Thursday 11 June 2020 11:56 AM IST

ശരീരത്തിന്റെ പാതി തളർന്നിട്ടും നിഷ ഓടിക്കൊണ്ടേയിരുന്നു; വിധിയ്ക്ക് മുന്നിലോടാൻ ഒരിക്കലും അവസരം കൊടുക്കാതെ!

Rakhy Raz

Sub Editor

nisha4455001 ഫോട്ടോ: റോബിൻ കാർമൽ

പിച്ചവച്ചു തുടങ്ങിയ പ്രായത്തിലാണ് വിധി പൊടുന്നനെ മുന്നിൽ വന്നു കുഞ്ഞുനിഷയുടെ ചിറക് അരിഞ്ഞുകളഞ്ഞത്, പോളിയോയുടെ രൂപത്തിൽ. നിഷയെക്കാൾ ആ നൊമ്പരം അനുഭവിച്ചത് അച്ഛൻ ജോസും അമ്മ മേരിയുമാണ്. പോളിയോ ബാധയി ൽ നിഷയുടെ ഒരുവശം തളർന്നു പോയി. നീണ്ട മൂന്നു വർഷത്തെ ചികിത്സകൊണ്ടാണ് വീണ്ടും നടന്നു തുടങ്ങിയത്. വേദനകളും  ഒടിവും അപകടവും ഭീഷണിയുമായി വിധി വീണ്ടും ആക്രമിച്ചെങ്കിലും നിഷ തോറ്റുകൊടുത്തില്ല.

ഓരോ വീഴ്ചയെയും കരുത്താക്കി പറന്നു പൊങ്ങി. പഠനത്തിലും പാഠ്യേതരകാര്യങ്ങളിലും സ്കൂളിലെ മികച്ച വിദ്യാർഥി ആയി. െബംഗളൂരു മോണ്ട്ഫോർട്ടിൽ നിന്ന് എംഎസി കൗൺസലിങ് സൈക്കോളജി ബിരുദാനന്തരബിരുദം നേടി. പല സ്ഥാപനങ്ങളിലും പ്രവർത്തിച്ചു, സ്വന്തമായൊരു സ്ഥാപനം തുടങ്ങി. എന്നിട്ട് വിധിയോട് പുഞ്ചിരിയോടെ പറഞ്ഞു; ‘‘വിധിയേ നീയെന്റെ  മുന്നിലേക്ക് എടുത്തുചാടി നാണിക്കാതെ എന്റെ പിന്നാലെ വരിക”

ഒന്നും അറിയാത്ത കാലം

‘‘മറ്റുള്ള കുട്ടികളെ പോലെ, വേഗത്തിൽ ഓടാൻ കഴിയുന്നില്ല എന്നതായിരുന്നു എന്റെ ആദ്യത്തെ സങ്കടം. വലതുകയ്യും കാലും പാതി തളർന്നിരിക്കുകയാണെന്നോ, പോളിയോ എന്ന അസുഖം ബാധിച്ചെന്നോ ഒന്നും എനിക്ക് തിരിച്ചറിവില്ലല്ലോ. അടങ്ങി ഇരിക്കുന്ന പ്രകൃതക്കാരി അല്ല, ‘എനിക്കു വയ്യ” എന്നു ചിന്തിക്കാൻ ഇഷ്ടമേയല്ല. അതുകൊണ്ട് മറ്റു കുട്ടികളോടൊപ്പം  ഓടാനും ചാടാനും ഒക്കെ കൂടുമായിരുന്നു. വൈകുന്നേരമാകുമ്പോൾ കഠിനമായ കാലുവേദനകൊണ്ട് പുളയും. പപ്പയും മമ്മിയും ചൂടുപിടിച്ചും തിരുമ്മിയും കൂടെയിരിക്കും. മിക്ക ദിവസങ്ങളിലും രാവിലെയും കഠിനമായ വേദന ഉണ്ടാകുമായിരുന്നു. എന്നാലും വീണ്ടും കളിക്കാൻ പോകും.”

‘‘എട്ടുമാസം വരെ ഒരു ജലദോഷ പനി പോലും മോൾക്ക് വന്നിട്ടില്ല.” നിഷയുടെ അമ്മ മേരി പറയുന്നു. ‘‘എട്ടാം മാസം ആയപ്പോൾ പിടിച്ചു നടന്നു തുടങ്ങിയിരുന്നു. അപ്പോഴാണ്  പനി വന്നത്. ആശുപത്രിയിൽ കൊണ്ടുപോയി. രണ്ടു ദിവസം അഡ്മിറ്റ്ചെയ്തു ചികിത്സിച്ചു. പനി മാറി വീട്ടിൽ വന്നു. അന്നു മോൾക്ക് ഏറ്റവും ഇഷ്ടം ആടുന്ന കുതിരയിൽ ഇരുന്നു കളിക്കാൻ ആയിരുന്നു. ആശുപത്രിയിൽ നിന്നു തിരികെ വന്നശേഷം ആടുന്ന കുതിരയിൽ ഇരുത്തിയപ്പോൾ തല ഒരുവശത്തേക്ക് ചെരിച്ച് അവൾ അനങ്ങാതെയിരുന്നു. എന്തോ കുഴപ്പം ഉണ്ടെന്ന് അപ്പോൾ ഞ ങ്ങൾക്ക്  തോന്നി. വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയി. ഹൃദയം തകർത്ത മറുപടിയാണ് ഡോക്ടമാർ വിശദ പരിശോധന കഴിഞ്ഞു പറഞ്ഞത്. ‘മോളുടെ വലതുവശം  തളർന്നു പോയിരിക്കുന്നു’

ചികിത്സകൾക്കു പിന്നാലെ

‘‘കണ്ണൂർ ജില്ലയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. നിഷയെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് കാണിച്ചത്. മൂന്നുമാസം അവിടെ കിടന്നു ചികിത്സിച്ചു.  മൂത്ത മകൾ ജിഷയെ അപ്പോൾ മാതാപിതാക്കളോടൊപ്പം തറവാട്ടിൽ നിർത്തി. മെഡിക്കൽ കോളജിൽനിന്ന് തിരിച്ചെത്തിയശേഷം നിരന്തരമായി ആയുർവേദചികിത്സയും ഫിസിയോതെറപ്പിയും. ആയുർവേദ ചികിത്സകർ വീട്ടിൽ താമസിച്ചു ചികിത്സിച്ചു. അതിന്റെ ഫലം ഉണ്ടായി. മൂന്നു വയസ്സായപ്പോൾ മെല്ലെ മെല്ലെ മോൾ നടന്നു തുടങ്ങി” ജോസ് ഓർത്തു.

‘‘മോൾ കൈ അനക്കാൻ വേണ്ടി അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ അകലേയ്ക്ക് നീക്കിവയ്ക്കും. കൈ എത്തിച്ചാൽ കിട്ടും എന്നു തോന്നുന്ന വിധത്തിൽ. അതൊക്കെ നല്ല ഫലം ചെയ്തു. പതുക്കെ കൈ ചലിപ്പിക്കാൻ തുടങ്ങി.” ഓർമകൾ മേരിയുടെ കണ്ണു നിറച്ചു.

അന്നൊക്കെ സ്കൂളിൽ കുട്ടികൾക്ക് തന്നെ കളിക്കാൻ കൂട്ടാൻ പേടിയായിരുന്നെന്ന് നിഷ. ‘‘പക്ഷേ, ഞാൻ കളിക്കാൻപോകും. അപ്പോൾ ചില കുട്ടികൾ എന്നെയും കൂട്ടിത്തുടങ്ങി. അവർക്കൊപ്പമെത്താൻ സർവശക്തിയും എടുത്ത് ഞാൻ ഓടും. അന്ന് നന്നെ മെലിഞ്ഞിട്ടായിരുന്നു. അതുകൊണ്ട് കുറെയൊക്കെ സാധിച്ചിരുന്നു. വലതുകൈക്ക് ബലം കുറവായതു കൊണ്ട് ഇടതു കൈകൊണ്ടാണ് എഴുതിയിരുന്നത്. കാലിന്റെ ബലക്കുറവ് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും  കൈയ്ക്ക് ചലനശേഷി കുറവാണെന്നു ടീച്ചർമാർ അറിഞ്ഞില്ല. കണ്ടാൽ മനസ്സിലാകില്ലായിരുന്നു. ഇടതു കൈ കൊണ്ടാണ് ഞാൻ എഴുതിയിരുന്നത്. ടീച്ചർ അടിച്ചും വഴക്കു പറഞ്ഞും വലതു കയ്യിലേക്ക് മാറ്റി. എഴുത്ത് ഇടതു കൈ കൊണ്ടായിരുന്നെങ്കിൽ വലതു കൈ ഇത്ര തളരാതിരുന്നേനെ. പക്ഷേ, പണ്ടൊക്കെ ഇടതു കൈ കൊണ്ട് എഴുതുന്നത് തെറ്റായല്ലേ കണ്ടിരുന്നത്.

ആദ്യത്തെ വീഴ്ച

സാധാരണ പോളിയോ വന്നാൽ കയ്യും കാലും ശോഷിക്കും. കൂടുതൽ പേർക്കും പോളിയോ ബാധിച്ച കാലിനു മറ്റു ശരീരഭാഗങ്ങൾക്കൊത്ത വളർച്ച ഉണ്ടാകില്ല. നീണ്ട ആയുർവേദചികിൽസയുടെ ഫലമാകണം, എനിക്ക് കൈകാലുകളുടെ പരിമിതി പുറമെ പ്രകടമല്ല. നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നതു കണ്ടാൽ കൈകാലുകൾക്ക് പ്രശ്നം  ഉണ്ടെന്ന് ആർക്കും തോന്നില്ല. നീണ്ട നടത്തം വേണ്ടി വന്നാൽ മാത്രമേ വീൽചെയർ ഉപയോഗിക്കാറുള്ളു. വീഴ്ചകൾ അന്ന് പതിവായിരുന്നു. ഒരിക്കൽ വീണ് കൈമുട്ടിന്റെ സന്ധി തെറ്റി. കാൽ ഇടയ്ക്കിടെ ഉളുക്കും.

nisha22006

പത്താം ക്ലാസ്സ് വരെ  വലതു കൈകൊണ്ട് പരീക്ഷ എഴുതാനാകുമായിരുന്നു. പക്ഷേ, പിന്നീടു വേഗത കുറഞ്ഞു. പരീക്ഷ എഴുതി തീർക്കാൻ ബുദ്ധിമുട്ടായിത്തുടങ്ങി. യൂണിവേഴ്സിറ്റിയിൽ നിന്ന് ടൈം എക്സ്റ്റൻഷൻ വാങ്ങിയാണ് ഡിഗ്രി പരീക്ഷ എഴുതിയത്. സാവധാനം, ഭക്ഷണം കഴിക്കാനും മറ്റു പല കാര്യങ്ങൾക്കും വലതു കൈ ചലിപ്പിക്കണമെങ്കിൽ ഇടതുകൈകൊണ്ട് താങ്ങണം എന്ന അവസ്ഥ വന്നു. മാത്രമല്ല, കൈ തോളിൽ നിന്ന് താഴേക്ക് തൂങ്ങി തുടങ്ങി. മുഖം വലതു വശത്തേക്ക്കോടി. വീണ്ടും ആശുപത്രിയിൽ. കൈ തൂങ്ങുന്നതാണ് മുഖം കോടിപ്പോകാൻ കാരണം, കൈ ശസ്ത്രക്രിയയിലൂടെ തോളിൽ ക്ലിപ് ചെയ്തു ഉറപ്പിക്കണം എന്നു പറഞ്ഞു. സ്റ്റീൽ റോഡ് കൊണ്ട് തോളും  കൈയ്യും ഉറപ്പിച്ചതോടെ മുട്ടിന്റെ മുകളിലേക്ക് ചലനശേഷി തീരെ കുറഞ്ഞു.

‘‘ഏതെങ്കിലും  വിഷയത്തിൽ ഡിഗ്രി പഠിച്ചു പിഎസ്‌സി  ടെസ്റ്റ് എഴുതി ക്ലറിക്കൽ ജോലി സമ്പാദിക്കൂ, അല്ലെങ്കിൽ സ്കൂ ൾ ടീച്ചർ ആകൂ.” എന്നാണ് പലരും നിഷയെ ഉപദേശിച്ചത്. ‘‘പിഎസ്‌സി എഴുതി ജോലി നേടാൻ കഴിയും. പക്ഷേ, അതല്ല എന്റെ വഴി. ഓഫിസ് ജോലികൾക്ക് പറ്റുന്ന വ്യക്തിയല്ല ഞാ ൻ. മറ്റുള്ളവരെ സഹായിക്കാൻ കൂടി കഴിയുന്ന പ്രഫഷനിലേക്ക് ഉയരണം എന്നായിരുന്നു ആഗ്രഹം.

ചെറുപ്പത്തിൽ  തന്നെ മനഃശാസ്ത്ര പുസ്തകങ്ങൾ  വായിക്കുമായിരുന്നു. ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങ ൾ എടുക്കുമ്പോൾ ഞാൻ എന്റെ മനസ്സിനെയേ പിന്തുടരാറുള്ളൂ.‘‘കേരളത്തിനു പുറത്തുപോയി പഠിക്കുക, ക്ലറിക്കൽ ജോലികൾ വേണ്ട എന്നു തീരുമാനിക്കുക, സ്വന്തമായി സ്ഥാപനം ആരംഭിക്കുക തുടങ്ങി ജീവിതത്തിൽ പല ഘട്ടങ്ങളിൽ എടുത്ത തീരുമാനങ്ങൾ പലതും  കുറെയധികം എതിർപ്പുകളെ മറികടന്നായിരുന്നു.’’

പുറത്തു കാണിച്ചിരുന്നില്ലെങ്കിലും ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ മനസ്സിനെ ബാധിച്ചിരുന്നു. പരുക്കുകൾ എനിക്ക് മാറ്റിയെടുക്കണമായിരുന്നു. സെൽഫ് ഹീലിങ് പ്രോസസ്സുകൾ കൂടി അടങ്ങിയതായിരുന്നു മോണ്ട്ഫോർട്ടിലെ കോഴ്സ് എന്നത് പഠിക്കാൻ ബെംഗളൂരുവിലേക്ക് പോകാനുള്ള തീരുമാനത്തിന് ബലമേകി.

പഠനം കഴിഞ്ഞു പല സ്കൂളുകളിലും കോളജുകളിലുംസ്ഥാപനങ്ങളിലും കൗൺസലർ ആയി ജോലി ചെയ്തു. ല ക്ചറർ ആയി കോഴിക്കോട് ജോലി ചെയ്യുന്ന സമയത്താണ് നിത്യപ്രാർത്ഥന കഴിഞ്ഞ് സാവധാനം മുറിയിലേക്ക് പോകുന്ന വഴി ഞാൻ വീണത്. തോളിന് ചലനം ഇല്ലാത്തതിനാൽ വീണാൽ എല്ലുകൾ വേഗം ഒടിയും. കൈ ദുർബലമായതിനാൽ കൂടി യോജിക്കാൻ ഒരു പാട് സമയം  വേണം. ഒരു വർഷം എടുത്തു ആ പൊട്ടൽ ശരിയാകാൻ.

ഒരു എൻജിഒയുടെ ഭാഗമായി ജോലി ചെയ്യുന്ന സമയത്താണ് മുംബൈയിൽ കോൺഫെറൻസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നത്. അതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഓട്ടോ ഞാൻ ഇരുന്ന വശത്തേക്കു മറിഞ്ഞു. ഒരു വർഷം കൊണ്ട് യോജിച്ച എല്ല് വീണ്ടും പൊട്ടി.

ആദ്യത്തെ സ്വപ്നം

കൗൺസലിങ് ലളിതമായ തൊഴിൽ ആണെന്ന് തോന്നും. പക്ഷെ, അത്ര ലളിതമല്ല കാര്യങ്ങൾഎന്നാണ് നിഷയുടെ അനുഭവം. പ്രത്യേകിച്ച് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുമ്പോൾ. ‘‘ഒരു സ്കൂളിൽ പാർട് ടൈം കൗൺസലർ ആയി പ്രവർത്തിക്കുമ്പോൾ ജീവനു തന്നെ ഭീഷണി നേരിടേണ്ടി വന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ കുട്ടികളും യുവജനങ്ങളുമൊക്കെ ചെന്നു പെടുന്ന കെണികൾ പലപ്പോഴും ഭ യാനകമാണ്. ഒടുവിൽ പുറമെ നിന്നുള്ള ഭീഷണികൾ നിമിത്തം എനിക്കു  ആ സ്ഥാപനം വിടേണ്ടിവന്നു.” നിഷ ഒട്ടും ഭീതി ഇല്ലാതെ പറഞ്ഞു.

ഇത്തരം പല അനുഭവങ്ങൾ, നിയന്ത്രണങ്ങൾ, പരിമിതികൾ ഒക്കെ നേരിട്ടപ്പോൾ ആണ്  സ്ഥാപനങ്ങളിൽ  ജോലിചെയ്താൽ നമ്മുടെ പ്രവർത്തനത്തെ ചുരുക്കും എന്നു തോന്നി തുടങ്ങിയത്. ലാഭചിന്ത ഇല്ലാതെ സ്വന്തമായി രൂപം നൽകിയ, സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് കടന്നു വരാൻ കഴിയുന്ന, പ്രശ്നങ്ങളിൽപെടുന്നവർക്ക് പുറത്തേക്ക് ഇറങ്ങാൻ വാതിൽ ആകുന്ന സ്ഥാപനം എന്നത് ഒരു സ്വപ്നമായി വളർന്നു. പല സ്ഥലത്തും ജോലി ചെയ്ത് ഒടുവിൽ കോട്ടയത്താണ് അവിചാരിതമായി എത്തിപ്പെട്ടത്.”

മുട്ടുചിറ എന്ന സ്ഥലത്താണ് നിഷയുടെ കൗൺസലിങ്സെന്റർ ‘വാതിൽ' പ്രവർത്തിക്കുന്നത്. കേരളത്തിനകത്തുംപുറത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മറ്റും വിവിധതരം സെമിനാറുകൾ, ശില്പശാലകൾ, ക്ലാസ്സുകൾ എന്നിവ ‘വാതിൽ’ നടത്തുന്നുണ്ട്.

ശാരീരികമായ കഠിന വേദനകൾ, ചിലപ്പോൾ നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട് . എങ്കിലും വിശ്രമിക്കുന്നതിനെക്കാൾ വേദനകളോട് പടപൊരുതി പ്രവർത്തനനിരതയാകാൻ ആണ് നിഷയ്ക്കിഷ്ടം. ആശ്വാസമായി പാട്ടും എഴുത്തും കൂടെയുണ്ട്.

പ്രതിസന്ധികളുടെ കയ്പ് കുടിച്ച ഒരാൾക്ക് പ്രതിസന്ധികളിൽ അകപ്പെടുന്നവരെ വേഗം മനസിലാക്കാനാകും. ചിലരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുന്നവയാണ്. പരിഹരിക്കാനാകാത്ത പ്രതിസന്ധികൾ ഉള്ളവരോട്  നിഷ പറയും. ‘പ്രതിസന്ധികൾ ഒരു അർഥത്തിൽ നമ്മുടെ  സഹായികൾ ആണ്. അവയാണ് നമ്മളെ, നമ്മളാക്കി മാറ്റുന്നത് '

Tags:
  • Spotlight
  • Motivational Story