Thursday 12 August 2021 02:53 PM IST

‘മരണമടുത്തു എന്ന തോന്നലുണ്ടാകുന്നവർ അവിടെയെത്തും’: ആത്മാവു കൂടൊഴിയുന്ന മണികർണിക ഘാട്ട്: നിധി ശോശ കുര്യൻ കണ്ട ജീവിതങ്ങൾ

Tency Jacob

Sub Editor

nidhi-sosa

ബുദ്ധന്റെ ബോധ്ഗയയിൽ വച്ചാണ് തല മൊട്ടയടിക്കണമെന്നുറപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞെത്തുന്ന പിറന്നാളിനു ഞാൻ എനിക്കു തന്നെ കൊടുത്ത സമ്മാനം. ജീവിതം മുഴുവൻ കൂട്ടിയും കിഴിച്ചുമെടുക്കുന്ന ലാഭനഷ്ടകണക്കുകളിൽ നിന്നു ഇറങ്ങി നടന്നു. യാത്രയിൽ തനിച്ചാകണം. ഏകാന്തതയുടെ കൈ പിടിച്ച് ആ നന്ദത്തെ അതിന്റെ പാരമ്യത്തിൽ അനുഭവിക്കണം.

അതിനാണ് ഈ യാത്ര പുറപ്പെട്ടതു തന്നെ. കാവിയുടുക്കുന്ന ബുദ്ധ സന്യാസിനികളുണ്ടെങ്കിലും അവരാരും തല മൊട്ട യടിച്ചു കണ്ടില്ല. മുടി വെട്ടുന്നയാൾ വീണ്ടും സംശയിച്ചു നിൽക്കുന്നു. മൊട്ടയടിക്കണം എന്നു തന്നെയാണോ പറയുന്നതെന്ന് അയാൾ പിന്നെയും ചോദിക്കുന്നു. അപ്പോൾ മൊബൈലി ൽ ഒരു മൊട്ടത്തലയുടെ ഫോട്ടോ കാണിച്ചു. എന്നിട്ടു ഉറച്ചു പറഞ്ഞു.‘ഷേവ് കരോ.’

‘മുടി’ ഇറക്കിയ ആ ദിവസം ശരിക്കും ആഘോഷിച്ചു. ഭാര ങ്ങളെല്ലാം ഒഴിഞ്ഞു പോയതു പോലെ. കാറ്റ് തലയിലൂടെ കയറിയിറങ്ങി പോയി. പിറ്റേന്നു രാവിലെ എഴുന്നേറ്റപ്പോഴാണ് അമ്പരന്നത്. മുടി വാരിക്കെട്ടിയാണ് ഒരു സ്ത്രീയുടെ ദിവസം തുടങ്ങുന്നതു തന്നെ. ഇനി അങ്ങനെയല്ല!

യാത്രകളാണ് ആനന്ദം

കാറിൽ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി വരിക. മൂന്നു വർഷം മുൻപ് കരളിൽ കൂടുകൂട്ടിയ മോഹം. ഓരോ വട്ടം തീരുമാനമെടുക്കുമ്പോഴും എങ്ങനെയൊക്കെയോ മാറിപ്പോയി. ജീവിതം ഒരരുകിലാക്കി യാത്ര പോകലുണ്ടാകില്ല എന്നു മനസ്സു മന്ത്രിച്ചു.

‘യാത്രയാണെങ്കിലും പ്രണയമാണെങ്കിലും, മനോഹര കാര്യങ്ങൾ അതിന്റെ ഭംഗി ചോർന്നു പോകാതിരിക്കാൻ ആരോടും പറയാതിരിക്കുന്നതാണ് നല്ലത്.’ ഖലീൽ ജിബ്രാൻ പറഞ്ഞത് സത്യമാണ്. ഒരു യാത്രയ്ക്കിറങ്ങുമ്പോൾ പിൻവിളിക്ക് കാതോർക്കാതിരിക്കണം. അതുകൊണ്ടുതന്നെ തയാറെടുപ്പുകളെല്ലാം കഴിഞ്ഞ ശേഷമാണ് അമ്മയോടും സഹോദരൻമാരോടും മക്കളോടും കൂട്ടുകാരോടുമെല്ലാം പറയുന്നത്.

ജീവിതത്തിൽ നമ്മളെ ഏറ്റവും ഉത്തേജിപ്പിക്കുന്ന കാര്യം കണ്ടെത്തിയാൽ, അതിനു വേണ്ടി കുറച്ചു സമയം മാറ്റി വച്ചാൽ എന്നും സന്തോഷമായിട്ടിരിക്കാൻ പറ്റും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിജയങ്ങളെ ‍ഞാൻ അടയാളപ്പെടുത്തുന്നത് സന്തോഷമായിരിക്കാൻ പറ്റുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ സന്തോഷം എന്റെ യാത്രകളാണ്.

നാടു കോട്ടയമാണെങ്കിലും ജോലിചെയ്യുന്നത് എറണാ കുളത്താണ്. 2020 ഏപ്രിലോടു കൂടി പോകാമെന്നു വിചാരിച്ച യാത്രയ്ക്കു വേണ്ടി 2019 ഡിസംബർ 31 നു ക്രിയേറ്റിവ് കണ്ടന്റ് എഡിറ്റർ ജോലി രാജി വച്ചു. പല നാടുകളിലെയും മഴക്കാലം കണ്ടൊരു യാത്ര. കോവിഡ് കാരണം അതു മുടങ്ങിപ്പോയി. ഇനിയും യാത്രകൾ മാറ്റി വച്ചാൽ എനിക്ക് എന്നെതന്നെ നഷ്ടപ്പെടും എന്നൊരു നിമിഷമെത്തിയപ്പോഴാണ് ധൃതി പിടിച്ചു ഭാണ്ഡം മുറുക്കിയത്. യാത്ര പോകാനുറച്ചപ്പോൾ അതിനുള്ള ആഗ്രഹം മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. എന്റെ കുടയിലേക്കെന്ന പോലെ കൂടെ കൂടിയതാണ് തീയതികളും എനിക്കു കിടക്കാനിടം തരുന്ന മനുഷ്യരും പൂക്കളും അസ്തമയവും കാഴ്ചകളും എല്ലാം.

ഒരു നഗരത്തിൽ നിന്നു മറ്റൊരു നഗരത്തിലേക്കു തിരക്കിട്ടോടാനല്ല, ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു മനുഷ്യരെ, സ്ത്രീകളെ അടുത്തറിയുക എന്നതൊക്കെയായിരുന്നു തീരുമാനം.അതുകൊണ്ടാണ് തീരദേശം തിരഞ്ഞെടുത്തത്. ഫെബ്രുവരി ഏഴാം തീയതി രാവിലെ ഏഴു മണിക്കാണ് എറണാകുളത്തു നിന്ന് യാത്ര തുടങ്ങുന്നത്. ചായ വിറ്റു ലോകം മൊത്തം സഞ്ചരിച്ച ബാലാജി ചേട്ടനും മോഹന ചേച്ചിയും കൂടി ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വാളയാർ ചെക്പോസ്റ്റ് വരെ കൂട്ടുകാർ കൂടെയുണ്ടായിരുന്നു. ‘ഇനിയെങ്കിലും ഞാൻ തനിച്ചു യാത്ര തുടങ്ങട്ടെ’ എന്നു പറഞ്ഞപ്പോഴാണ് അവർ മടങ്ങിയത്. നൂറു ദിവസത്തെ യാത്രയുടെ പാതി പിന്നിട്ടു കഴിഞ്ഞു. ഇനി തിരിച്ചിറക്കമാണ്.

സേലത്തായിരുന്നു ആദ്യ ദിവസം തങ്ങിയത്. പിന്നെ, പോണ്ടിച്ചേരിയിലേക്ക്. നാട്ടിൽ വണ്ടിയോടിക്കുമ്പോൾ എതിരെ ഒരു ലോറി കണ്ടാൽ പേടിക്കുന്ന ഒരാളാണ് ‍ഞാൻ. ഇപ്പോൾ പലപ്പോഴും നാലുപുറവും ലോറികൾ വളഞ്ഞ തുരുത്തിലാകാറുണ്ട്. നെ‍ഞ്ചിടിപ്പ് കൂടിക്കൂടി പതിയെ നേർത്തു വരും. ആ പേടിയെ എന്നിൽ നിന്നു ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നതാണ് ഈ തനിച്ചുള്ള യാത്രയുടെ ഒരു നേട്ടം.

മീൻ വിൽപനക്കാരിയുടെ സ്വപ്നങ്ങൾ

വിശാഖപട്ടണം പോർട്ടിൽ ഒരുപാട് മീൻ വരും. അതു കാണാ ൻ പോയപ്പോഴാണ് എന്നെപ്പോലെ ‍യാത്ര ചെയ്യാൻ ആഗ്രഹമുള്ള ആ സ്ത്രീയെ പരിചയപ്പെടുന്നത്. വളരെ ദൂരെയുള്ള ഗ്രാമത്തിൽ നിന്നു ഓട്ടോയിലാണ് വരവ്. ചന്ത സമയം കഴിഞ്ഞാൽ അൽപം ചീഞ്ഞു തുടങ്ങിയ മീനുകൾ ചെറിയ വിലയ്ക്കു വാങ്ങി അവിടെയിരുന്നു തന്നെ അവർ വെട്ടി വൃത്തിയാക്കും. എന്നിട്ടു വണ്ടിയിലിരിക്കുന്ന ഉപ്പു ചേർത്തു ഉണക്കും. ഈ ഉണക്കമീൻ വിറ്റാണ് അവർ കുടുംബം പോറ്റുന്നത്.

‘‘ഭർത്താവ് ജോലിക്കൊന്നും പോകില്ല. രണ്ടു പെൺമക്കളെ പഠിപ്പിച്ചു അവർക്കു ജോലിയായാൽ, എനിക്കും ഇതേ പോലെ യാത്രകൾ പോകാനാകും. വീടിനും ഈ പട്ടണത്തിനും ഇടയിൽ മാത്രമാണ് ഇപ്പോഴെന്റെ യാത്രകൾ’’ കല്ലിച്ച മുഖത്തോടെ യാത്ര പറയാതെ അവരെഴുന്നേറ്റു. എനിക്കവരുടെ ചുമലിൽ തട്ടി ‘നിങ്ങളുടെ ആഗ്രഹം സഫലീകരിക്കട്ടെ’ എന്നു ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴാണ് ഓർത്തത്. അവരുടെ പേരു പോലും ചോദിച്ചില്ലല്ലോ.

യാത്രയ്ക്കിടയിൽ പാചകം ചെയ്യാനുള്ള തയാറെടുപ്പുകളുമായാണ് പോയത്. കൂടുതലും കഞ്ഞിയും പയറുമാണ് ത യാറാക്കുന്നത്. പിന്നെ, മുട്ട പുഴുങ്ങും. ചായയുണ്ടാക്കാനുള്ള വെള്ളം തിളപ്പിച്ചു ഫ്ലാസ്കിൽ കരുതും. ആവശ്യമുള്ളപ്പോൾ ഗ്രീൻ ടീ ബാഗിട്ടു തയാറാക്കിയെടുക്കും. സൗത്ത് ഇന്ത്യയിൽ തങ്ങിയിടത്തെല്ലാം സുഹൃത്തുക്കളുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട അപരിചിതരും ഭക്ഷണം പൊതി കെട്ടി തന്നു വിട്ടു.

ഏകാന്തതയിലേക്കു പാഥേയം പോലെ...

ഒറീസ്സയിലെ യാത്രയ്ക്കിടയിൽ കടുകുപാടങ്ങളുടെ ഭംഗി കണ്ടു വണ്ടി നിർത്തി. ഇതു കടുകു തന്നെയാണോ എന്നുറപ്പിക്കാൻ ഗൂഗിളിൽ പരതി കൊണ്ടിരിക്കുമ്പോഴാണ് ഒരു കൂട്ടം സ്ത്രീകൾ ആ വഴി പോയത്. അവർക്കു ഒഡിയ ഭാഷയല്ലാതെ വേറൊന്നുമറിയില്ല. കുറേ നേരത്തെ ആംഗ്യ വിനിമയത്തിനു ശേഷം അതു കടുകു തന്നെയെന്നുറപ്പിച്ചു. കാറിൽ കയറാനായി തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു പെൺകുട്ടി ഓടി വന്നു ‘ഭക്ഷണം കഴിച്ചോ?’ എന്നു ആംഗ്യത്തിലൂടെ ചോദിച്ചത്. ഇ ല്ലെന്നു പറഞ്ഞപ്പോൾ ‘വീട്ടിലേക്കു വരുന്നോ?’ എന്നു ക്ഷണിച്ചു. അങ്ങനെ അവരുടെ ഗ്രാമത്തിലേക്കു പോയി. ദാഹം മാറ്റാൻ പച്ചമോരു കുടിക്കാൻ തന്നു. പച്ചരി ചോറും തേങ്ങ ചേർക്കാത്ത രണ്ടുമൂന്നു കറികളുമായിരുന്നു ഭക്ഷണം. യാത്ര പറഞ്ഞിറങ്ങുമ്പോൾ കുറേ പഴങ്ങൾ പൊതി കെട്ടി തന്നു വിട്ടു. വെറുതേ ഒന്നു മണപ്പിച്ചു നോക്കി. സ്നേഹത്തിന്റെ മണം.

മൺകോപ്പയല്ല ജീവിതം

‘യാത്രയ്ക്കിടയിലെ

ആരാന്റെ ദാഹം ശമിപ്പിക്കുവാൻ

ചുടുചായ പകർന്നൊടുവിൽ

എറിഞ്ഞുടയ്ക്കുന്ന മൺകോപ്പ പോലെ

ആരോ മെനഞ്ഞ സ്ത്രീജിവിതം’

മൺകോപ്പയിൽ ചായ കുടിച്ചപ്പോൾ പെട്ടെന്നു ഒഎൻവിയുടെ വരികളോർമ വന്നു. ഈ മൺകോപ്പ ആരുണ്ടാക്കിയതാകും എന്ന് അന്വേഷിച്ചപ്പോൾ, ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ ചുനാർ എന്ന സ്ഥലത്താണെന്നറിഞ്ഞു. അവിടെയെത്തിയപ്പോൾ കണ്ടു ചായക്കോപ്പകളുണ്ടാക്കുന്നത് സ്ത്രീകളല്ല, പുരുഷന്മാരാണ്. നമ്മുടെ നാട്ടിൽ എണ്ണയാട്ടുന്ന ചക്കു പോലെയുള്ള ഒരു ഉപകരണത്തിലാണ് കോപ്പകൾ ഉണ്ടാക്കുന്നത്. ഇതിനു വേണ്ടിയുള്ള കളിമണ്ണ് ഗംഗാനദിയുടെ തീരത്തു നിന്നു എടുത്തു കൊണ്ടു വരുന്നത് സ്ത്രീകളാണ്.

പുണ്യനദിയെങ്കിലും ഇതേ തീരത്തു തന്നെയാണ് പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടിടുന്നതും. അതിനിടയിൽ നിന്നു കുറച്ചു ബുദ്ധിമുട്ടിയാണ് ‘മിട്ടി’ എടുക്കേണ്ടത്. വയലിലെ കച്ചി നുറുക്കി ചേർത്തുണ്ടാക്കുന്ന ചാണക വറളികളാണ് അന്നാട്ടിലെ സ്ത്രീകളുടെ പ്രധാന വരുമാന മാർഗം. സംസാരിക്കാൻ മറന്നു പോയ ഒരു കൂട്ടം സ്ത്രീകൾ എന്നാണ് അവരെ കണ്ടപ്പോൾ തോന്നിയത്. നിശബ്ദമായി ജോലിയിൽ മുഴുകിയിരിക്കുന്നു.

അവിടെ വച്ചാണ് ലല്ലി ദേവിയെ കണ്ടത്. ഭർത്താവ് മൺകോപ്പകളുണ്ടാക്കുമ്പോൾ അവർ സിംഹം, ആന എന്നിങ്ങനെ പല രൂപങ്ങളുണ്ടാക്കുന്നു. പലതരം മോൾഡുകളുണ്ട് കയ്യിൽ. അതിനുള്ളിൽ കളിമണ്ണ് നിറച്ചിട്ടാണ് രൂപങ്ങളുണ്ടാക്കുന്നത് എട്ടുപേരടങ്ങിയ കുടുംബത്തിന്റെ ചെലവു കഴിഞ്ഞു പോകാനുള്ള അധിക വരുമാനത്തിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്. നാടു മാറിയാലും ജീവിതം മാറുന്നില്ലല്ലോ.

കുമാർതുളിയിൽ ശിൽപങ്ങളുണ്ടാക്കുന്ന മാലാപാലയെ കണ്ടപ്പോൾ അഭിമാനം തോന്നി. അവരുടെ അച്ഛൻ ശിൽപിയായിരുന്നു. സ്ത്രീകൾ ശിൽപങ്ങളുണ്ടാക്കാൻ പാടില്ലെന്നു വിശ്വസിച്ചിരുന്നു അയാൾ. കുട്ടിക്കാലത്ത് അച്ഛന്റെ പണിശാലയിൽ പോയിരുന്ന് ചെറിയ ചെറിയ രൂപങ്ങളുണ്ടാക്കുമെങ്കിലും അതൊന്നും വിൽക്കാൻ സമ്മതിച്ചിരുന്നില്ല. അച്ഛന്റെ മരണശേഷം മാല പ്രതിമകളുണ്ടാക്കാൻ തുടങ്ങിയപ്പോൾ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ഭർത്താവു പിന്തുണച്ചു. ദുർഗയുടെ പ്രതിമകൾ ഉണ്ടാക്കുന്നതിൽ വിദഗ്ധയായതു കൊണ്ട് അവരിപ്പോൾ കുമാർതുളിയിൽ പ്രശസ്തയാണ്. നിരവധി അവാർഡുകളും കിട്ടിയിട്ടുണ്ട്.

കശ്മീരിൽ ഞാൻ താമസിച്ച വീട്ടിലെ ചേച്ചി ‘ഷിക്കാര’ തുഴയുന്ന ജോലിക്കാരിയാണ്. നല്ല വിദ്യാഭ്യാസമുള്ള സ്ത്രീ . ടൂറിസ്റ്റുകൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും കാഴ്ചകൾ കാണിക്കുന്നതുമെല്ലാം തനിച്ചാണ്. അത്തരം ധാരാളം സ്ത്രീകളെ അവിടെ കണ്ടു. മണ്ണിടിച്ചിൽ കാരണം ഉധംപൂർ നിന്നു ശ്രീനഗറിലേക്കുള്ള യാത്രയിൽ രണ്ടു ദിവസം വഴിയിൽ പെട്ടു. ദുഃഖവെള്ളിയാഴ്ച തുടങ്ങിയ യാത്ര ഈസ്റ്ററിന്റെ അന്നാണ് പൂർത്തിയായത്. ആ അനിശ്ചിതാവസ്ഥയിൽ നല്ല സങ്കടം തോന്നിയിരുന്നു. പിന്നെ, ഓർത്തോർത്ത് ഇരുന്നു. വഴിയിൽ കണ്ടുമുട്ടിയ സ്ത്രീ ജീവിതങ്ങൾ, അവർ പാകപ്പെട്ട വഴികൾ...

nidhi-1

മോക്ഷം തേടുന്ന മണികർണിക ഘാട്ട്

മന്ത്രങ്ങളാലും മണിമുഴക്കങ്ങളാലും നിറങ്ങളാലും മുഖരിത മായ ഗംഗാതീരം. സായംസന്ധ്യയുടെ ചുവപ്പു കലർന്നു കിടക്കുന്ന നദിയിൽ ഓളം തല്ലി നീങ്ങുന്ന ചെരാതുകൾ. ഗംഗാ ആരതി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ്. രാവിലെയും രാത്രിയിലും ഉണ്ടാകും. കോവിഡ് ആയതു കൊണ്ടാകണം കാഴ്ചക്കാർ കുറഞ്ഞിരിക്കുന്നു. പുലർച്ചെ അവിടെയെത്തിയപ്പോൾ നിറയെ പുരുഷന്മാരാണ്. അഘോരികളും ദിഗംബരൻമാരും കാവിയുടുത്തവരും അല്ലാത്തവരും..

ഒരു സ്ത്രീയും മകളും കൂടി ഭക്തർക്ക് ഗംഗയിൽ ഒഴുക്കാനുള്ള ദിയ ഒരുക്കുന്നതു കണ്ടു. അവരുടെ അടുത്തു ചെന്നിരുന്നു. അവർ എനിക്കു നേരെ മുഖമുയർത്തി ചിരിച്ചു. ദുർഗ എന്നായിരുന്നു അവരുടെ പേര്. പുലർച്ചെ നദീതീരത്തെത്തും. ഇല കൊണ്ടുള്ള ചെറിയ കുമ്പിളിൽ പൂക്കളും ചെരാതിൽ കട്ടിയുള്ള എണ്ണയൊഴിച്ചു തിരിയിട്ടു അവർ ദിയ തയാറാക്കി വ യ്ക്കും. ഭർത്താവിനു പാൻ കടയാണ്. രാവിലെയും വൈകീട്ടും മകളെയും കൂട്ടിക്കൊണ്ടു വന്നാണ് ഇതെല്ലാം ചെയ്യുന്നത്. വീട്ടിൽ ചെന്നാൽ ഉടനെ സ്കൂളിൽ ഭക്ഷണം ഉണ്ടാക്കാൻ പോകണം. തയാറാക്കിയതെല്ലാം വിറ്റുപോയപ്പോൾ അവർ അടുത്ത പണിയിലേക്കോടി.

വാരാണസിയിൽ ഗംഗാ ആരതി കാണാൻ പോയത് പറഞ്ഞപ്പോഴാണ് സുഹൃത്തുക്കൾ മണികർണിക ഘാട്ട് നിർബന്ധമായും കാണേണ്ട ഇടമാണെന്നു പറഞ്ഞത്. ഓരോ നിമിഷവും ആ കടവിൽ ചിത കത്തിക്കൊണ്ടേയിരുന്നു. ആത്മാവു കൂടൊഴിഞ്ഞ ദേഹത്തെ ഗംഗയ്ക്ക് ആരതിയായി സമർപ്പിക്കുന്നു. കർമം ചെയ്തു കഴിഞ്ഞാലേ ആത്മാവു ശരീരത്തിൽ നിന്നു വിട്ടൊഴിയുകയുള്ളൂ എന്നാണ് വിശ്വാസം. അതുകൊണ്ടു ശരീരങ്ങൾ അധികം കാത്തു വയ്ക്കാതെ വേഗം തന്നെ ചിതയൊരുക്കും. ഇവിടെ സംസ്കാരം നടത്താനായി മൃതദേഹവുമായി വിമാനത്തിൽ എത്തുന്നവർ വരെയുണ്ട്.

nidhi-2

മരണത്തിലൂടെയുള്ള മോക്ഷം കാത്തു ഗംഗാ തീരത്തു വ രുന്നവര്‍ക്കു പാർക്കാനായി മണികർണിക ഘാട്ടിനടുത്തു മോക്ഷഭവനുകളുണ്ട്. മരണമടുത്തു എന്ന തോന്നലുണ്ടാകുന്നവരാണ് ഇവിടെയെത്തുന്നവരെല്ലാം. ഗവൺമെന്റിന്റെ മോക്ഷഭവനുകളിൽ 14 ദിവസം ഫ്രീയായി താമസിക്കാം. അതിനുള്ളിൽ മരണം വന്നു കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ അവിടെ നിന്നു പോകണം. ഇവിടെ നിന്നിറങ്ങുന്നവരെ താമസിപ്പിക്കാൻ സഹായിക്കുന്ന കുറേ സംഘടനകളുണ്ട്. നമ്മുടെ നാട്ടിലെ വൃദ്ധസദനങ്ങളിലേതു പോലെ തുക കെട്ടിവച്ചു അവിടെ താമസിക്കാം. നോക്കാൻ വൊളന്റിയേഴ്സ് ഉണ്ടാകും.

മോക്ഷഭവനിലെ ഡോർമറ്ററിയിൽ വച്ച് പാർവതിയമ്മയെ പരിചയപ്പെട്ടു. എഴുപതെങ്കിലുമുണ്ട് പ്രായം. കാവിയാണ് വേഷം. വേദങ്ങളിലും പുരാണങ്ങളിലും ഗാഢമായ അറിവുള്ള സ്ത്രീ. ഞാൻ മലയാളി ആണെന്ന് മനസ്സിലായപ്പോൾ എ ന്നോട് സംസാരിച്ചു തുടങ്ങി, നല്ല മലയാളത്തിൽ. പാലക്കാടാണ് അമ്മയുടെ നാട്. വിവാഹശേഷം അലഹബാദിൽ താമസമാക്കി. വളരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞതാണ്. ഭർത്താവിന് സ്റ്റീൽ ബിസിനസായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരത്തിനായി എത്തിയതാണ് അമ്മ. പക്ഷേ, തിരിച്ചു പോകാൻ കൂട്ടാക്കിയില്ല.

സംസാരിക്കുന്നതിനിടയിലും എപ്പോഴാണ് എന്റെ ഊഴമെത്തുക എന്നവർ ഗംഗാ മാതാവിനോടു കൈനീട്ടി ചോദിച്ചു കൊണ്ടിരുന്നു. ആ അമ്മയോട് യാത്ര പറഞ്ഞ് യാത്ര തുടർന്നു.

തയാറാക്കിയത്: ടെൻസി ജെയ്ക്കബ്