Friday 14 September 2018 04:04 PM IST : By എന്‍.എം. അബൂബക്കര്‍

ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമാകേണ്ടവർ ഇവർ!

newyork-assembly
ഷിഫാന ഷെറിന്‍, ദേവിക, പരിശീലക അഭിലഷ സിങ്, കൃഷ്ണ സതീഷ്, റോഷ്നി മറിയം, മുര്‍ഷിദ ബീഗം

ന്യുയോര്‍ക്കില്‍ മാതൃകാ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന ദുബായിെല 5 സ്കൂള്‍ വിദ്യാര്‍ഥിനികളുെട തയാെറടുപ്പുകളിലൂെട...

ഐക്യരാഷ്ട്ര സഭയിൽ ലോകത്തിന്‍റെ ശബ്ദമാകാൻ ഒരുങ്ങുകയാണ് ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ അഞ്ചു വിദ്യാര്‍ഥിനികള്‍. ഇവരില്‍ ഷിഫാന ഷെറിന്‍, റോഷ്നി മറിയം, കൃഷ്ണ സതീഷ്, ദേവിക എന്നിവര്‍ മലയാളികളാണ്. മുര്‍ഷിദ ബീഗം തമിഴ്നാട്ടുകാരിയും. ഓരോ രാജ്യത്തിനു വേണ്ടിയും ഐക്യരാഷ്ട്ര സഭയുടെ മാതൃകാ സമ്മേളനത്തിൽ ഇവർ ശബ്ദമുയർത്തും. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യും. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിക്കുന്നത്.
ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഫെബ്രുവരി എട്ടു മുതല്‍ പതിനൊന്നു വരെയാണ് മാതൃകാ യുഎന്‍ ജനറല്‍ അസംബ്ലി നടക്കുക.

യുഎഇ ടീമില്‍ നാല് മലയാളികള്‍

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് യുണൈറ്റഡ് നേഷന്‍ അസോസിയേഷന്‍ ലോകാടിസ്ഥാനത്തില്‍ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് യുഎഇയില്‍ നിന്ന്  നാല് മലയാളികള്‍ അടങ്ങുന്ന അഞ്ചു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎൻ മാതൃകാ അസംബ്ലിയിലേക്ക്  േപാകുന്നത്. വിവിധ രാജ്യങ്ങളെയാകും  ഇവർ പ്രതിനിധീകരിക്കുക. എട്ടാം ക്ലാസ് വിദ്യാർഥിയായ ദേവിക പ്രതിനിധീകരിക്കുന്നത് ജോർദാനെയാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് സമാധാനത്തിന്‍റെ സംസ്ക്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ദേവികയുടെ വിഷയം. ഇക്കാര്യത്തില്‍ തന്‍റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ദേവിക പ്രശ്നപരിഹാരത്തിന് മറ്റു രാജ്യങ്ങളുടെ പിന്തുണയും തേടുന്നു. കുഞ്ഞു പ്രായത്തില്‍തന്നെ ലോക കാര്യങ്ങളില്‍ ഇടപെടാനായി കഠിന പരിശീലനത്തിലാണ് ദേവിക.

പ്രകൃതി ദുരന്തങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത് അപകടം കുറച്ചുകൊണ്ടുവരാനുള്ള ഗവേഷണത്തിലാണ് ഇക്വഡോറിനെ പ്രതിനിധീകരിക്കുന്ന കൃഷ്ണ സതീഷ്. ഭാവിയില്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കൃഷ്ണ മികച്ച അവസരമായാണ് ഈ സൗഭാഗ്യത്തെ കാണുന്നത്. ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കൃഷ്ണയുടെ വിശ്വാസം.

gene-asse2

ഇത്യോപ്യയിലെ വനിതാ ശാക്തീകരണത്തിലാണ് റോഷ്നി മറിയം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസവും സാമ്പത്തികവുമാണ് എല്ലാറ്റിന്‍റെയും അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന റോഷ്നി കുടില്‍ വ്യവസായത്തിലൂടെ വനിതകളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സമൂഹത്തിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് റോഷ്നി പറയുന്നു. ദരിദ്രര്‍ക്കായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ ജീവിതം സാര്‍ഥകമാകൂ എന്ന സന്ദേശമാണ് റോഷ്നി പങ്കുവയ്ക്കുന്നത്.

ലോക സമാധാനം ലക്ഷ്യം വയ്ക്കുന്ന ഷിഫാന ഷെറിന്‍ യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഏഴാം സമിതിയുടെ വൈസ് ചെയര്‍മാന്‍കൂടിയാണ്. ഡൊമിനിക് റിപ്പബ്ലിക്കിന്‍റെ ചുമതലയും  ഈ പത്താം ക്ലാസുകാരിയുടെ ചുമലിലുണ്ട്.  

കുട്ടികളുടെ ബാലാവകാശവും സംരക്ഷണവുമാണ് തമിഴ്നാട്ടുകാരി മുര്‍ഷിദ ബീഗത്തിന്‍റെ വിഷയം. പെറുവിന്‍റെ പ്രതിനിധിയായി സഭയിലെത്തുന്ന മുര്‍ഷിദ  ഒന്‍പതാം സമിതിയുടെ വൈസ് ചെയര്‍കൂടിയാണ്.

ആഗോള സംഭവ വികാസങ്ങളിലേക്കു കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കുന്ന മാതൃകാ അസംബ്ലിയിലൂടെ വിദ്യാര്‍ഥികളുടെ സമഗ്ര ഉന്നമനമാണു ലക്ഷ്യമിടുന്നതെന്നു പരിശീലകയും ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്കൂളിലെ എച്ച്ഒഎസുമായ അഭിലഷ സിങ് പറയുന്നു. ഒപ്പം കുഞ്ഞു മനസില്‍ തെളിയുന്ന പരിഹാര നിര്‍ദേശങ്ങള്‍ ചിലപ്പോള്‍ ഭാവിയില്‍ വന്‍ മാറ്റത്തിന് തിരികൊളുത്താന്‍ ഇടയാക്കിേയക്കും. സ്കൂളിലെ മോഡല്‍ യുഎന്‍ ക്ലബ്ലിന്  കീഴില്‍ മാസങ്ങള്‍ നീണ്ട പരിശീലനവും ഗവേഷണവും  ഇൗ  കുട്ടികെള മികച്ച സാമാജികരാക്കി ഉയര്‍ത്തുമെന്ന വിശ്വാസവും അഭിലഷ സിങ് പ്രകടിപ്പിച്ചു.

പ്രസംഗം, ചര്‍ച്ച, എഴുത്ത്, നേതൃപാടവം, അടിയന്തര ഘട്ടത്തെ നേരിടാനുള്ള കഴിവ്, സംഘബോധം തുടങ്ങിയവയില്‍ വിദ്യാര്‍ഥികളുടെ കഴിവ് മെച്ചപ്പെടുത്താനും പദ്ധതി പ്രയോജനം ചെയ്യുമെന്ന് അംഗീകൃത രാജ്യാന്തര പരിശീലക വ്യക്തമാക്കി.