Saturday 09 February 2019 10:28 AM IST

‘മോളേ....’; അമ്മയുടെ വിളികേട്ട് കൊഞ്ചിച്ചിരിച്ച് നിയക്കുട്ടി; വനിത വായനക്കാരുടെ പ്രാർത്ഥനകൾ സഫലം

Binsha Muhammed

niya

‘നിയാ...മുത്തേ...’ ചുണ്ടിലെ ചലനങ്ങൾ പിടിച്ചെടുക്കാമാറ് നീട്ടിപ്പരത്തി അജിത വിളിക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയായിരുന്നു നിയക്കുട്ടിയുടെ മറുപടി.

നിശബ്ദത തളംകെട്ടിയ മണിക്കൂറുകൾക്കൊടുവിൽ കാതോരത്ത് വീണ്ടും ശബ്ദവീചികളെത്തിയപ്പോൾ നിയശ്രീ ആദ്യം പരക്കനെ പാളി നോക്കി. പിന്നെ അതിവേഗം ആ ശബ്ദം പിടിച്ചെടുത്തു. അരികിലിരുന്ന് അമ്മ പറഞ്ഞു കൊടുക്കുകയാണ്. ‘അച്ഛൻ.....അമ്മാ....അച്ഛൻ....അമ്മാ....’– ആ കാഴ്ച കണ്ടു നിന്നവരിലും സന്തോഷാശ്രു.

കഴിഞ്ഞു പോയ 48 മണിക്കൂറിലേറെയായി നിയശ്രീ എന്ന രണ്ട് വയസുകാരി കേരളക്കരയുടെ മുഴുവൻ കണ്ണീരായിരുന്നു. ശ്രവണ സഹായി നഷ്ടപ്പെട്ട വേദനയിൽ ശബ്ദമില്ലാതെ പരക്കം പാഞ്ഞ പൈതൽ. മൂന്ന് മാസം മുമ്പാണ് കണ്ണൂര്‍ പെരളശ്ശേരിയിലെ രാജേഷിന്റെ ജന്മനാ കേള്‍വി ശക്തിയില്ലാത്ത രണ്ട് വയസ്സുകാരി മകൾ നിയശ്രീക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്. കേള്‍വിശക്തി തിരിച്ച് കിട്ടിയതോടെ പതിയെ പതിയെ അച്ഛാ... അമ്മെ.. എന്നൊക്കെ വിളിക്കാനും തുടങ്ങിയിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പുള്ള ഒരു ട്രെയിൻ യാത്ര കുഞ്ഞ് നിയശ്രീയുടെ ജീവിതത്തിലെ കറുത്ത ദിനമായി. സര്‍ജറിക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് നഷ്ടപ്പെടുകയായിരുന്നു.

niya-molkhf

ആ നിമിഷം മുതൽ നിയശ്രീക്ക് ശബ്ദം അന്യമായി. കൊഞ്ചി കൊഞ്ചി പറഞ്ഞൊപ്പിച്ചിരുന്ന അച്ഛൻ...അമ്മാ...വിളിപോലും ഇല്ലാതെയെയായി. ശബ്ദമില്ലാതെ...ആശയവിനിമയം നടത്താനാകാതെ വീണ്ടും അവൾ നിശബ്ദതയുടെ ലോകത്തേക്ക്. അസ്വസ്ഥത കാരണം ഒന്നുറങ്ങാനാകില്ല...നിർത്താതെയുള്ള കരച്ചിൽ വേറെ. എല്ലാ ദിവസവും രാവിലെ ഉപകരണം എടുത്ത് വെക്കാന്‍ മോള്‍ അടുത്ത് വരുമ്പോൾ കണ്ണീരല്ലാതെ മറ്റൊരു മറുപടിയില്ലായിരുന്നു നിയശ്രീയുടെ അച്ഛൻ രാജേഷിന്.

നിയശ്രീയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ‘വനിത ഓൺലൈൻ’ വാർത്ത നൽകുമ്പോൾ ലഭിച്ചത് അഭൂതപൂർവ്വമായ പിന്തുണ. ഇപ്പോഴിതാ വാർത്ത പൊതുമധ്യത്തിൽ എത്തിയതിന്റെ ഫലമായി സർക്കാർ തന്നെ നിയശ്രീക്ക് നേരിട്ട് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്. മോഷണംപോയ ശ്രവണസഹായിക്കു പകരം മറ്റൊരെണ്ണം വാങ്ങി നൽകുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. താത്കാലികമായി ഒരു ശ്രവണ സഹായി നിയമോളുടെ കാതുകളിൽ നിലവിൽ ഘടിപ്പിക്കുന്നതിനും സർക്കാർ സഹായം നൽകി. കണ്ണൂരിലെ വീട്ടിലെത്തി ആരോഗ്യമന്ത്രി കെ.കെ. ശൈലജതന്നെ ഈ സന്തോഷവാർത്ത അവരെ നേരിട്ട് അറിയിച്ചത്. ഇപ്പോഴിതാ നിയശ്രീയുടെ വേദന അർഹിച്ച പ്രാധാന്യത്തോടെ വായനക്കാർക്കു മുന്നിലെത്തിച്ച വനിത ഓൺലൈനിനോട് മനസു തുറന്ന് നന്ദി പറയുകയാണ് നിയശ്രീയുടെ അമ്മ അജിത.

niya

‘നിയമോൾക്ക് ഒന്നും കേൾക്കാൻ വയ്യ, കരച്ചിലാണ് ആ ബാഗ് തിരികെയെത്തിക്കൂ’; കണ്ണീരോടെ യാചിക്കുകയാണ് ഈ അച്ഛൻ

‘എല്ലാം ഇനി ആദ്യം മുതലേ തുടങ്ങണം. അവൾ കുഞ്ഞല്ലേ...ഈ രണ്ട് ദിവസം കൊണ്ട് പലതും മറന്നു പോയി. അച്ഛാ...അമ്മാ...എന്നൊക്കെ ഞങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിക്കുകയാണ്. സ്പീച്ച് തെറാപ്പിയും ട്രെയിനിങ്ങും ചികിത്സയുമെല്ലാം പഴയപടി വരണം. അവൾ നമ്മളെ കേൾക്കുമ്പോഴാണ് അവൾക്ക് സംസാരിക്കാനും ആകുന്നത്. അതില്ലാതെ രണ്ട് ദിവസമായി കഷ്ടപ്പെടുകയായിരുന്നു എന്റെ കുഞ്ഞ്. ഇപ്പോള്‍ അതെല്ലാം മാറി. സന്തോഷായി..’– അജിതയുടെ മുഖത്ത് സന്തോഷക്കണ്ണീർ.

niya-1

ഷൈലജ ടീച്ചർ ശ്രവണ സഹായി നൽകി തിരിച്ചിറങ്ങുമ്പോള്‍ അവൾ ടാറ്റ പറയാൻ ശ്രമിച്ചിരുന്നു. ഞങ്ങൾ പറഞ്ഞത് അതേപടി പിടിച്ചെടുത്താണ് അവൾ പറയുന്നത്. അതൊക്കെ നല്ല മാറ്റങ്ങളാണ്. അവൾ പഴയ പടി തിരികെയെത്തുന്നു എന്നതിന്റെ ശുഭസൂചനകളാണ്.

അമ്മയുടെ താരാട്ടും അച്ഛന്റെ കൊഞ്ചലും വീണ്ടും നിയ മോൾ കേൾക്കും; ശ്രവണസഹായി ഉടൻ നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്!

ട്രെയിൻ യാത്രയ്ക്കിടെ മകളുടെ പഴയ ശ്രവണ സഹായി അശ്രദ്ധമായി കൈകാര്യം ചെയ്തു എന്നൊക്കെ പലരും പറയുന്നുണ്ട്. എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ അശ്രദ്ധ കാട്ടുമെന്ന് കരുതരുതേ. അത് എന്റെ ബാഗിൽ നിന്നും മോഷണം പോയത് തന്നെയാണ്. അല്ലാതെ ഞാനായിട്ട് മറന്നുവച്ചതോ കളഞ്ഞതോ അല്ല.– അജിത പറയുന്നു.

താത്കാലികമായി രണ്ടു ശ്രവണ സഹായികളാണ് നിയയുടെ കാതിൽ ഘടിപ്പിച്ചിരിക്കുന്നത്. അത് രണ്ടാഴ്ച വരെ ഉപയോഗിക്കാം. അതിനു ശേഷം സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരെണ്ണം വാങ്ങിനൽകാമെന്ന് ഷൈലജ ടീച്ചർ ഉറപ്പു പറഞ്ഞിട്ടുണ്ട്. കോക്ലിയർ ഇംപ്ലാന്റേഷൻ വീണ്ടും നടത്തി ശ്രവണ സഹായി ഘടിപ്പിക്കുന്നതിന് നാലു ലക്ഷത്തോളമാണ് ചെലവാകുന്ന തുക. അത് ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല. ഞങ്ങളുടെ അവസ്ഥ ലോകത്തിനെ കേൾപ്പിച്ച....എന്റെ മേളുടെ അവസ്ഥ അധികാരികളുടെ മുന്നിലേക്കെത്തിച്ച വനിതയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. എന്റെ കുഞ്ഞിന് വീണ്ടും കേൾക്കാനായല്ലോ...നിങ്ങൾക്ക് കോടി പുണ്യം കിട്ടും.– അജിത പറഞ്ഞു നിർത്തി.

niya-2