ചിറകടിച്ചെൻ കൂടു തകരും നേരം
ജീവജലം തരുമോ... ജീവജലം തരുമോ...
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്ന് വീട്ടിൽ നിന്ന് ഉയർന്നു കേൾക്കുന്നു. തൃശ്ശൂർ പോട്ടോർ റോഡരികിൽ വിശാലമായ മുറ്റത്ത് തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസ്പേപ്പർ ബോയ് സിനിമയിലെ നടൻ വി. ബാലരാമന്റെ വാണീവിലാസം വീട്.
84ാം വയസ്സിലും ജീവകാരുണ്യപ്രവർത്തനങ്ങളും യോഗയുമൊക്കെയായി സദാ തിരക്കിലാണ് മാ ഷ്. എങ്കിലും ഒാർമയുടെ അങ്ങേതുഞ്ചത്ത് ഇന്നുമുണ്ട് ചെറുതാരകമായി സിനിമയുടെ തിളക്കം. തൃശൂ രിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ അമരക്കാരനാണ് വി. ബാലരാമൻ. പ്രവർത്തനത്തിനൊപ്പം താൽപര്യമുള്ളവർക്കു പരിശീലനം നൽകുന്ന ചുമതലയും അദ്ദേഹത്തിനാണ്. ജീവ കാരുണ്യ പ്രവർത്തകരുടെ സംഘടനയായ കെയർ ഫോർ ഓളിന്റെയും യോഗാ ഫോർ ഓളിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ് മാഷ്.
‘‘ഈ പ്രായത്തിലും എന്നെ ഇത്ര ഉത്സാഹവാനായി നിർത്തുന്നത് എന്താണെന്നറിയാമോ? യോഗയും ജീവകാരുണ്യപ്രവർത്തനവും പിന്നെ, ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രനായ ലച്ചുവും അനുവും തനുവും. കുട്ടികൾക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ അവരിൽ ഒരാളാകും. എല്ലാ കുട്ടിക്കളികളിലും കൂടും.’’ ഒാരം ചേർന്ന് നിന്നു മുറ്റത്തേക്ക് തണൽ വിരിച്ചു നിൽക്കുന്ന മാവിന്റെ തണലിരുന്ന് പൊട്ടിച്ചിരിയോടെ മാഷ് പറയുന്നു. ‘‘എന്റെ ജീവവായു യോഗയും ജീവജലം പാലിയേറ്റീവ് കെയറുമാണ്. ഓരോ രോഗിയുടെയും ദിവസങ്ങൾ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമമാണത്. എന്റെ ഭാര്യാസഹോദരൻ മണികണ്ഠന് കാൻസറായിരുന്നു. അദ്ദേഹം വിവാഹിതനായിരുന്നില്ല. ബന്ധുക്കളെന്നു പറയാൻ ഞാനും ഭാര്യ ജാനകിയും കുട്ടികളും മാത്രമേയുള്ളൂ.
ഈ രോഗാവസ്ഥയിൽ എങ്ങനെ പരിചരിക്കണം എന്ന് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് മണിയെ തൃശ്ശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചു. ഞങ്ങൾ പതിവായി കാണാൻ പോകും. അതുവഴി പാലിയേറ്റീവ് കെയർ ഹോം പ്രവർത്തനങ്ങൾ മനസ്സിലാക്കി. അന്ന് അവിടെയുണ്ടായിരുന്ന ഇന്ദിര ഗോപിനാഥ് എന്ന വോളന്റിയറോട് ‘എന്നെയും നിങ്ങൾക്കൊപ്പം കൂട്ടാമോ?’ എന്ന് ചോദിച്ചു. സന്തോഷത്തോടെ അവർ സമ്മതിച്ചു. അങ്ങനെ ആരംഭിച്ചതാണു പാലിയേറ്റീവ് കെയർ പ്രവർത്തനം.
വീടല്ലേ സന്തോഷം
ഗൃഹകേന്ദ്രീകൃത പരിചരണത്തിനാണ് ഞാൻ ഊ ന്നൽ നൽകുന്നത്. രോഗാവസ്ഥയിലുള്ള വ്യക്തിക്ക് സന്തോഷവും സമാധാനവും കിട്ടുക കുടുംബം ഒപ്പമുണ്ടാകുമ്പോഴാണ്. വീട്ടിൽ പാലിയേറ്റീവ് പരിചരണം നൽകുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നാണ് അറിവ്. ഒരു വീട്ടിലെത്തിയാൽ ഞങ്ങൾ ആ ദ്യം രോഗിയുമായി സംസാരിക്കും. അദ്ദേഹത്തെ എ ന്തു വിളിക്കണം എന്നു ചോദിക്കും. അങ്ങനെയേ വിളിക്കൂ. പറയാനുള്ളതു മുഴുവൻ സുഹൃത്തിനെപ്പോലെ കേൾക്കും. കേൾക്കാൻ ഒരാളുണ്ടെന്ന തോന്നൽ തന്നെ വ ലിയ ആശ്വാസമാണ്. ഇപ്പോൾ കേട്ട പാട്ടുപോലെ ചിറകടിച്ചു കഴിയുന്നതുവരെ ദാഹജലം കിട്ടണേ എന്നാണ് എല്ലാവരുടെയും ആഗ്രഹം.
രോഗിയേക്കാൾ സമ്മർദവും മനോവേദനയും അനുഭവിക്കുക വീട്ടുകാരാകും. അവരേയും കേൾക്കും, ആശ്വസിപ്പിക്കും. ഈയടുത്ത് നാഷനൽ ഹെൽത് മിഷന് വേണ്ടി സാന്ത്വന പരിചരണ ഗീതത്തിനു ഞാൻ വരികളെഴുതി.’’

യുദ്ധവും പട്ടിണി ഓർമകളും
‘‘കുട്ടിക്കാലത്തെക്കുറിച്ചു ചോദിച്ചാൽ ആദ്യം മനസ്സിലേക്കു വരുന്നത് കൊടിയ ദാരിദ്ര്യവും രണ്ടാം ലോക മഹായുദ്ധവുമാണ്. അച്ഛൻ മാധവൻ നായർ നന്നേ ചെറുപ്പത്തിൽ മരിച്ചു. അമ്മ നാരായണിയമ്മ മുപ്പതാം വയസ്സില്‍ വിധവയായി. ചേട്ടനും ചേച്ചിയും ഞാനും അമ്മയും മാത്രമുള്ള വീടാണ് ഓർമയിലുള്ളത്.’’ കനത്ത വിശപ്പിൽ കണ്ണിൽ ഇരുട്ടു കയറുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നു പറയുമ്പോൾ മാഷിന്റെ വാക്കുകളിൽ വരൾച്ച പടർന്നു.
‘‘ആദ്യത്തെ ചെരിപ്പ് പലരുടേയും ഓർമയിൽ ഉണ്ടാകില്ല. എന്നാൽ എനിക്കോർമയുണ്ട്. പ്രിഡിഗ്രിക്ക് പഠിക്കുമ്പോഴും ചെരിപ്പ് ഉണ്ടായിരുന്നില്ല. ഡിഗ്രിക്കാലത്ത് എൻസിസിയിൽ ചേർന്നപ്പോൾ കോളജിൽ നിന്ന് ഒരു ജോഡി ഷൂ തന്നു. ജീവിതത്തിലെ ആദ്യത്തെ പാദരക്ഷകൾ.’’ ഒ ന്നു നിർത്തി മാഷ് തുടർന്നു. ‘‘ഇത്തരം ദുഃഖങ്ങളിൽ നിന്നൊരു മോചനം നൽകിയത് ന്യൂസ് പേപ്പർ ബോയ് ആണ്. ചേട്ടൻ ഗോപിനാഥന്റെ സുഹൃത്ത് രാമദാസാണ് സംവിധായകൻ. എന്നെ നായകനാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ചേട്ടൻ എതിർത്തു. അവർക്കിടയിലെ സൗഹൃദം കൊണ്ടാകാം അഭിനയിക്കാൻ ചേട്ടൻ സമ്മതം ത ന്നു. 15 വയസ്സായിരുന്നു എനിക്കന്ന്. ചെറിയൊരു കഥാപാത്രമായിരുന്നു എന്റേത്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന ഫിലിം ഫെയർ ടൈറ്റിൽ രാജ് കപൂറിന് കിട്ടിയ വാർത്ത വായിച്ചപ്പോഴേ ‘ഈ ചരിത്രം ഞാൻ തിരുത്തും’ എന്ന് രാമദാസ് പറഞ്ഞിരുന്നത്രേ. ഇരുപത് തികഞ്ഞപ്പോള്‍ അദ്ദേഹം അത് നിറവേറ്റി. ന്യൂസ് പേപ്പർ ബോയ് കൂടാതെ ഒരു സിനിമ കൂടി രാമദാസ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ, ചെമ്മീൻ സിനിമയുടെ കഥയുമായുള്ള സാമ്യം മൂലം അത് വേണ്ടെന്നു വച്ചു. ക്ലൈമാക്സിൽ ചെമ്മീൻ ട്രാജഡി ആയിരുന്നെങ്കിൽ രാമദാസിന്റെ മനസ്സിലുണ്ടായിരുന്ന കഥ കോമഡി ആയിരുന്നു.
ആദ്യസിനിമയ്ക്കു ശേഷം പിന്നെയും ചില അവസരങ്ങൾ വന്നിരുന്നു. പക്ഷേ, എന്തുകൊണ്ടോ അഭിനയം എ നിക്കത്ര വഴങ്ങുന്ന മേഖലയായി തോന്നിയില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം നാലു വർഷം മുൻപ് ഞാ ൻ വീണ്ടും ക്യാമറയ്ക്കു മുന്നിൽ നിന്നു. ആരോഗ്യവകുപ്പിനുവേണ്ടി വയോജനസംരക്ഷണവുമായി ബന്ധപ്പെട്ട ഷോർട് ഫിലിമിൽ അഭിനയിച്ചു. ചിത്രീകരണ രീതികൾ ഒരുപാട് മാറി. ഇപ്പോൾ അഭിനയം കൂറേക്കൂടി എളുപ്പമായതു പോലെ തോന്നി. ’’

കാക്കി ഉപേക്ഷിച്ച് അധ്യാപനത്തിലേക്ക്
‘‘കൗമാരകാലത്തെ വി.ആർ.അയ്യർക്കു കീഴിൽ യോഗ പഠനം തുടങ്ങിയത് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. ഇരുപതാം വയസ്സിൽ സെയിൽസ് ടാക്സ് വിഭാഗത്തിൽ ജോലി കിട്ടി. ചെക്ക് പോസ്റ്റിൽ സബ് ഇൻസ്പെക്ടറായാണ് ആദ്യനിയമനം. പക്ഷേ, ആ ജോലിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.
എങ്ങനെയെങ്കിലും യൂണിഫോം ഒന്ന് ഊരിവച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു ഉള്ളിൽ. ചിലരുടെ താൽപര്യങ്ങൾക്കു വഴങ്ങാത്തതിനാൽ എന്നെ അഴിമതിക്കാരനാക്കാൻ പോലും ശ്രമമുണ്ടായി.
ഇപ്പോൾ എഡിഎം നവീൻ ബാബു എന്ന സർക്കാർ ജീവനക്കാരന്റെ ആത്മഹത്യാവാർത്ത വായിച്ചപ്പോൾ നീറിത്തീർത്ത ആ ദിവസങ്ങളാണ് ഓർമവരുന്നത്. കുറ്റം ചെയ്യാതെ കുറ്റാരോപിതനാകേണ്ടി വരുന്നത് വലിയ വേദനയാണ്. അന്വേഷണത്തിനൊടുവില്‍ ഞാൻ നിരപരാധിയാണെന്നു തെളിഞ്ഞത് ഭാഗ്യം.
പിന്നീട് അവിടെ അധികം നിൽക്കേണ്ടി വന്നില്ല. തൃശൂർ ഗവൺമെന്റ് മോഡൽ സ്കൂളിൽ അധ്യാപകനായി ജോലി കിട്ടി. ജോലിയുടെ തൃപ്തി അനുഭവിക്കുന്നത് അധ്യാപകനായ ശേഷമാണ്. ഒരുപാട് നല്ല ഓർമകളുമായാണ് 32 വർഷത്തെ അധ്യാപനജീവിതം കഴിഞ്ഞ് സ്കൂളിന്റെ പടിയിറങ്ങിയത്. സാക്ഷരതാ മിഷനിലും രാജീവ് ഗാന്ധിയുടെ നാഷണൽ പോളിസി ഓൺ എജ്യുക്കേഷനിലും കീറിസോഴ്സ് പേഴ്സനായി പ്രവർത്തിക്കാനും അവസരം ലഭിച്ചു.’’ നിറഞ്ഞ സംതൃപ്തിയോടെ മാഷ് പറഞ്ഞു.
ജാനകിയാണ് എല്ലാം...
‘‘വിവാഹത്തിനുശേഷം എനിക്കൊരു റോൾമോഡലിനെ കിട്ടി, എന്റെ ഭാര്യ ജാനകി. ആലോചന വന്നപ്പോൾത്തന്നെ ഞാൻ പറഞ്ഞിരുന്നു എനിക്ക് പെൺകുട്ടിയുമായി നേരിൽ സംസാരിക്കണമെന്ന്. അന്ന് അങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ കുറച്ചു ധൈര്യം വേണം. ജാനകിയുടെ അച്ഛൻ നാരായണനായർ അനുവാദം തന്നു. സംസാരിച്ചപ്പോൾ പരസ്പരം നല്ല കൂട്ടാകാൻ കഴിയുമെന്നു തോന്നി. വിവാഹം പെട്ടെന്ന് ഉറപ്പിച്ചെങ്കിലും കല്ല്യാണത്തിന് ചെറിയൊരു ഇടവേള കിട്ടി. തൃശ്ശൂർ ടൗണിലൂടെ ഞങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രണയിച്ചു നടന്നു.
ജാനകി ഈ വീട്ടിലേക്കു വന്ന ദിവസം ഇന്നും മനസിലുണ്ട്. എനിക്കന്ന് 212 രൂപയാണ് ശമ്പളം. കല്യാണ ചെലവ് കണക്കുകൂട്ടിയപ്പോൾ 1500ന് അടുത്തു വരുന്നു. കടം വീട്ടാൻ വേണ്ടി ജീവിക്കാൻ ഞങ്ങൾക്കു താത്പര്യമില്ല.
ഗുരുവായൂർ അമ്പലത്തിൽ വച്ച്, 12 പേർമാത്രം പങ്കെടുത്ത ചടങ്ങിൽ ഞങ്ങൾ വിവാഹിതരായി. വിവാഹത്തിനു താലിയും മോതിരവും ഇല്ലായിരുന്നു. എന്നിട്ടും 350 രൂപ ചെലവു വന്നു കേട്ടോ. ആഡംബരങ്ങൾ കുറവായിരുന്നെങ്കിലും ഞങ്ങൾക്കൊപ്പം മക്കൾ ജീവനും ജീജയും കൂടി വന്നതോടെ ജീവിതം കൂടുതൽ കളർഫുളായി. കഠിനാധ്വാനിയായിരുന്നു ജാനകി. 47ാം വയസിൽ അവർക്ക് ഒരാഗ്രഹം, ടൂവീലർ ഓടിക്കാൻ പഠിക്കണം.ആയിക്കോട്ടെ എന്നു ഞാനും പറഞ്ഞു. ടൂവീലറിന് പിന്നാലെ കാറും ഓട്ടോറിക്ഷയും ബസും ഓടിക്കാൻ പഠിച്ചു. കേരളത്തിൽ ഹെവി മോട്ടോർ ഡ്രൈവിങ് ലൈസന്‍സ് നേടിയ ആദ്യ വനിത ജാനകിയാണ്. 1996ൽ അവർ സ്വന്തമായി ശിവ മോട്ടോർ ഡ്രൈവിങ് സ്കൂൾ എന്ന സ്ഥാപനം തുടങ്ങി.
പ്രമേഹസംബന്ധമായ കിഡ്നി പ്രശ്നങ്ങളുണ്ടായിരുന്നു. ആ അവസ്ഥയിലും അവർ ഡ്രൈവിങ് പഠിപ്പിക്കും. ‘എന്തിനാ ജാനകി സ്ട്രെയിൻ എടുക്കണേ’ എന്നു ചോദിച്ചാല്‍ പറയും, ‘എനിക്ക് ഭയങ്കര ഇഷ്ടാ ബാലു. ഇനീം ഒരുപാട് കുട്ടികളെ പഠിപ്പിക്കണം’ എന്ന്. പക്ഷെ,അതിനുള്ള അവസരം ഈശ്വരൻ നൽകിയില്ല. അവൾക്കു വേണ്ട പാലിയേറ്റീവ് കെയർ നൽകിയതും ഞാനാണ്. എന്തായാലും അധികം പ്രയാസപ്പെടാതെ 2014ൽ ജാനകി അങ്ങ് പോയി. മക്കൾ ജീവനും ജീജയും ഡ്രൈവിങ് സ്കൂൾ നടത്തുന്നു. ഞാൻ ദാ, ഈ വീട്ടിൽ ജാനകിയുടെ ഓർമകളുമായി... ’’
അഞ്ജലി അനിൽകുമാർ
ഫോട്ടോ: ഹരികൃഷ്ണൻ ജി.