Wednesday 12 September 2018 12:02 PM IST : By സ്വന്തം ലേഖകൻ

‘കണ്ണ് തുറക്കൂ ഖുൽസൂം...എന്റെ മുഖത്തേക്ക് നോക്കൂ’; പ്രിയതമയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫ്–വൈറൽ വിഡിയോ

nawas

‘കണ്ണ് തുറക്കൂ ഖുൽസൂം...എന്റെ മുഖത്തേക്ക് ഒരു തവണയെങ്കിലും നോക്കൂ...ഖുൽസൂം എന്റെ വാക്കുകൾ നീ കേൾക്കുന്നുണ്ടോ?’ ആശുപത്രി കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്ന പ്രിയപത്നി ഖുൽസൂമിനോട് ആവർത്തിച്ച് ചോദിക്കുകയാണ് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആ വിളി അവർ കേൾക്കില്ല എന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ട്. എങ്കിലും പ്രതീക്ഷയുടെ ഒരു തരിയെങ്കിലും ബാക്കിയാക്കിയാണ് സ്നേഹത്തോടെയുള്ള ആ വിളി.

നവാസ് ഷെരീഫിന്റെ പ്രിയപത്നി ഖുൽസൂം ഷെരീഫിന്റെ വിയോഗ വാർത്തയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിലെ രംഗങ്ങളാണിത്. കണ്ണീരടക്കാതെ ആർക്കും ഈ രംഗങ്ങൾ കണ്ടു നിൽക്കാനാകില്ല. നവാസ് ഷെരീഫും പത്നി ഖുൽസൂമും തമ്മിലുള്ള അറ്റുപോകാത്ത സ്നേഹത്തിന്റെ നേർചിത്രമെന്നോണമാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

‘ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണു തുറക്കൂ ഖുല്‍സൂം…’ ഉര്‍ദുവില്‍ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വച്ച് ജൂലൈ 12 ന് ചിത്രീകരിച്ച വീഡിയോയാണിത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കാന്‍ ലണ്ടനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പാണ് നവാസ് ഷെരീഫ് ഭാര്യയെ കാണാനെത്തുന്നത്. അര്‍ബുദ ബാധിതയായ ഭാര്യ ആശുപത്രിക്കിടക്കയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നത്. ലണ്ടനിൽ ചികിത്സയിൽ കഴിയവേയായിരുന്നു ഖുല്‍സൂം അന്തരിച്ചത്. ആ അവസ്ഥയില്‍ ഖുല്‍സൂമിനെ വിട്ട് പോകേണ്ടി വരുന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ദൈവത്തെ ഏല്‍പ്പിച്ചാണ് താന്‍ പോകുന്നതെന്നും ദൈവം ഖുല്‍സൂമിനെ സംരക്ഷിക്കുമെന്നുമായിരുന്നു നവാസ് ഷെരീഫ് അന്നു പങ്കുവച്ച വാക്കുകള്‍.

നവാസ് ഷെരീഫ്, മകള്‍ മറിയം, മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ നിലവില്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്. ഭാര്യയുടെ അന്തിമചടങ്ങില്‍ പങ്കെടുക്കാനായി നവാസ് ഷെരീഫിന് പരോള്‍ ലഭിക്കുമെന്നാണ് വിവരം.

1950ല്‍ ലാഹോറിലെ ഒരു കശ്മീരി കുടുംബത്തിലാണ് ഖുല്‍സൂം ജനിച്ചത്. ലാഹോറിലെ മുന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് ഖുല്‍സൂം ബിരുദം നേടിയത്.