Tuesday 19 February 2019 06:28 PM IST : By സ്വന്തം ലേഖകൻ

‘നിലം പൊത്താറായ കൂരയിൽ ഇനിയവൾ കഴിയേണ്ട’! കൂട്ടുകാരിക്ക് സ്നേഹവീടൊരുക്കി കൃഷ്ണമേനോന്‍ കോളേജിലെ പെൺകരുത്ത്

house

നൻമയുടെ കെടാത്ത ഒരു നാളം ഇപ്പോഴും എരിയുന്നുണ്ട്. അതിൽ നിന്നു പകർന്ന ഒരു തുള്ളി വെളിച്ചം ഇനി നവ്യയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ സന്തോഷത്തിന്റെ പ്രകാശം പരത്തും.

കുറച്ചു കാലം മുൻപു വരെ ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന ഒരു കൂരയ്ക്കു കീഴെയായിരുന്നു കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ നവ്യയുടെയും കുടുംബത്തിന്റെയും താമസം. എന്നാലിപ്പോൾ അടച്ചുറപ്പുള്ള സ്വന്തം വീട് എന്ന സ്വപ്നം നവ്യയ്ക്കും കുടുംബത്തിനും ഏറെ വിദൂരമല്ല.

നവ്യയുടെ വീടിന്റെ ദുരിതം കണ്ടറിഞ്ഞ് സഹപാഠികളായ കൂട്ടുകാരികളാണ് പുത്തൻ വീടിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.

തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായ അച്ഛന്‍, അമ്മയും രണ്ട് സഹോദരിമാരും, നിലം പൊത്താറായ തറവാട്ടു വീട്ടിലെ ജീവിതം, പ്രയാസങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിലാണ് നവ്യയുടെ കുടുംബം. സോപ്പ് നിര്‍മ്മാണത്തിലൂടെയാണ് ഇവർ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജിലെ ഒന്നാം വര്‍ഷം സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ് നവ്യ.

എന്നാല്‍ ഈ ദുരിതങ്ങൾക്കിടയിൽ നിന്ന് ഒരു ചെറു പിടിവള്ളി പോലെ കൂട്ടുകാരിക്കു വീടൊരുക്കാന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജിലെ പെണ്‍കൂട്ടായ്മ ഒത്തു ചേരുകയായിരുന്നു. ‘സ്വപ്നക്കൂട്’ എന്ന പേരിലാണ് എന്‍എസ്എസ് യൂണിറ്റ് പദ്ധതി നടപ്പാക്കുന്നത്. 2019 ഫെബ്രുവരി അവസാനത്തോടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. ഇതിനായി പണം സ്വരൂപിക്കുക മാത്രമല്ല, നിര്‍മ്മാണത്തിനായുള്ള കല്ലും മണ്ണും ചുമക്കുന്നതു വരെ വിദ്യാര്‍ത്ഥികളാണ്.

സുമനസ്സുകളുടെ സഹകരണത്തോടെയാണ് വീടിന്റെ നിര്‍മ്മാണം. അഞ്ച് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. 3.5 ലക്ഷം ഇതിനോടകം സ്വരൂപിച്ചു. കൂടുതല്‍ പേര്‍ സഹായവുമായി മുന്നോട്ട് വരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ എസ്ബി പ്രസാദ് പറഞ്ഞു.