഇരുവരും വിജയ് സാഖറെയോടു പറഞ്ഞതായാണു വിവരം.

സുരേഷ് തന്നെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നതായും സംഭവിച്ച കാര്യങ്ങളിൽ വിഷമം ഉണ്ടെന്നു വെളിപ്പെടുത്തിയതായും നവാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാളെ മട്ടാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ ആയി ചുമതലയേൽക്കുമെന്നു വി.എസ്. നവാസ് പറഞ്ഞു. നിലവിൽ എറണാകുളം സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്നു നവാസ്. 

തന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് നവാസ് ഡിജിപിക്കു കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. അതേസമയം, ഇന്നലെ പി.എസ്. സുരേഷ്  മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറായി ചുമതലയേറ്റു. കമ്മിഷണറെ കണ്ട ശേഷം വൈകിട്ടോടെയാണു സുരേഷ് മട്ടാഞ്ചേരിയിലെ ഓഫിസിലെത്തിയത്.