Saturday 23 March 2019 01:11 PM IST : By സ്വന്തം ലേഖകൻ

കാരുണ്യം കടലായ് ഒഴുകിയെത്തി; ഉമ്മയ്ക്ക് വേണ്ടി കൈനീട്ടിയ മകനെ ചേർത്തു പിടിച്ച് സുമനസുകൾ; കുറിപ്പ്

najeeb

ദീനം പിടിച്ച് കിടപ്പിലായ ഉമ്മയ്ക്ക് ഭക്ഷണം വാങ്ങാനിറങ്ങിയ മകന്റെ കഥ വേദനയോടെയാണ് നാമെല്ലാവരും ശ്രവിച്ചത്. ആശയറ്റ ജീവിക്കുന്ന അശരണരായ ആ ഉമ്മയുടേയും അവരുടെ കുഞ്ഞുങ്ങളുടേയും കഥ സോഷ്യൽ മീഡിയയുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു. ഇപ്പോഴിതാ നന്മമനസുകളുടെ പ്രാർത്ഥനകളും പിന്തുണകളും അതിന്റെ പൂർണതയിലെത്തിയിരിക്കുകയാണ്. ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ ആയിരങ്ങളാണ് ആ ഉമ്മയ്ക്കും മകനും സഹായം വാഗ്ദാനം ചെയ്ത്് എത്തിയിരിക്കുന്നത്. രോഗിയായ അമ്മയ്ക്ക് ചികിത്സ ഉറപ്പു വരുത്തിയും നിർദ്ധനരായ ആ കുഞ്ഞുങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തും നിരവധി പേരാണ് എത്തിയിരിക്കുന്നത്. എഴുത്തുകാരൻ നജീബ് മൂടാടിയാണ് ഈ ദുരവസ്ഥയുടെ നേർ ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ദുരിത ജീവിതം സഹൃദയർക്കു മുന്നിലെത്തിച്ച വനിത ഓൺലൈൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് നന്ദിയും നജീബ് അറിയിച്ചിട്ടുണ്ട്.

‘ഉമ്മാക്ക് സൂക്കേടാണ്, പുട്ടല്ലാതെ ഒന്നും വയറ്റിന് പറ്റൂല’; പൊരിവെയിലിൽ കൈ കാട്ടിയ പത്താം ക്ലാസുകാരൻ; നോവിക്കും കുറിപ്പ്

കുറിപ്പ് വായിക്കാം;  

പ്രിയരേ,
കഴിഞ്ഞ ഞായറാഴ്ച്ച (17.3.19) ന് രാത്രി ഞാനിട്ട "ന്റുമ്മാക്ക് പുട്ട് വാങ്ങാൻ പോയതാ.." എന്ന് തുടങ്ങിയ പോസ്റ്റ്, ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും share ചെയ്ത് ആ കുടുംബത്തിന് സഹായമാവാൻ കാരണക്കാരായ എല്ലാ സുഹൃത്തുക്കൾക്കും Vanitha, Manorama News TV ഓൺലൈൻ പോർട്ടലുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

അന്ന് മുതൽ നിരന്തരമായി ഫോൺ കോളുകൾ വന്നു കൊണ്ടിരുന്നതിനാൽ ചിലതെങ്കിലും അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല എന്ന്
പയ്യോളി ശാന്തി പലിയേറ്റിവ് പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വിളിച്ച പലരോടും പെട്ടെന്ന് പണം അയക്കണ്ട എന്ന് പറയാനുള്ള കാരണം ആ കുടുംബത്തെ സഹായിക്കാൻ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് പുതിയ ബാങ്ക് A/C തുടങ്ങിയ ശേഷം ചെയ്യുന്നതാവും കൂടുതൽ നല്ലത് എന്ന് കരുതിയാണ്.

ആ ഉമ്മയെ വടകര വടകര സഹകരണ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് സ്കാനിങ്ങും മറ്റ് പരിശോധനകളും നടത്തിയപ്പോൾ വയറ്റിൽ എന്തോ അസുഖം ഉണ്ടെന്ന നിഗമനത്തിൽ ഇന്നലെ കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ കൊണ്ടുപോയി കൊളനോസ്‌കോപ്പി ചെയ്തു . ബയോപ്സി എടുത്ത് പരിശോധനക്കയച്ചു . ഇപ്പോൾ വീട്ടിലാണുള്ളത് . ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റും കൊടുക്കാൻ അടുത്തുള്ള ഒരു കടയിൽ ഏർപ്പാട് ചെയ്തു . വീട്ടിലേക്കാവശ്യമായ അടുക്കള സാമഗ്രികളുടെയും മറ്റും ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

ശാന്തി പലിയേറ്റിവ് അംഗങ്ങൾ ഉൾപ്പെടെ പ്രദേശത്തെ പൗരപ്രമുഖരെ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി : രമ ചെറുകുറ്റി ചെയർമാനായും പള്ളി കമ്മിറ്റി സെക്രട്ടറി കാദർ ഹാജി കൺവീനറായും , റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്‌ റിട്ടയേർഡ് ദേവസ്വം കമ്മീഷണർ അഡ്വ: ദാമോദരൻ വി . എം ട്രഷറർ ആയും ഈ കുടുംബത്തെ സഹായിക്കാൻ 18 അംഗ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
വീട്ടിന്റെ പുനർനിർമാണം, കുട്ടികളുടെ വിദ്യാഭ്യാസം, ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ, സാമ്പത്തിക കാര്യങ്ങൾക്ക് എന്നിങ്ങനെ സബ്കമ്മിറ്റികളും നിലവിൽ വന്നു. ശാന്തിയുടെ AC ലേക്ക് വന്ന പണം പുതിയ AC ലേക്ക് മാറ്റും.

പുതിയ കമ്മറ്റിയുടെ ബാങ്ക് ac വിവരങ്ങൾ
BHAGAVATHI KANDI SAKKEENA KUDUMBA SAHAYA SAMITHI
A/C NO 018804023724195001
IFSC CSBK0000188
THE CATHOLIC SYRIAN BANK.
THIKKOTI BRANCH

കുട്ടികളുടെ തുടർ വിദ്യാഭ്യാസം മുതൽ അവരുടെ വീട് നന്നാക്കാൻ വരെ സഹായ വാഗ്ദാനവുമായി വന്ന വിദേശത്തും സ്വദേശത്തുമുള്ള ഒരുപാട് നല്ല മനുഷ്യർ വെറുപ്പും വിദ്വേഷവും ഉൽപാദിപ്പിക്കാൻ മാത്രമുള്ള ഇടമല്ല ഇതെന്ന് വീണ്ടും തെളിയിക്കുന്നു.

തികച്ചും അനാഥാവസ്ഥയിൽ ആയിരുന്ന ആ കുടുംബത്തിന് കരുതലും സ്നേഹവുമായി നിന്ന എല്ലാവർക്കും നന്മയുണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം.

അന്നത്തെ പോസ്റ്റ് ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെയായി share ചെയ്തവർ ഈ വിവരങ്ങളും അവരുടെ ശ്രദ്ധയിൽ പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
(നജീബ് മൂടാടി)
23.3.2019