Tuesday 10 July 2018 11:57 AM IST

മോഹൻലാലിന്റെ ഈ നായിക തുളുവിലെ മികച്ച നടിക്കുള്ള അവാർഡ് നേടിയ താരമാണ്!

Rakhi Parvathy

Sub Editor

neha_saxena_cover

‘ഒരിക്കൽ ഫാഷൻ ഫോട്ടോഷൂട്ടിനായി കൊച്ചിയിലേക്ക് വന്നതാണ്. എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് പോകും വഴിയാണ് മമ്മൂക്കയുടെ പോസറ്റർ കാണുന്നത്. എന്താ ലുക്സ്... ഞാൻ ഡ്രൈവറോടു ചോദിച്ചു, ആരാണീ സ്മാർട്ട് മാൻ. ‘മാഡത്തിന് അറിയില്ലേ? അയാൾക്ക് പുച്ഛം. ‘ഇതാണ് ഞങ്ങളുടെ മെഗാസ്റ്റാർ മമ്മൂക്ക. ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞേ ഞങ്ങൾ മലയാളികൾക്ക് സിനിമയിൽ മറ്റൊരാളുള്ളൂ.’ ഡ്രൈവറുടെ വർണന വണ്ടിയേക്കാൾ സ്പീഡിൽ മുന്നോട്ട്. അന്നു ഞാൻ അറിയാതെ മോഹിച്ചു, എന്നെങ്കിലും മലയാളസിനിമയിലേക്ക് വന്നാൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. ദൈവം എന്റെ പ്രാർഥന കേട്ടെന്നു തോന്നുന്നു. കസബയിൽ അദ്ദേഹത്തോടൊപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു.– നല്ല വിളഞ്ഞു നിൽക്കുന്ന ഗോതമ്പിന്റെ നിറമുള്ള ഈ പഞ്ചാബി സുന്ദരിക്ക് മലയാള സിനിമയിലെ എവർഗ്രീൻ ഹീറോയെപ്പറ്റി പറയുമ്പോൾ നൂറു നാവ്.

നേഹ രണ്ടു മലയാള സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം ആയിരുന്നെങ്കിൽ അടുത്തത് ലാലേട്ടനൊപ്പം, ‘മുന്തിരിവള്ളികൾ തളിക്കുമ്പോൾ’ എന്ന ചിത്രത്തിൽ. മലയാളത്തിൽ തിരക്കിൽ നിന്നു തിരക്കിലേക്കു കുതിക്കുമ്പോൾ കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുകയാണ് നേഹ സക്സേന.

സൂപ്പർ മോഡലിൽ നിന്ന് സൂപ്പർ സ്റ്റാറുകളുടെ നായികയിലേക്ക്?

മുസോറിയിലെ സ്കൂൾ കാലഘട്ടത്തിൽ മനസിൽ കയറിക്കൂടിയതാണ് അഭിനയമോഹം. ഒരിക്കൽ ഡേവിഡ് ധവാന്റെ സിനിമയുടെ ലൊക്കേഷനിൽ ഷൂട്ടിങ് കാണാൻ പോയി. അവിടെവച്ച് എന്നെ കണ്ട കൊറിയോഗ്രാഫർ സരോജ് ഖാൻ ആ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലേക്ക് എന്നെ ക്ഷണിച്ചു. വീട്ടിലെത്തി അമ്മയോട് കാര്യം അവതരിപ്പിച്ചു. ‘അഭിനയം വേണ്ട. എനിക്ക് നീയും നിനക്ക് ഞാനും മാത്രമാണ് ഉള്ളത്. പഠിച്ച് ജോലി വാങ്ങാൻ നോക്കൂ.’എന്നായിരുന്നു അമ്മയുടെ ഉപദേശം. അങ്ങനെ ആദ്യ ശ്രമം പാളി. ഇതോടെ അഭിനയം ഉപേക്ഷിച്ച് ഞാൻ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സ്കോളർഷിപ്പോടെ ഏവിയേഷനും ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റും പഠിച്ച് ജോലിക്ക് കയറി. അതിനുശേഷമാണ് മോഡലിങ് തുടങ്ങുന്നത്. ഫാഷൻ ഷോകൾക്കായി ബെംഗലുരുവിലേക്ക് മാറിയപ്പോൾ പഴയ അഭിനയമോഹം തലപൊക്കി. കുറെ ഓഡിഷനുകൾക്ക് പോയി. അങ്ങനെ കന്നഡ, തെലുങ്ക്, തുളു, തമിഴ് സിനിമകളെല്ലാം ചെയ്തു.

neha02

മലയാളത്തിലേക്കുള്ള വഴി തുറന്നത്?

ഡെറാഡൂണിൽ നിന്ന് ഇന്ന് തുളുവിലെ മികച്ച നടിക്കുള്ള അവാർഡ്‌വരെയും മലയാള സിനിമ വരെയുമൊക്കെ എത്തിയതിൽ ഒരുപാട് പ്രയത്നമുണ്ട്. സിനിമാ മേഖലയെക്കുറിച്ച് പുറമേ അത്ര നല്ല കാഴ്ചപ്പാടല്ല എന്ന് പറയുന്നതിന്റെ കാരണവും എനിക്ക് ആദ്യകാലത്തിലേ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 17 വയസുമുതൽ ഞാൻ ഫാഷൻ ഷോകൾ ചെയ്യുന്നുണ്ട്. സിനിമയ്ക്കായി ഒരുപാട് അവസരങ്ങൾ തേടിയലഞ്ഞു. ചിലരുടെ പ്രതികരണം വളരെ മോശമായിരുന്നു. അഡ്ജസ്റ്റ്മെന്റ് ചെയ്താൽ നായികയാക്കാം’ എന്ന സ്ഥിരം പല്ലവി കേട്ട് മടുത്ത് ചീത്ത പറഞ്ഞ് ഇറങ്ങിപ്പോരേണ്ടിവന്നിട്ടുണ്ട്.

neha_saxena

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരുദിവസം ഫാഷൻ ഷോ കഴിഞ്ഞ് ബാക്ക്സ്റ്റേജിൽ വന്ന് ഹസു രാജശേഖർ എന്ന സംവിധായകൻ കാണുന്നത്. ‘ നിങ്ങൾ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്’ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, എനിക്ക് നിന്നിലെ അഭിനേത്രിയെയാണ് വേണ്ടത്. മകളെ പോലെ കരുതിയാണ് വിളിക്കുന്നത്. അമ്മയുമായോ കുടുംബവുമായോ സെറ്റിലെത്താം. അതൊരു പ്രതീക്ഷയായിരുന്നു. റിക്ഷാഡ്രൈവർ എന്ന ആ തുളു ചിത്രം എനിക്ക് മികച്ച നടിക്കുള്ള അവാർഡും നേടിത്തന്നു. സിനിമയിൽ നല്ലവരുമുണ്ട് എന്ന് ഞാൻ പഠിച്ചത് അപ്പോഴാണ്. 2015 ലെ മോസ്റ്റ് സ്റ്റൈലിഷ് നടിക്കുള്ള അവാർഡ്, 2016–2017 യൂത്ത് എക്സലൻസ് അവാർഡ് അങ്ങനെ നിരവധി അംഗീകാരങ്ങൾ എന്നെ തേടിയെത്തി.

neha_03

ജനിക്കും മുൻപുതന്നെ അച്ഛനെ നഷ്ടപ്പെട്ടു?

കുട്ടിക്കാലം വേദനകളുടേതായിരുന്നു. അമ്മ എന്നെ ഏഴു മാസം ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ഒരു കാർ അപകടത്തിൽ അച്ഛൻ മരിക്കുന്നത്. ആ വാർത്ത അറിഞ്ഞ് അമ്മ കോമ സ്റ്റേജിലായി. അങ്ങനെ മാസം തികയും മുമ്പ് എന്നെ പുറത്തെടുക്കേണ്ടി വന്നു. സ്വന്തം കുഞ്ഞിനെ ഒന്നു താലോലിക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ അമ്മ, വാത്സല്യം ഏൽക്കാൻ പോലും കഴിയാനാവാതെ ഞാനും. പിന്നീട് അമ്മ സാധാരണ ജീവിതത്തിലെത്തും വരെ എന്റെ ജീവിതം ഊഹിക്കാമല്ലോ.  ഒന്നു പതറിയെങ്കിലും പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്തു അമ്മ. പക്ഷ അമ്മ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഞങ്ങൾ തനിച്ചായിപ്പോയ നാളുകളായിരുന്നു.  അമ്മ അനു സക്സേന ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം. എനിക്കു വേണ്ടി അവര്‍ ജീവിതം ഉഴിഞ്ഞുവച്ചു. അമ്മ എപ്പോഴും പറയും, തോറ്റുകൊടുക്കുന്നിടത്താണ് നമ്മൾ ഇല്ലാതാകുന്നത് എന്ന്. ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകും മോളേ എന്നുള്ള അമ്മയുടെ വാക്ക് വല്ലാത്ത ഒരാത്മവിശ്വാസം തരുന്നതായിരുന്നു. പിന്നീട് ഒരു അപകടത്തിൽ കിടപ്പിലായപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കിയിട്ടും അമ്മയ്ക്ക് ആ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. പട്ടിണികിടന്ന ദിവസങ്ങളിൽ അമ്മ എന്നെ നെഞ്ചോട് ചേർത്ത് കരയും. വെള്ളം മാത്രം കുടിച്ച് ഞാൻ പരീക്ഷയ്ക്ക് പോയിട്ടുണ്ട്. തലകുനിക്കാതെ ജോലിചെയ്ത് ജീവിക്കാൻ തുടങ്ങിയ അന്നാണ് അമ്മയുടെ വാക്കുകളുടെ കരുത്ത് ഞാൻ തിരിച്ചറിഞ്ഞത്. ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടി എന്റെ അമ്മ ജീവിക്കുന്നു. അമ്മയ്ക്കറിയാം അഭിമാനത്തോടെ ജീവിക്കുന്ന അമ്മയെ കണ്ട് വളർന്ന ഈ മകൾ ജീവിതത്തിൽ ഇനി തോൽക്കില്ല എന്ന്.

മുന്തിരിവള്ളികളിലെ ജൂലി വെല്ലുവിളിയായിരുന്നോ?

neha04

സോഫിയ പോൾ മാഡമാണ് എന്നെ ക്ഷണിക്കുന്നത്. രസകരമായ കഥാപാത്രാ‌ണ് എന്ന് പറഞ്ഞിരുന്നു. ലാലേട്ടനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയതിന്റെ ത്രില്ലിലായിരുന്നു ‍ഞാന്‍. ആദ്യം ചെറിയ ചമ്മലുണ്ടായിരുന്നു. അദ്ദേഹമാണ് അപ്പോൾ പ്രോത്സാഹിപ്പിച്ചത്. സെറ്റിലെ അണിയറപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു. ഉലഹന്നാനും ആനിയമ്മ എന്ന കഥാപാത്രവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലേക്ക് ഞാൻ കയറിവരുന്നത് അൽപ്പം പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിക്കൊണ്ടാണല്ലോ. എന്നെ അറിയാവുന്ന ചിലർ ചോദിച്ചു എന്തിനാണ് അത്തരമൊരു കഥാപാത്രം ചെയ്തതെന്ന്. കഥയിൽ ചെറിയ റോളാണെങ്കിലും ജൂലി എന്ന കഥാപാത്രത്തെ മാറ്റിനിർത്തി മുന്തിരിവള്ളികൾ അത്തരത്തിൽ മനോഹരമായി പറഞ്ഞു തീർക്കാനാവില്ല.

ജൂലി വളരെ റൊമാന്റിക് ആയിരുന്നു. ജീവിതത്തിൽ?

അടുത്തിടെ ഒരാൾ എന്നോട് ഒരു അഭിമുഖത്തിൽ ചോദിച്ചു. നിങ്ങളുടെ പ്രണയം തകർന്നതായി വാർത്തയുണ്ടല്ലോ എന്ന്. സത്യം പറഞ്ഞാൽ പ്രണയമുണ്ടെങ്കിലല്ലേ തകരൂ. ഇതുവരെ ആരോടും അത് തോന്നിയിട്ടില്ല. പക്ഷെ അത്തരത്തിലൊരു വാർത്ത വന്നതിന് പിന്നിൽ മറ്റൊരു കാര്യമാണ്. നേഹ സക്സേന എന്ന ഒരു ഹിന്ദി സീരിയൽ നടിയുടേതാണ് ആ വാർത്ത. ആ പെൺകുട്ടി കാരണം എനിക്ക് മറ്റൊരു തലവേദന കൂടെയുണ്ടായി. വിക്കീപീഡിയയിൽ എന്റെ അതേ പേരിൽ കയറിയ അവരുടെ വിവരങ്ങളും എന്റെ ചിത്രങ്ങളുമായാണ് ഇപ്പോഴും നേഹയെ തിരയുന്ന പലർക്കും കാണാനാകുക. എന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജും ആരോ ഹാക്ക് ചെയ്തു. പല സ്ഥലങ്ങളിലും അവരുടെ പ്രൊഫൈൽ വച്ചാണ് ആളുകൾ എന്നെ തെറ്റിദ്ധരിക്കുന്നത്. നേഹ സക്സേന സൗത്ത് ആക്ട്രസ് എന്ന പേരിലാണ് എന്റെ ഗൂഗിൾ പ്രൊഫൈൽ, നൈഹ സക്സേന- ആക്ട്രസ് എന്നത് എഫ്ബിയും.

neha05

സ്വപ്നങ്ങൾ?

സഖാവിന്റെ പ്രിയസഖി എന്ന ചിത്രം ഓഗസ്റ്റിൽ പുറത്തിറങ്ങും. അതിൽ സുധീർ കരമനയോടൊപ്പമാണ് അഭിനയിച്ചത്. ഒന്നു രണ്ട് പ്രോജക്ടുകൾ കൂടെ മലയാളത്തിൽ ഒപ്പുവച്ചിട്ടുണ്ട്. പഞ്ചാബ് ആണ് സ്വന്തം നാടെങ്കിലും മലയാളം എനിക്കിപ്പോൾ ഇഷ്ട ഭാഷ ആണ്. നല്ല കഥാപാത്രങ്ങൾ ഇവിടെ ചെയ്യുക എന്നത് സ്വപ്നമായിക്കഴിഞ്ഞു. സ്വപ്നങ്ങളാണ് എന്നെ ഞാനാക്കുന്നത്. മഹീന്ദ്ര ഹോളിഡേയ്സിലെ ജോലിയിൽ നിന്ന് അവധി എടുത്താണ് അഭിനയം. പക്ഷെ ഇപ്പോൾ അഭിനയത്തോട് ഒരുപാട് ഇഷ്ടം കൂടി. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടാനുള്ള പ്രാർഥനയിലാണ്. ആരോരുമില്ലാത്ത മക്കളാലുപേക്ഷിക്കപ്പെട്ടു കഴിയുന്നവരെ സംരക്ഷിക്കുക എന്ന മോഹവും ഉള്ളിലുണ്ട്.

നേഹ സക്സേനയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം