Tuesday 20 October 2020 04:42 PM IST : By സ്വന്തം ലേഖകൻ

രാത്രി ഓടുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്തു കൊടുത്തില്ലെങ്കിൽ ഇനി പണി കിട്ടും; 5000 രൂപ വരെ പിഴ!

brightlightvehi

എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർക്ക് രാത്രിയിൽ ലൈറ്റ് ഡിം ചെയ്തു കൊടുക്കാത്തവരെ പിടികൂടാൻ പ്രത്യേക സംഘം നഗരത്തിൽ പരിശോധന തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ കുടുങ്ങിയത് 18 വാഹനങ്ങൾ. പിഴയായി ഈടാക്കിയത് 250 രൂപ മുതൽ 5000 രൂപ വരെ. രാത്രി ഓടുന്ന വാഹനങ്ങൾ പ്രത്യേകിച്ച് നഗരത്തിനുള്ളിൽ സഞ്ചരിക്കുന്ന കാറുകൾ അടക്കമുള്ള വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണു ട്രാഫിക് എ‍ൻഫോഴ്സ്മെന്റ് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.

നാലു സംഘങ്ങളായി തിരിഞ്ഞാണു പരിശോധന. കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ, താലൂക്ക് ഓഫിസ് കവല, ചിന്നക്കട, കപ്പലണ്ടിമുക്ക് ഭാഗങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് 18 വാഹനങ്ങൾ കുടുങ്ങിയത്. പരിശോധനാ സംഘത്തെ വെട്ടിച്ചു കടന്നവരെ മറ്റിടങ്ങളിൽ നിന്നു പിടികൂടി പിഴ ഈടാക്കി. നഗരത്തിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞിട്ടും വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തവർക്കെതിരെ 250 രൂപ മുതൽ 1000 രൂപ വരെ പിഴ ചുമത്തി.

അതേ സമയം,വാഹനത്തിന്റെ യഥാർഥ ഹെഡ് ലൈറ്റ് അഴിച്ചു മാറ്റി പകരം ലെൻസുള്ള ഹെഡ് ലൈറ്റ് ഘടിപ്പിച്ച് എതിർ വശത്തു നിന്നു വരുന്ന വാഹനങ്ങൾക്കു നേരെ തീവ്രമായി പ്രകാശിപ്പിച്ച ഒരു വാഹനവും പരിശോധനാ സംഘം പിടികൂടി. 5000 രൂപയാണ് ഈ വാഹന ഉടമയ്ക്കു പിഴയായി ചുമത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ പരിശോധന നടത്താനുള്ള തീരുമാനത്തിലാണു ട്രാഫിക് പൊലീസ് സംഘം. 

Tags:
  • Spotlight