Saturday 19 October 2019 12:34 PM IST

‌‘വിവാഹ മോചനം, പാർട്ടിയിൽ നിന്നുള്ള പുറത്താകൽ! ആ സമയം വല്ലാത്തൊരു അവസ്ഥയിലായിരുന്നു സുനിൽ’

Tency Jacob

Sub Editor

neena ഫോട്ടോ; പൃഥ്വി കൃഷ്ണ ഫൊട്ടോഗ്രാഫി

ജൂലൈ പതിനാലാം തീയതിയായിരുന്നു ഞങ്ങളുടെ വിവാഹവാർഷികം. ഫോട്ടോ ഫിനിഷ് ചെയ്തപോലെ പതിനൊന്നു വർഷത്തെ ദാമ്പത്യം കൃത്യമായി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ സുനിൽ പോയി.’’ തിരുവനന്തപുരം മുറിഞ്ഞപാലത്തെ ‘ഭരതനാട്യാഞ്ജലി’എന്ന വീട്ടിലിരുന്ന് നീന പ്രസാദ് ഓർമകളിലേക്ക് പിന്മടക്കം നടത്തി. എസ്എഫ്ഐ നേതാവും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അഡ്വ. സുനിൽ സി കുര്യൻ.

‘‘വിവാഹവാർഷികത്തിന്റെയന്ന് ‘നമുക്കൊന്ന് പുറത്തു പോകാം’ എന്നു പറഞ്ഞത് ഞാനാണ്. വയ്യായ്ക കൊണ്ടായിരിക്കാം സുനിലൊന്നു മടിച്ചു. എ ന്നാലും എന്റെ ആഗ്രഹത്തിന് ഞങ്ങളന്ന് പോങ്ങുംമൂട് സിംഹാസനപള്ളിയിൽ പോയി. പ്രാർഥിച്ചു കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു പള്ളിയിലെ അവസാന ബഞ്ചിൽ ശൂന്യതയിലേക്കു നോക്കിയിരിക്കുന്ന സുനിലിനെ. ഇറങ്ങുമ്പോൾ പള്ളിയിലെ അച്ചൻ വന്ന് സംസാരിച്ചു. ‘ഓഗസ്റ്റ് മാസത്തിൽ മാതാവിന്റെ പെരുന്നാളാണ്, രണ്ടുപേരും വരണം’ ചെറുതായി ചിരിച്ചുകൊണ്ട് സുനിൽ തീർച്ചയോടെ പറഞ്ഞു. ‘ഞാനുണ്ടാകില്ല...’

വെറുമൊരു കളിയാക്കൽ, അത്രമാത്രം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് എനിക്ക് കലാതിലകപ്പട്ടം കിട്ടുന്നത്. അന്നെനിക്കു കോളജിൽ സമ്മാനം തന്നത് സുനിലായിരുന്നു. ആറടി രണ്ടിഞ്ചു പൊക്കമുള്ള, മുഖത്ത് ലജ്ജ കലർന്ന ചിരിയുള്ള സുനിൽ ആ ഫോട്ടോ ഫ്രെയിമിലിപ്പോഴും തെളിച്ചത്തോടെയുണ്ട്. ഒ രു ചെറിയ കുട്ടിയുടെയത്ര വലുപ്പമുള്ള ഞാൻ നൃത്തവേഷത്തിൽ, നിറഞ്ഞ ചിരിയിലാണ്. അതായിരുന്നു ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.

യൂണിവേഴ്സിറ്റി കോളജിൽ എന്റെ സീനിയറായിരുന്ന സുനിൽ, അന്ന് യൂണിയൻ ചെയർമാനാണ്. ഞാനാണെങ്കിൽ നൃത്തമേ ഉലകം എന്നു ചിന്തിച്ചു നടക്കുന്നൊരു പെൺകുട്ടിയും. സമ്മാനം തരുന്ന ഫോട്ടോയിലെ ഞങ്ങൾ തമ്മിലുള്ള പൊക്കത്തിന്റെ അന്തരം കണ്ട് കൂട്ടുകാർ കളിയാക്കിത്തുടങ്ങിയതാണ്. അന്നൊന്നും ഞങ്ങൾക്കിടയിൽ പ്രേമമില്ല. കോളജ് വിട്ടതിനുശേഷമാണ് അങ്ങനെയൊരു തീപ്പൊട്ട് ഞങ്ങളുടെയുള്ളിൽ വീണത് തിരിച്ചറിയുന്നത്.

അന്നത്തെ സ്വപ്നങ്ങളൊന്നും ഒരുമിച്ചുള്ള ജീവിതത്തിലേക്കെത്തിയില്ല. രണ്ടു മതവിഭാഗങ്ങളായതുകൊണ്ട് എതിർപ്പുകളുണ്ടായിരുന്നു. അന്നു വിവാഹം കഴിച്ചിരുന്നുവെങ്കിൽ രണ്ടുപേരുടേയും ജീവിതം ഇതാകുമായിരുന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം വിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും ആ സങ്കടമൊരിക്കലും വിട്ടു പോയില്ല.

neena-prasd ഫോട്ടോ: അരുൺ സോൾ

‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമ ഞങ്ങളുടെ ജീവിതത്തിനു കൃത്യം ചേരുന്നതാണെന്നു തോന്നിയിട്ടുണ്ട്. എനിക്ക് നൃത്തമല്ലാതെ മറ്റൊന്നും ഇഷ്ടമല്ലായിരുന്നു. അച്ഛൻ പ്രൊഫ. ഭാസ്ക്കരപ്രസാദും അമ്മ ലളിതാബായിയും കലയെ പ്രോത്സാഹിപ്പിക്കുന്നവരും നൃത്തം ഇഷ്ടമുള്ളവരുമാണ്. സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിനുശേഷം കൊൽക്കത്ത രബീന്ദ്ര ഭാരതിയീർ യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ പിഎച്ച്ഡി ചെയ്തു. ലണ്ടനിലാണ് പോസ്റ്റ് ഡോക്ടറേറ്റ് ചെയ്തത്. നൃത്തമല്ലാതെ ഇഷ്ടമുള്ളൊരു ലോകം സുനിലായിരുന്നു. പക്ഷേ...

വീട്ടിലെ മൂത്തമകനായതുകൊണ്ട് എന്നെപ്പോലെ വിവാഹം ഒഴിവാക്കാൻ സുനിലിനാകുമായിരുന്നില്ല. സുനിലിന്റെ ആദ്യ വിവാഹത്തിൽ ഒരു മോനുണ്ട്. പിന്നീട് വിവാഹമോചനവും പാർട്ടിയിൽ നിന്നു പുറത്താകലും കൂടെയുണ്ടായിരുന്നവരുടെ ഒറ്റപ്പെടുത്തലും എല്ലാമായി വല്ലാത്ത അവസ്ഥയിപ്പോയ സമയത്ത് സുനിലിന്റെ ഡാഡിയായിരുന്നു ഞങ്ങളെ ഒരു മിപ്പിക്കാൻ മുൻകൈ എടുത്തത്. ഞാനന്ന് വിവാഹമേ വേണ്ട എന്നുറപ്പിച്ച് ഒരു സമ്പൂർണ നർത്തകിയിലേക്കു കൂടു മാറിയ സമയമാണ്. പരസ്പരം ജീവിതത്തിന് താങ്ങാവുമെങ്കിൽ നല്ലതല്ലേ എന്ന തോന്നലിലാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. അപ്പോഴേക്കും വീട്ടുകാരുടെ എതിർപ്പ് അലിഞ്ഞില്ലാതായിരുന്നു. ജീവിതം നന്നായിത്തന്നെയാണ് മുൻപോട്ടു പോയത്. സുനിൽ എനിക്കു നൽകിയ സ്വാതന്ത്ര്യവും സപ്പോർട്ടും ഒരുപാട് വലുതാണ്.

വിശദമായ വായന വനിതാ ഓഗസ്റ് രണ്ടാം ലക്കത്തിൽ