രണ്ടാം ഒളിംപിക് സ്വർണമെന്ന സ്വപ്നം നഷ്ടമായെങ്കിലും വിശ്വകായിക വേദിയിൽ ഇന്ത്യയുടെ പതാക പാറിപ്പറത്തി നീരജ ചോപ്ര. മികച്ച ഫോം കണ്ടെത്താനാകാതെ പോയ ദിനത്തിൽ പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യത്തെ വെള്ളി നീരജ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല.
2022 ൽ നീരജ് ചോപ്ര 89.94 ദൂരം പിന്നിട്ടിരുന്നു. നീരജിന്റെ കരിയർ ബെസ്റ്റ് പ്രകടനവും ഇതാണ്. പാക്കിസ്ഥാൻ താരം അർഷദ് നദീമിനാണ് ജാവലിൻ ത്രോയിൽ സ്വർണം. രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിംപിക് റെക്കോർഡ് ദൂരം പിന്നിട്ടാണ് അർഷദ് സ്വർണത്തിലെത്തിയത്.
ഒളിംപിക്സിൽ രണ്ട് വ്യക്തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് നീരജ്. പി.വി.സിന്ധു (ബാഡ്മിന്റൻ), സുശീൽ കുമാർ (റെസ്‌ലിങ്), മനു ഭാക്കർ (ഷൂട്ടിങ്) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.
ഒളിംപിക് അത്‌ലറ്റിക്സിൽ ഇന്ത്യ
ഒളിംപിക് അത്‌ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാം മെഡലാണു നീരജിന്റേത്. ആദ്യ മെഡലും നീരജിന്റെ പേരിൽത്തന്നെ. 2021 ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം. ഒളിംപിക് അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നോർമൻ പ്രിച്ചഡിന്റേതാണ് – 1900ലെ പാരിസ് ഒളിംപിക്സിൽ 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും വെള്ളി.
പിന്നീടുള്ള മികച്ച നേട്ടങ്ങൾ: മിൽഖ സിങ് (1960ലെ റോം ഒളിംപിക്സിൽ 400 മീറ്ററിൽ 4–ാം സ്ഥാനം), പി.ടി.ഉഷ (1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ 4–ാം സ്ഥാനം)