Saturday 24 August 2019 12:25 PM IST : By സ്വന്തം ലേഖകൻ

കോടതിമുറിയിൽ മകളെ നോക്കി കൈകൂപ്പി പിതാവ് ചാക്കോ; പതറാതെ മൊഴി നൽകി നീനു!

chacko-neenu

ദുരഭിമാനക്കൊലപാതകമാണെന്ന പ്രോസിക്യൂഷൻ വാദത്തിന് ഇരട്ടി ബലം പകരുന്നതാണു കേസിലെ നിർണായക സാക്ഷിയായ നീനുവിന്റെ മൊഴി. സാക്ഷിക്കൂട്ടിൽ നിന്ന നീനുവിനെ നോക്കി കൈകൂപ്പിയാണു പിതാവും പ്രതിയുമായ ചാക്കോ ആദ്യം നിന്നിരുന്നത്. ഇപ്പോൾ എവിടെയാണു താമസം എന്നതായിരുന്നു നീനുവിനോട് അഭിഭാഷകന്റെ ആദ്യ ചോദ്യം. കെവിന്റെ വീട്ടിലെന്നു നീനുവിന്റെ മറുപടി. കെവിനെ എങ്ങനെയാണു പരിചയപ്പെട്ടത് എന്ന ചോദ്യത്തിന് സുഹൃത്തുക്കൾ വഴിയാണെന്നും നീനു മറുപടി നൽകി.  

നീനുവിനെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നു കെവിനൊപ്പം താൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തിയെന്നും തന്നെ മാതാപിതാക്കൾ സ്റ്റേഷനിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെന്നും നീനു മൊഴി നൽകി. ഗാന്ധിനഗർ സ്റ്റേഷനിലെ എസ്ഐ കെവിന്റെ കഴുത്തിൽ പിടിച്ച് തള്ളിയതായും നീനു പറഞ്ഞു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വച്ച് തന്റെ പിതാവ് ചാക്കോ കെവിനെ അധിക്ഷേപിച്ചെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും നീനു പറഞ്ഞു. 

കേസിലെ രണ്ടാം പ്രതിയായ നിയാസും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. നിയാസ് തുടർച്ചയായി കെവിനെ ഫോൺ വിളിച്ചിരുന്നെന്നും നീനു പറഞ്ഞു. സാമ്പത്തിക അന്തരമല്ല, ജാതിയുടെ പേരിലുള്ള പ്രശ്നമാണ് കെവിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും തന്റെ പിതാവും സഹോദരനുമാണ് അതിന്റെ കാരണക്കാരെന്നും നീനു കോടതിയിൽ മൊഴി കൊടുത്തു.

ഉയർന്ന സാമ്പത്തിക സ്ഥിതിയും ജോലിയും ഉള്ള ആളാണെന്ന് കെവിൻ നീനുവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നതായുള്ള പ്രതിഭാഗത്തിന്റെ ആരോപണം നീനു നിഷേധിച്ചു. കെവിന്റെ ജോലിയെക്കുറിച്ചും സാമ്പത്തിക ചുറ്റുപാടിനെക്കുറിച്ചും തനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നെന്ന് നീനു പറഞ്ഞു. തനിക്കു വിവാഹാലോചനകൾ വന്നതിനെത്തുടർന്നാണ് കെവിനൊപ്പം ഇറങ്ങിയത്. വീട്ടുകാർ തന്നെ അറിയിക്കാതെ വിവാഹ പരസ്യം നൽകി. 

കെവിനൊപ്പം താമസിക്കാൻ തീരുമാനിച്ചിട്ടും പഠനം തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് കെവിൻ തന്നെ ഹോസ്റ്റലിലാക്കിയതെന്നും നീനു പറഞ്ഞു. സാഹചര്യത്തെളിവും മൊഴികളുമാണ് കെവിൻ വധക്കേസില്‍ നിർണായകമായത്.  ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം എന്നിവയടക്കം പത്ത് പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയ കുറ്റപത്രത്തിനു മേലാണ് വിചാരണ നടന്നത്. 

നീനുവും കെവിന്റെ ഒപ്പമുണ്ടായിരുന്ന അനീഷും അടക്കം സാക്ഷികൾ പ്രതികൾക്കെതിരെ നിർണായക മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും അടക്കം അടക്കം നിരവധി നിർണായക രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കെവിനെ മുക്കി കൊന്നതാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും നിർണായക തെളിവായി.

more news...