Monday 19 November 2018 03:52 PM IST

മക്കളെ വരച്ച വരയിൽ നിർത്തുന്ന അമ്മമാർ പഴങ്കഥ; ഇത് മക്കളുടെ മനസ്സിനൊപ്പം ജീവിക്കുന്ന ന്യൂജെൻ അമ്മമാരുടെ പുതിയ കഥ!

Ammu Joas

Sub Editor

newgenmoms1
ശരത്തും ഗീതയും, സുചിതും ശോഭനകുമാരിയും ഫോട്ടോ: അസീം കൊമാച്ചി

ശരത്തിന്റെ അമ്മയ്ക്ക് അറുപത് വയസ്സായി. അപ്പോൾപ്പിന്നെ അമ്മയുമൊരുമിച്ച് ഒന്നു കാശിക്കു പോകാമെന്നു തന്നെ പരമ്പരാഗത രീതിയിൽ തീരുമാനവുമായി. മകന്റെ ആഗ്രഹമല്ലേ, പോയേക്കാം എന്ന് അമ്മ. മൂന്നു ദിവസത്തെ കാശി യാത്രയും പ്ലാൻ ചെയ്തു പോയ ശരത്ത് അതിനുശേഷം വണ്ടിയൊന്നു ചെറുതായി ടേൺ ചെയ്തു. സിംലയും മണാലിയും കണ്ട് ലഡാക്കിലേക്ക് ഒരു ബുള്ളറ്റ് റൈഡും കൂടി അറ്റാച് ചെയ്ത് സംഗതി അടിപൊളിയാക്കി. തിരിച്ചെത്തിയിടത്തല്ലേ കഥയ്ക്ക് കൊടും ട്വിസ്റ്റ്. മണാലിയിൽ നിന്നുള്ള ബുള്ളറ്റ് റൈഡിന്റെ വിഡിയോ കണ്ട് ഏഴുകടലിനക്കരെ ഉള്ള ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിളിയോടു വിളി. ട്രിപ് സോഷ്യൽ മീഡിയയിൽ വൈറലായതിൽ ഞെട്ടലും അദ്ഭുതവും മാറിയിട്ടില്ലെങ്കിലും ‘ഇദല്ലേ അതിന്റെ ഒരു ദദ് ’ എന്നു ചോദിക്കുന്നു ഈ അമ്മയും മോനും.

സോഷ്യൽ മീഡിയയിൽ വൈറലായ മറ്റൊരു കഥയും കൂടി സെർച് െചയ്യാം. ഷാജി പാപ്പൻ സ്റ്റൈലിൽ കറുത്ത ഷർട്ടും ചുവന്ന മുണ്ടും കൂളിങ് ഗ്ലാസും വച്ച് സ്റ്റേജിൽ തട്ടുപ്പൊളിപ്പൻ ഡാൻഡ് ചെയ്യുന്ന സുചിത്. ‘മുത്താണീ പാപ്പൻ... സ്വത്താണീ പാപ്പൻ...’ പാട്ടിനു താളം മുറുകുമ്പോൾ കൂളിങ് ഗ്ലാസ് വച്ച് അടിപൊളി ചുവടുകളുമായി സ്റ്റേജിലേക്ക് കയറിവരുന്നു, സുചിത്തിന്റെ അമ്മ ശോഭനകുമാരി. ‘ഷി ഈസ് ദി ഡ്യൂഡ്...’ പിന്നീട് കേൾക്കുന്നത് സദസ്സിന്റെ നല്ല ‘ചകചകാ’ കയ്യടി. അവസാനം കെട്ടിപ്പിടിച്ചു നിന്ന് സദസ്സിനോടു നന്ദി പറയുമ്പോൾ അമ്മയുടെ കണ്ണിൽ മാലപ്പടക്കങ്ങൾ പൊട്ടുന്നു. മകന്റെ മുഖത്താണെങ്കിൽ ‘എന്റെ അമ്മ ഡാ’ എന്ന അഭിമാനവും.

ഇതൊക്കെ വല്ലപ്പോഴുമുള്ള രസങ്ങൾ എന്നൊന്നും പറഞ്ഞുകളയല്ലേ അരസികരായ അമ്മമാരേ... ശരത്തിനെയും സുചിത്തിനെയും പോലുള്ള യങ് ബ്രോസ് കൊതിക്കുന്നത് ഇതൊക്കെ തന്നെയാണ്. അറുപതു പിന്നിട്ട അമ്മമാരെല്ലാം ‘ബ്രീത് അനലൈസറു’മായി പിന്നാലെ നടക്കുന്നവർ മാത്രമാണെന്നുള്ള ആ തെറ്റിദ്ധാരണ മാറ്റിക്കൊടുത്തേക്കാം എന്ന് എപ്പോൾ തീരുമാനിക്കുന്നോ അന്നു മുതൽ അവർ നിങ്ങളെ വിളിച്ചു തുടങ്ങും ‘അമ്മ ബ്രോ’ എന്ന്.

അതൊന്നും പറ്റില്ല, മക്കളെ വരച്ച വരയിൽ നിർത്താനാണ് നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നത് എന്നാണോ? ശരി, അങ്ങനെ തന്നെ ആയിക്കോളൂ. പക്ഷേ, മക്കൾ അകന്നുപോകുന്നു എന്ന പരാതി മാത്രം പിന്നെ, പറയരുത്. മക്കളുടെ മുന്നിലോ പിന്നിലോ നടക്കുന്നതിലല്ല, അവർക്കൊപ്പം നടക്കുന്നതിലാണ് കാര്യമെന്നാണ് മനഃശാസ്ത്ര വിദഗ്ധരും പറയുന്നത്. അങ്ങനെ കൂടെ നടക്കുമ്പോഴാണ് ഏതു പ്രായത്തിലും മ ക്കളുടെ മനസ്സിൽ പ്രത്യേക ഇരിപ്പിടമിട്ട് അമ്മയെ അവർ സ്നേഹത്തോടെ ഇരുത്തുന്നതും.

നാട്ടുനടപ്പ് അനുസരിച്ച്...

‘എല്ലാം പിള്ളേരുടെ ഇഷ്ടത്തിനു വിടാൻ പറ്റുമോ. അമ്മയാകുമ്പോൾ അൽപം ഭരണമൊക്കെയാകാം...’ ഇങ്ങനെ പറ ഞ്ഞുചെന്നാൽ മക്കൾ മൈൻഡ് ചെയ്യാനേ പോകുന്നില്ല. മ ക്കൾക്ക് അമ്മയോടു ബഹുമാനം വേണമെന്നു നിർബന്ധ മൊക്കെ ആകാം. പക്ഷേ, അതിൽ കാർക്കശ്യത്തിന്റെ ശബ്ദം ചേരുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുക. ഇതാണ് അമ്മയ്ക്കും മകനുമിടയിലെ ബന്ധത്തിൽ പലപ്പോഴും വിടവുണ്ടാക്കുന്നത്. ഇങ്ങനെ കടുത്ത നിയന്ത്രണങ്ങളുടെ അന്തരീക്ഷത്തിൽ നിന്നു രക്ഷനേടാൻ മക്കൾ കൂട്ടുകാരെ ആശ്രയിക്കുന്നതിൽ തെറ്റുപറയാനാകില്ല. വീടിനു പുറത്തുള്ള സൗഹൃദം ശക്തിപ്പെടുമ്പോൾ അമ്മയുമായുള്ള വൈകാരിക ബന്ധവും കുറയും.

newgenmoms5

ഇനി ബ്ലാക് ആൻഡ് വൈറ്റ് സ്ക്രീനില്‍ ഒരൽപം ഫ്ലാഷ് ബാക്. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള അന്തർധാര അ ത്ര സജീവമല്ലാതിരുന്ന കാലം. അച്ഛനും മകനും പരസ്പരം കാണുന്നതു തന്നെ വളരെ കുറവ്. ആവശ്യങ്ങളും പരാതികളുമായി അമ്മയുടെ അടുത്ത് എത്തുന്ന മകൻ.  അച്ഛനും മകനുമിടയിലെ മീഡിയേറ്റർ റോളിൽ ശ്വാസം മുട്ടുന്ന അമ്മ. റീൽ കുറച്ചുകൂടി മുന്നോട്ട് തിരിച്ചാൽ ചട്ടം പഠിപ്പിക്കലുമായി വടി പിടിച്ചു നിൽക്കുന്ന അച്ഛനേയും അമ്മയേയും കാണാം. മക്കൾക്ക് മാതാപിതാക്കളോടു വേണ്ടത് ബഹുമാനവും അനുസരണയും ഭയവും മാത്രമാണെന്നു ചിന്തിച്ച അച്ഛനമ്മമാ രാണ് ആദ്യമുണ്ടായിരുന്നതെങ്കിൽ, ഞങ്ങൾ പറയുന്ന ശരികളും വരയ്ക്കുന്ന വരയും വിട്ടു പോകരുത് എന്ന് ശഠിക്കുന്ന വരെയാണ് പിന്നെ, കണ്ടത്. ഇന്നും വരച്ച വരയിൽ നിന്ന് നീങ്ങാൻ പഠനകാലം കഴിയും വരെ കുട്ടിയെ ആരും അനുവദിക്കാറില്ല. എന്നാൽ അതു കഴിഞ്ഞ്, വീട്ടിലെ സകല ഉത്തരവാദിത്തവും മകൻ ഏറ്റെടുക്കുകയും വേണം. ഇതു നടക്കാതെ വരുമ്പോൾ മിക്കയിടത്തും പ്രശ്നങ്ങളായി.

സിഗ്‌മണ്ട് ഫ്രോയ്ഡിന്റെ സിദ്ധാന്ത പ്രകാരം മകന് അമ്മയോടും മകൾക്ക് അച്ഛനോടും കൂടുതൽ ഇഷ്ടമുള്ളതായി പറയാറുണ്ട്. പിന്നീട് പല പഠനങ്ങളും ഇതു തെറ്റാണെന്നു പ റഞ്ഞെങ്കിലും ഇത്തരം ഇഷ്ടക്കൂടുതലുകൾ നമ്മൾ പല വീടുകളിലും കാണാറുണ്ട്. അതുകൊണ്ടാണ് അച്ഛനെ പോലെ കരുതലും സ്നേഹവും തരുന്ന പുരുഷൻ ജീവിതത്തിലേക്ക് വരണമെന്നു പെൺകുട്ടികൾ മോഹിക്കുന്നത്.

അമ്മമാരോടാകും മിക്ക ആൺകുട്ടികൾക്കും ചെറുപ്പത്തിൽ അടുപ്പം കൂടുതൽ. അമ്മയുടെ കൈവിരലിൽ തൂങ്ങി വീടിനു പുറത്തുള്ള ലോകം കണ്ടാണ് ഓരോ കുഞ്ഞും വളരുന്നത്. ചുവടുറയ്ക്കാത്ത കുഞ്ഞിക്കാലുകളിലൂന്നി നിന്ന് പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ അമ്മ തന്ന കയ്യടിയാണ് കുഞ്ഞിന്റെ ആത്മവിശ്വാസത്തിന് ചിറകായത്. പാട്ടിന്റെ വരിയൊന്നു തെറ്റുമ്പോൾ ഒപ്പം പാടിയും കുട്ടിയെ രസിപ്പിക്കാന്‍ ഒപ്പം ആടിയും അമ്മയും മക്കളും രസിക്കും. പിന്നെയെപ്പോഴാണ് ആ രസത്തിന്റെ ചരടു പൊട്ടുന്നത്?

മകൻ വളർച്ചയുടെ പടവുകളേറുമ്പോൾ അമ്മമാരെ മാറ്റിനിർത്തുന്നതാണ് ഈ രസച്ചരടു പൊട്ടിക്കുന്നത്. ചങ്കായി കൂടെ നടക്കാൻ കൂട്ടുകാരും ചങ്കിടിപ്പായി ചേർന്നു നിൽക്കാൻ ഒരു പെണ്ണും വരും. മൊബൈലും സോഷ്യൽ മീഡിയയും സിരകളിൽ പായുന്നതോടെ തലയൊന്നു നിവർത്താൻ കൂടി നേരമില്ലാതാകും. പഠനം, ജോലി, വർക് പ്രഷർ.... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വാക്കുകൾക്കിടയിൽ അമ്മ എന്ന രണ്ടക്ഷരം മുങ്ങിപ്പോകും. പക്ഷേ, അമ്മ മനസ്സു വച്ചാൽ ഇതൊക്കെ റെഡിയാക്കാവുന്നതേയുള്ളൂ.  മകന്റെ  വളർച്ചയെ  തടുക്കാനോ അവനൊപ്പം വളരുന്ന സാഹചര്യങ്ങളെ ഒഴിവാക്കാനോ ആ കില്ല. എന്നാൽ അവർക്കൊപ്പം വളരാൻ കഴിയും.

മകന്റെ മാനസിക സ്ഥിതിയിലേക്ക് എത്തിച്ചേരാനുള്ള ശ്രമം അമ്മയുടെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടത്. എന്തുകാര്യവും തുറന്ന മനസ്സോടെ പറയാനുള്ള അടുപ്പം ചെറുപ്പത്തിലേ തന്നെ ഉണ്ടാക്കിയെടുക്കണം. വീട്ടിലെ കഞ്ഞിക്കലത്തിനോടുവരെ വഴക്കുണ്ടാക്കുന്ന കൗമാരപ്രായത്തിൽ നിയന്ത്രണങ്ങള‍്‍ അടിച്ചേൽപ്പിച്ചും എതിർപ്പു കാട്ടിയും അവരെ അടക്കി നിർത്താമെന്നു കരുതരുത്. ‘നോ’ പറയും മുൻപ് അതിനു പ്രേരിപ്പിച്ച കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം. അവർ ചെയ്യാനാലോചിച്ച പ്രവൃത്തിയുടെ നെഗറ്റീവും പൊസിറ്റീവും പറഞ്ഞുകൊടുക്കാം, പക്ഷേ, തീരുമാനമെടുക്കാൻ അവരെ അനുവദിക്കണം. പ്രവൃത്തികളെ പരിധിയിലധികം നിരീക്ഷിക്കാനും കുറ്റപ്പെടുത്താനും നിന്നാൽ ‘നോ’ പറഞ്ഞ് അവരുടെ പാട്ടിനു പോകാനും സാധ്യതയേറെ.

മുതിർന്നാലും കൂട്ടാകാം

മകന്‍ മുതിർന്ന ശേഷവും സുഗമമായ ഇടപെടലിനു സാധ്യതയുണ്ട്, പക്ഷേ, ശ്രമിക്കണമെന്നു മാത്രം. ഒരു സ്ഥലത്തേക്കു യാത്ര പോകുന്നു എന്നു കരുതുക. രണ്ടു വഴിക്ക് എത്താമെ ന്നിരിക്കെ ആദ്യ വഴിയിലൂടെ പോകാമെന്നു മകൻ പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്താകും? എന്തിനാണ് ഈ വഴി, വഴി നന്നായിരിക്കുമോ, എത്ര ഗട്ടർ കാണും... ഒരു ചോദ്യാവലിക്ക് തന്നെ ഉത്തരം എഴുതിക്കൊടുത്താലേ മിക്ക അമ്മമാരും ആ ഓപ്ഷൻ ശരി വയ്ക്കൂ. യാത്ര പുറപ്പെട്ടാൽ തന്നെ ‘വഴി തെറ്റി പോയിട്ടൊന്നുമില്ലല്ലോല്ലേ...’ എന്ന് ആശങ്കപ്പെട്ടു കൊണ്ടിരിക്കും. രണ്ടാമത്തെ വഴിയാകും ഇതിനേക്കാൾ നല്ലതെന്നു നെടുവീർപ്പുമിടും. എല്ലാം കഴിഞ്ഞ് ‘ശുഭം’ ഹാഷ് ‌ടാഗുമായി തിരികെയെത്തുമ്പോഴാകും ‘ഇത്ര രൂപ ചെലവായല്ലേ...’ എന്ന തിരിഞ്ഞുനോട്ടം. മക്കളുടെ എല്ലാ തീരുമാനത്തെയും ഇങ്ങനെ തെറ്റിന്റെ നിഴലിൽ പരിശോധിക്കാൻ നിൽക്കല്ലേ. നിങ്ങൾ ഒട്ടും വിലകൽപിക്കുന്നില്ല എന്ന ഫീൽ അവർക്ക് ഉണ്ടാകാം. പിന്നീട് അമ്മയുമൊത്ത് അടുത്ത വീടു വരെ പോകണമെങ്കിൽ കൂടി അവർ മടിക്കും.

മക്കളെ മിടുക്കരാക്കാം

ഹാർവാഡ് സർവകലാശാല നടത്തിയ ഗ്രാൻഡ് സ്റ്റഡി എ ന്ന പഠനം ഇതുസംബന്ധിച്ച വിശദാംശങ്ങൾ പറഞ്ഞു തരുന്നു. സർവകലാശാലയിൽ നിന്ന് ബിരുദ പഠനം കഴിഞ്ഞ് പല വഴി പിരിഞ്ഞവരുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു, ആരോഗ്യം, ആയുർദൈർഘ്യം, ജോലി, സാമ്പത്തിക അഭിവൃദ്ധി, കുടുംബജീവിതം തുടങ്ങിയവയൊക്കെ എത്രത്തോളം വിജയകരമായി എന്നൊക്കെയായിരുന്നു പഠനം. ഇതിലെ രണ്ടു പ്രധാന കണ്ടെത്തലുകൾ എന്തെന്നോ? അമ്മമാരുമായി കുട്ടിക്കാലത്ത് ഊഷ്മളബന്ധം ഉണ്ടായിരുന്ന കുട്ടികൾ അതില്ലാതിരുന്ന കുട്ടികളേക്കാൾ ധനാഢ്യരായി മാറി. അമ്മമാരുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്ന ആൺകുട്ടികൾക്ക് ജോലി സ്ഥലത്തെ കാര്യക്ഷമതയും വളരെ കൂടുതലായിരുന്നു എന്നതാണ് ഇതിന്റെ കാരണം. മാത്രമല്ല, ചെറുപ്പത്തിൽ മനസ്സിൽ വീണ സ്നേഹത്തിന്റെ വിത്തുകൾ അവരെ നല്ല ഭർത്താവും കുടുംബനാഥനുമാക്കിയിട്ടുമുണ്ട്.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം മകനേക്കാൾ ഗുണമാകുക അമ്മയ്ക്കാണ്. മനസ്സു വീണ്ടും കൗമാരത്തിലെ കുസൃതികളിലേക്കും യൗവനത്തിലെ സൗന്ദര്യത്തിലേക്കും പായും. വീട്ടുജോലികളുമായി ഒതുങ്ങി കൂടുന്ന അമ്മയെ റീചാർജ് ചെയ്തെടുക്കാൻ ഈ കൊച്ചുകൊച്ചു സന്തോഷങ്ങൾ മതി. അങ്ങനെ ഊർജസ്വലയാകുമ്പോൾ വാർധക്യസഹജമായ രോഗങ്ങൾ വീടിനു പുറത്തു നിൽക്കും.

ആൺകുട്ടികളോട് ‘യോ യോ’ പറയാൻ ഇനി എന്തിനാണ് മടിക്കുന്നത്? രോഗങ്ങളും വാർധക്യവും പുറത്തു നിൽക്കട്ടെ. ആൺമക്കൾ അകത്തുതന്നെ നിൽക്കട്ടെ. അമ്മയുടെ ചങ്കും ചങ്കിടിപ്പുമല്ലേ അവർ...?

‘വി ആർ ബെസ്റ്റ് ഗഡ്ഡീസ്...’

newgenmom2

‘‘യാത്രകളോടു വലിയ ഇഷ്ടമാ, ട്രാവൽ മാഗസിനുകൾ കയ്യിൽ കിട്ടിയാൽ വായിച്ചുതീർക്കാതെ താഴെ വയ്ക്കില്ല. അങ്ങനെയുള്ള എന്നോട് മണാലിയിൽ നിന്നു ലഡാക്കിലേക്കു ബുള്ളറ്റിൽ പോയാൽ ആകാശം തൊടാമെന്നും മേഘം പുതയ്ക്കാമെന്നുമൊക്കെ പറഞ്ഞാൽ എപ്പോൾ പുറപ്പെ  ട്ടെന്നു ചോദിച്ചാൽ മതി...’’ മകനൊപ്പം യാത്ര നടത്തി വൈറലായ തൃശൂർ വടക്കേച്ചിറ സ്വദേശിനി ഗീത പറഞ്ഞുതുട      ങ്ങിയതിങ്ങനെ. ശരത്തിനൊപ്പം 2014ലാണ് ഗീത ആദ്യമായി യാത്ര പോയത്. ഒരു ബിസിനസ്സ് ട്രിപ്പിൽ ഒപ്പം അമ്മയും കൂടി. പിന്നെ, യാത്രകൾ പതിവായി.

‘‘അറുപതാം വയസ്സിലാണ് ജീവിതത്തിലാദ്യമായി ബൈക്കിൽ കയറുന്നത്, മകനൊപ്പം. ലഡാക്കിലേക്കുള്ള വഴി അടച്ചിരുന്നതിനാൽ ഞങ്ങൾക്ക് റോത്തങ് പാസ്സ് വരെയേ പോകാനായുള്ളൂ. അതിലും സന്തോഷം നൽകിയത് ഇക്കഴിഞ്ഞ ജൂണിൽ നടത്തിയ കൈലാസ യാത്രയാണ്. നാസിക്, ഡൽഹി, ദുബായ്, ഹരിദ്വാർ, ഋഷികേശ്‍, കാശി, സിംല, മണാലി അങ്ങനെ എവറസ്റ്റ് വരെ, അല്ലേടാ..’’ അടുത്തിരുന്ന മകനെ നോക്കി ഗീത ചിരിച്ചു.

അമ്മയുടെ സ്വപ്നത്തിന്റെ കൊടുമുടി കീഴടക്കിയ സ ന്തോഷത്തിലാണ് മകൻ ശരത്ത്. ‘‘കൈലാസം കണ്ടു തിരി ച്ചെത്തിയപ്പോൾ കാഠ്മണ്ഡുവിൽ മൗണ്ട് എവറസ്റ്റിനെ കുറിച്ച് ഒരു പരസ്യം കണ്ടു. ‘ഇതൊന്നും ഈ ജന്മത്തിനി കാണാൻ കഴിയില്ല...’ എന്ന അമ്മയുടെ ആത്മഗതം കേട്ടപ്പോൾ എനിക്ക് ത്രില്ലായി. നേപ്പാൾ ടൂറിസത്തിന്റെ കീഴിലുള്ള പ്രൈവറ്റ് ജെറ്റിൽ ആകാശത്തു നിന്ന് ഞങ്ങളാ അ ദ്ഭുതം കണ്ടു. ആദ്യമൊക്കെ അമ്മയ്ക്കു മടിയായിരുന്നു. പക്ഷേ, എപ്പോഴും ഞങ്ങൾ മൂന്നു മക്കളോടും പറയും, ‘യാത്രകൾ പോകൂ... ലോകം കാണൂ’ എന്ന്. അത്താഴം എല്ലാ വരും ഒന്നിച്ചിരുന്നു കഴിക്കണമെന്ന് അമ്മയ്ക്ക് നിർബന്ധമാണ്. എല്ലാ വിശേഷവും ചോദിച്ചറിയും. തെറ്റു കണ്ടാൽ വഴക്കുപറയും. പിന്നീട് ഞങ്ങൾ ചെയ്യില്ല, ഫ്രെണ്ട് പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റുമോ...’’

മക്കൾക്കൊപ്പം നിന്നതു കൊണ്ട് ഇപ്പോൾ നടുവേദന പോലുമില്ലെന്ന് ഗീത തമാശയായി പറയുന്നു. ‘‘നടുവേദനയ്ക്കു സർജറി വേണമെന്നു ഡോക്ടർ പറഞ്ഞിട്ട് ഒരു വർഷമായി. ഈ സന്തോഷങ്ങൾക്കിടിയിൽ ഞാനാ വേദന അറിയാറില്ല. യാത്ര തരുന്ന എനർജി വളരെ വലുതാണ്. യാത്രയ്ക്കുള്ള തയാറെടുപ്പുകൾ പോലും തരുന്ന ഉന്മേഷം വേറെയും.’’

നീലക്കുറിഞ്ഞി കാണാനും ശരത്തിന്റെ കൈപിടിച്ച് ഗീ ത പോയിരുന്നു. കുറിഞ്ഞിക്കാലം കണ്ട് കൊളുക്കുമലയിലെ ടെന്റിൽ താമസിച്ച് സിംഹപ്പാറയിൽ തൊട്ട് ഒരു രാത്രി. ‘‘നീലക്കടൽ കണ്ട് വണ്ടറടിച്ചു പോയി അമ്മ. ഇനി നീലക്കുറിഞ്ഞി പൂക്കുമ്പോൾ അമ്മയ്ക്ക് 72 വയസ്സ്. അന്ന് ബുള്ളറ്റിൽ വരാമെന്ന് ഇപ്പഴേ ചട്ടം കെട്ടിയിട്ടുണ്ട്.’’ ശരത്ത് അമ്മയെ ചേർത്തു പിടിച്ചു.

‘കൺമുന്നിലുള്ള ദൈവവുമായി കാണാത്ത ദൈവങ്ങളെ കാണാൻ ഒരു മകൻ നടത്തിയ യാത്ര.’ ഫെയ്സ്ബുക്കിൽ ശരത്ത് കുറിച്ച വരികളാണ്. മകന്റെ ആഗ്രഹത്തിനൊപ്പം പറക്കുന്ന ഏതമ്മയും മോഹിക്കും ഇതുപോലൊരു സമ്മാനം. ശരത്തിന്റെ അച്ഛൻ എം.കെ. രാമചന്ദ്രൻ സഞ്ചാര സാഹിത്യകാരനാണ്. ഹിമാലയത്തെക്കുറിച്ച് അ ഞ്ച് യാത്രാവിവരണങ്ങൾ എഴുതിയിട്ടുണ്ട്. ശരത്ത് ബിസിനസ് ചെയ്യുന്നു. മറ്റു മക്കളായ ശങ്കറും സനിതയുമൊക്കെയുണ്ട് അമ്മയുടെ ആഗ്രഹങ്ങൾക്ക് കൂട്ടായി.

മകൻ മാസ് അമ്മ കൊലമാസ്

newgenmoms4

കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ശ്രീശോഭം വീട്ടിൽ പാട്ടിന്റെ താളം. ‘വൺ, ടു, ത്രീ, ഫോർ...’ പാട്ടിനൊപ്പിച്ച് ചുവടുകൾ പഠിപ്പിക്കുകയാണ് മകൻ സുചിത്. കൊച്ചുകുട്ടിയെപ്പോലെ അതനുകരിക്കുന്ന അമ്മ ശോഭനകുമാരി. ഇടയ്ക്കു ചുവടു തെറ്റുമ്പോൾ സുചിത്ത് കണ്ണുരുട്ടുന്നുണ്ട്. ചമ്മിയൊരു ചിരി ചിരിച്ച് ‘ഇപ്പം ശരിയാക്കിത്തരാം’ എന്നു പറഞ്ഞ് അമ്മ നൃത്തം തുടരുന്നു.

‘‘നൃത്തം ചെയ്യാൻ ശാസ്ത്രീയമായി പഠിച്ചിരിക്കണമെന്ന് ആരാ പറഞ്ഞേ... മനസ്സിൽ ആഗ്രഹമുണ്ടെങ്കിൽ പിന്നൊന്നും നോക്കരുത്, തകർത്തോണം...’’ ശോഭനകുമാരി സംസാരിച്ചു തുടങ്ങിയതുതന്നെ ഫുൾ ഓൺ എനർജിയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ലയൺസ് ക്ലബ് സോണൽ കോൺഫറൻസിൽ ഈ അമ്മയും മകനും ഒന്നിച്ചു ചെയ്ത ഡാൻസാണ് ഇവരെ വൈറലാക്കിയത്.

‘‘ആദ്യമായി ഡാൻസ് കളിക്കുന്നത് മക്കൾക്കൊപ്പമാണ്, ഒൻപതു വർഷം മുൻപ്. പിന്നീട് ഞാനും മകനും കൂടി റസിഡൻസ് അസോസിയേഷനിലും കുടുംബകൂട്ടായ്മകളിലുമൊക്കെ പെർഫോം ചെയ്യുമായിരുന്നു. സ്റ്റേജിൽ കയറിയാൽ പിന്നെ, ഞാൻ വേറെ ലെവലാ... മകന്റെ കൂടെ അടിച്ചുപൊളിക്കുന്ന സന്തോഷം അതുക്കും മേലെ...’’

സുചിത്താണ് ബാക്കി പറഞ്ഞത്. ‘‘ഞങ്ങളെ ചെറുപ്പത്തിൽ എല്ലാ കലാപരിപാടിയിലും മത്സരിപ്പിക്കുമായിരുന്നു. പക്ഷേ, പഠനത്തിൽ ഉഴപ്പാൻ സമ്മതിക്കില്ല. നല്ല മാർക്ക് കിട്ടിയില്ലെങ്കിലും പ്രശ്നമൊന്നുമില്ല. പക്ഷേ, നമ്മൾ ആത്മാർഥമായി ശ്രമിക്കണമെന്നു നിർബന്ധമായിരുന്നു.

ചേച്ചി സുചിത്രയാണ് വീട്ടിലെ ഡാൻസർ. എന്റെ ഗുരുവും ചേച്ചി തന്നെ. ഇപ്പോൾ ആർമിയിൽ അസിസ്റ്റന്റ് ജഡ്ജ് അഡ്വക്കറ്റ് ജനറലാണ് ചേച്ചി. ലക്നൗവിൽ നിന്നു നാട്ടിൽ അവധിക്കു വരുമ്പോൾ എവിടെയെങ്കിലും നൃത്തപരിപാടിക്ക് അവസരമുണ്ടെങ്കിൽ ചേച്ചിയെ കൊണ്ടുപോയി പെർഫോം ചെയ്യിക്കും അമ്മ. റിയാലിറ്റി ഷോയിൽ ഞാൻ പങ്കെടുക്കണമെന്ന വാശി അമ്മയ്ക്കായിരുന്നു. കോളജ് ഇവന്റുകളിൽ നിന്നു മാറി നിൽക്കരുതെന്നും നിർബന്ധിക്കും. ഇ മ്മാതിരി പ്രോത്സാഹനം നൽകുന്ന അമ്മയെയും സ്റ്റേജി ൽ കയറ്റണമെന്നത് വലിയ മോഹമായിരുന്നു’’.

അമ്മയുടെ ഇഷ്ടങ്ങൾക്ക് കൂട്ടായി സുചിത്തുണ്ട്, മക്കളെ സപ്പോർട്ട് ചെയ്യാൻ അമ്മയും.‘‘ഏതു സിനിമ വന്നാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഞാനും അമ്മയും പോയി കാണും. വീട്ടിൽ എന്റെ സുഹൃത്തുക്കൾ വന്നാൽ എന്നെ വിളിക്കും മുൻപ് അമ്മയെയാണ് വിളിക്കാറ്.  പഠനവും ജോലിയുമൊക്കെയായി ബന്ധപ്പെട്ട് ഞാൻ കേരളത്തിനു പുറത്താണ് വർഷങ്ങളായി. പക്ഷേ, അടുത്തുള്ളതു പോലെ എല്ലാ വിശേഷവും പരസ്പരം അറിയാം. എന്നും വിളിച്ചു സംസാരിക്കും. ഷോപ്പിങ്ങിനു പോകുകയാണെന്നു പറയുമ്പോൾ അമ്മയുടെ ഒരുപദേശമുണ്ട് ‘നല്ല ട്രെൻഡി ഡ്രസുകളേ വാങ്ങാവൂ. സ്റ്റൈലായി നടന്നോണം, അതമ്മയ്ക്ക് കാണണം.’

ഷാജി പാപ്പന്റെ കൂട്ടാളിയായി വന്ന് വൈറൽ താരമായി മാറിയ ശോഭനകുമാരി സെയിൽസ് ടാക്സ് റിട്ട. അഡീഷനൽ ലീഗൽ അഡ്വൈസറാണ്. സുചിത് കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിൽ അസി. പ്രഫസർ. കോളജിലെ ടീച്ചർമാരും കുട്ടികളുമൊക്കെ ഇപ്പോൾ അമ്മയുടെ ഫാൻസ് ആണെന്ന് സുചിത്.

ഹരിചരൺ, ജാസി ഗിഫ്റ്റ്, ശ്രുതി ശശിധരൻ എന്നിവർ പാടുന്ന ആൽബവും ചെയ്യുന്നുണ്ട് സുചിത്തിപ്പോൾ. സുചിത്തിന്റെ അച്ഛൻ ചെല്ലപ്പന്‍ പത്ര സ്ഥാപനത്തിൽ ഓഫിസ് സ്റ്റാഫായിരുന്നു. റിട്ടയർമെന്റിനു ശേഷം ഭാര്യയ്ക്കും മ കനും കട്ടസപ്പോർട്ടായി ഒപ്പമുണ്ട്.

മക്കളുടെ സുഹൃത്താകാൻ

newgenmoms3

മക്കളുടെ മനസ്സും വളർച്ചയുമറിഞ്ഞ് അവർക്കൊപ്പം സഞ്ചരിക്കാൻ അമ്മമാർ അറിയേണ്ട ചില ടിപ്സ് ഉണ്ട്.

∙ സുഹൃത്തിനോടു സംസാരിക്കുന്ന ശൈലി മതി മക്കളോടും. അവരുടെ ഭാഷ തന്നെ ഉപയോഗിച്ചുനോക്കൂ, ഇപ്പോൾ ഉപയോഗിക്കുന്ന ആ പഴഞ്ചൻ ‘ഡോമിനേറ്റിങ്’ ഭാഷ എടുത്തു വലിച്ചെറിയൂ.  

∙  കൗമാരമെത്തുമ്പോൾ കൂട്ടുകൂടുന്നതിനെ സദാ വിലക്കേണ്ട, ബന്ധങ്ങളും ചുറ്റുമുള്ള ലോകവും വളരുമ്പോൾ അറിവും വളരും. വ്യക്തിത്വം നന്നായി രൂപപ്പെടാനും ചുറ്റുമുള്ളവരെ പരിഗണിക്കാനും അവർ പഠിക്കുകയാണ്.

∙ മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്നറിയാൻ പിറകേ നടക്കേണ്ട കാര്യമില്ല. അവരുടെ കൂട്ടുകാരെ നിങ്ങളും കൂട്ടുകാരാക്കുക. വിശേഷങ്ങൾ പറഞ്ഞ് തമാശകൾ പൊട്ടിച്ച് അവരുടെ സംഘത്തിൽ ഉൾപ്പെടുമ്പോൾ അമ്മയ്ക്ക് മകന്റെ സുഹൃത്തുക്കളെ അറിയാനാകുമെന്നു മാത്രമല്ല ഇതു മകനു കൂടുതൽ സന്തോഷവും നൽകും.  

∙ എല്ലാം തുറന്നു പറയുന്ന സ്വഭാവം ചെറുപ്പം മുതലേ കു ട്ടിയിൽ വളർത്തിയെടുക്കാൻ ആദ്യം വേണ്ടത് അവർ പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമയാണ്. എടുത്തുചാടി പ്രതികരിക്കുന്നത് അവരെ നിങ്ങളിൽ നിന്നകറ്റും.

∙ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും കുറ്റപ്പെടുത്താതെ സ്വീകരിക്കുക. നിങ്ങളുടെ അഭിപ്രായം ഒരിക്കലും അടിച്ചേൽപ്പിക്കലായി അവർക്ക് തോന്നാതിരിക്കാൻ ശ്രദ്ധിക്കണം. മക്കളും മുതിർന്നെന്ന ബോധ്യം വേണം. ഉപദേശം അവർക്കത്ര പ്രിയമാകില്ല.

∙ ഹോസ്റ്റലിൽ താമസിക്കുന്ന മക്കളോടു സംസാരിക്കുമ്പോൾ, പ്രത്യേകിച്ചും വൈകാരിക ബന്ധം കുറവാണെങ്കി ൽ വളരെ ശ്രദ്ധിക്കണം. സംസാരം ഹ്രസ്വമാക്കി അവർക്ക്  മാനസിക അലോസരം ഉണ്ടാക്കാതെ ഇടപെടണം. തിരക്കിലാണോ എന്നു ചോദിച്ചശേഷം സംസാരിച്ച് തുടങ്ങുക.

∙ മക്കളുടെ സ്വകാര്യതയിലേക്കു ഇടിച്ചുകയറി ചെല്ലാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണം. അമ്മയോട് എന്തും തുറന്നു പറയാനുള്ള സാഹചര്യം കൊടുത്താൽ അവർതന്നെ എല്ലാ വിശേഷങ്ങളും നിങ്ങളോടു പറയും.

∙ ആൺകുട്ടികൾ വിവാഹിതരാകുന്നതോടെ അമ്മയ്ക്കു സ്ഥാനം കുറഞ്ഞെന്നോ പഴയ സ്നേഹമില്ലെന്നോ പരാ    തി പറയരുത്. പുതിയൊരു ജീവിതം അവർ തുടങ്ങുമ്പോൾ  മരുമകളെ മകളായി കണ്ട് സൗഹൃദമുണ്ടാക്കണം. മകന്റെ ജീവിതത്തിലെ നന്മകൾ, അമ്മ പഠിപ്പിച്ചു കൊടുത്തതിലൂടെ കൈവന്നതാണെന്ന് അപ്പോഴേ അഭിമാനിക്കാനാകൂ.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, അസോഷ്യേറ്റ് പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം.