Thursday 16 January 2020 02:18 PM IST

കത്തിന് മറുപടി നൽകുന്നത് ന്യൂസിലാൻഡ് പ്രധാനമന്ത്രി ആണെങ്കിലോ? പൊന്നാനിക്കാരി അമാനയെ ഞെട്ടിച്ച ആ ലെറ്റർ!

Tency Jacob

Sub Editor

amana556

അയച്ച കത്തിന് മറുപടി കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ, മറുപടി അയക്കുന്ന ആൾ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയും ലോകമെമ്പാടും ആദരവോടെ നോക്കിക്കാണുന്ന ഒരാളുമാണെങ്കിലോ! ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ താനെഴുതിയ കത്തിന് മറുപടി നൽകിയ സന്തോഷത്തിലാണ് പൊന്നാനിക്കാരി അമാന അഷ്റഫ് എന്ന പെൺകുട്ടി. മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി കെ അഷ്റഫിന്റെയും വഹീദയുടെയും രണ്ടു പെൺമക്കളിൽ ഇളയവളാണ് അമാന. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു.

ന്യൂസിലന്റിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായ വെടിവെപ്പിൽ പ്രധാനമന്ത്രിയെന്ന നിലയിൽ ജസീന്ത എടുത്ത നിലപാടും രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താനായി കൈക്കൊണ്ട നടപടികളുമാണ് അമാനയെ ആകർഷിച്ചത്. പിന്നീട് അവരെക്കുറിച്ചുള്ള ഓരോ വാർത്തയും ശ്രദ്ധിക്കാൻ തുടങ്ങി. ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ ബഹുമാനം കൂടി. സ്നേഹം കൊണ്ട് ഇരിക്കാൻ വയ്യെന്നായപ്പോഴാണ് തന്റെ സ്നേഹം കത്തിലൂടെ അറിയിക്കാൻ തീരുമാനിച്ചത്. 

ജൂലൈ 26ന്, ഈ സമയത്തായിരുന്നു ജസീന്ത ആർഡന്റെ മുപ്പത്തൊമ്പതാം ജന്മദിനം.  പിറന്നാളാശംസകള്‍ നേർന്നും അഭിനന്ദനങ്ങൾ അറിയിച്ചും കത്തെഴുതി അയച്ചു. ‘‘വേണമെങ്കിൽ ഇ-മെയിലിലൂടെയോ ട്വിറ്ററിലൂടെയോ ആശംസകൾ അറിയിക്കാമായിരുന്നു. പക്ഷേ, കത്തെഴുതുന്നതിന്റെ സുഖം കിട്ടില്ലല്ലോ.’’- അമാന പറയുന്നു. തന്റെ ഇഷ്ടത്തിനു ഒരുപാടു കാരണങ്ങളുണ്ടെന്നായിരുന്നു അമാന കുറിച്ചത്. 

മോളുണ്ടായി ദിവസങ്ങൾക്കകം അവളെയും കൊണ്ട് പാർലമെന്റ് സമ്മേളനത്തിന് എത്തിയതും, ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളികളിൽ നടന്ന വെടിവയ്പ്പിനു ശേഷം തട്ടമിട്ട് അവരിലൊരാളായി പ്രാർത്ഥനകളിൽ പങ്കെടുത്തതും, നല്ല നേതാവിന്റെ ലക്ഷണങ്ങളായി അമാന എഴുതിവച്ചു. ‘‘വെറുപ്പിനെ സ്നേഹം കൊണ്ട് ഇല്ലാതാക്കിയ പ്രധാനമന്ത്രിയാണ് നിങ്ങളെന്നു ലോകവസാനം വരേയും ജനങ്ങൾ പറയും.’’ -അമാനയുടെ വാക്കുകൾ ജസീന്തയുടെ ഹൃദയം തൊട്ടുവെന്നുറപ്പ്. 

amana446f

ഒരു മാസത്തിന് ശേഷമൊരു ദിവസം സ്കൂളിൽ നിന്നെത്തിയപ്പോൾ വാപ്പ അഷ്റഫ് ഒരു കത്തെടുത്തു നീട്ടി. അതു കണ്ടപ്പോഴേ അമാനയ്ക്കു മനസ്സിലായി അത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ മറുപടി കത്താണെന്ന്. ആർദ്രമായ ഭാഷയിൽ ഭീകരാക്രമണത്തിനെതിരായ ചെറുത്തുനിൽപ്പിനെക്കുറിച്ചും ആ സമയത്ത് ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ നൽകിയ പിന്തുണയെക്കുറിച്ചും മകൾ നീവേയുടെ കുസൃതിയെക്കുറിച്ചുമെല്ലാം എഴുതിയിട്ടുണ്ട്. 

‘കേരളം മനോഹരമാണെന്നു കേട്ടിട്ടുണ്ട്. ഒരിക്കൽ നേരിട്ടു കാണാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു’ എന്നെഴുതിയത് അമാനയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ‘എഴുതിയതിന് ഒരിക്കൽ കൂടി നന്ദി’ എന്നു സ്വന്തം കൈപ്പടയിൽ എഴുതിച്ചേർത്താണ് കത്തവസാനിക്കുന്നത്.  

‘‘ഇന്ന് കുട്ടികളെല്ലാവരും വാട്സാപ്പും വിഡിയോ ഗെയിമും ഫെയ്സ്ബുക്കും നോക്കിയിരിക്കുന്നവരാണല്ലോ. ‍ഞാനും അങ്ങനെത്തന്നെയായിരുന്നു. പക്ഷേ, ഈയൊരു കത്തിലൂടെ ക്രിയാത്മകമായി ചെയ്യുന്ന പ്രവൃത്തികൾ നമുക്കെത്ര സന്തോഷം തരുമെന്ന് എനിക്കു മനസ്സിലായി. ഈ കത്തൊരു പ്രചോദനമാണ്. ഇനി വായനയിലേക്കു നീങ്ങണം. രാഷ്ട്രീയമൊക്കെ കൂടുതൽ ശ്രദ്ധിക്കണം.’’- അമാനയുടെ ചിന്തകൾക്ക് കൂടുതൽ തെളിച്ചം വന്നിട്ടുണ്ട്. 

നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനും രമേശ് ചെന്നിത്തലയും ശശി തരൂരും തുടങ്ങി നിരവധി നേതാക്കൾ അഭിനന്ദനമറിയിച്ചതും പലയിടത്തും സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതും നാട്ടിലെ താരമാക്കിയിട്ടുണ്ട് അമാനയെ.

amanaftfvhbh
Tags:
  • Spotlight