Thursday 05 September 2019 07:11 PM IST

ഓപ്പറേഷൻ തീയറ്ററിന്റെ വാതിലടയും മുമ്പ് സുനിലേട്ടൻ ഉറപ്പോടെ പറഞ്ഞു, ‘പേടിക്കേണ്ട ഞാൻ വരും!’ പ്രിയപ്പെട്ടവന്റെ ഓർമകളിൽ നീന പ്രസാദ്

Tency Jacob

Sub Editor

neena- ഫോട്ടോ: അരുൺ സോൾ

ജൂലൈ പതിനാലാം തീയതിയായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. ഫോട്ടോ ഫിനിഷ് ചെയ്തപോലെ പതിനൊന്നു വർഷത്തെ ദാമ്പത്യം കൃത്യമായി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ സുനിൽ പോയി.’’ തിരുവനന്തപുരം മുറിഞ്ഞപാലത്തെ ‘ഭരതനാട്യാഞ്ജലി’എന്ന വീട്ടിലിരുന്ന് നീന പ്രസാദ് ഓർമകളിലേക്ക് പിന്മടക്കം നടത്തി. എസ്എഫ്ഐ നേതാവും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അഡ്വ. സുനിൽ സി കുര്യൻ.

‘‘വിവാഹവാർഷികത്തിന്റെയന്ന് ‘നമുക്കൊന്ന് പുറത്തു പോകാം’ എന്നു പറഞ്ഞത് ഞാനാണ്. വയ്യായ്ക കൊണ്ടായിരിക്കാം സുനിലൊന്നു മടിച്ചു. എന്നാലും എന്റെ ആഗ്രഹത്തിന് ഞങ്ങളന്ന് പോങ്ങുംമൂട് സിംഹാസനപള്ളിയിൽ പോയി. പ്രാർഥിച്ചു കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു പള്ളിയിലെ അവസാന ബഞ്ചിൽ ശൂന്യതയിലേക്കു നോക്കിയിരിക്കുന്ന സുനിലിനെ. ഇറങ്ങുമ്പോൾ പള്ളിയിലെ അച്ചൻ വന്ന് സംസാരിച്ചു. ‘ഓഗസ്റ്റ് മാസത്തിൽ മാതാവിന്റെ പെരുന്നാളാണ്, രണ്ടുപേരും വരണം’ ചെറുതായി ചിരിച്ചുകൊണ്ട് സുനിൽ തീർച്ചയോടെ പറഞ്ഞു. ‘ഞാനുണ്ടാകില്ല...’

പാരസെറ്റമോൾ എന്ന്‌ മുതലാണ്‌ ജീവന്‌ ഹാനിയായിത്തുടങ്ങിയത്?; മുറിയൻ മെസേജുകൾ തൊണ്ടതൊടാതെ വിഴുങ്ങും മുമ്പ്

‘അവരൊക്കെ വെളുത്തിട്ടാണ്, നിന്നെ എത്ര മേക്കപ്പ് ചെയ്താലും അത്രയും ആവൂല്ല’! ഹൃദയം പൊള്ളിക്കുന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സയനോര

വെറുമൊരു കളിയാക്കൽ, അത്രമാത്രം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഡി ഗ്രിക്കു പഠിക്കുമ്പോഴാണ് എനിക്ക് കലാതിലകപ്പട്ടം കിട്ടുന്നത്. അന്നെനിക്കു കോളജിൽ സമ്മാനം തന്നത് സുനിലായിരുന്നു. ആറടി രണ്ടിഞ്ചു പൊക്കമുള്ള, മുഖത്ത് ലജ്ജ കലർന്ന ചിരിയുള്ള സുനിൽ ആ ഫോട്ടോ ഫ്രെയിമിലിപ്പോഴും തെളിച്ചത്തോടെയുണ്ട്. ഒരു ചെറിയ കുട്ടിയുടെയത്ര വലുപ്പമുള്ള ഞാൻ നൃത്തവേഷത്തിൽ, നിറഞ്ഞ ചിരിയിലാണ്. അതായി രുന്നു ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.

യൂണിവേഴ്സിറ്റി കോളജിൽ എന്റെ സീനിയറായിരുന്ന സുനിൽ, അന്ന് യൂണിയൻ ചെയർമാനാണ്. ഞാനാണെങ്കിൽ നൃത്തമേ ഉലകം എന്നു ചിന്തിച്ചു നടക്കുന്നൊരു പെൺകുട്ടിയും. സമ്മാനം തരുന്ന ഫോട്ടോയിലെ ഞങ്ങൾ തമ്മിലുള്ള പൊക്കത്തിന്റെ അന്തരം കണ്ട് കൂട്ടുകാർ കളിയാക്കിത്തുടങ്ങിയതാണ്. അന്നൊന്നും ഞങ്ങൾക്കിടയിൽ പ്രേമമില്ല. കോളജ് വിട്ടതിനുശേഷമാണ് അങ്ങനെയൊരു തീപ്പൊട്ട് ഞങ്ങളുടെയുള്ളിൽ വീണത് തിരിച്ചറിയുന്നത്.

അന്നത്തെ സ്വപ്നങ്ങളൊന്നും ഒരുമിച്ചുള്ള ജീവിതത്തിലേക്കെത്തിയില്ല. രണ്ടു മതവിഭാഗങ്ങളായതുകൊണ്ട് എതിർപ്പുകളുണ്ടായിരുന്നു. അന്നു വിവാഹം കഴിച്ചിരുന്നുവെങ്കിൽ രണ്ടുപേരുടേയും ജീവിതം ഇതാകുമായിരുന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം വിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും ആ സങ്കടമൊരിക്കലും വിട്ടു പോയില്ല.

n1

‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമ ഞങ്ങളുടെ ജീവിതത്തിനു കൃത്യം ചേരുന്നതാണെന്നു തോന്നിയിട്ടുണ്ട്. എനിക്ക് നൃത്തമല്ലാതെ മറ്റൊന്നും ഇഷ്ടമല്ലായിരുന്നു. അച്ഛൻ പ്രൊഫ. ഭാസ്ക്കരപ്രസാദും അമ്മ ലളിതാബായിയും കലയെ പ്രോത്സാഹിപ്പിക്കുന്നവരും നൃത്തം ഇഷ്ടമുള്ളവരുമാണ്. സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിനുശേഷം കൊൽക്കത്ത രബീന്ദ്ര ഭാരതിയീർ യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ പിഎച്ച്ഡി ചെയ്തു. ലണ്ടനിലാണ് പോസ്റ്റ് ഡോക്ടറേറ്റ് ചെയ്തത്. നൃത്തമല്ലാതെ ഇഷ്ടമുള്ളൊരു ലോകം സുനിലായിരുന്നു. പക്ഷേ...

വീട്ടിലെ മൂത്തമകനായതുകൊണ്ട് എന്നെപ്പോലെ വിവാഹം ഒഴിവാക്കാൻ സുനിലിനാകുമായിരുന്നില്ല. സുനിലിന്റെ ആ ദ്യ വിവാഹത്തിൽ ഒരു മോനുണ്ട്. പിന്നീട് വിവാഹമോചനവും പാർട്ടിയിൽ നിന്നു പുറത്താകലും കൂടെയുണ്ടായിരുന്നവരുടെ ഒറ്റപ്പെടുത്തലും എല്ലാമായി വല്ലാത്ത അവസ്ഥയിപ്പോയ സമയത്ത് സുനിലിന്റെ ഡാഡിയായിരുന്നു ഞങ്ങളെ ഒരു മിപ്പിക്കാൻ മുൻകൈ എടുത്തത്. ഞാനന്ന് വിവാഹമേ വേണ്ട എന്നുറപ്പിച്ച് ഒരു സമ്പൂർണ നർത്തകിയിലേക്കു കൂടു മാറിയ സമയമാണ്. പരസ്പരം ജീവിതത്തിന് താങ്ങാവുമെങ്കിൽ നല്ലതല്ലേ എന്ന തോന്നലിലാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. അപ്പോഴേക്കും വീട്ടുകാരുടെ എതിർപ്പ് അലിഞ്ഞില്ലാതായിരുന്നു. ജീവിതം നന്നായിത്തന്നെയാണ് മുൻപോട്ടു പോയത്. സുനിൽ എനിക്കു നൽകിയ സ്വാതന്ത്ര്യവും സപ്പോർട്ടും ഒരുപാട് വലുതാണ്.

ഉറപ്പായിരുന്നു, തിരികെവരുമെന്ന്

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിയുമ്പോഴാണ് സുനിലിന് കരൾരോഗം തിരിച്ചറിയുന്നത്. രാഷ്ട്രീയവും റെഡ്ക്രോസ് സൊസൈറ്റിയിലെ കാര്യങ്ങളും പിന്നെ, അഭിഭാഷക ജീവിതവുമൊക്കെയായി സുനിൽ ജീവിതം തിരിച്ചുപിടിക്കുന്ന സമയമാണ്. റെഡ്ക്രോസ് സൊസൈറ്റി കേരളഘടകം ചെയർമാനായിരുന്ന സുനിലാണ് കേരളത്തിൽ അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചത്.

ഒരു ദിവസം മാങ്ങ ചെത്തുമ്പോൾ കൈയൊന്നു മുറിഞ്ഞു. എന്തെല്ലാം ചെയ്തിട്ടും രക്തമൊഴുകുന്നത് നിർത്താൻ പറ്റുന്നില്ല. പിന്നീടുള്ള പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. കരൾ മാറ്റി വയ്ക്കണമെന്ന് പറഞ്ഞെങ്കിലും ഇണങ്ങുന്നത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. ഒടുവിൽ എല്ലാം ശരിയായപ്പോൾ ലാഘവത്തോടെയാണ് ഓപ്പറേഷൻ തിയറ്ററിലേക്കു പോയതും. തിയറ്ററിന്റെ വാതിലടയുന്നതിനു മുൻപ് ഉറപ്പോടെ പറഞ്ഞു. ‘പേടിക്കേണ്ട, ഞാൻ വരും.’

രാത്രി ഓപ്പറേഷൻ കഴിഞ്ഞ് വരുമ്പോൾ ഓർമയുണ്ടെങ്കിലും മയക്കത്തിൽ തന്നെയാണ്.പിറ്റേന്നു ഒബ്സർവേഷനിലായതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. രണ്ടാം ദിവസം രാവിലെ ഒരു ഫോൺ.‘ ഞാനാണ്, നീ ഒരു നമ്പർ എഴുതിയെടുക്കണം’ ഞാനാകെ അമ്പരന്നു. ‘ഇതാരുടെ ഫോൺ?’എന്നു ചോദിച്ചു. നഴ്സിന്റെയാണ്. ഏതോ കേസിന്റെ നമ്പറാണ് പറയുന്നത്. അത് ആർക്കോ കൈമാറണം. ഞാൻ ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ പോലെ നോക്കി. അതായിരുന്നു സുനിൽ, മരണത്തിനു മുന്നിലും നിർഭയനായി നിന്ന ഒരാൾ.

n2

ആറുമാസത്തിനപ്പുറമില്ലെന്നു തീർപ്പു പറഞ്ഞ ഡോക്ടർമാരെ അമ്പരപ്പിച്ച് എട്ടു വർഷമാണ് ജീവിച്ചത്. മാർച്ച് മാസം വരെ നല്ല ആരോഗ്യത്തോടെയിരുന്നു. ഏപ്രിൽ ആയപ്പോഴേക്കും കണ്ണിന് വല്ലാത്ത മഞ്ഞനിറം. പരിശോധിച്ചപ്പോൾ ബിലി റൂബിൻ കൂടിയിരിക്കുന്നു. എന്തു മരുന്നു ചെയ്തിട്ടും കുറയുന്നില്ല. ഞങ്ങൾ വീണ്ടും അപ്പോളോ ഹോസ്പിറ്റലിലേക്കു പോ യി. ട്രീറ്റ്മെന്റ് എടുത്തു വീട്ടിലെത്തുമ്പോൾ നല്ല മാറ്റമുണ്ടാ യിരുന്നു. പിന്നീട് കാര്യങ്ങൾ ഗുരുതരമായി തുടങ്ങി.

‘എന്റെ ലാസ്റ്റ് റീലാണ് ഓടിക്കൊണ്ടിരിക്കുന്നത്, ഇനിയുള്ള ദിവസങ്ങളെല്ലാം ബോണസ്’ ആണെന്നു തമാശ പറയും. ചികിത്സ മടുത്തുതുടങ്ങിയിരുന്നു. എന്തു ചെയ്താലും വരേണ്ടത് വന്നിരിക്കും എന്നായിരുന്നു സുനിലിന്റെ പക്ഷം.

റെഡ്ക്രോസിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന നാൻസി എന്റെ കൂടെ എപ്പോഴുമുണ്ടായിരുന്നു. ശരിക്കും ഒരു മക ളെപ്പോലെ. എനിക്കും നാൻസിക്കും സുനിലിനെ എടുത്തു പൊക്കാൻ പറ്റാതെ വന്നപ്പോൾ ഒരിക്കൽ സങ്കടം മുഖത്തു നിറഞ്ഞു. ‘എന്നെക്കൊണ്ട് ബുദ്ധിമുട്ടായല്ലേ...’

മരിക്കുന്നതിനു തലേന്ന് സുനിലിന്റെ മകൻ ബെവാൻ വ ന്നു. അവനെ കണ്ടപ്പോൾ കണ്ണുകൾ നനഞ്ഞു. അവസാന ദിവസം വല്ലാതെ തളർന്നപ്പോൾ എല്ലാവരും ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്ന് ശാഠ്യം പിടിച്ചു. ‘‘ഞാൻ തീരെ വേദനിപ്പിക്കില്ല സുനിലേട്ടാ’’ എന്നുറപ്പു കൊടുത്തിട്ടാണ് കൊണ്ടുപോയത്. ഹോസ്പിറ്റലിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും പ്രഷർ താഴ്ന്നു.

അങ്ങനെയൊരാൾ...

സുനിലിനുവേണ്ടി ഞാൻ എന്തെങ്കിലും വേണ്ടെന്നു വയ്ക്കുന്നതൊക്കെ അപമാനമായാണ് കരുതിയിരുന്നത്. പ്രോഗ്രാം വേണ്ടെന്നു വയ്ക്കുമ്പോൾ ‘‘നീ മരിച്ചു കിടക്കുമ്പോഴായാ ലും എനിക്കൊരാവശ്യം വരികയാണെങ്കിൽ, ഒരഞ്ചു മിനിറ്റ് എന്നു നിന്നോടു പറഞ്ഞ്, ഞാൻ പോയി ആ കാര്യം നടത്തിവരും.’’ എന്നു പറയും. സുനിൽ തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് എനിക്കിപ്പോഴും പ്രചോദനം. ‘‘ജീവിതമല്ലേ, കൂടെയുള്ളവർ വീണുപോയാലും ബാക്കിയാകുന്നയാളുടെ ജീവിതം മുന്നോട്ടു പോകുകതന്നെ ചെയ്യും. മരിച്ചവരുടെ ഓർമ കൾ ശക്തിയും ഊർജവുമായാണ് നിലകൊള്ളേണ്ടത്.’’

പ്രണയനാളുകളിൽ തമ്മിൽ കത്തെഴുതുമായിരുന്നു. കാ ലം ഒരുപാടു കടന്നുപോയിട്ടും വേറൊരു ജീവിതത്തിലേക്കു കയറി തിരിച്ചിറങ്ങിയിട്ടും അതെല്ലാം കളയാതെ കാത്തുവച്ചിരുന്നു. കല്യാണം കഴിഞ്ഞ നാളുകളിൽ ആ കത്തുകൾ സുനിൽ കാണിച്ചപ്പോൾ എന്റെ ഹൃദയം സ്നേഹത്താലും പ്രണയത്താലും നിറഞ്ഞു.

neena-

ഞങ്ങളുടെ കുഞ്ഞുകുട്ടിത്തരങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു വീട്. എന്നെ ഓരോ ദിവസം ഓരോ പേരാണ് വിളിക്കുക. ഗുൽബർഗി, പക്കീരി... എത്രയോ ഓമനപ്പേരുകൾ. റോഡ് മുറിച്ചു കടക്കുമ്പോഴും കാറിൽ നിന്നിറങ്ങുമ്പോഴെല്ലാം ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ വന്ന് കൈപിടിക്കും. അവസാനകാലങ്ങളിൽ ഇല്ലാതെ പോയതും അതെല്ലാമായിരുന്നു.വിശേഷ അവസരങ്ങളിലൊക്കെ ഡാൻസ് കാണാൻ വരും. എല്ലാവരോടും അഭിപ്രായം ചോദിക്കും.‘നീനയുടെ ഡാൻസ് കണ്ടോ?’

മരണത്തിലേക്കുള്ള യാത്രയിൽ മയങ്ങിക്കിടക്കുമ്പോൾ ഞാൻ ചെവിയിൽ പറഞ്ഞു. ‘‘സുനിലേട്ടാ, സന്തോഷായിട്ടു പോകണം. ഇനിയും എന്റെ എല്ലാ കാര്യങ്ങളിലും കൂടെയു ണ്ടാകണം.’’ അതു കേട്ടിരുന്നുവെന്ന് എനിക്കുറപ്പാണ്. അതല്ലേ ഇപ്പോഴും എന്റെ കൂടെയുണ്ടെന്നു തോന്നുന്നത്.

Tags:
  • Relationship