ആണുങ്ങൾക്ക് ഒപ്പം പിടിക്കാൻ നോക്കലല്ല ഇപ്പോൾ വനിതകളെ ഹരം കൊള്ളിക്കുന്ന വെല്ലുവിളി. സ്വന്തം ജീവിതസാമ്രാജ്യം കെട്ടിപ്പടുക്കലാണ് അവർ സ്വയം നൽകുന്ന ചാലഞ്ച്. കരുതലോടെ പോറ്റി വളർത്താനുള്ള കഴിവ് കരിയറിലും ബിസിനസിലും സ്ത്രീകള്‍ പ്രാവർത്തികമാക്കി തുടങ്ങി.
ഭക്ഷണവും വൃത്തിയും നല്ല പാഠങ്ങളും പകർന്നു കുഞ്ഞിനെ പരിപാലിക്കും പോലെ സ്വന്തം ബിസിനസ് സംരംഭത്തെയും വളർത്തി വലുതാക്കിയ സ്ത്രീ സംരംഭകരെ പരിചയപ്പെടാം.
‘വിപണിയിലെ പുതിയ ഉൽപന്നങ്ങൾ പലർക്കും അറിയില്ലെന്നതാണു സത്യം’ നൗറീൻ ആയ്ഷ. ഫെമിസേഫ് എന്ന സ്ത്രീശുചിത്വ ബ്രാൻഡ് സ്ഥാപക
ഏഴെട്ടു വർഷമായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നയാളാണു ഞാൻ. പക്ഷേ, മെൻസ്ട്രൽ കപ് നിർമിച്ചു വിപണിയിലെത്തിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. ലോക്ഡൗൺ സമയത്തു ശേഖരിച്ച മാലിന്യങ്ങളിൽ നിന്നു ശുചീകരണതൊഴിലാളികൾ സാനിറ്ററി പാഡുകളിലെ രക്തം പുരണ്ടു പഴകിയ ജെൽ നീക്കം ചെയ്യാൻ പാടുപെടുന്നതു കണ്ടു.
കണ്ടുനിൽക്കാൻ ബുദ്ധിമുട്ടു തോന്നിയെങ്കിൽ അതു ചെയ്യുന്നവരുടെ ബുദ്ധിമുട്ട് എന്തായിരിക്കും? അതോടെ മെൻസ്ട്രൽ കപ് കൂടുതൽ പേരിലേക്ക് എത്തിക്കണമെന്നു തോന്നി. അതിനു ആദ്യം വേണ്ടത് ബോധവൽക്കരണമാണ്. പിന്നെ,യോജിച്ച ഉൽപ്പന്നവും.’’ ഉള്ളുലച്ച ആ കാഴ്ചയിൽ നിന്ന് പിറന്ന ബ്രാൻഡാണ് നൗറീൻ ആയ്ഷയുടെ ഫെമിസേഫ്.
അന്ന് മഹീന്ദ്രയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുകയായിരുന്ന നൗറീൻ ആയ്ഷ ഭാവി വരൻ നസീഫ് നാസറിനോട് ഇക്കാര്യം പറഞ്ഞു. സോഫ്റ്റ്‌വെയർ എൻജിനീയർ ജോലി വിട്ട് ബിസിനസ് മാർക്കറ്റിങ് സ്ഥാപനത്തിൽ പാർട്നറായി പ്രവർത്തിക്കുകയായിരുന്നു നസീഫ്. പിന്നീടങ്ങോട്ടു രണ്ടാളും വിവാഹത്തിന്റെ ഒരുക്കങ്ങളേക്കാൾ ചർച്ച ചെയ്തതും ബിസിനസ് കാര്യങ്ങളാണ്. ആ ഒരുമയിൽ പിറന്ന ആദ്യത്തെ കൺമണിക്ക് ഫെമിസേഫ് എന്ന പേരും ഹൃദയത്തിൽ കോർത്തിട്ടു. ഇന്ന് ഒരു കോടിയോളമാണ് ഫെമിസേഫിന്റെ വാർഷിക വരുമാനം.
അടുത്തറിഞ്ഞ സർവേ
ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും മുമ്പ് നൗറീന്‍ ചെയ്തത് സ്ത്രീകളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാൻ ഒരു സർവേ ആയിരുന്നു. വിപണിയിലുള്ള ഉൽപ്പന്നങ്ങളെക്കുറിച്ച് 50 ശതമാനം സ്ത്രീകൾക്കും അറിയില്ല എന്നു കണ്ടെത്തി. പക്ഷേ, ആശയം ഉപേക്ഷിക്കാൻ നൗറീൻ ഒരുക്കമായിരുന്നില്ല. കൊച്ചി കലൂരിൽ ഫെമി സേഫിനു തുടക്കമായി. കോഴിക്കോടു നിന്ന് നൗറീനും കാസർകോട് നിന്ന് നഫീസും വിവാഹം കഴിഞ്ഞു നേരേ കൊച്ചിയിലേക്കു പോയി. ‘‘ജോലി വിട്ടെന്നോ ബിസിനസ് തുടങ്ങുന്നുവെന്നോ വീട്ടിലാരോടും പറഞ്ഞില്ല. അപാർട്മെന്റിലെ ഡൈനിങ് ടേബിളിന്റെ പകുതി വർക്ക് ടേബിളായി. പിന്നീട് വീട്ടിലേക്കു വന്നപ്പോഴാണ് വീട്ടുകാർ പാക്കിങ് സാധനങ്ങളൊക്കെ കണ്ട് ‘ഇതൊക്കെയെന്താ’ എന്നു ചോദിച്ചത്. അങ്ങനെ ജോലി വിട്ട കാര്യം അവരും അറിഞ്ഞു.’’
ചടങ്ങാകല്ലേ നിങ്ങളുടെ കപ്
‘‘കുറേക്കാലമായി മെൻസ്ട്രൽ കപ് ഉപയോഗിക്കുന്നതുകൊണ്ട് അതിന്റെ പോരായ്മകളും എനിക്കു നന്നായറിയാം. പൊക്കമുള്ളവർക്കും സെർവിക്സ് നീളമേറിയവർക്കും ആർത്തവ കപ്പിന്റെ സ്റ്റെം പലപ്പോഴും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കപ്പ് ഉപയോഗശേഷം ഊരിമാറ്റുന്നതും പ്രയാസമാകും. ഫെമിസേഫ് കസ്റ്റമൈസ് ചെയ്യാവുന്ന നീളമേറിയ സ്റ്റെം ഉള്ള കപ്പാണ് അവതരിപ്പിച്ചത്.
മെൻസ്ട്രൽ കപ് വിജയമായതോടെ മറ്റു ഹെൽത് കെയർ പ്രോഡക്ട്സും വിപണിയിൽ അവതരിപ്പിച്ചു തുടങ്ങി. ഫെമിസേഫ് നടത്തുന്ന സ്ത്രീശുചിത്വ ബോധവൽക്കരണ പരിപാടികൾക്കും പുരസ്കാരങ്ങളും സ്വീകാര്യതയും ലഭിക്കുന്നുവെന്നതു മറ്റൊരു സന്തോഷം.’’