Tuesday 08 March 2022 11:56 AM IST

‘മമ്മി വരുമ്പോൾ എനിക്ക് പാവയും ചായപ്പെൻസിലുകളും കൊണ്ടു വരണേ...’ ഇപ്പോഴും കാത്തിരിക്കുകയാണ് എന്റെ കുഞ്ഞ്

Tency Jacob

Sub Editor

nimisha-priya-fam

നിമിഷ പ്രിയക്കായി കാത്തിരുന്ന കണ്ണുകളിൽ വീണ്ടും കണ്ണുനീർ പൊടിയുകയാണ്. പ്രാർഥനകളേയും പ്രതീക്ഷകളേയും വിഫലമാക്കി യെമനിലെ നിയമത്തിന്റെ നൂലാമാലകൾ നിമിഷ പ്രിയക്ക് മരണവിധി കുറിച്ചിരിക്കുന്നു.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ (33) വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിമിഷയെ മരണത്തിന്റെ അളിക്കുള്ളിലേക്ക് വിധി തള്ളിവിട്ടത്. തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണു കേസ്.

കണ്ണെത്താ ദൂരെയുള്ള നാട്ടിൽ നിമിഷയെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ പോരാട്ടം തുടരുമ്പോൾ ഇങ്ങ് പാലക്കാട് കൊല്ലങ്കോടുള്ള നാട്ടിൽ പ്രാർഥനയോടെ കാത്തിരിക്കുന്ന രണ്ടു പേരുണ്ട്. നിമിഷയുടെ ഭർത്താവ് ടോമി ടോമസും മകൾ മിഷേലും. 2020 ഒക്ടോബർ രണ്ടാം ലക്കം വനിതയോടു സംസാരിക്കവേ ആ കാത്തിരിപ്പിന്റെ നീളവും ആ വേദനയുടെ ആഴവും ടോമി തോമസ് പങ്കുവച്ചിരുന്നു. പ്രതീക്ഷയുടെ അവസാന വാതിൽ തങ്ങൾക്കു വേണ്ടി തുറക്കുമെന്ന പ്രതീക്ഷയിൽ അവർ കാത്തിരിക്കുമ്പോൾ അന്നു പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി...

അമ്മ ജയിലിലാണെന്നറിഞ്ഞാൽ വെറുക്കുമോയെന്നു കരുതി മകൾ മിഷേലിനെ ഞാനൊന്നും അറിയിച്ചിട്ടില്ല. നിമിഷപ്രിയ യെമനിൽ ജോലി ചെയ്യുകയാണെന്നാണ് മോള്‍ കരുതിയിരിക്കുന്നത്. അഞ്ചര വർഷമായി അവള്‍ കാത്തിരിക്കുന്നു, െെക നിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മയെ...

nimisha-1

‘‘വെറും സാധാരണക്കാരനാണ് ഞാൻ. പക്ഷേ, എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാകട്ടെ അസാധാരണ സംഭവങ്ങളും. ആറു വർഷമായി ഞാനനുഭവിക്കുന്നതെന്തെന്ന് ആർക്കുമറിയില്ല. സത്യാവസ്ഥ എന്തെന്ന് ‌ആരും എന്നോടു ചോദിച്ചിട്ടില്ല. ശരിയാണ്, ഒരു യെമൻ പൗരന്റെ കൊലപാതകത്തിൽ എന്റെ ഭാര്യ നിമിഷപ്രിയ പങ്കാളിയാണ്. പക്ഷേ, അവളുടെ ജീവനു വേണ്ടി പൊരുതിയപ്പോൾ ചുറ്റുമുള്ളവരും നീതിപീഠവും കൂടെ നിന്നിരുന്നുവെങ്കിൽ അങ്ങനെയൊ‌ന്നു സംഭവിക്കില്ലായിരുന്നു...’’ യെമൻ ജയിലിൽ വധശിക്ഷ കാത്തുകഴിയുകയാണ് നിമിഷപ്രിയ. സങ്കടം നിറഞ്ഞ ജീവിതസംഘർഷങ്ങൾ പങ്കുവയ്ക്കുന്നു ഭർത്താവ് ടോമി തോമസ്.

തൊടുപുഴയിലാണ് എന്റെ വീട്. ഖത്തറിൽ, ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്താണ് നിമിഷയുടെ വിവാഹാലോചന വന്നത്.

പാലക്കാട് കൊല്ലങ്കോടാണ് നിമിഷയുടെ വീട്. അന്ന് അവൾ യെമനിൽ നഴ്സായിരുന്നു. നല്ല സ്വഭാവവും ദൈവഭയവുമുള്ള പെൺകുട്ടി. കല്യാണം കഴിഞ്ഞ് ഞാനും അവൾക്കൊപ്പം യെമനിലേക്കു പോയി. യെമനിൽ വച്ചാണ് മകള്‍ മിഷേലിന്റെ ജനനം. മോളെ നോക്കാൻ വേണ്ടി ഞാൻ ജോലി വേണ്ടെന്ന് വച്ചു. ഗവൺമെന്റ് ഹോസ്പിറ്റലിൽ ശമ്പളം കുറവായതുകൊണ്ട് ഒരു ക്ലിനിക്കിലായിരുന്നു നിമിഷ ജോലി ചെയ്തിരുന്നത്. എന്നാലും ചെലവു കഴിഞ്ഞ് കാര്യമായ സമ്പാദ്യം ഒന്നുമുണ്ടായില്ല. ആ സമയത്താണ് നാട്ടിലേക്ക് മടങ്ങാൻ അവസരം വരുന്നത്.

എന്റെ അപ്പച്ചന്റെ പെങ്ങൾ വീട്ടിൽ തനിച്ചായതുകൊണ്ട് ‘കൂടെ നിൽക്കാമോ’ എന്നു ചേട്ടൻമാർ ചോദിച്ചു. അവർക്കൊരു സഹായവുമായി. ഞങ്ങളുടെ ചെലവു കുറയ്ക്കുകയും ചെയ്യാം. നിമിഷയ്ക്ക് വർക് എക്സ്പീരിയൻസ് ആയ ശേഷം ഒരുമിച്ചു വേറെയേതെങ്കിലും രാജ്യത്തു ജോലി നോക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. 2014 ഏപ്രിലിൽ ഞാൻ ഒന്നേകാൽ വയസ്സുള്ള മകളുമായി നാട്ടിൽ തിരിച്ചെത്തി.

‘നമുക്കൊരു ക്ലിനിക്ക് തുടങ്ങിയാൽ നല്ലതായിരിക്കില്ലേ’ എന്നൊരു അഭിപ്രായം നിമിഷയ്ക്കുണ്ടായി. ‘ഇവിടെ ചെയ്യുന്ന കഷ്ടപ്പാട് നമ്മുടെ ക്ലിനിക്കിൽ ചെയ്താൽ എന്തേലും ലാഭം കിട്ടി നമുക്കൊരു സമ്പാദ്യമുണ്ടാകില്ലേ?’

അവളുടെ കഴിവിൽ അവൾക്കും എനിക്കും നല്ല വിശ്വാസമുണ്ടായിരുന്നു. ‘നമ്മുടെ കയ്യിൽ പൈസയൊന്നുമില്ലല്ലോ’ എന്നു ഞാൻ നിസ്സഹായനായപ്പോൾ ‘നമുക്കൊന്നു ശ്രമിച്ചു നോക്കാം’ എന്നവൾ പറഞ്ഞു.അടുപ്പമുള്ളവരോട് പൈസ കടം ചോദിച്ചപ്പോൾ പലരും നൽകാമെന്നു പറയുകയും ചെയ്തു. ഞങ്ങളുടെ തീരുമാനം ദൈവഹിതമായിരിക്കുമെന്നാണ് ആ നിമിഷം എനിക്കു തോന്നിയത്.  

ക്ലിനിക്ക് തുടങ്ങണമെങ്കിൽ അവിടുത്തെ ഒരാളുടെ ലൈസൻസ് വേണം. ഒരുമാസം കഴിഞ്ഞപ്പോൾ ഒരാളെ കിട്ടിയിട്ടുണ്ടെന്ന് നിമിഷ വിളിച്ചു പറഞ്ഞു. തലാൽ അബ്ദുൾ മഹ്ദി എന്നായിരുന്നു അയാളുടെ പേര്. അവൾ ജോലി ചെയ്തിരുന്ന ക്ലിനിക്കിലായിരുന്നു അയാളുടെ കുടുംബം ചികിത്സയ്ക്കെത്തിയിരുന്നത്. ആ സമയത്ത് അയാളുടെ ഭാര്യ ഗർഭിണിയായി ചികിത്സയ്ക്കു നിരന്തരമായി വരുന്നുമുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ ‘കുഴപ്പമില്ല, നല്ല വ്യക്തി’ എന്നാണ് കിട്ടിയ റിപ്പോർട്ട്.

ലൈസൻസ് എടുത്തു തരാമോ എന്നു തലാലിനോടു ചോദിച്ചപ്പോൾ ‘അതിനെന്താ ഞാൻ സഹായിക്കാം, നിങ്ങൾ നന്നായി കണ്ടാൽ മതി’ എന്നയാൾ മറുപടി പറഞ്ഞു. ചതിയിൽ പെടുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. മുടക്കുന്നതൊന്നും നമ്മുടെ പണമല്ല, ചതിയിൽപ്പെടാതിരിക്കാൻ കരുതലോടെയിരിക്കണം എന്നു നിമിഷയെ ഓർമിപ്പിച്ചു.

നല്ല കഴിവുള്ള കുട്ടിയാണ് നിമിഷപ്രിയ. അറബിയും ഇംഗ്ലിഷും നന്നായി സംസാരിക്കും. കരാട്ടെയും ഡ്രൈവിങ്ങും എല്ലാം അറിയാം.

ക്ലിനിക്ക് തുടങ്ങാനായി കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയശേഷം നിമിഷ നാട്ടിലേക്കു വരാനായി ടിക്കറ്റെടുത്തു. അതറിഞ്ഞപ്പോൾ തലാൽ പറഞ്ഞു ‘എനിക്ക് കേരളം കാണണമെന്നു നല്ല ആഗ്രഹമുണ്ട്. എന്നെയും കൊണ്ടുപോകാമോ?’  ‘ഇല്ല’എന്നു പറയാൻ പറ്റിയ സാഹചര്യമല്ലല്ലോ. അതു പറഞ്ഞാൽ ക്ലിനിക് തുടങ്ങാനുള്ള സഹായം കിട്ടിയില്ലെങ്കിലോ എന്നു കരുതി ‘യെസ്’ പറഞ്ഞു. എനിക്കും അയാളെ അടുത്തു മനസ്സിലാക്കാൻ ഒരവസരമായല്ലോ എന്നും കരുതി.

ജനുവരിയിലാണ് അവർ വന്നത്. തലാലിനെ ഒരു ലോഡ്ജിലായിരുന്നു താമസിപ്പിച്ചിരുന്നത്. അയാളുടെ ആവശ്യപ്രകാരം കേരളം മുഴുവൻ കാണിച്ചു. യാത്രാച്ചെലവ്, ഭക്ഷണം, മുറി വാടക എല്ലാം കൂടി രണ്ടുലക്ഷം രൂപ ചെലവു വന്നിട്ടുണ്ട്. അ ടുത്തപ്പോൾ നല്ല പെരുമാറ്റം, വിശ്വസിക്കാമെന്ന് എനിക്കും തോന്നി.

‘അൽ അമൽ മെഡിക്കൽ ക്ലിനിക്ക്’ എന്നായിരുന്നു ക്ലിനിക്കിനു പേരിട്ടത്. ഞാനും കുഞ്ഞും മാർച്ചിൽ അവിടേക്ക് ചെന്ന് ഏപ്രിലിൽ ക്ലിനിക്ക് തുടങ്ങണം എന്നായിരുന്നു തീരുമാനം. പക്ഷേ, മാർച്ച് അവസാനമായപ്പോൾ യെമനിൽ യുദ്ധം തുടങ്ങി. ഗവൺമെന്റും എംബസിയെല്ലാം അടച്ചതു കൊണ്ട് വീസ അയച്ചു തരാൻ കഴിഞ്ഞില്ല. വിമാനങ്ങളെല്ലാം റദ്ദാക്കി.അങ്ങനെ എന്റെയും കുഞ്ഞിന്റെയും പോക്ക് അനിശ്ചിതത്വത്തിലായി. അവിടെനിന്നാണ് ഞങ്ങളുടെ കുടുംബം ചിതറിച്ച വിധി തുടങ്ങുന്നത്.

ക്ലിനിക്ക് തുടങ്ങിയശേഷം ഗവൺമെന്റിന്റെ ഇൻസ്പെക്‌ഷൻ ഉണ്ടാകുമെന്നതുകൊണ്ട് ആറുമാസം തലാലിനെ ശമ്പളത്തോടു കൂടി അവിടെ നിയമിച്ചിരുന്നു. ഇതിനിടെ, മുൻപു ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ നിമിഷയ്ക്കെതിരെ പ്രശ്നമുണ്ടാക്കി. ഇവൾ പോന്നാൽ അവിടെ രോഗികൾ കുറയുമെന്നു പറഞ്ഞു.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി 33 ശതമാനം അയാൾക്കും ബാക്കി ഞങ്ങളുടെ പേരിലുമായി എഗ്രിമെന്റ് എഴുതാൻ തീരുമാനിച്ചു. തലാലിനെയാണ് അതിനു നിയോഗിച്ചത്. പക്ഷേ, 67 ശതമാനം അയാൾ സ്വന്തം പേരിലെഴുതി. സംസാരിക്കാൻ അറിയാമെങ്കിലും അറബി വായിക്കാൻ നിമിഷയ്ക്ക് അറിയാമായിരുന്നില്ല. അതുപോലെ, ക്ലിനിക്കിന്റെ ആവശ്യത്തിലേക്കായി വാങ്ങിയ കാറും അയാളുടെ പേരിൽ റജിസ്റ്റർ ചെയ്തെടുത്തു. വളരെ വൈകിയാണ് നിമിഷ ഇതെല്ലാം അറിയുന്നത്. അയാളോട് ചോദിക്കാമെന്നു നിമിഷ പറഞ്ഞെങ്കിലും, പ്രശ്നങ്ങൾ വേണ്ട എന്നു കരുതി ഞാനാണത് തടഞ്ഞത്.

ക്ലിനിക്കിലേക്കാവശ്യമായ മരുന്നുകൾ വാങ്ങാൻ കൊടുക്കുന്ന പണവും അയാൾ ചെലവാക്കി തുടങ്ങി. അത് ചോദ്യം ചെയ്തതോടെ ക്ലിനിക്കിന്റെ വരുമാനത്തിൽ നിന്നു വലിയൊരു തുക എടുക്കാൻ തുടങ്ങി.

nimishapri787543

എതിർത്തിട്ടും കാര്യമില്ലാതായപ്പോൾ, ഇനി പണം തലാലിനു കൊടുക്കരുതെന്നു ഓഫിസ് സ്റ്റാഫിനു നിർദേശം കൊടുത്തു. അപ്പോഴാണവർ പറയുന്നത്. ‘നിന്റെ ഭർത്താവല്ലേ അത്. അയാൾ പണമെടുത്താൽ എന്താ കുഴപ്പം!’ നിമിഷ ശരിക്കും പകച്ചു പോയി. അവരൊരുമിച്ചു നിൽക്കുന്ന പല ഫോട്ടോകളും തലാൽ അവരെ കാണിച്ചിരുന്നു.

കേരളത്തിൽ വന്ന സമയത്ത് സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ തലാൽ നിമിഷയെയും ഒപ്പം നിര്‍ത്തി പടങ്ങളെടുത്തിരുന്നു. അതിൽ സംശയം തോന്നേണ്ട കാര്യമില്ലല്ലോ. ഞാനാണ് പടങ്ങൾ എടുത്തു കൊടുത്തിരുന്നതും.‘എന്റെ ഭർത്താവും കുഞ്ഞും നാട്ടിലാണ്. ഇയാൾ എന്റെ ആരുമല്ല.’ നിമിഷ എത്ര പറഞ്ഞിട്ടും ആരും അത് വിശ്വസിച്ചില്ല. ഇതിനിടയിൽ തലാൽ നിമിഷയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. ഒരിക്കൽ അയാൾ കത്തിയെടുത്ത് അവളുടെ കയ്യിൽ കുത്തി മുറിവേൽപിച്ചു. ഇപ്പോഴും തെളിഞ്ഞുകാണാം ആ മുറിപ്പാട്.

നിമിഷ കേസു കൊടുത്തതിന്റെ പേരിൽ തലാലിനെ പലതവണ ജയിലിലടച്ചു. പക്ഷേ, കോടതിയിലെത്തിയപ്പോൾ കഥയാകെ മാറി. തലാൽ ഞങ്ങളുടെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോയെടുത്ത് കൊണ്ടുപോയിരുന്നു. അത് എഡിറ്റ് ചെയ്ത് നിമിഷയുടെയും തലാലിന്റെയും വിവാഹ ഫോട്ടോയാക്കി മാറ്റിയെടുത്തു. ഫോട്ടോ ബാക്ഗ്രൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം കണ്ടാൽതന്നെ ആർക്കും മനസ്സിലാകും. നിമി ഷയുടെ എതിർപ്പു കണ്ടു പൊലീസ് അയാളോട് കൂടുതൽ തെളിവ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ വച്ചു വിവാഹിതരായി എന്ന് അറബി ഭാഷയിലുള്ള വ്യാജസർട്ടിഫിക്കറ്റാണ് അയാൾ ഹാജരാക്കിയത്. അതിൽ അവൾ യെമൻകാരിയാണെന്നാണ് എഴുതിയിരുന്നത്. നിമിഷ അതെല്ലാം നിഷേധിച്ചെങ്കിലും കോടതിയിൽ അതൊന്നും വിലപ്പോയില്ല. നിയമം അവിടുത്തെ പൗരനു അനുകൂലമായിരുന്നു. നാട്ടിലേക്ക് കയറിപ്പോകാതിരിക്കാൻ അവളുടെ പാസ്പോർട്ടും തലാൽ ഇതിനോടകം കൈക്കലാക്കി.

നിമിഷ എന്നെ വിളിക്കുന്നതൊക്കെ കുറഞ്ഞു തുടങ്ങി. വിളിച്ചാൽ തന്നെ വലിയ സംസാരങ്ങളൊന്നുമില്ല, പൈസയും അയച്ചു തരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ആ സമയത്ത് എനിക്ക് അമ്പരപ്പുണ്ടായിരുന്നു എന്നത് സത്യമാണ്.

ഞാൻ അവിടേക്ക് ഫോൺ വിളിക്കുമ്പോൾ തലാലാണ് എടുക്കുന്നത്. ഫോൺ ചെയ്യുന്നതു കണ്ടാൽ ക്രൂരമായി ഉപദ്രവിച്ചു ഫോണും സിമ്മും എല്ലാം അവൻ നശിപ്പിക്കും. വേറെ പല നമ്പറുകളിൽ നിന്ന് അവളെന്നെ വിളിക്കാൻ തുടങ്ങി. നിർബന്ധിച്ചപ്പോഴാണ് സംഭവങ്ങൾ എന്നോട് പറഞ്ഞു തുടങ്ങുന്നത്. ചതിയിൽപ്പെട്ടു പോയെന്നു പറയാൻ അവൾക്ക് സങ്കടമുണ്ടായിരുന്നു. തനിയെ പ്രശ്നങ്ങൾ തീർപ്പാക്കാനായിരുന്നു നിമിഷ ശ്രമിച്ചുകൊണ്ടിരുന്നത്. ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹാനാൻ എന്ന യെമൻകാരി നഴ്സിനു സത്യാവസ്ഥ മനസ്സിലായി.

ഒരിക്കൽ ഭർത്താവെന്ന നിലയിലുള്ള ആവശ്യങ്ങൾ നിമിഷപ്രിയ നടത്തികൊടുക്കുന്നില്ലെന്നു തലാൽ കേസു കൊടുത്തു. കോടതി അപ്പോഴും അനുകൂലമായി വിധിച്ചു. ഉടനെ, നിമിഷ വിവാഹമോചനത്തിനു കേസ് കൊടുത്തു. പക്ഷേ, ആ പെറ്റീഷനിൽ തലാൽ ഒപ്പിട്ടു കൊടുത്തില്ല. പാസ്പോർട്ട് തിരികെ കിട്ടാൻ എംബസിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.

തലാൽ ജയിലിൽ കിടക്കുന്ന സമയത്തെല്ലാം അവിടെ പോയി പാസ്പോർട്ട് തിരികെ തരാൻ കരഞ്ഞു പറയാറുണ്ടായിരുന്നു നിമിഷ. ഇതുകണ്ട് അവിടത്തെ ജയിൽ വാർഡനു നിമിഷയുടെ അവസ്ഥ മനസ്സിലായി. ഇങ്ങനെ പോയാൽ തലാൽ നിന്നെ കൊല്ലുമെന്നു അയാളുറപ്പിച്ചു പറഞ്ഞു.

‘ഇനി ജയിലിൽ നിന്നിറങ്ങുമ്പോൾ എങ്ങനെയെങ്കിലും അനസ്തേഷ്യ കൊടുത്ത് മയക്കികിടത്തൂ. ഞാൻ വന്നു അവനെ എടുത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹമോചന രേഖയിൽ ഒപ്പിടീക്കാം. പാസ്പോർട്ടും തിരികെ വാങ്ങാം.’ ജയിൽ വാർഡൻ പറഞ്ഞു. ഹാനാനും പ്രോത്സാഹിപ്പിച്ചു.

nimisha-4

ജയിലിൽ നിന്നു തിരികെയെത്തിയ തലാൽ, യൂറിനറി ഇൻഫക്‌ഷനു മരുന്നു വേണമെന്ന് ആവശ്യപ്പെട്ടു. ആ സമയം മയങ്ങാനുള്ള മരുന്ന് കുത്തി വച്ചു. ലഹരി ഉപയോഗിക്കുന്ന ആളായതു കൊണ്ടാകണം മയക്കം വന്നില്ല. രണ്ടാമതും മരുന്ന് നൽകിയപ്പോൾ പാർശ്വഫലം മൂലം അയാൾ മരിച്ചു. ഭയന്നു പോയ നിമിഷ ഉറക്കഗുളികകൾ എടുത്തു കഴിച്ചു. മൃതദേഹം തനിച്ചു മാറ്റാൻ കഴിയാതിരുന്ന ഹാനാൻ കണ്ടെത്തിയ മാർഗമായിരുന്നു കഷണങ്ങളാക്കി ചാക്കിലാക്കുക എന്നത്. അത് അവൾ വാട്ടർ ടാങ്കിൽ ഇട്ടു. ഹാനാന്റെ സഹായത്തോടെയാണ് നിമിഷ അവിടെ നിന്നു രക്ഷപ്പെട്ടത്. ഒരു മാസത്തിനു ശേഷം നിമിഷ പൊലീസ് പിടിയാലായി. അഞ്ചര വർഷം കഴിഞ്ഞ് വിധി വന്നപ്പോൾ നിമിഷയ്ക്ക് വധശിക്ഷ, ഹാനാന് ജീവപര്യന്തം. മറ്റൊരു പ്രതിയായ ജയിൽവാർഡനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ജയിലിലും നഴ്സായി നിമിഷ ജോലി ചെയ്യുന്നുണ്ട്. ജയിലിലെ സേവനം മാനിച്ച് സർക്കാർ ഇടപെട്ടാണ് ഫോൺ ഉപയോഗിക്കാൻ അനുമതി കിട്ടിയത്. അവിടെയുള്ളവരെല്ലാം   അവൾക്കു വേണ്ടി പ്രാർഥിക്കുന്നുണ്ട്. വധശിക്ഷ കിട്ടിയെന്നറിഞ്ഞപ്പോൾ അവർക്കെല്ലാം സങ്കടമായി.

ചോരപ്പണം 70 ലക്ഷം കൊടുത്താൽ മോചനം സാധ്യമാകുമെന്നാണ് ഒടുവിൽ കിട്ടിയ വിവരം. പക്ഷേ, പണം റെഡിയാകാതെ എഗ്രിമെന്റ് വച്ചാലും കാര്യമില്ലെന്നാണ് നിമിഷയുടെ വക്കീൽ അറിയിച്ചത്. പല സംഘടനകളും രാഷ്ട്രീയക്കാരും എൻആർഐ കമ്മീഷനുമൊക്കെ കേസിൽ സജീവമായി ഇ ടപെടുന്നുണ്ട്. വിധിക്കെതിരെ അപ്പീൽ കൊടുത്ത് വധശിക്ഷയ്ക്ക് സ്േറ്റ വാങ്ങിയിട്ടുണ്ട്. ശിക്ഷ കുറച്ചതിനു ശേഷം ചോരപ്പണം കൊടുത്ത് കേസവസാനിപ്പിക്കുന്നതിനാണ് ശ്രമം.

എന്റെ കയ്യിൽ ഒറ്റ പൈസയില്ല. ബന്ധു വാങ്ങി തന്ന ഒാട്ടോ ഒാടിച്ചാണ് കുടുംബം നടത്തുന്നത്. 30 ലക്ഷം കടമുണ്ട്. എന്നെ കൊന്നാൽ പോലും പൈസ കിട്ടില്ല എന്നറിയാവുന്നതു കൊണ്ടാണ് കടക്കാർ അതിനു മുതിരാത്തത്. എന്റെ ഭാര്യയുടെ ജീവൻ തിരികെ നൽകുന്ന കരുണയുടെ കരം ദൈവം മുന്നിലെത്തിച്ചു തരുമെന്നാണ് പ്രതീക്ഷ.

‘മമ്മി വരുമ്പോൾ എനിക്ക് പാവയും ചായപ്പെൻസിലുകളും കൊണ്ടുവരണേ. എനിക്ക് മമ്മിയെ കാണാൻ കൊതിയാവുന്നു. ഇനിയും പറ്റിക്കല്ലേ...’എന്നെല്ലാം ഫോണിൽ ഞാൻ കാണാതെ മകൾ മെസേജയക്കും. ഒന്നേ, ആഗ്രഹമുള്ളൂ, ഞങ്ങൾക്ക് നിമിഷയെ തിരിച്ചു വേണം...

‘എന്റെ ആൺകുട്ടിയായിരുന്നു അവൾ’

‘‘കുടുംബത്തിലെ ആൺകുട്ടിയായിട്ടാണ് അവളെ ഞാൻ കണ്ടിരുന്നത്. ഞാന്‍ സങ്കടപ്പെട്ടിരിക്കുന്നതു കാണുമ്പോൾ ധൈര്യം തരുന്ന കുട്ടിയാണ്...’’ നിമിഷയുടെ അമ്മ പ്രേമ മേരി കരച്ചിലിലേക്കു വീണു. എറണാകുളത്തൊരു വീട്ടിൽ പണിക്കു നിൽക്കുകയാണ് അമ്മ.‘‘ഞാൻ, കൂലിപ്പണിയെടുത്താണ് രണ്ടു പെൺമക്കളേയും വളർത്തിയത്.

പത്രത്തിൽ വന്നശേഷം ടോമി പറഞ്ഞാണ് കാര്യങ്ങൾ അറിയുന്നത്. അവളുടെ ഭാഗത്തെ ശരിയും നീതിയും കോടതിയെ ബോധ്യപ്പെടുത്താൻ പറ്റിയിട്ടില്ല. ചോരപ്പണം കൊടുത്ത് കേസിൽ നിന്നൊഴിവാകാനുള്ള ഒരുക്കങ്ങൾക്ക് വേണ്ടിയുള്ള തുക അയച്ചുകൊടുക്കാൻ പറഞ്ഞപ്പോൾ വീട് വിറ്റാണ് പണം കണ്ടെത്തിയത്.

പക്ഷേ, എന്റെ മോളുടെ ജീവന്റെ വിലയായ 70 ലക്ഷം സ്വരുക്കൂട്ടാൻ ഇനി വിൽക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. എല്ലാവരും കൂടി എന്റെ മകളെ രക്ഷപ്പെടുത്തി കൊണ്ടുവരണമെന്നാണ് എന്റെ അപേക്ഷ.’’

കേൾക്കണം ഇതു കൂടി

‘‘കൂലിപ്പണിയെടുത്താണ് അമ്മ എന്നെ നഴ്സിങ് പഠിപ്പിച്ചത്. ‘യെമൻ സ്വദേശിയായ ഭർത്താവിനെ കൊലപ്പെടുത്തി 150 കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചവൾ ’ എന്നാണല്ലോ എന്നെക്കുറിച്ചു നാട്ടിൽ പ്രചരിക്കുന്ന കഥ. ആരും സത്യം തിരഞ്ഞ് എന്റെയടുത്തു വന്നില്ല. എന്റെ അമ്മയ്ക്കും ഭർത്താവിനും അറിയാം ഞാൻ അനുഭവിച്ചത് എത്രയെന്ന്! മരിക്കാനാണു വിധിയെങ്കിലും സത്യം എല്ലാവരും അറിയണമെന്നുണ്ടായിരുന്നു.

എനിക്കെതിരെ അയാൾ നടത്തിയ അക്രമങ്ങൾക്ക് ആവുന്നത്ര പൊരുതി നോക്കി പരാജയപ്പെട്ടവളാണു ഞാൻ. മരിക്കുന്നതിനു മുന്‍പ് എനിക്ക് ഭർത്താവിനെയും മകളെയും ഒരുനോക്കു കാണാനുള്ള അവസരം തരണമെന്നാണ് ‍ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നത്.’’

1.

2.

3.

4.