Saturday 08 January 2022 12:08 PM IST : By സ്വന്തം ലേഖകൻ

ടിക് ടോക്കിൽ തുടങ്ങിയ പ്രണയം, ഒന്നിച്ച് താമസം: കാമുകനെ നഷ്ടപ്പെടുമെന്നു തോന്നിയപ്പോൾ ഗർഭം അലസിയെന്നതു മറച്ചു വച്ചു

neethu-3

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു രാജും (36) കാമുകൻ ഇബ്രാഹിം ബാദുഷ(28)യും അടുക്കുന്നത് ‘ടിക്ടോക്കി’ൽ. അങ്ങനെ തുടങ്ങിയ ബന്ധം തകരാതിരിക്കാനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിയെടുത്തതെന്നാണ് തീരുവിന്റെ മൊഴി.

ഇബ്രാഹിമിന്റെ വീട്ടുകാര്‍ക്കും നീതുവിനെ അറിയാം. കഴിഞ്ഞ ഫെബ്രുവരിയിൽ താൻ 2 മാസം ഗർഭിണിയാണെന്ന് ഇബ്രാഹിമിനെയും കുടുംബത്തെയും നീതു അറിയിച്ചിരുന്നു. ഗർഭിണിയായെങ്കിലും പിന്നീട് ഇത് അലസിപ്പോയി. എന്നാൽ ഇക്കാര്യം മറച്ചുവച്ച നീതു തന്റെ കുഞ്ഞാണെന്നു കാണിക്കാൻ വേണ്ടിയാണു നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽനിന്നു തട്ടിയെടുത്ത കുഞ്ഞിന്റെ ചിത്രം ഇബ്രാഹിമിനും കുടുംബത്തിനും വാട്സാപ് വഴി അയച്ചു കൊടുക്കുകയും വിഡിയോ കോൾ വഴി കാണിക്കുകയും ചെയ്തു.

നീതുവിന്റെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ഇബ്രാഹിമിന്റെ അറസ്റ്റും രേഖപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിൽ പങ്കില്ലെങ്കിലും നീതുവിന്റെ കയ്യിൽ നിന്നു പണം തട്ടിയെടുത്തതിനും നീതുവിനെയും 8 വയസ്സുകാരൻ മകനെയും ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്. നീതുവിനെതിരെ മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ഇന്നലെ വൈകിട്ടോടെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഇബ്രാഹിമിനെ ഇന്നു കോടതിയിൽ ഹാജരാക്കും. നീതുവിന്റെ കൂടെയുണ്ടായിരുന്ന മകനെ അവരുടെ മാതാപിതാക്കൾക്കളെ വിളിച്ചു വരുത്തി കൈമാറി.

വണ്ടിപ്പെരിയാർ 66–ാം മൈൽ വലിയതറയിൽ ശ്രീജിത്ത് – അശ്വതി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു നഴ്സിന്റെ വേഷത്തിലെത്തിയ നീതു തട്ടിയെടുത്തത്. മണിക്കൂറുകൾക്കകം പൊലീസ് നീതുവിനെ പിടികൂടുകയും കുട്ടിയെ തിരികെ ഏൽപിക്കുകയും ചെയ്തു.