Saturday 19 February 2022 01:22 PM IST

‘ശബ്ദമുയർത്തിയാൽ ‘മാവോയിസ്റ്റാക്കും’, രാത്രി യാത്ര ചെയ്യുമ്പോള്‍ പോലും ഒരു പ്രത്യേക നോട്ടമുണ്ട്’

Shyama

Sub Editor

chithra-fight

അവർ അവളെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്താൻ നോക്കി, മാനത്തിനും അന്തസ്സിനും വില പറയാൻ നോക്കി, ദാമ്പത്യം തകർത്തു, സ്വന്തം ആളുകളെ അവൾക്കെതിരെ തിരിച്ചു, ‘നീ വെറും പെണ്ണാണ്’ എന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു. പക്ഷേ, അവൾ തീ പോലെ ആളിക്കത്തി. ആ ചൂടിൽ പലതും ഉടച്ചു വാർത്ത് അവൾ മുന്നേറിക്കൊണ്ടിരുന്നു.

മലപ്പുറം അപ്പൻകാപ്പ് കോളനിയിലെ ആദിവാസി സമൂഹത്തിലെ കാട്ടുനായ്ക്കർ എന്ന സമുദായത്തിലാണ് ചിത്ര ജനിച്ചത്. ട്രൈബൽ സ്കൂളിലും കാതോലിക്കേറ്റ് ഹൈസ്കൂളിലുമായി പത്ത് വരെ പഠനം.

പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും പതിനാറാം വയസ്സിൽ കല്യാണം, പതിനെട്ടാം വയസ്സിനുള്ളിൽ പ്രസവം. ചിത്ര പിന്നീട് ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായി, ട്രൈബൽ പ്രമോട്ടറായി. വര്‍ഷങ്ങൾ കഴിഞ്ഞ് പ്ലസ് ടു പഠിച്ചു, മലയാളത്തിൽ ബിരുദമെടുത്തു. ആദിവാസികളുടെ പാരാപ്ലീഡറായി കുറച്ച് നാള്‍...

നിലവിൽ ആദിവാസി ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റാണ്. 2017ൽ മൂകനും ബധിരനുമായൊരു ആദിവാസി യുവാവിന് തൊഴിലുടമയിൽ നിന്ന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടിയ നിയമപോരാട്ടം വിജയിച്ചു, ധാരാളം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പഠനം സാധ്യമാക്കി, ആദിവാസികൾക്ക് ഭൂമി കിട്ടാനുള്ള പോരാട്ടങ്ങൾ തുടരുന്നു...

പഠനമാണ് ഇരുട്ടിൽ വെളിച്ചമായത്

‘‘വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റമുണ്ടാകൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാടിന്റെ ഉള്ളിൽ താമസിക്കുന്നൊരു വിഭാഗത്തിൽ നിന്ന് അക്കാലത്ത് ഞാൻ മാത്രമാണ് പഠിക്കാൻ വേണ്ടി പുറത്ത് വന്നിരുന്നതും. എഴുത്തും വായനയും തന്ന വെളിച്ചത്തിലാണ് ഞങ്ങളുടെ ഊരിൽ ന ടക്കുന്ന പലതും ചൂഷണങ്ങളാണ് എന്ന തിരിച്ചറിവ് പോ ലും വന്നത്. പ്രതികരിക്കണം എന്നു തോന്നിയതും. പൊലീസുകാരുൾപ്പെടെയുള്ളവർ ഞങ്ങളുടെ സ്ത്രീകളെ പല തരത്തിൽ ഉപദ്രവിക്കുന്നൊരു കെട്ട കാലം ഞങ്ങൾക്കുണ്ടായിരുന്നു. പത്താം ക്ലാസ്സ് പാസായ ആളെന്ന നിലയ്ക്ക് ടീച്ചറായും ട്രൈബൽ പ്രമോട്ടറായും പ്രവർത്തനം തുടങ്ങി.

ഇതിനൊന്നും യാതൊരു വിധത്തിലുമുള്ള പിന്തുണയും വീട്ടുകാരിൽ നിന്നോ ഊരിൽ നിന്നോ ഉണ്ടായിരുന്നില്ല. ഒന്നാമത്തെ കാര്യം അവർക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല. രണ്ടാമത്തെ കാര്യം പുറംലോകത്തോടുള്ള ഭയം. മൂന്ന് പണമില്ല. ഇതൊക്കെയാണെങ്കിലും പഠിപ്പിനെ ആരും എതിർത്തിട്ടുമില്ല. എന്റെ ആഗ്രഹം ഒന്നു കൊണ്ടു മാത്ര മാണ് ഞാൻ പഠിച്ചത്.

പതിനാറാം വയസ്സിലായിരുന്നു കല്യാണം. രണ്ട് കുട്ടികളുണ്ട്. പിന്നീട് ആ ബന്ധം പിരിഞ്ഞു. ഗർഭിണിയായിരുക്കുന്ന സമയത്ത് പഠിപ്പിക്കാൻ കാട് കയറി പോകുമ്പോഴൊക്കെ ഭർത്താവ് കൂടെയുണ്ടായിരുന്നു. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ ഭാഗമായി എന്നെ ഒതുക്കാനും മാനസികമായി തകർക്കാനും വേണ്ടി കുറേയാളുകൾ ചേർന്ന് ഭർത്താവിനെ മദ്യം കുടിപ്പിക്കുകയും പിന്നീട് കുറേ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു.

ഇതൊക്കെ എനിക്ക് മാത്രമുണ്ടാകുന്ന അനുഭവമല്ല. ആദിവാസി സമൂഹത്തിൽ ആരാണോ ശബ്ദമുയർത്തുന്നത് അവരെ ഇല്ലായ്മ ചെയ്യാനായി ശത്രുക്കൾ ആദ്യം കുടുബം തകർക്കാനാണ് നോക്കുന്നത്. കുടുംബം തകർന്നാൽ ഇതിൽ നിന്നു പിന്മാറി പോകുമെന്നാണ് ഇത്തരക്കാരുടെ വിചാരം. ഞാൻ പിന്മാറാൻ തയാറല്ലായിരുന്നു. ടീച്ചറായി തന്നെ തുടർന്നു. ആ സമയത്ത് പൊലീസിന്റെയും ട്രൈബൽ ഡിപ്പാർട്മെന്റിന്റെയുമൊക്കെ പിന്തുണ കിട്ടി.

മഹിളാ സമിതിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഡൽഹിയിൽ പോയി. പരിപാടികളിൽ പങ്കടുത്തപ്പോൾ തോന്നി ഇനിയും പഠിക്കണം. അങ്ങനെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ സമീക്ഷ എന്ന പദ്ധതിയിൽ ചേർന്ന് പഠിച്ച് പരീക്ഷയെഴുതി. അതു കഴിഞ്ഞ് ഡിഗ്രി എടുക്കണം എന്നായി. അതും എടുത്തു.

ആരോപണങ്ങളിൽ തളരാതെ

സമൂഹത്തിൽ ഒരു സ്ത്രീ മുന്നോട്ട് പോകുമ്പോൾ, പ്രത്യേകിച്ച് ഒറ്റപ്പെട്ടൊരു സ്ത്രീ, അത് ഏറ്റവും അലോസരപ്പെടുത്തുന്നത് പുരുഷന്മാരെയാണ്. ഒരു നല്ല വസ്ത്രം ധരിക്കുമ്പോൾ, രാത്രി യാത്ര ചെയ്യുമ്പോൾ, എന്തിനേറെ പറയുന്നു ഞങ്ങളെ പോലെയുള്ളവർ ഒരു കാറിൽ കയറിയാൽ പോലും സമൂഹത്തിന്റെ ഒരു ‘പ്രത്യേക’ നോട്ടമുണ്ട്.

പ്രതികരിച്ചാൽ നമുക്കെതിരെ ആരോപണങ്ങൾ ഉണ്ടാക്കും. പൊതു ഇടത്തിലെ മാന്യർ പലരും രാത്രി ഫോണി ൽ വിളിച്ച് മോശം രീതിയിൽ സംസാരിക്കും. ആദിവാസി സ്ത്രീക്ക് എന്താ അഭിമാനമില്ലേ? വേറെ പണിയില്ലാത്തതു കൊണ്ടല്ല സ്വന്തം ജീവനു വരെ ഭീക്ഷണി വന്നിട്ടും പോരാടുന്നത്. സമൂഹത്തിൽ ഒരു മാറ്റം വരണമെന്നാഗ്രഹിക്കുന്നതു കൊണ്ടു തന്നെയാണ്.

അതിർത്തി കയ്യേറുന്ന പല വിഷയങ്ങൾ വരും, വനം വകുപ്പ് തന്നെ ഞങ്ങൾക്കുള്ള ഭൂമി തട്ടിയെടുക്കുന്ന അവസ്ഥകൾ വന്നിട്ടുണ്ട്. രേഖകൾ ഉണ്ടായിട്ടു പോലും ഭൂമി കൃത്യമായി കൊടുക്കാത്ത സംഭവങ്ങൾ ഉണ്ട്. അതൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ‘ആദിവാസിക്ക് ഇത്രയൊക്കെ മതി’ എന്നൊരു തെറ്റായ പൊതുബോധത്തിൽ നിന്ന്. അതൊക്കെയാണ് മാറേണ്ടത്.

ചോദ്യം ചെയ്താൽ മാവോയിസ്റ്റ്

മൂന്ന് സെന്റ് ഭൂമി ആദിവാസിക്കുണ്ടെങ്കിൽ അതിലൊരു പങ്കിൽ പൊതു കോൺക്രീറ്റ് റോഡ് ഉണ്ടാക്കണം എന്നു വാശിപിടിക്കുന്ന അധികാരികളുണ്ട്. ഒരേക്കർ ഭൂമിയുള്ള മറ്റുള്ളവർ ഒരു തുണ്ട് ഭൂമി വിട്ടുകൊടുക്കില്ല. ‘പറ്റില്ല’ എന്നു പറഞ്ഞാൽ അത് ആദിവാസിയുടെ അവകാശമെന്നല്ല മറിച്ച് അഹങ്കാരമായിട്ടാണ് സമൂഹം കാണുന്നത്.

ഞങ്ങൾ ശബ്ദമുയർത്തിയാൽ ഉടൻ വരുന്നതാണ് ‘മാവോയിസ്റ്റ്’ ആരോപണം. കുടുബം തകർക്കാൻ നോക്കിയിട്ടും പിന്മാറാതായപ്പോൾ കണ്ടുപിടിച്ച പുതിയ തന്ത്രം. ‘അയ്യപ്പനും കോശിയും’ സിനിമയിലൊക്കെ അതു നിങ്ങളും കണ്ടിട്ടുണ്ടാകും. കുറച്ച് മുൻപ് എനിക്കെതിരായി ഒരാരോപണം ഉണ്ടെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നൊക്കെ വന്ന് അന്വേഷിച്ചിരുന്നു. ഞാൻ 50 കോടിയുടെ ചാനൽ തുടങ്ങാൻ പോകുന്നു എന്നായിരുന്നു ഏറ്റവും പുതിയ പ്രചാരണം. എന്റെയാളുകൾക്കിടയിലും എന്നെ കുറിച്ച് സംശയം ഉണ്ടാക്കുന്ന വിധത്തിലാണ് പ്രചരണങ്ങൾ.

പ്രതികരിക്കാൻ പോലും അറിയാത്തൊരു സമൂഹത്തെയാണ് ഇത്രമാത്രം ചൂഷണം ചെയ്യുന്നത്. ഭക്ഷണത്തിനു വേണ്ടി പോലും സ്വന്തം ശരീരം വിൽക്കേണ്ടി വന്ന പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. ഓർക്കണം ബാല്യത്തിൽ ഞ ങ്ങൾ കണ്ടുവളർന്നതെന്തൊക്കെയാണെന്ന്... എന്റെ ക ൺമുന്നിൽ കണ്ടതൊന്നും ഇനിയൊരു തലമുറയ്ക്കും കാണേണ്ടി വരരുതെന്നും വാശിയുണ്ട്. ഒരുപാടൊന്നും ചെയ്യാൻ പറ്റില്ല, പക്ഷേ, എന്റെ ശബ്ദം കൊണ്ട് ഒരാളെയെങ്കിലും രക്ഷപ്പെടുത്താൻ പറ്റിയാൽ അതു മതി.

ഒരു പെണ്ണിനെ ഗർഭിണിയാക്കിയവനെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷിക്കാൻ സാധിച്ചു ഈ അഞ്ചു വർഷത്തിനുള്ളിൽ. അതു പോലെ ഒരു പെണ്ണിനെ കയറിപ്പിടിക്കാൻ ശ്രമിച്ചവനെയും. ഈ കേസുകൾക്കൊക്കെ വേണ്ടി ഇറങ്ങിയപ്പോള്‍ ഒത്തുതീർപ്പിനായി പ്രതികളും പൊലീസും അടക്കം ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. വ ഴങ്ങാതായപ്പോൾ വധഭീഷണിയായി. ഞാൻ തീയിൽ ത ന്നെ വേരൂന്നി വളർന്ന മരമാണ്. അതാണ് അവർ മറന്നത്.

പൂർണരൂപം വനിത ഫെബ്രുവരി ലക്കത്തിൽ

ശ്യാമ

ഫോട്ടോ: ശബീർ മമ്പാട്