Thursday 23 April 2020 11:20 AM IST

മുറിവുണങ്ങും, കാറ്റിന് പോലും ഔഷധഗുണം;വീട്ടിൽ വേണം ഒരു ആര്യ വേപ്പ്

Rakhy Raz

Sub Editor

final-neem

കേരളത്തിലെ മിക്ക വീടുകളിലും ഉള്ള വൃക്ഷം ആണ് ആര്യവേപ്പ്. അല്ലെങ്കിൽ തീർച്ചയായും നട്ടു പിടിപ്പിക്കേണ്ട വൃക്ഷമാണ് അത്. കാരണം ആര്യവേപ്പിന്റെ ഇലകളിൽ തട്ടിവരുന്ന കാറ്റു പോലും ഔഷധ ഗുണമുള്ളതാണെന്ന് ആയുർവേദം പറയുന്നു.

പലർക്കും ഇതിന്റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല. ഇല, തൊലി, വിത്ത്, തടി, വേര് തുടങ്ങി ആര്യ വെപ്പിന്റെ എല്ലാ ഭാഗവും ആയുർവേദ മരുന്നുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. ആയുർവേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പ്രമുഖ ഔഷധമായി പ്രതിപാദിക്കുന്നുന്നുമുണ്ട്.

ചർമം മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. മുഖക്കുരുവിന് മികച്ച പരിഹാരം ആണ്. ആന്റി ബാക്റ്റീരിയൽ ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ താരൻ തലയിലെ മറ്റു ചർമ രോഗങ്ങൾ എന്നിവയ്ക്കും ഉത്തമം. അരച്ചു പുരട്ടുകയോ ആര്യവേപ്പിട്ട് തിളപ്പിച്ച വെള്ളം കുളിക്കാനുള്ള വെള്ളത്തിൽ കലർത്തി കുളിക്കുകയോ ചെയ്യാം.

ആര്യവേപ്പില ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും അലർജി ചൊറിച്ചിൽ എന്നിവയ്ക്കും ശമനമുണ്ടാകും. ചർമരോഗങ്ങൾ ഉള്ള ശരീരഭാഗങ്ങളിൽ ആര്യവേപ്പില കഷായം പുരട്ടിയാൽ വളരെ വേഗം രോഗശമനമുണ്ടാകും. ആര്യവേപ്പില അല്പം വെള്ളത്തിൽ തിരപ്പിച്ചെടുക്കുന്നതാണ് കഷായം.

ആര്യവേപ്പിന്റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാൽ മുറിവുണങ്ങും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്റെ പട്ട കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. വിഷ ജന്തുക്കൾ കടിച്ചുണ്ടാകുന്ന. മുറിവിനും പൊള്ളലേറ്റ മുറിവിനും നല്ലതാണ്.

ആര്യ വേപ്പില അരച്ച് കുഴമ്പു രൂപത്തിൽ സേവിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. അത് അത്ര എളുപ്പം അല്ലെങ്കിലും. ശരീരത്തിലെ ഉപാപചയ പ്രക്രിയയെ ശക്തിപ്പെടുത്തി കൊഴുപ്പ് ഉരുക്കുന്നതിനാൽ അമിത വണ്ണവും തൂങ്ങിയ വയറും കുറയ്ക്കാൻ ആര്യവേപ്പ് കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോൾ കുറയ്ക്കുന്നു എന്നതും ഭാരക്കുറവിലേക്ക് നയിക്കും.

വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാൽ കൊതുക് കടിക്കാതിരിക്കും. വേപ്പെണ്ണ വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളിൽ സന്ധ്യാസമയത്ത് ചെറുതായി തളിച്ചാൽ കൊതുകിന്റെ ശല്യം ഒഴിവാക്കാം.

ആര്യവേപ്പ് മികച്ച ജൈവകീടനാശിനി കൂടിയാണ്. ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്.

Tags:
  • Spotlight