Saturday 12 October 2019 02:54 PM IST

എന്റെ ലാസ്റ്റ് റീലാണ് ഓടിക്കൊണ്ടിരിക്കുന്നത്, ഇനിയുള്ളതെല്ലാം ബോണസ്; നെഞ്ചുനീറ്റിയ ആ തമാശ, നീന ഓർക്കുന്നു

Tency Jacob

Sub Editor

npp

അകാലത്തിൽ നഷ്ടമായ പ്രിയപ്പെട്ടവനെക്കുറിച്ച്, ഏറെ ട്വിസ്റ്റ് നിറഞ്ഞ ജീവിതത്തെക്കുറിച്ച് നർത്തകി ഡോ. നീന പ്രസാദ്

ജൂലൈ പതിനാലാം തീയതിയായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. ഫോട്ടോ ഫിനിഷ് ചെയ്തപോലെ പതിനൊന്നു വർഷത്തെ ദാമ്പത്യം കൃത്യമായി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ സുനിൽ പോയി.’’ തിരുവനന്തപുരം മുറിഞ്ഞപാലത്തെ ‘ഭരതനാട്യാഞ്ജലി’എന്ന വീട്ടിലിരുന്ന് നീന പ്രസാദ് ഓർമകളിലേക്ക് പിന്മടക്കം നടത്തി. എസ്എഫ്ഐ നേതാവും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അഡ്വ. സുനിൽ സി കുര്യൻ.

‘‘വിവാഹവാർഷികത്തിന്റെയന്ന് ‘നമുക്കൊന്ന് പുറത്തു പോകാം’ എന്നു പറഞ്ഞത് ഞാനാണ്. വയ്യായ്ക കൊണ്ടായിരിക്കാം സുനിലൊന്നു മടിച്ചു. എന്നാലും എന്റെ ആഗ്രഹത്തിന് ഞങ്ങളന്ന് പോങ്ങുംമൂട് സിംഹാസനപള്ളിയിൽ പോയി. പ്രാർഥിച്ചു കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു പള്ളിയിലെ അവസാന ബഞ്ചിൽ ശൂന്യതയിലേക്കു നോക്കിയിരിക്കുന്ന സുനിലിനെ. ഇറങ്ങുമ്പോൾ പള്ളിയിലെ അച്ചൻ വന്ന് സംസാരിച്ചു. ‘ഓഗസ്റ്റ് മാസത്തിൽ മാതാവിന്റെ പെരുന്നാളാണ്, രണ്ടുപേരും വരണം’ ചെറുതായി ചിരിച്ചുകൊണ്ട് സുനിൽ തീർച്ചയോടെ പറഞ്ഞു. ‘ഞാനുണ്ടാകില്ല...’

neena-prasd ചിത്രങ്ങൾ; അരുൺ സോൾ

ഉറപ്പായിരുന്നു, തിരികെവരുമെന്ന്

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിയുമ്പോഴാണ് സുനിലിന് കരൾരോഗം തിരിച്ചറിയുന്നത്. രാഷ്ട്രീയവും റെഡ്ക്രോസ് സൊസൈറ്റിയിലെ കാര്യങ്ങളും പിന്നെ, അഭിഭാഷക ജീവിതവുമൊക്കെയായി സുനിൽ ജീവിതം തിരിച്ചുപിടിക്കുന്ന സമയമാണ്. റെഡ്ക്രോസ് സൊസൈറ്റി കേരളഘടകം ചെയർമാനായിരുന്ന സുനിലാണ് കേരളത്തിൽ അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചത്.

ഒരു ദിവസം മാങ്ങ ചെത്തുമ്പോൾ കൈയൊന്നു മുറിഞ്ഞു. എന്തെല്ലാം ചെയ്തിട്ടും രക്തമൊഴുകുന്നത് നിർത്താൻ പറ്റുന്നില്ല. പിന്നീടുള്ള പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. കരൾ മാറ്റി വയ്ക്കണമെന്ന് പറഞ്ഞെങ്കിലും ഇണങ്ങുന്നത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. ഒടുവിൽ എല്ലാം ശരിയായപ്പോൾ ലാഘവത്തോടെയാണ് ഓപ്പറേഷൻ തിയറ്ററിലേക്കു പോയതും. തിയറ്ററിന്റെ വാതിലടയുന്നതിനു മുൻപ് ഉറപ്പോടെ പറഞ്ഞു. ‘പേടിക്കേണ്ട, ഞാൻ വരും.’

രാത്രി ഓപ്പറേഷൻ കഴിഞ്ഞ് വരുമ്പോൾ ഓർമയുണ്ടെങ്കിലും മയക്കത്തിൽ തന്നെയാണ്.പിറ്റേന്നു ഒബ്സർവേഷനിലായതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. രണ്ടാം ദിവസം രാവിലെ ഒരു ഫോൺ.‘ ഞാനാണ്, നീ ഒരു നമ്പർ എഴുതിയെടുക്കണം’ ഞാനാകെ അമ്പരന്നു. ‘ഇതാരുടെ ഫോൺ?’എന്നു ചോദിച്ചു. നഴ്സിന്റെയാണ്. ഏതോ കേസിന്റെ നമ്പറാണ് പറയുന്നത്. അത് ആർക്കോ കൈമാറണം. ഞാൻ ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ പോലെ നോക്കി. അതായിരുന്നു സുനിൽ, മരണത്തിനു മുന്നിലും നിർഭയനായി നിന്ന ഒരാൾ.

ആറുമാസത്തിനപ്പുറമില്ലെന്നു തീർപ്പു പറഞ്ഞ ഡോക്ടർമാരെ അമ്പരപ്പിച്ച് എട്ടു വർഷമാണ് ജീവിച്ചത്. മാർച്ച് മാസം വരെ നല്ല ആരോഗ്യത്തോടെയിരുന്നു. ഏപ്രിൽ ആയപ്പോഴേക്കും കണ്ണിന് വല്ലാത്ത മഞ്ഞനിറം. പരിശോധിച്ചപ്പോൾ ബിലി റൂബിൻ കൂടിയിരിക്കുന്നു. എന്തു മരുന്നു ചെയ്തിട്ടും കുറയുന്നില്ല. ഞങ്ങൾ വീണ്ടും അപ്പോളോ ഹോസ്പിറ്റലിലേക്കു പോ യി. ട്രീറ്റ്മെന്റ് എടുത്തു വീട്ടിലെത്തുമ്പോൾ നല്ല മാറ്റമുണ്ടാ യിരുന്നു. പിന്നീട് കാര്യങ്ങൾ ഗുരുതരമായി തുടങ്ങി.

‘എന്റെ ലാസ്റ്റ് റീലാണ് ഓടിക്കൊണ്ടിരിക്കുന്നത്, ഇനിയുള്ള ദിവസങ്ങളെല്ലാം ബോണസ്’ ആണെന്നു തമാശ പറയും. ചികിത്സ മടുത്തുതുടങ്ങിയിരുന്നു. എന്തു ചെയ്താലും വരേണ്ടത് വന്നിരിക്കും എന്നായിരുന്നു സുനിലിന്റെ പക്ഷം.

റെഡ്ക്രോസിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന നാൻസി എന്റെ കൂടെ എപ്പോഴുമുണ്ടായിരുന്നു. ശരിക്കും ഒരു മക ളെപ്പോലെ. എനിക്കും നാൻസിക്കും സുനിലിനെ എടുത്തു പൊ ക്കാൻ പറ്റാതെ വന്നപ്പോൾ ഒരിക്കൽ സങ്കടം മുഖത്തു നിറഞ്ഞു. ‘എന്നെക്കൊണ്ട് ബുദ്ധിമുട്ടായല്ലേ...’

മരിക്കുന്നതിനു തലേന്ന് സുനിലിന്റെ മകൻ ബെവാൻ വ ന്നു. അവനെ കണ്ടപ്പോൾ കണ്ണുകൾ നനഞ്ഞു. അവസാന ദിവസം വല്ലാതെ തളർന്നപ്പോൾ എല്ലാവരും ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്ന് ശാഠ്യം പിടിച്ചു. ‘‘ഞാൻ തീരെ വേദനിപ്പിക്കില്ല സുനിലേട്ടാ’’ എന്നുറപ്പു കൊടുത്തിട്ടാണ് കൊണ്ടുപോയത്. ഹോസ്പിറ്റലിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും പ്രഷർ താഴ്ന്നു.

വിശദമായ വായനയ്ക്ക് വനിത ഓഗസ്റ്റ് രണ്ടാം ലക്കം കാണുക