Saturday 30 November 2019 12:30 PM IST : By സ്വന്തം ലേഖകൻ

രാത്രി സ്‌കൂട്ടറിന്റെ ടയർ പഞ്ചറാക്കി കാത്തിരുന്നു; കൂട്ടബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ചുകൊന്നു,‌ പെട്രോളൊഴിച്ചു കത്തിച്ചു! വീണ്ടും ‘നിർഭയ’

doctorybjbjnhy

വീണ്ടും രാജ്യത്ത് മറ്റൊരു പെൺകുട്ടി കൂടി ക്രൂരപീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. തെലങ്കാനയില്‍ 26 വയസ്സുകാരിയായ വെറ്ററിനറി ഡോക്‌ടറാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. ഗച്ചീബൗളിയിൽ നൈറ്റ് ഷിഫ്റ്റ് ജോലിയ്‌ക്കെത്തിയതായിരുന്നു ഡോക്ടർ. ഷംഷാബാദിലെ തൊണ്ടപ്പള്ളി ടോള്‍ ബൂത്തിനടുത്ത്‌ സ്‌കൂട്ടര്‍ നിര്‍ത്തിയതിനു ശേഷം യുവതി ചര്‍മ്മരോഗ വിദഗ്‌ധയെ കാണാന്‍ പോയി. 

സമീപത്തുണ്ടായിരുന്ന പ്രതികള്‍ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കി ഡോക്ടർ വരുന്നതുവരെ അവിടെ കാത്തിരുന്നു. ഒമ്പതോടെ തിരികെയെത്തിയ ഡോക്ടറോട് സ്‌കൂട്ടർ നന്നാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ്‌ ഇവർ ഒപ്പംകൂടി. പിന്നീട് വായ പൊത്തിപ്പിടിച്ച്‌ വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതിനു ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ്‌ പെട്രോളൊഴിച്ചു കത്തിച്ചു. സംഭവത്തില്‍ ഒരു ലോറി ഡ്രൈവറും മൂന്നു ക്ലീനര്‍മാരും അറസ്റ്റിലായി.  

മരണപ്പെടുന്നതിനു തൊട്ടുമുൻപ് ബുധനാഴ്‌ച രാത്രി ഒമ്പതേകാലോടെ ഡോക്‌ടര്‍ സഹോദരിയെ ഫോണില്‍ വിളിച്ച് താന്‍ ഷംഷാബാദിലെ തൊണ്ടപ്പള്ളി ടോള്‍ ബൂത്തിനടുത്താണെന്നും സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാണെന്നും ‌അറിയിച്ചിരുന്നു. സമീപമുള്ള പുരുഷന്മാരുടെ നോട്ടം ഭയപ്പെടുത്തുന്നുവെന്നും ഡോക്ടർ സഹോദരിയോട്‌ പറഞ്ഞു. പിന്നീടു ഡോക്ടറുമായി വീട്ടുകാർ ബന്ധപ്പെടാൻ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. അടുത്ത ദിവസം, വ്യാഴാഴ്‌ച രാവിലെ 30 കിമീ ദൂരെയാണു കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലണിഞ്ഞിരുന്ന ഗണപതി ലോക്കറ്റ്‌ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 

രാത്രിതന്നെ പരാതി നല്‍കിയെങ്കിലും പൊലീസ്‌ ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സഹോദരിയെ വിളിക്കുന്നതിനു പകരം പൊലീസിനെ വിളിച്ച്‌ സഹായം തേടിയിരുന്നെങ്കില്‍ എന്ന തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ്‌ മഹ്‌മൂദ്‌ അലിയുടെ പ്രസ്താവന വിവാദവുമായിരുന്നു. 

ലോറി ഡ്രൈവര്‍ മുഹമ്മദ്‌ ആരിഫ്‌ (25), ജോലു ശിവ (20), ജോലു നവീന്‍ (20), ചെന്നകേശവലു എന്നിവരാണ് പിടിയിലായത്‌. ഏതാനും ലോറിക്കാര്‍ തന്നെ നോക്കുന്നതുകണ്ട്‌ ഭയം തോന്നുന്നുവെന്ന് യുവതി സഹോദരിയോടു പറഞ്ഞതാണ്‌ അന്വേഷണത്തില്‍ നിര്‍ണായകമായത്‌. ടോള്‍ ബൂത്തിനടുത്തുനിന്ന് യുവതിയുടെ വസ്‌ത്രങ്ങളും ബാഗും ചെരുപ്പും കണ്ടെത്തി. അരികിലായി ഒരു മദ്യക്കുപ്പിയും. 

30 കിമീ അകലെ രംഗറെഡ്‌ഡി ജില്ലയിലെ പാലത്തിനടിയിൽ നിന്നാണ് 70 ശതമാനം കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. പത്തു കിമീ അകലെ ഡോക്ടറുടെ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. വെറ്ററിനറി ഡോക്‌ടര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അതേ പ്രദേശത്തു സമാനമായ സാഹചര്യത്തില്‍ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി. മുപ്പതു വയസിൽ കൂടുതൽ  പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതശരീരമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.  മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന്‌ അന്വേഷിക്കുകയാണെന്ന്  സൈബറാബാദ്‌ പൊലീസ്‌ കമ്മിഷണര്‍ വി.സി. സജ്‌ജനാഗര്‍ പറഞ്ഞു.

Tags:
  • Spotlight