Wednesday 15 December 2021 04:47 PM IST

‘ആ ആഗ്രഹം ഇപ്പോഴും ബക്കറ്റ് ലിസ്റ്റിലുണ്ട്’: പാട്ടും പ്രണയവും പറഞ്ഞ് ‘വാതുക്കലെ വെള്ളരിപ്രാവ്’: നിത്യ മാമ്മൻ പറയുന്നു

Ammu Joas

Sub Editor

nithya-mammen-74 ഫോട്ടോ: നിത്യ മാമ്മൻ/ ഇൻസ്റ്റഗ്രാം

പാടിയ പാട്ടെല്ലാം ഹിറ്റ്. ഇപ്പോഴിതാ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും. നിത്യ മാമ്മന്റെ പാട്ടുവഴികൾ.

ഹിമമഴ പെയ്തപ്പോൾ

പാട്ടിനോടുള്ള ഇഷ്ടമാണ് യുട്യൂബ് ചാനല്‍ തുടങ്ങാൻ കാരണം. കവർ സോങ്സായിരുന്നു കൂടുതലും. ബെംഗളൂരൂവിൽ ആർക്കിടെക്ചർ ഡിഗ്രി ചെയ്യുകയായിരുന്നു അപ്പോൾ. പിന്നീട് സ്റ്റേജ് ഷോകൾ കിട്ടിത്തുടങ്ങി. ആ വിഡിയോ സംഗീതസംവിധായകൻ കൈലാസ് മേനോന്റെ അമ്മ ഗിരിജാ ദേവി കണ്ടു. അമ്മയുടെ അഭിപ്രായപ്രകാരമാണ് ‘നീ ഹിമമഴയായി വരൂ...’ പാട്ടിന്റെ ട്രാക്ക് പാടാൻ എന്നെ വിളിക്കുന്നത്. പക്ഷേ, ട്രാക്ക് കേട്ടപ്പോൾ കൈലാസും നിർമാതാവ് സാന്ദ്രാ തോമസും എനിക്കു ത ന്നെ ആ പാട്ടു തന്നു. അതു ഹിറ്റായി. അങ്ങനെ അതുവരെയുള്ള ട്രാക് മാറി ജീവിതം സിനിമാ ട്രാക്കിലായി.

വാതിക്കലെത്തിയ വെള്ളരിപ്രാവ്

എം. ജയചന്ദ്രൻ സാറിന്റെ 25ാം വർഷത്തിലെ പാട്ടാണ് ‘വാതിക്കലെ വെള്ളരിപ്രാവ്...’ സർ പാടി കേൾപ്പിച്ചു തന്നപ്പോൾ തന്നെ ഹൃദയം ചിറകടിച്ചു തുടങ്ങിയിരുന്നു. അത്രയും ലയിച്ചാണ് അദ്ദേഹം പാടി കേൾപ്പിച്ചത്. പാട്ടിന്റെ ഫീൽ കൃത്യമായി മനസ്സിലാകാൻ ‘സൂഫിയും സുജാതയും’ സിനിമയുടെ പ്ലോട്ടും പറഞ്ഞുതന്നു. പാട്ടിന് അവാർഡ് കിട്ടുമെന്നു പലരും പറഞ്ഞിരുന്നെങ്കിലും ഏറെ സന്തോഷിച്ചത് ആസ്വാദകർ പാട്ട് ഇഷ്ടത്തോടെ സ്വീകരിച്ചപ്പോഴാണ്.

ഖത്തറില്‍ നിന്നു ബെംഗളൂരു വഴി

ജനിച്ചതും വളർന്നതും ഖത്തറിലാണ്. അച്ഛൻ മാമ്മൻ വർഗീസും അമ്മ അന്നാമ്മ മാമ്മനും അവിടെയായിരുന്നു ജോലി. ഇപ്പോഴവർ റിട്ടയർ ആയി തിരുവനന്തപുരത്തുണ്ട്. ചേച്ചി നിഷ ഫിൻലൻഡില്‍. ഞാൻ കൊച്ചിയിലാണ് താമസം. ചെറുപ്പത്തിൽ പാട്ടു പഠിച്ചിട്ടുണ്ടെങ്കിലും ബെംഗളൂരു ജീവിതമാണ് പാട്ടിനോടു കൂടുതൽ അടുപ്പിച്ചത്. ഇപ്പോൾ ബേണി-ഇഗ്‌നേഷ്യസ് ടീമിലെ ബേണി സാറിന്റെ അടുത്ത് പാട്ടു പഠിക്കുന്നുണ്ട്.

രണ്ടു വർഷം, നൂറു കാര്യങ്ങൾ

രണ്ടു വർഷം മുൻപാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. വിവേക് ഫ്രാൻസിസുമായുള്ള വിവാഹം കഴിഞ്ഞിട്ടും രണ്ടു വർഷമായി. അഞ്ചു വർഷത്തെ പ്രണയസാഫല്യമാണത്. അദ്ദേഹം ഹൈദരാബാദിൽ ജോലി ചെയ്യുന്നു. കോവിഡ് കാലം തുടങ്ങിയതോടെ ലൈവ് ഷോ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആ മോഹം ബക്കറ്റ് ലിസ്റ്റിലുണ്ട്. യാത്രകളോടുള്ള ഇഷ്ടവും പെട്ടിയിലാണ്. സിനിമ കാണുന്നതാണ് ഇപ്പോൾ പ്രധാന വിനോദം.

ഹിറ്റുകളുടെ കൂട്ടുകാരി

പാട്ട് ഹിറ്റാകുന്നത് ടീമിന്റെ വിജയമാണ്. പിന്നെ, ഭാഗ്യവും അനുഗ്രഹവും കൂടി വേണം. ഒന്നും എന്റെ മാത്രം നേട്ടമല്ല. ‘അലരേ നീ എന്നിലേ...’ എന്ന പാട്ടും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഒടുവിൽ റിലീസായ ‘സ്റ്റാർ’ സിനിമയിലെ ‘നിന്നോടു ചേരാൻ...’ എന്ന പാട്ടിനും നല്ല പ്രതികരണം കിട്ടുന്നുണ്ട്. ഏതു പാട്ടുകാരിയെയും പോലെ എ.ആർ. റഹ്മാൻ സാറിന്റെ പാട്ടു പാടണമെന്നത് എന്റെയും സ്വപ്നമാണ്.