Tuesday 28 January 2020 03:47 PM IST : By സ്വന്തം ലേഖകൻ

അപമാനിച്ച സഹോദരന്റെ കാൽ കഴുകി, ചുംബിച്ചു; വൈകാരിക നിമിഷങ്ങൾക്ക് വേദിയായി അൾത്താര, താരമായി നവീനച്ചൻ!

naveen-fgg

ഭൂമിയോളം ക്ഷമയുള്ള മനുഷ്യരെ ഇന്നത്തെ കാലഘട്ടത്തിൽ കണ്ടുമുട്ടുക പ്രയാസകരമാണ്. എന്നാൽ  ഇതിൽ നിന്നും വ്യത്യസ്തനായ ഒരാളെ പരിചയപ്പെടുത്തുകയാണ് സൈബർ ലോകം. മാള തുമ്പരശ്ശേരി സെന്റ് മേരീസ് പള്ളിയിലെ നവീൻ ഊക്കനച്ചനെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്നോട് അപമര്യാദയായി പെരുമാറിയ ആളോട് ക്ഷമിക്കുക മാത്രമല്ല, തെറ്റ് തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്ത പള്ളി വികാരിയാണ് നവീനച്ചൻ. 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം; 

നവീനച്ചാ നിങ്ങൾ വലിയവനാണ്!

ഇടവകയിലെ വയസ്സു ചെന്നവരുമായി സന്തോഷത്തോടെ നടത്തിയ വിനോദയാത്ര കഴിഞ്ഞ് എത്തിയപ്പോൾ കുറച്ച് നേരം വൈകി! വിനോദയാത്രയിൽ ഉണ്ടായിരുന്ന ഒരു അമ്മയുടെ മകൻ, നവീൻ ഊക്കനച്ചനെ നേരം വൈകിയതിൽ ചിത്ത വിളിച്ചു, പിടിച്ച് തള്ളി... പ്രശ്നം രൂക്ഷമായി. ഫൊറോന വികാരിയുടെ നേതൃത്വത്തിൽ പൊതുയോഗം കൂടി തീരുമാനം എടുത്തു. അച്ചനെ പിടിച്ചു തള്ളിയ സഹോദരൻ ഞായറാഴ്ച കുർബാനയുടെ ഇടയിൽ അച്ചനോട് മാപ്പ് പറയണം. പൊതുമാപ്പ് പറയാൻ ഇടവകക്കാർ ഒന്നടങ്കം കൈയടിച്ചു. 

ഞായറാഴ്ച വി. കുർബാനയ്ക്ക് പതിവിൽ കൂടുതൽ ആളുകൾ ഉണ്ടായി. എല്ലാവരും കാത്തിരിക്കുന്ന സമയമായി. അച്ചൻ അറിയിപ്പിന്റെ സമയത്ത് പറഞ്ഞു. പൊതുയോഗ തീരുമാനപ്രകാരം ആ മകൻ മാപ്പ് പറയാൻ വരണം. കുറെപേർക്ക് മനസ്സിൽ പലചിന്തകളും വന്നു. ഒരു വൈദികന് ഇത് ഒഴിവാക്കാമായിരുന്നു. പക്ഷേ, ചിന്തിച്ചവരെയും, മാപ്പു കാത്തിരുന്നവരെയും അമ്പരപ്പെടുത്തി അച്ചൻ പുതിയ ചരിത്രം എഴുതി.

അച്ചൻ ആ സഹോദരനെ പൊതുയോഗ തീരുമാനം അംഗീകരിച്ച് പള്ളിയിൽ മാപ്പു പറയുവാൻ വന്നതിന് അഭിനന്ദിച്ചു. അച്ചൻ എല്ലാവരോടും കൈയടിക്കാൻ പറഞ്ഞു.! നവീനച്ചൻ പറഞ്ഞു, "ഇത്രയും നാൾ ഞാൻ നാവ് കൊണ്ട് വചനം പറഞ്ഞു... ഇന്ന് ഞാൻ വചനത്തിൽ ജീവിക്കുന്നു.."

നവീനച്ചൻ ആ സഹോദരനെ മുന്നിൽ ഇരുത്തി പെസഹാ വ്യാഴ ദിവസം പളളിയിൽ വായിക്കുന്ന സുവിശേഷ ഭാഗം വായിച്ചു.. യേശു തന്റെ ശിഷ്യന്മാരുടെ പാദം കഴുകുന്ന ഭാഗം. അച്ചൻ താൻ അണിഞ്ഞിരുന്ന കാപ്പ മാറ്റി ആ സഹോദരന്റെ കാൽ കഴുക്കി, കാൽ ചുംബിച്ചു. പള്ളിയ്ക്കുള്ളിലുണ്ടായിരുന്ന എല്ലാവരും വാവിട്ട് കരഞ്ഞു. പള്ളിക്കകം മുഴുവൻ കരച്ചിൽ ശബ്ദം ആയി. ആ സഹോദരനും കരഞ്ഞു...

പിന്നെ അച്ചൻ പറഞ്ഞു. ഞങ്ങൾ വി. കുർബാന സ്വീകരിക്കുന്നു. അച്ചനും ആ സഹോദരനും വി. കുർബാന സ്വീകരിച്ചു. സഹോദരൻ അച്ചന്റെ കാലിൽ വീണു. അച്ചൻ കരയുന്ന ഇടവക ജനത്തോട് പറഞ്ഞു. "എനിക്കറിയാം നിങ്ങൾ എന്നെ അതിരറ്റ് സ്നേഹിക്കുന്നുണ്ട്.. എനിക്ക് ഈ മാസം 30 ന് പുതിയ ഇടവകയിലേക്ക് സ്ഥലം മാറ്റം ആണ്.. എനിക്ക് ഒരു സമ്മാനം തരാമോ ? ഈ സഹോദരനെക്കൊണ്ട് ഇനി നിങ്ങൾ പൊതുമാപ്പ്  പറയിക്കരുത്! നിങ്ങൾക്ക് സമ്മതമാണെങ്കിൽ കയ്യടിക്കൂ.’’ ജനം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. 

നഷ്ട്ടപ്പെട്ട ആടിനെ തിരിച്ച് കൊണ്ട് വന്ന വൈദികൻ. ഇതാണ് നവീൻ ഊക്കൻ അച്ചൻ. ജീവിക്കുന്ന വചനമാകുന്ന ഒരു യുവ വൈദികനെ ഇടവക ഒന്നടങ്കം കണ്ടു.. അവർക്ക്  ശരിക്കും ക്രിസ്തു ഞങ്ങളുടെ മുന്നിൽ നിൽക്കുന്നതുപ്പോലെ  അനുഭവം ഉണ്ടായി.! നവീനച്ചനെ ഞാൻ നമിക്കുന്നു. ഇതാണ് യഥാർത്ഥ ക്രിസ്തുവിന്റെ ശിഷ്യൻ. ഇനി ആ ഇടവകയിലെ ഒരു കുഞ്ഞിനും ഇനി ക്ഷമിക്കാൻ ആരും പറഞ്ഞ്  കൊടുക്കേണ്ടാ. അവരെല്ലാം ഈ യുവ അച്ചനിലുടെ പഠിച്ചു.!

ഇതാണ് വചനം... ജീവിക്കുന്ന വചനമായ വൈദികർ ഇടവകയിൽ ഉണ്ടായാൽ ഇടവക മാറും, ഇടവക ജനം മാറും.! നവീനച്ചാ ... പൂർണ്ണ ഹൃദയത്തോടെ അച്ചന് ഒരു സ്തുതി തരട്ടെ ! അച്ചാ.. ഈശോ മിശിഹായ്ക്കും സ്തുതി. കാരണം ഞങ്ങളുടെ മുന്നിൽ നവീനച്ചൻ ഈശോ തന്നെ ആയി മാറിയിരിക്കുന്നു. മാള തുമ്പരശ്ശേരി സെന്റ് മേരീസ് പള്ളിയിൽ ആണ് ഈ വൈകാരിക നിമിഷങ്ങൾ നടന്നത്.

Tags:
  • Spotlight
  • Social Media Viral