Saturday 16 October 2021 10:37 AM IST : By സ്വന്തം ലേഖകൻ

ആദ്യത്തെ കൺ‌മണി ‘മുഹമ്മദ്’ പിറന്നത് ജനറൽ ആശുപത്രിയിൽ; കേരളത്തിന്റെ കരുതലിന് നന്ദി അറിയിച്ച് നൈജീരിയൻ കുടുംബം

thrissur-nigerian-couples

പ്രസവ ചികിത്സയ്ക്കും മികച്ച സേവനങ്ങൾക്കും പണമൊന്നും അടയ്ക്കേണ്ടന്ന് അറിഞ്ഞപ്പോൾ ബില്യാമിനുവിനും ബിന്തയ്ക്കും ആദ്യം വിശ്വാസം തോന്നിയില്ല. ആ അവിശ്വാസം മറച്ചു വയ്ക്കാനാവാത്തതിനാൽ ബില്യാമിനു എഴുതിയ കത്ത് കേരളത്തിലെ സർക്കാർ ആശുപത്രികൾക്കെല്ലാമുള്ള അംഗീകാരമാണ്. നൈജീരിയക്കാരായ ഈ ദമ്പതികളുടെ ആദ്യ കൺ‌മണി ‘മുഹമ്മദ്’ കേരളത്തിന്റെ വാത്സല്യം അറിഞ്ഞ് നൈജീരിയയിൽ എത്തിയിരിക്കുകയാണ്. കാർഷിക സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ ഹലിരു ബില്യാമിനു എന്ന മുപ്പതുകാരൻ വടക്കൻ നൈജീരിയയിലെ കാനോ പ്രദേശത്തു നിന്നാണ് രാജ്യാന്തര വിദ്യാർഥിയായി തൃശൂർ മണ്ണുത്തിയിലെത്തിയത്. നാലു വർഷമായി കേരളത്തിലുണ്ട്.

ഇടയ്ക്ക് ഭാര്യ ബിന്ത ഫാത്തിമയും ഒപ്പമെത്തി. ഇവിടെ വച്ച് ബിന്ത ഗർഭിണിയാകുകയും കോവിഡ് കാലമായതിനാൽ തിരികെ നൈജീരിയയിലേക്ക് പോകാനാകാതെ വരികയും ചെയ്തു. വീട്ടുകാരിൽ നിന്നകന്ന് അന്യദേശത്ത് പ്രസവം നടത്തേണ്ടി വരുന്ന അങ്കലാപ്പിലായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന നിരക്ക് ഇവർക്കു താങ്ങാനാകുമായിരുന്നില്ല. പലയിടത്തും അന്വേഷിച്ചതിനു ശേഷം ഒടുവിൽ ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ഇവർക്ക് മകൻ പിറക്കുന്നത്.

5 ദിവസത്തോളം ആശുപത്രിയിൽ താമസിച്ചു. ഒറ്റയ്ക്കായിപ്പോയ ബിന്തയ്ക്ക് എല്ലാ സഹായങ്ങളും ഒരുക്കി നൽകിയത് ആശുപത്രി അധികൃതർ തന്നെ. നന്ദി പ്രകടിപ്പിച്ച് ബില്യാമിനു പങ്കു വച്ച കുറിപ്പിൽ ജനറൽ ആശുപത്രിയിലെ സേവനങ്ങളെ ഏറെ പ്രകീർത്തിച്ചിട്ടുണ്ട്. ജീവനക്കാരുടെ കാരുണ്യം, സേവന സന്നദ്ധത എന്നിവയെല്ലാം എടുത്തു പറഞ്ഞ കുറിപ്പിൽ ഗൈനക്കോളജി വകുപ്പിലെ ഡോക്ടർമാരോടും ജീവനക്കാരോടുമുള്ള സ്നേഹവും നന്ദിയുമെല്ലാം കാണാം. ഉന്നത നിലവാരമുള്ള സൗജന്യ ചികിത്സ നൽകുന്ന ആരോഗ്യ വകുപ്പിനും സംസ്ഥാന സർക്കാരിനും പ്രത്യേകമായി നന്ദി അറിയിച്ചിട്ടുണ്ട്. ഭാര്യയെയും കുഞ്ഞിനെയും ജന്മനാട്ടിലെത്തിച്ചിട്ടു ബില്യാമിനു തിരികെ കേരളത്തിലെത്തി.

Tags:
  • Spotlight